UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആക്ഷനും കട്ടിനുമിടയില്‍ ചില സീറ്റ് മോഹങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍ കോണ്‍ഗ്രസിന്റെ താരമുഖങ്ങളായി ജഗദീഷും സിദ്ദിഖും മത്സരത്തിനിറങ്ങുമെന്നു സൂചനകള്‍. ജഗദീഷ് കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തിലും സിദ്ദിഖ് ആലപ്പുഴ ജില്ലയിലെ അരൂരും മത്സരിക്കുമെന്നാണ് മാധ്യമ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം താരങ്ങള്‍ വാര്‍ത്തകള്‍ നിഷേധിക്കുന്നുമില്ല.

കോളേജ് കാലം മുതലുള്ള കോണ്‍ഗ്രസ് ബന്ധം എടുത്തു പറയുന്ന നടനാണ് ജഗദീഷ്. ഇതിനു മുമ്പ് സ്വയം മത്സരിക്കാനുള്ള ആഗ്രഹം ജഗദീഷ് പ്രകടിപ്പിച്ചിട്ടുമുണ്ട്. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യമെന്നുവരെ പ്രസ്താവന നടത്തി. എന്നാല്‍ താരത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു നീക്കവും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ നല്‍കുകയുമുണ്ടായില്ല. ഇത്തവണ ഏതുവിധേനയും സീറ്റുകള്‍ പിടിച്ചെടുക്കണം എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെങ്കില്‍ ജഗദീഷുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയായി വരാം. അങ്ങനെയാണെങ്കില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഗണേഷ് കുമാറിനെയായിരിക്കും ജഗദീഷ് എതിരിടുക.

നിലവിലെ സാഹചര്യത്തില്‍ താരങ്ങള്‍ തമ്മിലുള്ള പോര് എന്നതിനപ്പുറം ജഗദീഷ് ഏതെങ്കിലും നിലയില്‍ ഗണേശിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസോ യുഡിഎഫോ പ്രതീക്ഷിക്കുന്നില്ല. വ്യക്തിപരമായി ഉയര്‍ന്ന ആരോപണങ്ങളും മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയും തുടര്‍ന്ന് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയതുമൊക്കെ ഗണേശനെതിരെ ഉയര്‍ത്താവുന്ന ആരോപണങ്ങളാണെങ്കിലും ഇതൊന്നും ഗണേശന് പത്തനാപുരത്തുള്ള ജനസ്വാധീനത്തെ മറികടക്കാന്‍ ശക്തിയുള്ളതല്ല. തുടര്‍ച്ചയായി മൂന്നാം തവണയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും പേരെടുത്തൊരാളാണ്. ഒരു സിനിമനടന്‍ എന്നതു മറന്ന് ജനം കഴിവുള്ളൊരു രാഷ്ട്രീയനേതാവായി അദ്ദേഹത്തെ സ്വീകരിച്ചും കഴിഞ്ഞു. അതിനാല്‍ തന്നെ ജഗദീഷിന്റെ താരപരിവേഷം പത്തനാപുരത്ത് ചെലവാകാനുള്ള സാധ്യത കുറവാണ്.

കൊല്ലത്ത് ഇടുപക്ഷത്തിന്റെ മേല്‍ക്കോയ്മ ഉള്ളതും ബാലകൃഷ്ണ പിള്ളയും സംഘവും ഇത്തവണ ഇടതുപാളയത്തിലാണെന്നതും ഗണേശന്റെ സാധ്യതകള്‍ കൂടുതലാക്കുന്നുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് ബി യിലൂടെ പത്താനപുരത്തെ കൂടെ നിര്‍ത്തിയിരുന്ന യുഡിഎഫ് ഇത്തവണ ആരെയിറക്കും മണ്ഡലം പിടിക്കാനെന്നറിയാതെ പരുങ്ങുകയുമായിരുന്നു. കൊല്ലത്ത് സ്ഥാനാര്‍ത്ഥിമോഹികളായി പലരുമുണ്ടെങ്കിലും പത്താനാപുരത്ത് ചെന്നു ഗണേശന്റെ മസ്തകം തകര്‍ക്കാന്‍ പറ്റിയവരാരും അക്കുട്ടത്തില്‍ ഇല്ല. ഇത്തരമൊരു സന്ദിഗ്ദാവസ്ഥയില്‍ ഉള്ളതില്‍ ഭേദപ്പെട്ടൊരു ചോയ്‌സ് തന്നെയാണ് ജഗദീഷ്. ഒന്നുമില്ലെങ്കില്‍ സിനിമാനടന്‍ എന്ന ഇമേജ് ഉണ്ട്. മാത്രമല്ല, സിനിമാക്കാരില്‍ പേരുദോഷങ്ങളൊന്നും കേള്‍പ്പിക്കാത്തൊരാളുമാണ്. പക്ഷേ തിരുവനന്തപുരത്തുകാരനാണെങ്കിലും ആലുവായില്‍ സ്ഥിരതാമസക്കാരനായിരുന്ന ജഗദീഷിന് പത്തനാപുരത്ത് ജനസ്വാധീനം ഉണ്ടാക്കാന്‍ സ്വന്തം ഇമേജും പാര്‍ട്ടി പിന്തുണയും മാത്രം പേരാതെവരും.

മികച്ച സംഘാടകന്‍, കൗശലക്കാരനായ മധ്യസ്ഥന്‍ എന്നീ നിലകളില്‍ സിനിമാക്കാര്‍ക്കിടയില്‍ സ്ഥാനമുണ്ട് ജദഗീഷിന്. ഇത്രത്തോളം വാക്ചാതുര്യമുള്ള മറ്റൊരു നടനും നിലവില്‍ മലയാള സിനിമയിലില്ല. എന്നാല്‍ ഇതൊക്കെ സാധാരണവോട്ടര്‍മാരില്‍ എത്രപേര്‍ക്ക് അറിയാം എന്നതു ചോദ്യമാണ്. അരുവിക്കരയില്‍ ശബരിനാഥിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോള്‍ അത്ര വലിയ ആവേശം ഉണ്ടാക്കാനോ ജനത്തെ കൂട്ടാനോ കഴിയാതെ പോയതും മൈനസ് ആണ്. എങ്കിലും ആരെയും സംസാരിച്ചു വീഴ്ത്താനുള്ള മിടുക്ക് പത്താനാപുരത്ത് ചെലവായാല്‍ ജഗദീഷ് ഹിറ്റാകും. 

ഇതൊക്കെ ഇത്രയേറെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്നത് ഇപ്പോഴും ഒരു ചോദ്യമാണ്, എന്നാലും കേട്ടതുപോലെ സംഭവിച്ചാല്‍ കാര്യങ്ങളൊക്കെ ഇത്തരത്തില്‍ വരാനെ സാധ്യതയുള്ളൂ. പിന്നെ പത്താനപുരത്തുകാര്‍ക്ക് ഒരുകാര്യത്തില്‍ സമാധാനിക്കാം, ആരെ തോല്‍പ്പിച്ചാലും സിനിമാക്കാര്‍ തങ്ങളോട് പിണങ്ങില്ല, ജയിക്കുന്നതും തോല്‍ക്കുന്നതും അവരുടെ കൂട്ടത്തിലുള്ളയാള്‍ തന്നെ.

സിനിമയില്‍ ജദഗീഷിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളും ആത്മസുഹൃത്തുമാണ് നടന്‍ സിദ്ദിഖ്. അഭിനയത്തിന്റെ കാര്യത്തില്‍ പത്തനാപുരവും അരൂരും തമ്മിലുള്ള അകലം ഇവര്‍ക്കിടയില്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് അനുഭാവത്തിന്റെ കാര്യത്തില്‍ രണ്ടുപേരും ഒരേകൈയാണ്. പക്ഷേ ജഗദീഷിനോളം പ്രകടമായിരുന്നില്ല സിദ്ദിഖിന്റെ രാഷ്ട്രീതാത്പര്യം. ഒരു കോണ്‍ഗ്രസ് അനുകൂല കുടുംബത്തിലെ അംഗമായിരുന്നെങ്കിലും പരസ്യമായി തന്റെ രാഷ്ട്രീയം പറയാതെ നടന്നിരുന്ന ആളാണ് സിദ്ദിഖ്. എന്നാല്‍ അതേസമയം തനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിയോജിപ്പുകള്‍ അദ്ദേഹം പലയിടത്തും വെളിവാക്കിയിട്ടുമുണ്ട്. ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നൊരു ടെലിവിഷന്‍ ചര്‍ച്ചയിലൊക്കെ ഈ വിയോജിപ്പ് പ്രകടിപ്പിക്കുകയുമുണ്ടായി. അപ്പോഴും താനൊരു കോണ്‍ഗ്രസുകാരനാണെന്നു വെളിപ്പെടുത്താതിരിക്കാന്‍ മനപൂര്‍വം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ സജീവമാവുകയും ഇന്നസെന്റിനെപോലുള്ളവര്‍ പാര്‍ലമെന്റ് അംഗമാവുന്നതും കാണുകയും ചെയ്ത സിദ്ദിഖ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഫ്രെയിമിലേക്ക് വരാനുള്ള ആഗ്രഹം അടുത്തകാലത്തായി പ്രകടിപ്പിച്ചു തുടങ്ങി. എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുപ്പവും അതിനു കാരണമായി.

എന്നാല്‍ എന്തുകൊണ്ട് ജന്മനാടായ വരാപ്പുഴ ഉള്‍പ്പെടുന്ന പറവൂരോ ഇപ്പോള്‍ താമസിക്കുന്ന വെണ്ണല ഉള്‍പ്പെടുന്ന തൃക്കാക്കരയിലോ മത്സരിക്കാതെ പറയത്തക്ക യാതൊരു ബന്ധവുമില്ലാത്ത ആരൂരിലേക്ക് എത്തുന്നു എന്നൊരു ചോദ്യമുണ്ട്. പറവൂര്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ സിറ്റിംഗ് മണ്ഡലമാണ്. തൃക്കാക്കരയിലേക്ക് മറ്റൊരാള്‍ വരുന്നത് ബെന്നി ബഹനാന്‍ ഇഷ്ടപ്പെടുന്നില്ല. സിദ്ദിഖിന് വ്യക്തിപരമായി ബന്ധമുണ്ടെന്നു പറയാവുന്ന എറണാകുളത്ത് മറ്റൊരിടത്തും തന്നെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന മണ്ഡലങ്ങളുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലയോട് തൊട്ടുകിടക്കുന്ന അരൂരിലേക്ക് കണ്ണോടിക്കുന്നത്. 

അതുപക്ഷേ വിചാരിക്കുന്നയത്ര എളുപ്പമല്ല. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സിപിഐഎമ്മിലെ എ എം ആരിഫിനെയാകും സിദ്ദിഖിന് നേരിടേണ്ടി വരിക. 2006 ല്‍ സാക്ഷാല്‍ കെ ആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ച് ചരിത്രം കുറിച്ചാണ് ആരിഫ് നിയമസഭാസാമാജികനാകുന്നത്. കഴിഞ്ഞ തവണ ആലപ്പുഴ ഡിസിസി പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂറിനെ തറപറ്റിച്ചു. പക്ഷെ ഇടയ്ക്കുവച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നൂവെന്ന തരത്തില്‍ ചില കിംവദിന്തകള്‍ പരന്നത് ആരിഫിന് കുറച്ച് തരിച്ചടിയായി. എന്നാല്‍ പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വിജയിച്ചതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ പരിഗണിക്കുമ്പോഴും ആരിഫിനെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാവണമെന്നില്ല. അതേസമയം ആലപ്പുഴയിലെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എംഎല്‍എയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. കേരളത്തിലെ സിപിഎമ്മില്‍ ഇപ്പോള്‍ ഏറ്റവും അധികം വിഭാഗീയത നിലനില്‍ക്കുന്ന ജില്ലയും ആലപ്പുഴയാണ്. എങ്കിലും ഭരണം പിടിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്ന നിര്‍ദേശം മുകള്‍തട്ടില്‍ നിന്നുള്ളതുകൊണ്ട് ആരിഫ് നിന്നാലും കാലുവാരല്‍ ഉണ്ടാകില്ലെന്നു വിശ്വസിക്കാം.

അരൂര്‍ മണ്ഡലം ആദ്യരണ്ടു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതൊഴിച്ചാല്‍ പിന്നീട് ഇടതുപക്ഷത്തിന്റെ പ്രതിക്ഷാമണ്ഡലമായി. അതിനു മാറ്റം വന്നത് ഗൗരിയമ്മ പാര്‍ട്ടി വിട്ടതോടെയാണ്. ജെഎസ്എസ് രൂപീകരിച്ച് രണ്ടുതവണയും ഇവിടെ മത്സരിച്ച് ആരൂര്‍ യുഡിഎഫിന്റെതാക്കി ഗൗരിയമ്മ. ഇപ്പോള്‍ കഥ മാറി. ഗൗരിയമ്മയും ഇടതിനൊപ്പമാണ്. തനിക്കു വൈകാരികമായി അടുപ്പമുള്ള മണ്ഡലമാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കിയെന്നു പ്രഖ്യാപിച്ച ഗൌരിയമ്മ ഇത്തവണ അരൂരിനുവേണ്ടി വാശിപിടിക്കില്ല. അവരുടെ നോട്ടം ചേര്‍ത്തലയാണ്. ചില പ്രതിസന്ധികളുണ്ടെങ്കിലും പൊതുവെ ആരിഫിന് അല്ലെങ്കില്‍ മറ്റേത് ഇടതു സ്ഥാനാര്‍ത്ഥിയാണെങ്കിലും കാര്യങ്ങള്‍ അരൂരില്‍ എളുപ്പമാകുമെന്ന് തന്നെ സാരം. അതിന്റെ വെളിപ്പെടുത്തലുകളാണ് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ടതും.

ഇടതിനുള്ള ഈ അനുകൂലഘടകങ്ങളെയെല്ലാം വെല്ലുവിളിക്കാന്‍ തക്ക ശക്തി ഒരു സിനിമാക്കാരനായ സിദ്ദിഖിനുണ്ടോയെന്നതാണ് ചോദ്യം. അതുമാത്രമല്ല, സിദ്ദിഖിന്റെ പേര് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴെ ഒച്ചയും ബഹളവുമായി എ എ ഷുക്കൂര്‍ വഴിയിലിറങ്ങിക്കഴിഞ്ഞു. ഡിസിസിയുടെ ലിസ്റ്റില്‍ സിദ്ദിഖിന്റെ പേരില്ലെന്നു പറഞ്ഞുകൊണ്ടു തന്നെ ഷുക്കൂര്‍ വ്യക്തമാക്കിയത് സിദ്ദിഖിന്റെ വണ്ടി ആരൂര്‍ പാലം കയറിയിറങ്ങേണ്ടന്നു തന്നെയാണ്. കോണ്‍ഗ്രസുകാരുടെ പൊതുവികാരമാണെന്നൊക്കെ ഷുക്കൂര്‍ പറയുന്നുണ്ടെങ്കിലും പറയുന്നതെല്ലാം സ്വന്തം വികാരത്തിന്റെ പുറത്താണെന്ന് എല്ലാവര്‍ക്കുമറിയാം. കാലം കുറെയായി രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയിട്ടെങ്കിലും അതിന്റെ നേട്ടമൊന്നും ഉണ്ടായിട്ടില്ല. കെ സി വേണുഗോപാല്‍ പാര്‍ലമെന്റിലേക്ക് പോയതുകൊണ്ട് ഉണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും ഏതാണ്ട് ആറുമാസത്തേക്ക് നിയമസഭയില്‍ പോകാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുണ്ടായ ഒരു ഗുണം പോസ്റ്ററില്‍ മുന്‍ എംഎല്‍എ എന്ന പേര് വയ്ക്കാന്‍ പറ്റുന്നുണ്ട് എന്നതുമാത്രമാണ്. അന്നു ജയിച്ചത് ഷുക്കൂര്‍ അല്ലെന്നും കെ സി തന്നെയാണെന്നും കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നതുകേട്ട് വാശികേറിയാണ് കഴിഞ്ഞ തവണ അരൂരില്‍ മത്സരിക്കാന്‍ പോയത്. ആലപ്പുഴയില്‍ തോമസ് ഐസക്കിനെ നേരിടുന്നതിനെക്കാള്‍ ബുദ്ധി അരൂരില്‍ ആരിഫിനെതിരെ പോരാടുന്നതാണെന്നു തോന്നി. കിംഫലം! എന്നാലും ഫുള്‍ടേം എംഎല്‍എ ആയി ഒരു തവണയെങ്കിലും നാട്ടില്‍ നടക്കണമെന്ന് ഷുക്കൂറിനുണ്ട്.

ആലപ്പുഴയിലാണെങ്കില്‍ യുവ കോണ്‍ഗ്രസുകാര്‍ വള്ളം കണക്കിനുണ്ട്. കഴിവുള്ളവരെന്നു നാട്ടുകാര്‍ പറയുന്നവരും കൂട്ടത്തിലുണ്ട്. ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നെയൊരിക്കലുമില്ലെന്നു ഷുക്കൂറിന് നന്നായി അറിയാം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ പറ്റൂ. ആലപ്പുഴയിലേക്ക് കണ്ണോടിച്ചിട്ടു കാര്യമില്ല, അവിടെ ഐസക് ഉണ്ട്. അവിടുന്നു തെക്കോട്ടുപോയിട്ടും കാര്യമില്ല. പിന്നെ ചേര്‍ത്തലയാണ്. സാക്ഷാന്‍ എ കെ ആന്റണിയൊക്കെ മത്സരിച്ച മണ്ഡലമാണ്. ഇടതിനും വലതിനും ഒത്തനടുക്ക് നില്‍ക്കുന്ന മണ്ണ്. പക്ഷേ കഴിഞ്ഞ രണ്ടു തവണയും സിപിഐ യുടെ പി തിലോത്തമനാണ് എം എല്‍ എ. ഇത്തവണ വേണമെങ്കില്‍ അവിടെ മത്സരിക്കാവുന്നതാണ്. ആരു മത്സരിക്കണമെന്ന് സി പി ഐ യില്‍ തര്‍ക്കമാണ്. രണ്ടു ടേമില്‍ കൂടുതല്‍ ഒരാളെ മത്സരിപ്പിക്കേണ്ടന്നതാണ് പാര്‍ട്ടി തീരുമാനം. പക്ഷേ തിലോത്തമന് ഒരിക്കല്‍ കൂടി വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തണമെന്നുണ്ട്. പക്ഷേ ആ വെള്ളം വാങ്ങിവച്ചേക്കൂ എന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നത്. തിലോത്തമന്‍ അല്ലെങ്കില്‍ പിന്നെയാരെന്നു ചോദിച്ചാല്‍ ആര്‍ക്കും മിണ്ടാട്ടവുമില്ല. പക്ഷേ രണ്ടിലൊന്നു തീരുമാനിച്ചില്ലെങ്കില്‍ സിറ്റു കൈക്കലാക്കാന്‍ സിപിഎമ്മുകാര്‍ റാകി നടക്കുന്നുണ്ട്. പോരാത്തതിനു ഗൗരിക്കുഞ്ഞമ്മയും ചേര്‍ത്തല വേണമെന്നു പറയുന്നുണ്ട്. സിപിഎമ്മുകാര്‍ കാഞ്ഞവിത്തുകളാണ് കുഞ്ഞമ്മയെ സന്തോഷിപ്പാക്കാനെന്നു പറഞ്ഞു ചേര്‍ത്തലയെടുത്ത് ജെഎസ്എസിനു കൊടുത്തേക്കാം. ഒടുവില്‍ വെടക്കാക്കി തനിക്കാക്കുന്നപോലെ കാലാന്തരേ ചേര്‍ത്തല സിപിഎം സ്വന്തക്കുകയും ചെയ്യും. ഈ പ്രശ്‌നങ്ങളൊക്കെ നിലനില്‍ക്കുന്നതുകൊണ്ട് കേണ്‍ഗ്രസിന് ഇത്തവണ മണ്ഡലത്തില്‍ കുറച്ചൊക്കെ പ്രതീക്ഷിക്കാം. പക്ഷേ ആ മുതലെടുപ്പിന് ഷുക്കൂറിനെ പാടത്തിറക്കുമെന്ന് കരുതാന്‍ വയ്യ. എന്‍എസ്‌യു നേതാവ് ശരത്തിനുവേണ്ടി വാളെഴുത്തുകളൊക്കെ ഡൈ പുരട്ടാത്ത കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ചെറുക്കന്മാരെ വെറുപ്പിച്ച് മത്സരിക്കാനിറങ്ങിയാല്‍ അവര് പണിയുമെന്ന് ഷുക്കൂറിനും അറിയാം. അതെല്ലാംകൊണ്ട് ഇത്തവണയും സേഫ് അരൂര്‍ തന്നെയാണ്. ആ പ്രതീക്ഷയിലിരിക്കുമ്പോഴാണ് ഒരു സിനിമനടന്‍ വരുന്നത്.

ഇതെല്ലാം കൊണ്ട് സിദ്ദിഖ് ആരൂരില്‍ മത്സരിക്കുന്നത് എത്രകണ്ട് അദ്ദേഹത്തിന് പ്രയോജനപ്പെടുമെന്ന് കണ്ടറിയണം. സിനിമാക്കാര്‍ക്കിടയിലെ ബുദ്ധിയുള്ള നടനായാണ് സിദ്ദിഖ് അറിയപ്പെടുന്നത്. ആ ബുദ്ധി സിനിമയിലും ബിസിനസിലും അദ്ദേഹത്തിനു ഗുണം ചെയ്യുന്നുണ്ട്. രാഷ്ട്രീയത്തില്‍ എത്രകണ്ട് സഹായകമാകുമെന്ന് അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കാം.

കലാശക്കൊട്ട്; നേരത്തെ പറഞ്ഞുകേട്ടിരുന്നത് കേരളത്തില്‍ സിനിമ വേറെ രാഷ്ട്രീയം വേറെയെന്നാണ്. എത്രവലിയ സിനിമാക്കാരനായാലും രാഷ്ട്രീയത്തില്‍ ക്ലച്ച് പിടിക്കണമെന്നില്ലെന്ന്. പക്ഷേ ഇപ്പോള്‍ ട്രെന്‍ഡ് മാറിവരികയാണ്. സിനിമാക്കാര്‍ മന്ത്രിയും എംപിയുമൊക്കെയാകുന്നു. അതുകൊണ്ട് സിദ്ദിഖിനും ജഗദീഷിനുമൊക്കെ സ്വപ്‌നം കാണുന്നത് വിഡ്ഡിത്തമാകില്ല… സുരേഷ് ഗോപിയുടെ വാശിപിടുത്തം കൂടി ഇല്ലാതായാല്‍   ഇത്രയധികം  സിനിമാതാരങ്ങള്‍ മത്സരിക്കാനിറങ്ങുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാകുമിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍