UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കി എന്ന രാഷ്ട്രീയ പരീക്ഷണശാല

Avatar

സന്ദീപ് വെള്ളാരംകുന്ന്

എല്‍ഡിഎഫിന്റെ രാഷ്ട്രീയ പരീക്ഷണശാലയാണ് ഇടുക്കി. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് പരീക്ഷണങ്ങളില്‍ വിജയം കൈവരിക്കാനുമായി. ആ പരീക്ഷണ വിജയ തുടര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പിലും കൈവരിക്കാന്‍ ആകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍. പൊമ്പിളൈ ഒരുമയും ഹൈറേഞ്ച് സംരക്ഷണ സമിതിയും പുതിയ ചരിത്രം എഴുതിയ ഇടുക്കി ജില്ലയില്‍ ചിത്രം തികച്ചും അവ്യക്തമാണ്. 

കസ്തൂരി രംഗന്‍ സമരത്തിന്റെ തീച്ചൂളയായ ഹൈറേഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കു വേദിയായേക്കും. കസ്തൂരി രംഗന്‍, പട്ടയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതുവലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നുറപ്പാണ്. കസ്തൂരി രംഗന്‍, പട്ടയ പ്രശ്‌നങ്ങളില്‍ വഞ്ചിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തു നിന്നു കട്ടപ്പനയിലേക്കു നടത്തിയ കണ്ണീര്‍ യാത്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ എന്താണു സംഭവിക്കുകയെന്നതിനുള്ള ഉത്തമ സൂചന കൂടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

കസ്തൂരി രംഗന്‍ വിഷയത്തില്‍ എല്ലാം ചെയ്തുവെന്നു സര്‍ക്കാര്‍ പറയുമ്പോഴും ഗ്രാമങ്ങള്‍ക്കുള്ളില്‍ വെവ്വേറെ പരിസ്ഥിതി ലോല കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ കസ്തൂരി രംഗന്‍ വിഷയത്തില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇതോടൊപ്പം ഇടുക്കിയിലെ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കണമെന്ന അംഗീകരിക്കപ്പെട്ടില്ല. ഇതു രണ്ടുമാണ് കര്‍ഷക രോഷത്തിനു കാരണം. ഏലവും, റബറും ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകളുടെയെല്ലാം വിലത്തകര്‍ച്ച പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വികാരവും കര്‍ഷകര്‍ക്കിടയിലുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടപ്പിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയില്‍ ആദ്യമായി കരുത്തു കാട്ടിയത്. സമിതിയുടെ ലീഗല്‍ അഡൈ്വസര്‍ ജോയ്‌സ് ജോര്‍ജിനെ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഇടുക്കി എംപിയായി വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതായിരുന്നു തുടക്കം. പഞ്ചായത്തു തെരഞ്ഞെടുപ്പിലും സമിതി കരുത്തുകാട്ടി. സിപിഐഎമ്മുമായി ചേര്‍ന്ന് രണ്ടു ജില്ലാ ഡിവിഷനുകളിലടക്കം 40 ജനപ്രതിനിധികളെ വിജയിപ്പിച്ചെടുക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കു കഴിഞ്ഞിരുന്നു. ഇതേ മാതൃകയാവും നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിക്കപ്പെടുകയെന്നാണ് ഇടുക്കിയില്‍ നിന്നുള്ള വിവരം.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ തിരിച്ചടിയായത് ഇടുക്കി എംപി റോഷി അഗസ്റ്റിനും കേരളാ കോണ്‍ഗ്രസിനുമാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയില്ലെങ്കില്‍ ഇടുക്കിയില്‍ വിജയമെന്നതു ബാലികേറാ മലയാകുമെന്നുറപ്പാണ്. ഇതു തിരിച്ചറിഞ്ഞ റോഷി അഗസ്റ്റിന്‍ മണ്ഡലം മാറാനൊരുങ്ങുന്നുവെന്നാണു സൂചന. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാക്കന്‍മാരും തമ്മിലുള്ള ഭിന്നത ആത്യന്തികമായി ഗുണം ചെയ്യുക സിപിഐഎമ്മിനായിരിക്കുമെന്നുറപ്പ്.

കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിലായതിനാല്‍ മാത്രം ഇടുക്കിയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതെ പോയ ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജും മാണിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എംഎല്‍എ പി സി ജോസഫും ഇടുക്കിയില്‍ ഏതു വിധേനയും ഇത്തവണ മത്സരിക്കണമെന്ന നിലപാടിലാണ്. ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ മത്സരിച്ചാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുണ്ടാകുമെന്നും അങ്ങനെ എളുപ്പത്തില്‍ വിജയിച്ചു കയറാനാവുമെന്നും ഇടഞ്ഞു നില്‍ക്കുന്ന ജോസഫ് വിഭാഗം പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജു മത്സരിക്കുമെന്ന് പലതവണ ഉയര്‍ന്നു കേട്ടെങ്കിലും കെ എം മാണിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജ് പിന്മാറുകയായിരുന്നു. മാണി ഗ്രൂപ്പില്‍ നിന്നു ജോസഫ് ഗ്രൂപ്പിലുള്ളവര്‍ വിട്ടുവന്നു മറ്റൊരു കേരളാ കേരളാ കോണ്‍ഗ്രസുണ്ടായാല്‍ ഇടതു പക്ഷത്തിന്‍െയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഭാഗമായി നിന്ന് ഇടുക്കിയില്‍ വന്‍ നേട്ടം സ്വന്തമാക്കാനാവുമെന്ന് ഇടതുപക്ഷവും കണക്കു കൂട്ടുന്നുണ്ട്. 

കസ്തൂരി രംഗന്‍ വിഷയം ചാരം മൂടിയ കനല്‍ക്കട്ടയായി ഇപ്പോഴും തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കസ്തൂരി രംഗന്‍ വിവാദം വന്ന ശേഷം സ്ഥല വില്‍പ്പന ഉള്‍പ്പടെയുള്ളവ ഇടുക്കിയില്‍ നിലച്ച മട്ടാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ പരസ്യ നിലപാടുമായി ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്തെത്തിയെങ്കില്‍ ഇത്തവണ താന്‍ കെസി ബിസി നലപാടിനൊപ്പം നില്‍ക്കുമെന്നാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍ അടുത്തിടെ പ്രതികരിച്ചത്. കേരളത്തില്‍ ബാറുകള്‍ പൂട്ടി മദ്യ നിരോധനം നടപ്പാക്കിയ മുന്നണി തന്നെ അധികാരത്തില്‍ വരണമെന്നാണു തങ്ങളുടെ ആഗ്രഹമെന്നാണ് കെസിബിസി പ്രഖ്യാപിച്ചതെന്നതു കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

കെസിബിസി നിലപാടു പ്രഖ്യാപിച്ചാലും ഹൈറേഞ്ച് സംരക്ഷണ സമിതിക്കു വിരുദ്ധമായ നിലപാട് ബിഷപ് സ്വീകരിക്കുമെന്നു കരുതാനുമാവില്ല. ഇടുക്കി ജില്ലയില്‍ ആരു വിജയം സ്വന്തമാക്കിയാലും അതിനു പിന്നില്‍ ഇത്തവണയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്‍ബലമുണ്ടാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പിനു മുമ്പ് സമിതി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

അതേ സമയം സമിതിയെ കൂട്ടു പിടിച്ച് നേട്ടമുണ്ടാക്കാമെന്ന ചിന്തയിലാണ് ഇടതുപക്ഷവും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വിമത വിഭാഗവും. 

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നീരീക്ഷിച്ചു വരികയാണ് സി പി ഐ എം. അതുകൊണ്ട് തന്നെ ഇടുക്കി ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം .ഇടതു മുന്നണി ആരംഭിച്ചിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ എങ്ങനെ ഉള്‍ക്കൊള്ളണം എന്നതിനെ കുറിച്ച് വി എസും സി പി ഐയും വ്യത്യസ്ഥ അഭിപ്രായം പുറപ്പെടുവിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണ്. ഈ കാര്യത്തില്‍ മുന്നണിക്കുള്ളിലും സി പി എമ്മിലും സമവായം ഉണ്ടായാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഇടുക്കി സീറ്റില്‍ മത്സരിപ്പിക്കും എന്ന കാര്യം ഉറപ്പാണ്. ഇത്തരം ഒരു നീക്കത്തിന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടേയും പിന്തുണ സിപിഐഎം പ്രതീക്ഷിക്കുന്നു.

അഞ്ച് അസംബ്ലി മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫ് എംഎല്‍എമാരാണുള്ളത്. ദേവി കുളത്ത് സിപിഐഎമ്മിലെ എസ് രാജേന്ദ്രനും ഉടുമ്പന്‍ ചോലയില്‍ സിപിഐഎമ്മിലെ കെ കെ ജയചന്ദ്രനും പീരുമേട്ടില്‍ സിപിഐയിലെ ബി എസ് ബിജിമോളുമാണ് നിലവിലെ എംഎല്‍എമാര്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും തൊടുപുഴയില്‍ നിന്ന് കേരള കോണ്‍ഗ്രസ്എമ്മിലെ പിജെ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പിജെ ജോസഫ് മത്സര രംഗത്തുനിന്നും മാറി നില്‍ക്കാന്‍ ഇടയില്ല. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി. പീരുമേട്ടില്‍ സിപിഐ രണ്ട് ടേം പൂര്‍ത്തിയാക്കിയ ബിജി മോളെ തന്നെ പരീക്ഷിക്കുമോയെന്ന് ഉറപ്പില്ല.

പീരുമേട്ടിലോ ഉടുമ്പന്‍ ചോലയിലോ ഇക്കുറി എംഎം മണി സ്ഥാനാര്‍ത്ഥിയേക്കും എന്നും കേള്‍ക്കുന്നു. തോട്ടം മേഖലയായ ദേവി കുളത്തിലും പീരുമേട്ടിലും പൊമ്പിളൈ ഒരുമൈയുടെ നിലപാട് വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായും.

അതേപോലെ തന്നെ ഇരു മുന്നണികളും ഒരേ പോലെ ഭയപ്പെടുന്ന ഒന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെയുടെ കടന്നു കയറ്റമാണ്. തോട്ടം തൊഴിലാളികള്‍ക്ക് ഇടയില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള ശക്തമായ ശ്രമം എഐഎഡിഎംകെയുടെ ഭാഗത്തു നിന്നുമുണ്ട്. ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ലാപ്‌ടോപ്, സാരി തുടങ്ങിയ ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നത് പ്രവര്‍ത്തകര്‍ പതിവാക്കി മാറ്റിയിരിക്കുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി മണ്ഡലങ്ങളായ പീരുമേട്ടിലും ദേവികുളത്തും ഒക്കെ നേരിയ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാറുള്ളത്. പൊമ്പിളൈ ഒരുമൈയെ പോലെ എഐഎഡിഎംകെയും കുറച്ചു വോട്ടു പിടിച്ചാല്‍ അത് ഈ മണ്ഡലങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നറിയാതെ കുഴങ്ങുകയാണ് ഇരുമുന്നണികളും.  എന്തായാലും വരും നാളുകള്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയെയും രാഷ്ട്രീയത്തെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

(കെ എ ആന്റണിയുടെ റിപ്പോര്‍ട്ടോടു കൂടി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍