UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി വളര്‍ന്നു, ഇടതുപക്ഷം വളര്‍ന്നില്ല, കോണ്‍ഗ്രസ്സ് തളര്‍ന്നു

പതിനാലാം നിയമസഭയിലേക്ക് 91 സീറ്റുകള്‍ അതായത് 65 ശതമാനം സീറ്റുകള്‍ നേടിയാണ് 2016 ല്‍ ഇടതു ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തിലെത്തുന്നത്. അധികാരം നഷ്ടപ്പെട്ട ഐക്യ ജനാധിപത്യ മുന്നണിക്ക് 34 ശതമാനം സീറ്റും (47 എണ്ണം). ബി.ജെ.പി.ക്ക് ഒരു സീറ്റുമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണവും ശതമാനവും നല്‍കുന്ന ചിത്രവും വോട്ടര്‍മാര്‍ ഓരോ മുന്നണിക്കും നല്‍കിയ വോട്ടിന്റെ വിഹിതം നല്‍കുന്ന ചിത്രവും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.

65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മുന്നണിക്ക് 38 ശതമാനവും ഒരു ശതമാനം സീറ്റു നേടിയ ബി.ജെ.പിക്ക് 15 ശതമാനവും വോട്ടു നേടി. സീറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്ന അന്തരം വോട്ടിന്റെ വിഹിതത്തില്‍ ഇല്ല എന്നര്‍ത്ഥം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ അമ്പതു ശതമാനം വോട്ട് നേടിയിരിക്കണമെന്ന വ്യവസ്ഥ ഇല്ലാത്ത തെരഞ്ഞെടുപ്പ് സമ്പ്രദായമായതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്ന രീതിയാണിവിടെയുള്ളത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തില്‍ താഴെയാണ് വോട്ടെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമായി ‘ഫൈനല്‍ റൗണ്ട്’ വോട്ടിംഗ് നടത്തി വിജയിയെ പ്രഖ്യാപിക്കുന്ന രീതി ഇന്ത്യയിലില്ലാത്തതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

ഇടതുമുന്നണിയും കോണ്‍ഗ്രസ് മുന്നണിയും മാത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ദ്വികക്ഷി സമ്പ്രദായത്തിലേക്ക് ബി.ജെ.പി. നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കടന്നുവന്നു എന്നതാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. 1965 ലെ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നതും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ്.

മിക്കവാറും തുല്യശക്തികളെന്ന നിലയില്‍ കഴിഞ്ഞിരുന്ന ഇടതു വലതു മുന്നണികളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതു മുന്നണി ദുര്‍ബലമാകുന്നതും ബി.ജെ.പി. മുന്നണി മുമ്പൊരിക്കലുമില്ലാത്തവിധം വളര്‍ച്ച പ്രാപിക്കുന്നതുമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2006 ലെ തെരഞ്ഞെടുപ്പില്‍ 4.67 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പി. സഖ്യം 2011 ല്‍ 6.07 ശതമാനവും 2016 ല്‍ 14.65 ശതമാനവും വോട്ടു നേടി. ഇരുപതുവര്‍ഷം കൊണ്ട് ബി.ജെ.പി. സഖ്യം അതിന്റെ ശക്തി മൂന്നുമടങ്ങിലധികം വര്‍ദ്ധിപ്പിച്ചുവെന്നര്‍ത്ഥം. ആനുപാതികമായ വോട്ട് നഷ്ടം കോണ്‍ഗ്രസ്, ഇടതു മുന്നണികള്‍ക്കുണ്ടാവുകയും ചെയ്തു. 2006 നു ശേഷം  നടന്ന നിയമസഭ – ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നണിയുടേയും ഇടതുമുന്നണിയുടേയും വോട്ടുവിഹിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ബി.ജെ.പി. മുന്നണി ഓരോ തവണയും തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കുകയായിരുന്നു. (പട്ടിക ഒന്ന്)

പട്ടിക – 1 ബി.ജെ.പി. നേടിയ വോട്ട് ശതമാനം

2006 (നിയമസഭ) – 4.67

2009 (ലോകസഭ) – 6.40

2011 (നിയമസഭ) – 6.7

2014 (ലോകസഭ) – 10.8

2016 (നിയമസഭ) – 15.02

ഇതേ കാലയളവില്‍ കോണ്‍ഗ്രസ് വോട്ട് വിഹിതം വര്‍ദ്ധിച്ചുവെങ്കിലും അതിനു ശേഷം വീണ്ടും കുത്തനെ കുറഞ്ഞു.

പട്ടിക 2 – കോണ്‍ഗ്രസ് മുന്നണി – വോട്ടു ശതമാനം

2006 – 42.93

2009 – 47.73

2011 – 45.89

2014 – 41.98

2016 – 38.08

ഇടതു മുന്നണിയുടെ വോട്ടുവിഹിതം 2006 മുതല്‍ 2016 വരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞുവരുന്നതായാണ് കാണുന്നത് (പട്ടിക 3).

പട്ടിക 3 – ഇടതുമുന്നണി നിയമസഭ

2006 – 48.63

2011 – 44.99

2016 – 43.42

മാത്രമല്ല 2011 ല്‍ തോറ്റു പ്രതിപക്ഷത്തിരുന്നപ്പോള്‍ നേടിയ വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ട് വിഹിതമാണ് ജയിച്ച 2016 ല്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവുവന്നതുകൊണ്ടാണ് 2011 നേക്കാള്‍ വോട്ട് വിഹിതം കുറഞ്ഞിട്ടും 2016 ല്‍ അധികാരത്തില്‍ വരാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞത്.

ബി.ജെ.പി.യുടെ വളര്‍ച്ച കേരളത്തിലെ രണ്ടു പ്രധാന മുന്നണികളെയും ബാധിച്ചെങ്കിലും കോണ്‍ഗ്രസ് മുന്നണിക്കാണ് വലിയ നഷ്ടമുണ്ടായതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഈഴ വസമുദായത്തിനു മുന്‍തൂക്കമുള്ള ബി.ഡി.ജെ.എസിന്റെ പിന്തുണയോടുകൂടി ബി.ജെ.പി.ക്ക് ഇടതു മുന്നണി വോട്ടുകള്‍ അടര്‍ത്തിയെടുക്കാനാവുമെന്നാണ് ഈ രണ്ടു കക്ഷികളുടേയും നേതാക്കള്‍ പ്രതീക്ഷിച്ചത്. ഇടതുമുന്നണിയുടെ അണികളില്‍ ഭൂരിപക്ഷവും ഹിന്ദു സമുദായത്തില്‍പ്പെട്ടവരും അതില്‍ തന്നെ ഏറ്റവും വലിയ വിഭാഗമായ (20 ശതമാനം) ഈഴവ സമുദായമാണെന്നതുമായിരുന്നു ഈ കണക്കുകുട്ടലിനു പിന്നില്‍. മറിച്ച് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെ കോണ്‍ഗ്രസ് മുന്നണിയില്‍ ഭൂരിപക്ഷസമുദായത്തിന്റെ പങ്കാളിത്തം താരതമ്യേന കുറവുമാണല്ലോ. എന്നാല്‍ സംഭവിച്ചത് പ്രതീക്ഷയ്ക്ക് വിരുദ്ധമായതാണ്.

ഇടതുപക്ഷത്തിനുണ്ടായ നഷ്ടം നികത്തുന്നതിന് ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ നേടുന്നതിലൂടെ വലിയൊരളവില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ബി.ജെ.പി. മുന്നണിയുടെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ശക്തമായ പ്രചരണ നടപടികള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായി. മുസ്ലീം ലീഗിന് സ്വാധീനമുള്ള  കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട ജനപ്രീതിയുള്ള പൊതുപ്രവര്‍ത്തകരെ സ്വതന്ത്രരായി മത്സരിപ്പിക്കുന്നതിനും ഇടതുപക്ഷം തയ്യാറായി. മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കിക്കൊണ്ട് കൊടുവള്ളി (കാരാട് റസാഖ്), കുന്ദമംഗലം (പി.ടി.എ. റഹീം), തവന്നൂര്‍ (കെ.ടി.ജലീല്‍), താനൂര്‍ (വി. അബ്ദുറഹിമാന്‍), നിലമ്പൂര്‍  (പി.വി.അന്‍വര്‍) എന്നിവര്‍ നേടിയ വിജയം തെളിയിക്കുന്നത് മുസ്ലിം സമുദായത്തില്‍ വലിയൊരു വിഭാഗത്തിന്റെ വിശ്വാസ്യത നേടുന്നതിന് ഇടതുപക്ഷത്തിനു കഴിഞ്ഞുവെന്നാണ്. മറിച്ച് കോണ്‍ഗ്രസ് മുന്നണിയിലെ ഭൂരിപക്ഷ സമുദായത്തിന്റെ ബി.ജെ.പി. മുന്നണിയിലേക്കുള്ള കൂറുമാറ്റം തടയുന്നതിന് ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ നിന്നാണ് കോണ്‍ഗ്രസ് മുന്നണിയുടെ ഭൂരിപക്ഷം അംഗങ്ങളും വന്നിരിക്കുന്നതെന്നു കാണാന്‍ പ്രയാസമില്ല.

സ്വന്തം മന്ത്രിസഭയിലെ പ്രമുഖരെക്കുറിച്ചുള്ള അഴിമതിയാരോപണങ്ങളും ഭൂമിദാന വാര്‍ത്തകളും ഇവയെക്കുറിച്ചുള്ള കോടതി പരാമര്‍ശങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായയും ജനപ്രീതിയും താഴെയറ്റത്തെത്തിയതിനു പുറമെ സ്വന്തം അണികളില്‍ നിന്നും ന്യൂനപക്ഷത്തിലെ വിഭാഗം ഇടതുപക്ഷത്തേക്കു നീങ്ങുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയുടെ പരാജയം ഉറപ്പാകുകയായിരുന്നു.

കേന്ദ്രഭരണം ബി.ജെ.പി. നിലനിര്‍ത്തുന്ന കാലം മുഴുവന്‍ ബി.ജെ.പി. സഖ്യത്തിന്റെ സ്വാധീനം കുറയാനിടയില്ല. മാത്രമല്ല വര്‍ഗ്ഗീയത  ഒരിക്കല്‍  ബാധിച്ചാല്‍ അത്രഎളുപ്പം ചികിത്സിച്ചു മാറ്റാവുന്ന ഭരണമല്ലെന്നാണ് രാഷ്ട്രീയാനുഭവങ്ങള്‍ തെളിയിക്കുന്നത്. വര്‍ഗ്ഗീയ കക്ഷികളുടെ വളര്‍ച്ച മതനിരപേക്ഷ കക്ഷികളുടെ ചെലവിലാണെന്ന യാഥാര്‍ത്ഥ്യം കാണാതെ പോവരുത്. മതനിരപേക്ഷതയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ നാളുകളാണ് വരാനിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ബി.ജെ.പി.യിലേക്ക് പോയത് കോണ്‍ഗ്രസിന്റെ അണികള്‍ മാത്രമാണ്. മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും അണികള്‍ അവിടേക്ക് പോയിട്ടില്ല. കോണ്‍ഗ്രസ് മുന്നണിയിലെ  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മതമേധാവികള്‍ പരസ്യമായി ഇടപെടുന്നതിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതും മറക്കാനായിട്ടില്ല.

ബി.ജെ.പി. സഖ്യം അനുക്രമമായും ശക്തിയായും വളരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തകര്‍ച്ചയെ നേരിടുന്നുവെന്നുമാണ് ഈ തെരഞ്ഞെടുപ്പിന്റെ വിശകലനം നമ്മെ പഠിപ്പിക്കുന്നത്. മാത്രമല്ല കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ വളരുന്നില്ലെന്ന യാഥാര്‍ത്ഥ്യവും ഈ വിശകലനം  പുറത്തുകൊണ്ടുവരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

പ്രൊഫ. സി കര്‍മചന്ദ്രന്‍

പ്രൊഫ. സി കര്‍മചന്ദ്രന്‍

കൊല്ലം കുണ്ടറ സ്വദേശിയായ പ്രൊഫ. സി.കര്‍മചന്ദ്രന്‍ 30 വര്‍ഷത്തെ ചരിത്ര അധ്യാപന സേവനത്തിന് ശേഷം തൃശൂര്‍ കുട്ടനെല്ലുര്‍ സി.അച്യുതമേനോന്‍ ഗവ.കോളജില്‍ നിന്ന് വിരമിച്ചു. നിലവില്‍ മാള പൈതൃക സംരക്ഷണ സമിതി അധ്യക്ഷനാണ്. സമകാലിക സംഭവവികാസങ്ങളെ അവലോകനം ചെയ്യുന്ന കോളമാണ് മറുപുറം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍