UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി-ബിഡിജെഎസ് സഖ്യം ക്ലിക്ക്ഡ്; മോദിയും അമിത് ഷായും ഹാപ്പിയാണ്

Avatar

എസ്. രാമനാഥന്‍

കേരളത്തിലെ ഒരു ചാനല്‍ മേധാവിക്ക് പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ നിന്നും പോയ നിര്‍ദ്ദേശം ഇതായിരുന്നു. പരമാവധി കോണ്‍ഗ്രസ് വിരുദ്ധ – ഇടത് അനുകൂല വാര്‍ത്തകള്‍ നല്‍കുക. അതോടൊപ്പം ബിജെപിയെ ഉപദ്രവിക്കാത്ത ലൈന്‍ സ്വീകരിക്കുക. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ഒരു ചുവട് കേരളത്തില്‍ നിന്നും ഉണ്ടാകണമെന്ന് ബിജെപി ലക്ഷ്യമിട്ടെന്ന് വ്യക്തം. കേരളത്തിന് പുറമേ അസമിലും കോണ്‍ഗ്രസ് ഭരണം നഷ്ടമാകുമ്പോള്‍ തങ്ങള്‍ അതിവേഗം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറയുന്നു.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണ്ണാടക, മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളിലാണ് ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവിലുള്ളത്. ഇതില്‍ ഉത്തരാഖണ്ഡില്‍ കഷ്ടിച്ചാണ് അവിശ്വാസത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഹിമാചലും കര്‍ണ്ണാടകവും ഉത്തരാഖണ്ഡും 2019ലെ പൊതുതെരഞ്ഞടുപ്പിന് മുമ്പ് പിടിച്ചെടുക്കാമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.

അസമിലേക്കാള്‍ കേരളത്തിലെ വിജയമാണ് ബിജെപി കേന്ദ്രനേതൃത്വത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആവേശഭരിതരാക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ തൊട്ടുകൂടായ്മ കേരളത്തില്‍ ഒഴിവായി. വര്‍ഷങ്ങള്‍ കൊണ്ട് പ്രവര്‍ത്തകര്‍ നേടിയെടുത്ത വിജയമാണിതെന്ന് ഫലം വന്നയുടന്‍ തന്നെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തിലെ ബലിദാനികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിഅനുസ്മരിച്ചതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട കേരളത്തിലെ രാഷ്ട്രീയ മണ്ണില്‍ ബിജെപിയും സംഘപരിവാറും കഷ്ടതകള്‍ നിറഞ്ഞ പ്രവര്‍ത്തനമാണ് നടത്തിവന്നതെന്ന് ആര്‍എസ്എസ് പ്രചാരകന്‍ കൂടിയായിരുന്ന മോദിക്ക് നന്നായറിയാം.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി പ്രൊഫ. റിച്ചാര്‍ഡ് ഹേയും രാജ്യസഭയിലേക്കുള്ള നോമിനേറ്റഡ് അംഗമായി സുരേഷ് ഗോപിയും തെരഞ്ഞെടുക്കപ്പെട്ടതും കേരളത്തിലെ പ്രവര്‍ത്തകരോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണ്. കേന്ദ്രമന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഇതിനകം മോദി നല്‍കിയിട്ടുമുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവര്‍ക്ക് പുറമേ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

കേരളത്തിലെ ബിജെപി-ബിഡിജെഎസ് സഖ്യം വലിയ വിജയമാണെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുള്ളത്. വോട്ടിംഗ് ശതമാനം 16 ശതമാനത്തിനടുത്തേക്കുയര്‍ന്നതും 7 നിയോജകമണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചതും സഖ്യത്തിന്റെ വിജയമായി കരുതുന്നു. നേമത്ത് 67,000 വോട്ടുകളും മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ 56,000 വോട്ടുകളും മൂന്നു മണ്ഡലങ്ങളില്‍ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളും ബിജെപി കരസ്ഥമാക്കി. 30,000ത്തിന് മുകളില്‍ 19 മണ്ഡലങ്ങളില്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 15 ഇടങ്ങളില്‍ 25,000ത്തിലധികം വോട്ടുകളും തേടി. പതിനായിരത്തില്‍ താഴെ വോട്ടുനേടിയ ചുരുക്കം മണ്ഡലങ്ങള്‍ മാത്രമാണുള്ളത്. വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമായി വളരാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചെന്നും ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.

അസമില്‍ അധികാരം നേടുകയും ബംഗാളിലും കേരളത്തിലും മുന്നേറാന്‍ സാധിച്ചതും ബിജെപിക്ക് വലിയ ശ്വാസം നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ബീഹാറിലെയും ഡല്‍ഹിയിലെയും തിരിച്ചടികള്‍ക്ക് ശേഷം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടി അതിന്റെ സംഘടനാ വര്‍ത്തനം ആരംഭിച്ചെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഉണ്ടായി. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം താരതമ്യേന ദുര്‍ബലമായ ബംഗാള്‍, ഒറീസ, ആന്ധ്രാ, തെലങ്കാന, തമിഴ്‌നാട് മേഖലകളില്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുകയാണെന്നും അമിത് ഷാ പറയുന്നു. 2019ലെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ബിജെപിയുടെ മുന്നിലുള്ള ലക്ഷ്യം. മൂന്നുവര്‍ഷം മുമ്പേ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവര്‍ ആരംഭിക്കുമ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നില പരിതാപകരമായ അവസ്ഥയിലാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍