UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലബാറില്‍ ഇടതു മുന്നേറ്റം; സിറ്റിംഗ് സീറ്റുകളില്‍ വിയര്‍ത്തു യു ഡി എഫ്; ഇത്തവണയും താമരയില്ല

Avatar

കെ എ ആന്‍റണി

വീറും വാശിക്കുമൊപ്പം ആരോപണ പ്രത്യാരോപണങ്ങളാല്‍ തിളച്ചു മറിയുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തെ സൊമാലിയയോട് ഉപമിച്ച നരേന്ദ്ര മോദിയുടെ പ്രസംഗത്തിനു മാത്രമല്ല സോണിയ ഗാന്ധിയുടെ തിരുവനന്തപുരം പ്രസംഗത്തിന് ഇടയിലെ വിതുമ്പലിനും കേരളം സാക്ഷിയായി. കലിപ്പ് അടങ്ങാതെ സരിത വീണ്ടും അശ്ലീല കഥകളുടെ കുടം തുറക്കാന്‍ തയ്യാറായി നില്‍ക്കുന്നിടം വരെയെത്തി ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ജാനുവിന്റെ സംഘപരിവാര്‍ പുതപ്പും സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വവും ഷാഹിദ കമാലിന്റെ രാഷ്ട്രീയ മനംമാറ്റവും വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ പിറവിക്കും സാക്ഷ്യം വഹിച്ച ഈ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വിശകലനത്തിലേക്ക് അഴിമുഖം കടക്കുകയാണ്.

ആഗ്രഹങ്ങള്‍ കുതിരകളായിരുന്നുവെങ്കില്‍ യാചകര്‍ അവയ്ക്ക് മുകളില്‍ ഇരുന്ന് സവാരി നടത്തിയേനെ എന്ന പഴയ ഇംഗ്ലീഷ് നഴ്‌സറി പാട്ടിനെ ഓര്‍മ്മിപ്പിക്കുന്നു നമ്മുടെ രാഷ്ട്രീയ മുന്നണികളുടെ നിലവിലെ അവസ്ഥ. പ്രത്യേകിച്ചും ബിജെപിയുടേതും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎ എന്ന മൂന്നാം മുന്നണിയുടേയും മലബാറിലെ നിലവിലുള്ള അവസ്ഥ. സ്വപ്‌നം കാണുന്ന കാര്യത്തില്‍ ഇടത് വലത് മുന്നണികളും ഒട്ടും പുറകിലല്ല. സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലിനും വിഴുപ്പലക്കലിനുമായി മാറ്റി വയ്ക്കുന്നത് അവരുടെ പതിവ് രീതി.

നമുക്ക് ബിജെപിയിലും എന്‍ ഡി എയില്‍ നിന്നും തുടങ്ങാം. വഴി മുട്ടിയ കേരളത്തിന് വഴി കാട്ടാന്‍ ബിജെപി എന്ന മുദ്രാവാക്യവുമായി ഇത്തവണ കളത്തിലിറങ്ങിയിട്ടുള്ള ബിജെപിയുടെ കണക്കുകൂട്ടലുകള്‍ മലബാറില്‍ പൂവണിയാന്‍ സാധ്യത കുറവാണ്. മൂന്നേ മൂന്ന് മണ്ഡലങ്ങളിലാണ് മലബാറില്‍ ബിജെപിയും എന്‍ഡിഎയും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. കാസര്‍ഗോട്ടെ മഞ്ചേശ്വരം, വയനാട്ടിലെ ബത്തേരി, പാലക്കാട്ടെ പാലക്കാട്. മോദിയുടെ വ്യക്തിപ്രഭാവത്തിനും അപ്പുറം കര്‍ണാടകത്തിന്റെ സാമീപ്യവും മഞ്ചേശ്വരത്ത് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പതിവ് അടവ് നയം ഉപേക്ഷിച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സിപിഐഎം എല്ലാ തന്ത്രങ്ങളും പയറ്റുമ്പോള്‍ ബിജെപിയുടെ കെ സുരേന്ദ്രനും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കും മഞ്ചേശ്വരം ഒരു പക്ഷേ കിട്ടാക്കനിയായേക്കും. ബത്തേരിയിലെ സ്ഥിതി വിഭിന്നമാണ്. ജാനുവിന് ആദിവാസികള്‍ക്ക് ഇടയിലുള്ള ഗ്ലാമര്‍ പരിവേഷത്തെയാണ് ഇത്തവണ മോദിയും വെള്ളാപ്പള്ളിയും മുതലാക്കാന്‍ ശ്രമിക്കുന്നത്. മലബാറില്‍ ഒരു താമര വിരിയുകയാണെങ്കില്‍ ഒരു പക്ഷേ അത് ജാനുവിന്റെ കെയ്‌റോഫില്‍ ബത്തേരിയിലായിരിക്കണം. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവ് ആണെന്നാണ് ആ മണ്ഡലത്തില്‍ നിന്നും നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പാലക്കാട്ട് ആകട്ടെ ശോഭ സുരേന്ദ്രന്റെ നില തീര്‍ത്തും പരുങ്ങലിലാണ്. ബിജെപിക്കാര്‍ക്ക് ഇടയിലെ തമ്മില്‍ തല്ലും ശോഭ സുരേന്ദ്രന്റെ പാര്‍ട്ടി പ്രാദേശിക ഘടകം ആഗ്രഹിക്കാത്ത സ്ഥാനാര്‍ത്ഥിത്വവുമാണ് പ്രധാന പ്രശ്‌നം. ഇതേ പ്രശ്‌നം മഞ്ചേശ്വരത്ത് സുരേന്ദ്രനും നേരിടുന്നുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ ആകെയുള്ള അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിലവില്‍ എല്‍ഡിഎഫിനൊപ്പം മൂന്നും യുഡിഎഫിനൊപ്പം രണ്ടുമാണുള്ളത്. യുഡിഎഫ് മണ്ഡലങ്ങളാകട്ടെ ബിജെപി കണ്ണുവയ്ക്കുന്ന മഞ്ചേശ്വരവും തൊട്ടടുത്ത് കിടക്കുന്ന കാസര്‍ഗോഡും. ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങളില്‍ ഉദുമയില്‍ എല്‍ഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസിലെ കെ സുധാകരന്‍ രംഗത്തുണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ണൂര്‍ ശൈലി കാസര്‍ഗോട്ടെ യുഡിഎഫുകാര്‍ക്ക് അത്ര പിടിച്ച മട്ടില്ല. വാഗ്‌ധോരണിയില്‍ സുധാകരന്‍ ഏറെ മുന്നിലാണെങ്കിലും നാട്ടുകാരന്‍ തന്നെയായ സിപിഐഎമ്മിന്റെ സിറ്റിങ് എംഎല്‍എ കുഞ്ഞിരാമന് തന്നെയാണ് നിലവില്‍ മുന്‍തൂക്കം.

കണ്ണൂര്‍ ജില്ലയിലേക്ക് എത്തുമ്പോള്‍ ആകെയുള്ള പതിനൊന്ന് സീറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറെണ്ണം എല്‍ഡിഎഫിനും അഞ്ചെണ്ണം യുഡിഎഫിനും ഒപ്പമായിരുന്നു. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടവും ഇപി ജയരാജന്റെ മട്ടന്നൂരും ടിവി രാജേഷിന്റെ കല്ല്യാശേരിയും ജെയിംസ് മാത്യുവിന്റെ തളിപ്പറമ്പും സി കൃഷ്ണന്റെ പയ്യന്നൂരും സിപിഐഎമ്മിന്റെ ഉരുക്കു കോട്ടകളാണ്. കോടിയേരി ബാലകൃഷ്ണന്റെ സ്വന്തം മണ്ഡലമായിരുന്ന തലശേരിയില്‍ മാത്രമാണ് കോണ്‍ഗ്രസിലെ എപി അബ്ദുള്ളക്കുട്ടി ചെറിയ തോതിലെങ്കിലും ഭീഷണിയുയര്‍ത്തുന്നത്. എങ്കിലും ഈ മണ്ഡലവും സിപിഐഎമ്മിനെ കൈവിടില്ലെന്നുള്ളതാണ് നിലവില്‍ ലഭിക്കുന്ന സൂചന. യുഡിഎഫിന്റെ കൈയിലെ അഞ്ച് മണ്ഡലങ്ങളില്‍ അഴീക്കോട് മുസ്ലീം ലീഗിലെ കെ എം ഷാജിക്ക് എതിരെ എം വി നികേഷ് കുമാര്‍ വിജയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. മന്ത്രി കെ സി ജോസഫിന്റെ മണ്ഡലമായ ഇരിക്കൂറില്‍ കനത്ത വെല്ലുവിളികളെ അദ്ദേഹം മറികടന്നാലും അത്ഭുതപ്പെടാനില്ല. പേരാവൂരില്‍ സണ്ണി ജോസഫിന് തന്നെയാണ് നേരിയ മുന്‍തൂക്കം. കണ്ണൂരില്‍ ഗ്രൂപ്പ് മാറിയെത്തിയ സതീശന്‍ പാച്ചേനിയുടെ നിലയും അപകടത്തിലാണ്. കൂത്തുപറമ്പില്‍ ബിജെപി വോട്ടുകള്‍ സമാഹരിക്കാനായില്ലെങ്കില്‍ മന്ത്രി കെപി മോഹനന്‍ വീണ്ടും നിയമസഭ കാണാന്‍ ഇടയില്ല. അത്ര കടുത്തതാണ് കൂത്തുപറമ്പിലെ പോരാട്ടം.

കോഴിക്കോട് ജില്ലയിലെ പതിമൂന്നില്‍ പത്ത് മണ്ഡലങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് വിജയിച്ചത്. വടകരയില്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ ഉയര്‍ത്തുന്ന ഭീഷണി എല്‍ഡിഎഫിനാണോ യുഡിഎഫിനാണോ ദോഷം ചെയ്യുകയെന്ന് പറയാനായിട്ടില്ല. കുറ്റ്യാടിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ലതികയ്ക്ക് തന്നെയാണ് മുന്‍തൂക്കം എങ്കിലും അവര്‍ ജയിക്കുമെന്ന് പൂര്‍ണമായും ഉറപ്പിച്ച് പറയാന്‍ വരട്ടെ. യുഡിഎഫ് മണ്ഡലങ്ങളിലൊന്നായ കോഴിക്കോട് സൗത്തില്‍ മന്ത്രി എംകെ മുനീറിന്റെ നില തീര്‍ത്തും പരുങ്ങലിലാണ്. തിരുവമ്പാടിയിലും സ്ഥിതി വിഭിന്നമല്ല. ആ നിലയ്ക്ക് കോഴിക്കോട് ജില്ലയില്‍ ചില സീറ്റുകള്‍ നഷ്ടപ്പെട്ടാലും എല്‍ഡിഎഫ് പതിനൊന്ന് സീറ്റുവരെ നേടാനുള്ള സാധ്യതയാണുള്ളത്.

വയനാട് ജില്ലയില്‍ ആകെയുള്ള മൂന്നില്‍ മൂന്ന് സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതില്‍ എംവി ശ്രേയംസ് കുമാര്‍ മത്സരിക്കുന്ന കല്‍പ്പറ്റയില്‍ കനത്ത പോരാട്ടമാണ് സിപിഐഎം നടത്തുന്നത്. അവിടെ ഒരു അട്ടിമറി വിജയം സിപിഐഎം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എങ്കിലും അത്ഭുതം പ്രതീക്ഷിക്കാം. പികെ ജയലക്ഷ്മിയുടെ വിജയ പ്രതീക്ഷകള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്ന ഒന്നു കൂടിയായി വിഎസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. യുഡിഎഫിന്റെ വികസ സിദ്ധാന്തത്തിന് ഒപ്പം ഈ സര്‍ട്ടിഫിക്കറ്റ് കൂടി വിറ്റാണ് ജയലക്ഷ്മി വോട്ടാക്കി മാറ്റുന്നത് എന്നതിനാല്‍ യുഡിഎഫിന് വിജയം പ്രതീക്ഷിക്കാം.

മലപ്പുറം ജില്ലയില്‍ പതിനാറ് മണ്ഡലങ്ങളില്‍ പതിനാലിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും എന്നതാണ് പഴയ സ്ഥിതി. ഇവിടെ കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും രാഷ്ട്രീയം മാറിയെത്തിയ വിമതന്‍മാര്‍ എല്‍ഡിഎഫ് സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. നിലമ്പൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് എല്ലാ തന്ത്രങ്ങളും പയറ്റുന്നുവെങ്കിലും വിജയം അത്ര സുനിശ്ചിതമല്ല.

തിരൂരങ്ങാടിയിലും താനൂരിലുമാണ് എല്‍ഡിഎഫ് സ്വതന്ത്രര്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത്. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ വിഭാഗം വോട്ടുകളും കോണ്‍ഗ്രസിലേയും ലീഗിലേയും വിരുദ്ധ മനോഭാവക്കാരും കൈമെയ് മറന്ന് സഹായിച്ചാല്‍ മലപ്പുറത്ത് എല്‍ഡിഎഫിന്റെ രണ്ട് സീറ്റെന്നത് മാറി ചുരുങ്ങിയപക്ഷം അഞ്ചെങ്കിലും ലഭിക്കും.

പാലക്കാട്ട് മൊത്തത്തില്‍ 12 നിയോജക മണ്ഡലങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏഴ്, യുഡിഎഫ് അഞ്ച്. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലാത്ത പാലക്കാട് കൈയിലുള്ള അഞ്ച് സീറ്റുകള്‍ നിലനിര്‍ത്താനുള്ള കഠിന യത്‌നത്തിലാണ് യുഡിഎഫ്. പട്ടാമ്പിയില്‍ കോണ്‍ഗ്രസിന്റെ സിപി മുഹമ്മദ് ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മൊഹ്‌സിന് മുന്നില്‍ വിയര്‍ക്കുകയാണ്. പഴയൊരു പാപ ഭാരത്തിന്റെ ഭാഗമെന്നോണം ജോസ് തെറ്റയിലിന് എതിരെ പീഡനക്കേസ് നല്‍കിയ ഒരു വനിത കൂടി രംഗത്ത് എത്തിയതോടെ മുഹമ്മദിന്റെ നില തീര്‍ത്തും പരുങ്ങലിലാണ്. തൃത്താലയില്‍ കോണ്‍ഗ്രസിന്റെ വി ടി ബല്‍റാം എംഎല്‍എയ്ക്ക് സിപിഐഎമ്മിലെ സുബൈദ ഇസ്ഹാക്ക് കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്തുന്നുണ്ട്. പാലക്കാട്ടെ പാലക്കാട് ഷാഫി പറമ്പില്‍ ജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ചിറ്റൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ കെ അച്യുതന്റെ നിലയും നിലവില്‍ പരുങ്ങലിലാണ്.

മൊത്തത്തില്‍ മലബാറില്‍ എല്‍ഡിഎഫ് ഒരു മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് തെരഞ്ഞെടുപ്പിന് നാലുനാള്‍ മുമ്പ് വരെ ലഭിക്കുന്ന സൂചന.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍