UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ്സുകാരെ ചിന്തിക്കുക, ഇനിയും ഈ വൃദ്ധ നേതൃത്വം തുടരണോ?

Avatar

സാജു കൊമ്പന്‍

തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ശരിവെക്കുന്ന രീതിയില്‍ കേരളത്തില്‍ ഇടതു കാറ്റ് ആഞ്ഞു വീശിയിരിക്കുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കു അടിതെറ്റുന്ന കാഴ്ചയാണ് എങ്ങും. ഇതൊരു ചുവരെഴുത്താണ്. അത് തിരിച്ചറിയാന്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. 

ആര്‍ ശങ്കറും പനംപിള്ളി ഗോവിന്ദമേനോനും അടങ്ങുന്ന വൃദ്ധ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട്  എ കെ ആന്റണിയും വയലാര്‍ രവിയുമടങ്ങിയ യുവനിരയിലൂടെ ഒരു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ്സ്  രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ  മുന്നേറ്റമാണ് ആ പാര്‍ട്ടിയെ ഇത് വരെ ശക്തമായി നിലനിര്‍ത്തിയത്. കെ കരുണാകരനും എ കെ ആന്റണിയും വയലാര്‍ രവിയും തുടര്‍ന്ന് വന്ന ഉമ്മന്‍ ചാണ്ടിയും മാറി മാറി വന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ നയിച്ചു. എന്നാല്‍ ഒരു യുവനിരയെ സമര്‍ത്ഥമായി നേതൃപദവികളില്‍ നിന്നു അവര്‍ മാറ്റി നിര്‍ത്തുന്നതും കണ്ടു. രമേശ് ചെന്നിത്തലയും ജി കാര്‍ത്തികേയനും എം ഐ ഷാനവാസുമടങ്ങിയ നേതാക്കള്‍ തിരുത്തല്‍ വാദികളായി പ്രത്യക്ഷപ്പെട്ടെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ നേടുന്നതിനപ്പുറം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. 

അധികാരത്തില്‍ നിന്നു പുറത്തു പോകുന്ന ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ അഴിമതിയുടെ കെടുകാര്യസ്ഥതയുടെയും പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട സര്‍ക്കാരാണ്. സോളാറും ബാറും ഭൂമി തട്ടിപ്പുമടക്കം നിരവധി ആരോപണങ്ങളില്‍ ആടിയുലഞ്ഞ സര്‍ക്കാരിനെതിരെ വലിയ എതിര്‍ശബ്ദങ്ങള്‍ ഒന്നും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ല എന്നതാണു യാഥാര്‍ഥ്യം. രമേശ് ചെന്നിത്തല ഹൈക്കമാണ്ടിന് അയച്ച വിവാദ കത്തും വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍ തുടങ്ങിയവരുടെ എതിര്‍ ശബ്ദങ്ങളും മാത്രമാണു അപവാദം. 

എന്തായാലും തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള കണക്കെടുപ്പുകള്‍ വരാനിരിക്കുന്നതേയുള്ളൂ. വൃദ്ധനേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ യുവനിരയുടെ കലാപമുണ്ടാകുമോ അതോ മത്സരിപ്പിച്ച പല സീറ്റുകളിലും യുവാക്കള്‍ തോറ്റു എന്ന കാരണം പറഞ്ഞു യുവനിരയെ പിന്നില്‍ നിര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടത്. പരാജയത്തിലൂടെ തീര്‍ത്തൂം പ്രതിരോധത്തിലായ ഉമ്മന്‍ ചാണ്ടിയുടെ പിടി കോണ്‍ഗ്രസില്‍ അയയുമോ പകരം സുധീരന്‍ നേതൃത്വം നല്‍കുന്ന ഒരു വിഭാഗം ശക്തമാകുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

പുതു ചിന്തകളുമായി യുവനിര കോണ്‍ഗ്രസ്സില്‍ ശക്തിപ്പെടണം എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനെ ഓര്‍മ്മിപ്പിക്കുന്നത്.       

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍