UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഊഴം എല്‍ഡിഎഫിനാണെങ്കിലും പ്രവചനാതീതം ഈ തെരഞ്ഞെടുപ്പ്

Avatar

ശ്രുതി എസ് പങ്കജ്

ഓരോ അഞ്ചു കൊല്ലത്തിലും മാറി മാറി മുന്നണികളെ വരിക്കുന്ന ശീലം മലയാളി തുടരുമോ അതോ മാറ്റുമോ എന്നചോദ്യമാണ് കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പ് അങ്കത്തിലേക്ക് പോകുമ്പോള്‍ മുന്നിലുള്ളത്. എന്നും പ്രവചനാതീത സ്വഭാവം കാണിച്ചിട്ടുള്ള കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് അടിയന്തരാവസ്ഥക്കു ശേഷം കോണ്‍ഗ്രസിന് 114 സീറ്റ് നല്കി കേരളത്തിന്റെ ഭരണം ഏല്പ്പിച്ചു. 2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയതിനു ശേഷമാണ് എല്‍ഡിഎഫ് 2011-ല്‍ വിഎസിന്റെ നേതൃത്വത്തില്‍ വിജയത്തോടടുത്തത്. തെരഞ്ഞെടുപ്പുകളില്‍ ചരിത്രപരമായി തുടരുന്ന ഈ അനിശ്ചിതത്വം ആണ് ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നത്.

പുറത്തു വന്ന അഭിപ്രായ സര്‍വേകളും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവും ഇടതുപക്ഷത്തിനു മുന്‍തൂക്കം കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ലോകസഭയിലെ കനത്ത പരാജയത്തെ തുടര്‍ന്നൊറ്റപ്പെട്ട കോണ്‍ഗ്രസിന് കേരളത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. എല്‍ഡിഎഫ്, യുഡിഎഫ് നേരിട്ടുള്ള പോരാട്ടമാണ് സംസ്ഥാനത്തെ പൊതുചിത്രമെങ്കിലും ലോകസഭ, പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ നേടിയ മുന്നേറ്റം ഇത്തവണ അക്കൗണ്ട് തുറക്കാനും പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാനും തങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി.

വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കാരുണ്യ ലോട്ടറി, മദ്യനയം എന്നിവ ഉയര്‍ത്തികാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭരണത്തുടര്‍ച്ചയെന്ന മോഹവുമായി വീണ്ടും വോട്ടു തേടുന്നത്. എന്നാല്‍ അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറയുമ്പോലെ അഴിമതി ആരോപണം ഇല്ലാത്തവരില്ല മന്ത്രിസഭയില്‍ എന്നതാണ് സര്‍ക്കാരിന്റെ അവസ്ഥ. സരിതയും, സോളാറും, ബാര്‍ കോഴയും, ഭൂമി തട്ടിപ്പും തുടങ്ങി പൊതുമേഖലയുടേയും പൊതുവിതരണ സംവിധാനങ്ങളുടേയും തകര്‍ച്ചയും, സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ഉണ്ടായ കാലതാമസവും ഒക്കെ പ്രതിപക്ഷം ആയുധമാക്കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം, നവകേരള മാര്‍ച്ചിന്റെ വന്‍ വിജയം, വിഎസ് ഇടയാതെ ഒപ്പം നില്‍ക്കുന്നത് ഒക്കെ ഇടതുപക്ഷത്തിനു വലിയ ആത്മവിശ്വാസം നല്‍കുന്നു. പതിവ് പോലെ ഇത്തവണയും രാജഗോപാല്‍ എന്ന തുറുപ്പു ചീട്ടില്‍ തന്നെയാണ് ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ പ്രതീക്ഷ. എന്നാല്‍ മത്സരിക്കാന്‍ രാജഗോപാല്‍ താല്‍പര്യം കാണിക്കുന്നില്ല എന്നും കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറന്മുള, കൊടുങ്ങല്ലൂര്‍, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് ഇവയാണ് ബി ജെ പി പ്രധാനമായും നോട്ടമിടുന്ന മണ്ഡലങ്ങള്‍.

മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നിവ എല്‍ഡിഎഫ് ഉറപ്പിക്കുമ്പോള്‍ മഞ്ചേശ്വരത്തും കാസര്‍ഗോടും ബി ജെ പി യും, ലീഗും തമ്മിലാണ് നേരിട്ടുള്ള മത്സരം. 2011-ല്‍ സി എച്ച് കുഞ്ഞമ്പുവിലൂടെ മഞ്ചേശ്വരത്തു നേടിയ അട്ടിമറി ജയം ഇടതുപക്ഷം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. കെ സുരേന്ദ്രനാകും ബി ജെ പിയുടെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്തും യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ ബി ജെ പിക്ക് ഒരിടത്ത് മാത്രമാണ് മുന്നിലെത്താന്‍ കഴിഞ്ഞത് എന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.കാസര്‍ഗോഡ് മണ്ഡലത്തിലും യു ഡി എഫിന് മേല്‍ക്കൈ ഉണ്ട്. 

കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ആറ് എണ്ണം അതായത് തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം. കല്ല്യാശ്ശേരി, പയ്യന്നൂര്‍, തലശ്ശേരി തുടങ്ങിയവ ഇടതു കോട്ടകളാണ്. ഇവിടെ ഒരു അട്ടിമറിയും ആരും പ്രതീക്ഷിക്കുന്നില്ല. സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ മത്സരരംഗത്തുണ്ടാകില്ലെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് മാധ്യമങ്ങള്‍ പറയുന്നതുമായ പിണറായി വിജയന്‍ ധര്‍മ്മടത്തു മത്സരിക്കും എന്നാണ് കരുതപ്പെടുന്നത്. കൂത്തുപറമ്പ് ഇത്തവണ സി പി ഐഎം ഏറ്റെടുത്തേക്കും എന്ന സൂചനകളുമുണ്ട്. കഴിഞ്ഞ ലോകസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നേടിയ മുന്നേറ്റം മന്ത്രി കെ പി മോഹനനെ കൂത്തുപറമ്പില്‍ അട്ടിമറിക്കാന്‍ കഴിയും എന്ന പ്രതീക്ഷ സിപിഐഎമ്മിന് നല്കുന്നുണ്ട്. കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട അഴീക്കോട് മണ്ഡലവും തിരിച്ചുപിടിക്കാം എന്ന വിശ്വാസം ഇടതുപക്ഷത്തിനുണ്ട്. ഇത് മുന്‍കൂട്ടി കണ്ട സിറ്റിംഗ് എം എല്‍ എ. കെ എം. ഷാജി ആര്‍ എസ് എസ്സിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ലീഗിനുള്ളില്‍ തന്നെ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ഇരിക്കൂര്‍ യു ഡി എഫ് കോട്ടയായി തുടരാന്‍ തന്നെ സാധ്യത. മൂന്നു പതിറ്റാണ്ടുകളായി എം എല്‍ എ ആയി തുടരുന്ന മന്ത്രി കെ സി ജോസഫിനെതിരെ പാളയത്തില്‍ പടയുണ്ട് എന്നും പറയുന്നുണ്ട്. അതേ സമയം അബ്ദുള്ള കുട്ടിയെ മാറ്റി കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിച്ചേക്കും. വിമതന്‍ പി കെ രാഗേഷ് കണ്ണൂര്‍ നഗരസഭയില്‍ മത്സരിച്ച് വിജയിച്ചത് സുധാകരന് തലവേദന ആയേക്കാം. പാര്‍ട്ടിക്കുള്ളിലെ പടല പിണക്കങ്ങള്‍ പ്രശ്‌നമായില്ലെങ്കില്‍ സുധാകരന് ജയത്തിനു പ്രയാസമുണ്ടാവില്ല.

മൂന്നു നിയമസഭാ മണ്ഡലങ്ങള്‍ മാത്രമുള്ള വയനാട് ജില്ല പരമ്പരാഗതമായി ഒരു യു ഡി എഫ് ശക്തി കേന്ദ്രമാണ്. കല്‍പ്പറ്റയില്‍ ശക്തമായ ഇടതു സ്ഥാനാര്‍ഥിയില്ലെങ്കില്‍ ജെഡിഎസിന്റെ സ്ഥാനാര്‍ത്ഥി ശ്രേയംസ് കുമാറിന് ഈസി വാക്കോവര്‍ ആവും ലഭിക്കുക. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എക്ക് കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലും മാനന്തവാടിയിലും യു ഡി എഫ് പിന്നാക്കം പോയിരുന്നു. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ഡി സി സി സെക്രട്ടറി ആത്മഹത്യ ചെയ്ത സാഹചര്യവും കോണ്‍ഗ്രസില്‍ അസ്വാരസ്യം പടര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് അനുസരിച്ചാകും വയനാട്ടിലെ യുഡിഎഫിന്റെ വിധി നിര്‍ണയിക്കപ്പെടുക. ആദിവാസി മേഖലയില്‍ നിന്നുള്ള മന്ത്രിയെന്നുള്ളതും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇതുവരെ അഴിമതിയുടെ പേര് ദോഷം കേള്‍പ്പിക്കാത്ത മന്ത്രിയെന്നതും പി കെ ജയലക്ഷ്മിക്ക് ഇവിടെ തുണയാവാം.

2011-ല്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യം ഇല്ലാതെ പോയ ജില്ലയാണ് കോഴിക്കോട്. ബാലുശ്ശേരി, എലത്തൂര്‍ , ബേപ്പൂര്‍, നാദാപുരം, എന്നിവിടങ്ങളില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണ്ട്. എ പ്രദീപ്കുമാറിന്റെ ജനകീയത കോഴിക്കോട് നോര്‍ത്തില്‍ എല്‍ ഡി എഫിന് തുണയാകും. അതേ സമയം കോഴിക്കോട് സൗത്തില്‍ ഒരു തവണ കൂടി മത്സരിക്കാന്‍ മന്ത്രി മുനീറിന് താല്പര്യമില്ല എന്ന് കേള്‍ക്കുന്നു. വടകര ഇത്തവണ പിടിച്ചെടുക്കാം എന്ന പ്രതീക്ഷ യു ഡി എഫ് നേതൃത്വത്തിന് ഉണ്ട്. കുന്നമംഗലം, കുറ്റ്യാടി, കൊയിലാണ്ടി, തിരുവമ്പാടി എന്നിവിടങ്ങളില്‍ തീപാറുന്ന മത്സരം നടക്കും. കുറ്റ്യാടിയില്‍ എല്‍ഡിഎഫിനുവേണ്ടി പി കെ സൈനബ ടീച്ചറുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൊടുവള്ളിയില്‍ യു ഡി എഫിനാണ് മേല്‍ക്കൈ.

മലപ്പുറം ജില്ലയില്‍ വന്നാല്‍ യു ഡി എഫിന്റെ വിശേഷിച്ചു ലീഗിന്റെ ഉറച്ച കോട്ടയായി തന്നെ ഇത്തവണയും മലപ്പുറം തുടരാന്‍ തന്നെയാണ് സാധ്യത. 16 നിയമസഭാ മണ്ഡലങ്ങളില്‍ 11 ഇടത്തും വന്‍ഭൂരിപക്ഷത്തില്‍ തന്നെ യു ഡി എഫ് ജയിക്കാനാണ് സാധ്യത. കെ ടി ജലീല്‍ വീണ്ടും മത്സരിക്കുന്ന തവനൂര്‍, ശ്രീരാമകൃഷ്ണന്‍ തന്നെ വീണ്ടും മത്സരിക്കാന്‍ സാധ്യത ഉള്ള പൊന്നാനി എന്നിവിടങ്ങളില്‍ എല്‍ ഡി എഫിന് പ്രതീക്ഷയുണ്ട്. താനൂരില്‍ വി. അബ്ദുറഹ്മാനെ ഇറക്കി അട്ടിമറി നടത്താനാവുമോ എന്നാണു ഇടതു നോട്ടം. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് അബ്ദുറഹ്മാന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. പെരിന്തല്‍മണ്ണയും ഇടതു പക്ഷം കണ്ണ് വെക്കുന്നുണ്ട്. നിലമ്പൂരില്‍ ആര്യാടന്‍ ഇത്തവണ മത്സരിക്കുമോ എന്നുറപ്പില്ല. മകനുവേണ്ടി മാറിക്കൊടുക്കും എന്ന അഭ്യൂഹം ശക്തമാണ്. നിലമ്പൂരിലും ശക്തമായി പോരാടാന്‍ ഒരുങ്ങുകയാണ് എല്‍ ഡി എഫ്.

12 മണ്ഡലങ്ങളാണ് പാലക്കാട് ഉള്ളത്. ഇതില്‍ ആറ് മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് മുന്‍തൂക്കമുണ്ട്. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍ തുടങ്ങിയവ ആണ് ആ മണ്ഡലങ്ങള്‍. ഒരു തവണ കൂടി വി എസ് അച്യുതാനന്ദന്‍ തങ്ങളുടെ നാട്ടിലേക്ക് വരുമോ എന്ന് കാത്തിരിക്കുക ആണ് മലമ്പുഴക്കാര്‍. മണ്ണാര്‍ക്കാടും ചിറ്റൂരും യു ഡി എഫ് അനുകൂല മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ യുവതുര്‍ക്കികളായ വി ടി ബല്‍റാമിനെയും ഷാഫി പറമ്പിലിനെയും ഇറക്കി പിടിച്ചെടുത്ത തൃത്താലയും പാലക്കാടും തിരിച്ചു പിടിക്കാന്‍ ശക്തമായ ശ്രമത്തിലാണ് എല്‍ ഡി എഫ്. പാലക്കാട് മുന്‍സിപാലിറ്റി പിടിച്ച ആത്മവിശ്വാസത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലവും പിടിക്കും എന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ട്.

മുന്‍സിപ്പാലിറ്റിക്ക് പുറമേ ഉള്ള മൂന്നു പഞ്ചായത്തുകളില്‍ രണ്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫുമാണ് ഭരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനു തന്നെയാണ് പാലക്കാട് മണ്ഡലം ഒരുങ്ങുന്നത്. പ്രത്യേകിച്ച് ഒന്നാഞ്ഞുപിടിച്ചാല്‍ പോന്നേക്കും എന്ന പ്രലോഭനത്താല്‍ ബിജെപി ഇരുമെയ്യും മറന്ന് പോരാട്ടത്തിന് ഒരുങ്ങുമ്പോള്‍. പട്ടാമ്പിയില്‍ സി പി മുഹമ്മദ് യു ഡി എഫിന് മുന്‍തൂക്കം നല്കുന്നു. കൊങ്ങാടും ശക്തമായ മത്സരം നടക്കും.

13 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂരും ഇരിഞ്ഞാലക്കുടയും യു ഡി എഫിന്റെ കോട്ടകളാണ്. ചേലക്കര, കുന്നംകുളം, പുതുക്കാട്, കയ്പമംഗലം, നാട്ടിക തുടങ്ങി അഞ്ചു മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനാണ് മേല്‍ക്കൈ. കെ വി അബ്ദുള്‍ഖാദറിന്റെ പ്രതിച്ഛായയാണ് ഗുരുവായൂരിലെ ഇടതു മുന്‍തൂക്കത്തിന്റെ ഹേതു. അത് പോലെ കൊടുങ്ങല്ലൂരില്‍ ടി എന്‍ പ്രതാപന്‍ യു ഡി എഫിന് മേല്‍ക്കൈ നല്‍കുന്നുണ്ട്. കഴിഞ്ഞ തവണ യു ഡി എഫ് ജയിച്ച ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലും എല്‍ ഡി എഫ് അട്ടിമറി വിജയം നേടിയ ചാലക്കുടിയിലും കടുത്ത മത്സരം തന്നെ നടന്നേക്കും. മണലൂരില്‍ വി എം സുധീരന് വേണ്ടി ചുമരെഴുത്തുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മണലൂരില്‍ ഇത്തവണയും ബേബി ജോണ്‍ ഇടതു സ്ഥാനാര്‍ഥി ആയേക്കും. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മത്സരിക്കില്ല എന്നും കേള്‍ക്കുന്നുണ്ട്. എങ്കില്‍ മകളോ കുടുംബക്കാര്‍ ആരെങ്കിലുമോ വന്നേക്കാമെന്ന ഭീതി കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ട്. ചാവക്കാട് ഹനീഫ വധത്തിന്റേയും എ-ഐ ഗ്രൂപ്പ് പോരിന്റേയും കനലുകള്‍ അണയാതെ കിടക്കുന്നത് തൃശൂര്‍ ജില്ലയില്‍ യുഡിഎഫിനെ പൊള്ളിക്കാന്‍ സാധ്യതയുള്ളതാണ്.

14 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള വ്യവസായജില്ലയായ എറണാകുളം യു ഡി എഫിന്റെ ഒരു ഉറച്ച കോട്ട തന്നെ ആണ്. യു ഡി എഫ് അനുകൂല മണ്ഡലമായ പെരുമ്പാവൂരില്‍ സാജു പോള്‍ അട്ടിമറി തുടരും എന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി. അങ്കമാലി ജേക്കബ് ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അവിടെ ജയിക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കത്തോലിക്കാ സഭയുടെ നിലപാട് ഇവിടെ നിര്‍ണായകമാവും. പറവൂരില്‍ വി ഡി സതീശന്‍ ഇപ്പോഴും സമ്മതനാണ്.തൃപ്പൂണിത്തുറയിലാകട്ടെ കെ ബാബുവിനെതിരെ സി പി എം ജില്ലാ സെക്രട്ടറിയായ പി രാജീവ് മത്സരിക്കും എന്ന് കേള്‍ക്കുന്നു. ഇക്കാര്യം ബാബു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനം ശ്രദ്ധിക്കുന്ന പോരാട്ടമാകും ഇവിടെ നടക്കുക.പിറവത്തും, കുന്നത്തുനാട്ടിലും മൂവാറ്റുപുഴയിലും യു ഡി എഫ് മേല്‍ക്കൈ ഉണ്ടെങ്കില്‍ കൂടി പോരാട്ടം കടുക്കും. ആലുവ, കളമശ്ശേരി, പറവൂര്‍, കൊച്ചി, എറണാകുളം, തൃക്കാക്കര, കോതമംഗലം പൊതുവില്‍ യു ഡി എഫ് മുന്‍തൂക്കം ഉള്ള മണ്ഡലങ്ങളുമാണ്.

പൊതുവില്‍ യു ഡി എഫ് അനുകൂല ജില്ലയായ ഇടുക്കിയില്‍ കസ്തൂരിരംഗനും, ഹൈറേഞ്ച് സംരക്ഷണ സമിതിയും, മൂന്നാര്‍ സമരവും ഒക്കെ സൃഷ്ടിച്ച രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ പ്രതിഫലിക്കും എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ നിയമസഭയില്‍ അഞ്ചില്‍ മുന്ന് സീറ്റു നേടി ഇടതുപക്ഷം ഞെട്ടിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഒന്നിക്കുകയും വിജയം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മില്‍ പി ജെ ജോസഫ് ഗ്രൂപ്പ് എന്ത് നിലപാട് എടുക്കും എന്നതും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്. തൊടുപുഴ യു ഡി എഫ് നിലനിര്‍ത്തിയെക്കും പി ജെ ജോസഫ് ഉണ്ടെങ്കില്‍. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടിലാണ് യു ഡി എഫ് ഒരു ആശങ്ക. ഉടുമ്പഞ്ചോല എല്‍ ഡി എഫ് നിലനിര്‍ത്തിയെക്കും.ദേവികുളത്തും പീരുമേട്ടിലും മത്സരം കടുക്കും. ജില്ലയുടെ തന്നെ ശബ്ദമായി മാറിയ ഇ എസ് ബിജിമോള്‍ക്ക് പീരുമേട്ടില്‍ പ്രയാസമുണ്ടാവില്ല എന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ രണ്ടു തവണ എംഎല്‍എയായതിനാല്‍ സിപിഐ അവരെ മാറ്റി മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.

കോട്ടയവും യു ഡി എഫിന്‍റെ ഉറച്ച കോട്ടയാണ് എന്ന് തന്നെ പറയേണ്ടി വരും. വൈക്കം മാത്രമാണ് ഒരു അപവാദം. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന്റെ ജനകീയത ഇടതു മുന്നണിക്ക് വീണ്ടും തുണയാകാം. റബ്ബറിന്റെ വിലയിടിവാണ് കോട്ടയംകാരുടെ പ്രധാന പ്രശ്‌നവും മുഖ്യ തെരഞ്ഞെടുപ്പ് വിഷയവും. ഒമ്പത് മണ്ഡലങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി, മാണിയുടെ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഉറച്ച യു ഡി എഫ് കോട്ടകള്‍ തന്നെയാണ്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെ വീണ്ടും മത്സരിപ്പിക്കാന്‍ മാണി കാണിക്കുന്ന താല്‍പര്യക്കുറവു ഒരു പൊട്ടിത്തെറിയിലേക്ക് തന്നെ എത്തിയേക്കും. ചങ്ങനാശ്ശേരി കടുത്ത മത്സരത്തിലൂടെ പിടിച്ചെടുക്കാം എന്ന് എല്‍ ഡി എഫ് കരുതുന്നു. എന്നാല്‍ കഴിഞ്ഞ തവണ കഷ്ടിച്ച് കോട്ടയത്ത് കടന്നു കൂടിയ തിരുവഞ്ചൂരിനെ തോല്‍പ്പിക്കുക എളുപ്പമാവില്ല. പൂഞ്ഞാര്‍ പി സി ജോര്‍ജിനെ വച്ചു ജയിക്കാനാവും എല്‍ ഡി എഫ് ശ്രമം. എന്നാല്‍ പ്രാദേശിക എതിര്‍പ്പുകളുണ്ട്. ജോര്‍ജിനെ തോല്പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍വശ്രമങ്ങളും നടത്താന്‍ സാധ്യത ഉണ്ട്.

ആലപ്പുഴയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും ഇടതുമുന്നണി വിജയപ്രതീക്ഷ പുലര്‍ത്തുന്നു. ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍, കുട്ടനാട്, മാവേലിക്കര മണ്ഡലങ്ങളാണ് അവ. വി ഐ പി മണ്ഡലമായ ഹരിപ്പാട് രമേശ് ചെന്നിത്തല മത്സരിക്കും. ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഏതു വിധത്തില്‍ ബാധിക്കും എന്നതിനെ അനുസരിച്ചാവും തെരഞ്ഞെടുപ്പ് ഫലം. കായംകുളത്തു കടുത്ത മത്സരം ആവും. ആലപ്പുഴ നിയമസഭാ മണ്ഡലം പൊതുവെ യു ഡി എഫ് അനുകൂലമാണ് എങ്കിലും ജനകീയനായ ഡോ. തോമസ് ഐസക്കാണ് മത്സരിക്കാന്‍ സാധ്യത എന്നതുകൊണ്ട് എല്‍ ഡി എഫിന് ആശങ്കയില്ല. അതേ സമയം മുന്നണിയിലേക്ക് വന്ന ജെ എസ് എസ്സിന് ഏത് സീറ്റ് കൊടുക്കണം എന്നത് എല്‍ ഡി എഫിന് തലവേദന ആണ്. സി പി എം സിറ്റിംഗ് മണ്ഡലമായ അരൂര്‍ വേണമെന്ന് ജെ എസ് എസ് ആവശ്യപ്പെട്ടു കഴിഞ്ഞു. ചേര്‍ത്തല സിപിഐയുടെ കൈയില്‍ നിന്നും എടുത്ത് ജെ എസ് എസിന് സിപിഐഎം നല്‍കുമോയെന്ന ആശങ്ക സിപിഐയ്ക്കുണ്ട്.

മലയോര ജില്ലയായ പത്തനംതിട്ടയില്‍ തിരുവല്ല, റാന്നി, കോന്നി, അടൂര്‍, ആറന്മുള തുടങ്ങി അഞ്ചു മണ്ഡലങ്ങളാണ് ഉള്ളത്. ഏറ്റവും ആകാംഷ ഉണര്‍ത്തുന്ന മത്സരം നടക്കാന്‍ പോകുന്നത് ആറന്മുളയിലാണ്. ആറന്മുള വിമാനത്താവള പദ്ധതി തന്നെ ആകും പ്രധാനവിഷയം. കെ. ശിവദാസന്‍ നായര്‍ക്കെതിരെ വലിയ എതിര്‍ വികാരം ഉണ്ട് ഈ വിഷയത്തില്‍. ബി ജെ പിയും ശക്തമായ സാന്നിധ്യം അറിയിക്കും ഇവിടെ എന്ന കാര്യത്തില്‍ സംശയമില്ല. എം ടി രമേശ് ആകും ബി ജെ പി സ്ഥാനാര്‍ഥി. കുമ്മനം മത്സരിക്കണം എന്നും അവരുടെ ഇടയില്‍ ആവശ്യമുണ്ടെങ്കിലും കുറെക്കൂടി സേഫ് ആയ നേമത്ത് മത്സരിക്കാനാണ് കുമ്മനത്തിനു താല്‍പര്യം. റാന്നിയില്‍ പതിവ് വിജയം തുടരാന്‍ രാജു എബ്രഹാം അല്ലാതെ മറ്റൊരാള്‍ ഇടതുപക്ഷത്തില്ല. കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശിന് തന്നെ മുന്‍തൂക്കം. തിരുവല്ലയില്‍ മാത്യു ടി തോമസിന്റെ ജനകീയതയില്‍ ആണ് ഇടതു പ്രതീക്ഷ. തിരുവല്ലയിലും അടൂരിലും കടുത്ത മത്സരം ആണ് നടക്കാന്‍ പോവുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞപ്പോള്‍ ഇടതുപക്ഷം കോട്ടയാക്കി മാറ്റിയിരിക്കുക ആണ് കൊല്ലം ജില്ലയെ. ആര്‍ എസ് പി പിളര്‍ത്തി കോവൂര്‍ കുഞ്ഞുമോന്‍ ഇടതുപക്ഷത്തെത്തിയതും ബാലകൃഷ്ണപിള്ളയുടെ സഹകരണവും നിര്‍ണായകമാവും. അതെ സമയം ബാലകൃഷ്ണപിള്ളയുടെ വിഷയം എല്‍ ഡി എഫിനെ അടിക്കാനുള്ള വടിയായും യു ഡി എഫ് ഉപയോഗിക്കുന്നുണ്ട്. കരുനാഗപ്പള്ളി, കുന്നത്തൂര്‍, ചാത്തന്നൂര്‍ , ചടയമംഗലം, കുണ്ടറ, പുനലൂര്‍, കൊട്ടാരക്കര ഒക്കെ ഇടതു ശക്തി കേന്ദ്രങ്ങള്‍ ആണ്. ഗണേഷ്‌കുമാറിലൂടെ പത്തനാപുരം പിടിക്കാം എന്ന് ഇടതുപക്ഷം കണക്കു കൂട്ടുമ്പോള്‍ ബാലകൃഷ്ണപിള്ളക്ക് സീറ്റ് നല്കണോ എന്ന കാര്യത്തില്‍ ഇടതിന് ആശങ്കയുണ്ട്. 
കൊല്ലത്ത് മത്സരിക്കാനാണ് പിള്ളക്ക് താല്പര്യം എന്നും കേള്‍ക്കുന്നു. ഇരവിപുരം ജയിക്കേണ്ടത് ഇടതുപക്ഷത്തിനു അഭിമാന പ്രശ്‌നമാണ്. മന്ത്രി ഷിബു ബേബി ജോണ്‍ മത്സരിക്കുന്ന ചവറയില്‍ യു ഡി എഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. കൊല്ലത്തും ഇരവിപുരത്തും തീ പാറും.

ഭരണം പിടിക്കുന്ന മുന്നണിയുടെ കൂടെ നില്‍ക്കുന്ന പതിവ് എക്കാലവും കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് 14 മണ്ഡലങ്ങള്‍ ഉള്ള തലസ്ഥാന ജില്ല. കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരുത്തിയ അശ്രദ്ധ എല്‍ ഡി എഫിന് നഷ്ടപ്പെടുത്തിയത് തുടര്‍ഭരണമാണ്. പഴയ ഇടതു കോട്ടയായ വര്‍ക്കല മണ്ഡലം വര്‍ക്കല കഹാര്‍ കോണ്‍ഗ്രസിന്റെ കോട്ടയാക്കി മാറ്റിയിട്ടു കാലമേറെ ആയി. ഇത്തവണ മുതിര്‍ന്ന നേതാവായ ആനത്തലവട്ടം ആനന്ദനെ ഇറക്കി കടുത്ത പോരാട്ടത്തിനാണ് എല്‍ ഡി എഫ് ഒരുങ്ങുന്നത്. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ ഇടതു കോട്ടകളാണ്. വാമനപുരം ഇപ്പോഴും ഇടതുപക്ഷത്തോട് ഒപ്പമാണെങ്കിലും നേരിയ ഭൂരിപക്ഷമേ കൊടുക്കാറുള്ളൂ. മണ്ഡലത്തില്‍ വിശാലമായ ബന്ധുബലം ഉള്ള കോലിയക്കോട് കൃഷ്ണന്‍ നായര്‍ ആരോഗ്യ പ്രശ്‌നം കാരണം മത്സരിക്കുമോ എന്നറിയില്ല. ഡി വൈ എഫ് ഐ നേതാവ് പി. ബിജുവിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു.

കഴക്കൂട്ടം, തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് , തുടങ്ങി നാലു നഗര മണ്ഡലങ്ങളിലും ഇക്കുറി കനത്ത ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. നഗരസഭയില്‍ 35 സീറ്റ് നേടിയ ബി ജെ പി നിയമസഭയിലും അക്കൗണ്ട് തുറക്കാന്‍ വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്. കഴക്കൂട്ടത്ത് കഴിഞ്ഞ തവണ 2000 വോട്ടുകള്‍ക്ക് കടന്നു കൂടിയ സിറ്റിംഗ് എം. എല്‍. എ എം.എ വാഹിദിന് കനത്ത വെല്ലുവിളി ഉയര്‍ത്തി സിപിഎം ജില്ലാ സെക്രടറി കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കും. ബി ജെ പി മുന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ സാന്നിധ്യം ശക്തമായ ത്രികോണ മത്സരമാവും സൃഷ്ടിക്കുക.

വട്ടിയൂര്‍ക്കാവ് കെ. മുരളീധരനു മുന്‍തൂക്കം ഉണ്ട്. ടി എന്‍ സീമയുടെ പേര് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നു. ബി ജെ പി സ്ഥാനാര്‍ഥി ആയി സുരേഷ് ഗോപിയുടെ പേരും പറയുന്നുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ മന്ത്രി വി എസ് ശിവകുമാര്‍ വീണ്ടും ജനവിധി തേടും. ഓ. രാജഗോപാലിന്റെ പേര് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി ആയി പറഞ്ഞു കേള്‍ക്കുന്നു. എല്‍ ഡി എഫില്‍ മിക്കവാറും മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ളക്ക് തന്നെ സാദ്ധ്യത. 

നേമം മണ്ഡലത്തിലാണ് ബി ജെ പി കേരളത്തില്‍ ഏറ്റവും അധികം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ 18000 വോട്ടിന്റെ ലീഡ് നേടിയതും, കോര്‍പ്പറേഷനില്‍ 22-ല്‍ ഒമ്പത് വാര്‍ഡുകളില്‍ ജയിക്കാന്‍ കഴിഞ്ഞതും ഇത്തവണ ജയിക്കും എന്നതിന് ഉറപ്പായി ബി ജെ പി പറയുന്നു. എന്നാല്‍ രാജഗോപാലിന് പകരം കുമ്മനം ആണെങ്കില്‍ ഒരു ആശങ്കക്കും കാര്യമില്ല എന്നുറപ്പിച്ചു പറയുന്നു എല്‍ ഡി എഫ്. വി. ശിവന്‍ കുട്ടി എം .എല്‍ . എ യുടെ താഴെത്തട്ട് വരെയുള്ള ജനങ്ങളുമായി ഉള്ള ഉറ്റ ബന്ധത്തിലാണ് എല്‍ ഡി എഫ് പ്രതീക്ഷ. യു. ഡി .എഫ് കഴിഞ്ഞ തവണ ഇവിടെ മൂന്നാം സ്ഥാനത്ത് പോയിരുന്നു. എന്തായാലും വീണ്ടും ഒരു പ്രവചനാതീതമായ ത്രികോണ മത്സരത്തിനു തന്നെ നേമം വേദിയാകും.

ശബരിനാഥ് നങ്കൂരമുറപ്പിച്ച അരുവിക്കരയില്‍ ഡി വൈ എഫ് ഐ നേതാവ് കെ. എസ് സുനില്‍ കുമാര്‍ ആവും അദേഹത്തിന് വെല്ലുവിളി ഉയര്‍ത്തുക. നേരിയ വ്യത്യാസത്തിനു കഴിഞ്ഞ തവണ നഷ്ടപെട്ട പാറശ്ശാല ഇത്തവണ തിരിച്ചു പിടിക്കും എന്നും കോവളം നിലനിര്‍ത്തും എന്നും ഇടതുപക്ഷം ഉറപ്പിക്കുന്നു. നെടുമങ്ങാട് പാലോട് രവിക്കെതിരെ ജനകീയരായ സ്ഥാനാര്‍ഥികളുടെ അഭാവം സി പി ഐക്കുണ്ട്. നെയ്യാറ്റിന്‍കരയില്‍ വീണ്ടും സെല്‍വരാജിനെ മത്സരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനു എതിര്‍പ്പുണ്ട്. സരിതയുടെ ഫോണ്‍ വിളി തമ്പാനൂര്‍ രവിക്ക് ഇവിടെ തിരിച്ചടി ആയി. നെയ്യാറ്റിന്‍കരയില്‍ ഇത്തവണ ഇടതുപക്ഷം വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഇവിടെ ആന്‍സലന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. കാട്ടാക്കടയില്‍ സ്പീക്കര്‍ ശക്തന് ക്രിസ്ത്യന്‍ സഭയുടെ പിന്തുണ ഉണ്ട്. ബി ജെ പിക്ക് വേണ്ടി പ്രമുഖനായ പി കെ കൃഷ്ണദാസ് മത്സര രംഗത്തിറങ്ങും എങ്കിലും കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ നേടുക പ്രയാസകരമാവും.യുവ നേതാവിനെ ഇറക്കി അട്ടിമറിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ഇവിടെ എല്‍ ഡി എഫ്.

മൊത്തത്തിലുള്ള ചിത്രം പരിശോധിക്കുമ്പോള്‍ കാറ്റ് ഇടത്തേക്ക് എന്ന സൂചന തന്നെയാണ് കാണാന്‍ കഴിയുക. എന്നാല്‍ എത്രയൊക്കെ അവലോകനം ചെയ്താലും സ്ഥാനാര്‍ഥികളുടെ പ്രതിച്ചായ മുതല്‍ കണക്കു കൂട്ടലുകളെ അപ്രസക്തമാക്കുന്ന നിരവധി ഘടകങ്ങള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിനുണ്ട്. അതാണ് ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നത്.

(മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ശ്രുതി എസ് പങ്കജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍