UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യം മുതല്‍ സോമാലിയ വരെ; വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി

Avatar

കെ എ ആന്റണി

കനത്ത ചൂടിനെ വെല്ലുന്ന ആവേശത്തിരമാല ഉയര്‍ത്തിയ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ വൈകിട്ട് തിരശീല വീണു. ഇന്ന് പകല്‍ മുഴുവനും രാത്രിയിലും നടക്കുന്ന നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ കേരളം പോളിങ് ബൂത്തിലേക്ക്.

പതിവിന് വിപരീതമായി ഇക്കുറി ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യവും കാടിളക്കിയുള്ള പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ചു. പ്രചാരണത്തിന് കൊഴുപ്പേകാന്‍ നടന്‍ സുരേഷ് ഗോപിയെ കൂടി അവര്‍ രംഗത്ത് ഇറക്കി.

സോണിയ ഗാന്ധിയും എകെ ആന്റണിയുമാണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പ്രചാരണത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത്. ജെഡിയു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തിറങ്ങി.

എല്‍ഡിഎഫ് ആകട്ടെ സിപിഐഎമ്മിന്റേയും സിപിഐയുടേയും ജനറല്‍ സെക്രട്ടറിമാരെ കൂടാതെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, സുഭാഷിണി അലി തുടങ്ങി വന്‍ നേതൃനിരയെ തന്നെ രംഗത്തിറക്കി. സിനിമാ, സീരിയല്‍ താരങ്ങളും നാടക പ്രവര്‍ത്തകരും പല മണ്ഡലങ്ങളിലും എല്‍ഡിഎഫിനുവേണ്ടി വോട്ടു തേടി. സിനിമാ താരങ്ങളായ ഗണേശ് കുമാര്‍, ജഗദീഷ്, ഭീമന്‍ രഘു എന്നിവര്‍ മത്സരിക്കുന്ന പത്തനാപുരത്ത് നടന്‍ മോഹന്‍ലാല്‍, ഗണേശ് കുമാറിനുവേണ്ടി വോട്ടു തേടിയത് വന്‍വിവാദമായി. ഇത് താരസംഘടനയായ അമ്മയെ പിളര്‍പ്പിലേക്ക് നയിക്കുംവരെയെത്തി കാര്യങ്ങള്‍.

പ്രചാരണ രംഗത്ത് വിഷയങ്ങള്‍ മാറി മറിയുന്നതിനും കേരളം സാക്ഷിയായി. തുടക്കത്തില്‍ സോളാറും ബാര്‍ കോഴയും അഴിമതിയും ഭൂമി വില്‍പനയുമൊക്കെ എല്‍ഡിഎഫ് ആയുധമാക്കിയപ്പോള്‍ യുഡിഎഫിന്റെ പ്രതിരോധം കൊലപാതക രാഷ്ട്രീയത്തിലേക്കും വികസനത്തിലേക്കും ചുരുങ്ങി. എല്‍ഡിഎഫ് ജയിച്ചാല്‍ പിണറായിയോ വിഎസോ മുഖ്യമന്ത്രിയെന്ന ചോദ്യവും യുഡിഎഫ് പ്രചാരണ വിഷയമാക്കി. ഈ ചോദ്യം സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും തുടക്കത്തില്‍ പ്രതിരോധത്തിലാക്കി. എല്‍ഡിഎഫിന്റെ മദ്യ നയം എന്തെന്നതായിരുന്നു യുഡിഎഫ് ഉയര്‍ത്തിയ അടുത്ത ചോദ്യം. കെസിബിസിയുടെ പിന്തുണയും ഇക്കാര്യത്തില്‍ യുഡിഎഫിന് ലഭിച്ചു.

ഇതിനിടയിലാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവും ജിഷയുടെ ദാരുണ കൊലപാതകവും തെരഞ്ഞെടുപ്പ് വിഷയമായത്. വിഷയങ്ങള്‍ ഇത്തരത്തില്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ബിജെപി അക്കൗണ്ട് തുറന്നാല്‍ കേരളം ഭ്രാന്താലയമാകുമെന്ന് എകെ ആന്റണി തുറന്നടിച്ചത്. കേരളത്തിലെ ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതൃത്വത്തിന് മൃദു ഹിന്ദുത്വ സമീപനമാണുള്ളതെന്ന ആരോപണത്തിന് തടയിടുകയായിരുന്നു ആന്റണിയുടെ ലക്ഷ്യം. ഈ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച ബിജെപി നേതൃത്വം ആന്റണിക്ക് എതിരെ പരാതിയും നല്‍കി.

ഈ കോലാഹലങ്ങള്‍ക്ക് ഇടയിലാണ് വെള്ളാപ്പള്ളി നടേശന്‍ രണ്ട് വിവാദ പ്രസംഗങ്ങള്‍ നടത്തിയത്. ഉടുമ്പന്‍ ചോലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി എംഎം മണിയെ കരിങ്കുരങ്ങെന്നും കരിംപൂതമെന്നും വിശേഷിപ്പിച്ച വെള്ളാപ്പള്ളി പീരുമേട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി ഇഎസ് ബിജി മോളെയും കടന്നാക്രമിച്ചു. സ്ത്രീ പീഡന വിരുദ്ധ നിയമം നിലവിലില്ലായിരുന്നുവെങ്കില്‍ ബിജിമോളെ ആരെങ്കിലും അടിച്ച് കൊട്ടയില്‍ കയറ്റിയേനെ എന്നുവരെ പറഞ്ഞു കളഞ്ഞു വെള്ളാപ്പള്ളി.

ഇതിനിടയിലാണ് കേരളത്തിലെ തന്റെ തേരോട്ടത്തിന് ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്. ഇതോടെ യുഡിഎഫും എല്‍ഡിഎഫും മോദിക്ക് നേരെ തിരിയുന്നതാണ് കണ്ടത്. അഗസ്റ്റ ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന മോദിയുടെ പ്രസ്താവനയും വന്‍കോലാഹലത്തിന് ഇടയാക്കി. ഒടുവില്‍ സോണിയ തന്റെ തിരുവനന്തപുരം പ്രസംഗത്തിന് ഇടയില്‍ വിങ്ങിപ്പൊട്ടുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍.

സൊമാലിയന്‍ പരാമര്‍ശത്തിന്റെ പേരില്‍ എല്‍ഡിഎഫിനെ മാത്രമല്ല ലോക മലയാളികളുടെ തന്നെ വന്‍ പിന്തുണ നേടിയ ഉമ്മന്‍ ചാണ്ടി പിന്നീട് വടി കൊടുത്ത് അടി വാങ്ങുന്നതും കണ്ടു. വിഎസിന്റെ നാവ് അടപ്പിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചത് വന്‍ തിരിച്ചടിയായി. സരിതയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തതും പുലിവാലായി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ കൂടുതല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച് സരിത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങളുടെ വലിയൊരു വേലിയേറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. വിഷയദാരിദ്ര്യം എന്നൊന്നില്ലാതിരുന്ന ഈ തെരഞ്ഞെടുപ്പില്‍ ഈ ആരോപണ പ്രത്യാരോപണങ്ങളെ കുറിച്ച് വിധിയെഴുതേണ്ടത് ഇനി വോട്ടര്‍മാരാണ്. അവരുടെ വിധിയറിയാന്‍ പത്തൊമ്പതാം തിയതി വരെ കാത്തിരുന്നാല്‍ മതി.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍