UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നികേഷ് കുമാര്‍, താങ്കള്‍ എന്തുകൊണ്ടാണ് വീണാ ജോര്‍ജ്ജിനെ വിചാരണ ചെയ്യാത്തത്?

Avatar

സാജു കൊമ്പന്‍

ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ അതിഥിയായെത്തിയത് കെ പി എ സി ലളിതയായിരുന്നു. അവതാരകന്‍ നികേഷ് കുമാറും. ചര്‍ച്ചയില്‍ ഒരു ഭാഗത്ത് നടന്‍ ജഗദീഷും സിനിമ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പ്രേം ചന്ദുമാണ്. വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയായ കെ പി എ സി ലളിതയ്ക്കെതിരെ ഉയര്‍ന്ന സി പി എം അണികളുടെ പ്രതിഷേധമാണ് പ്രധാന ചര്‍ച്ചാ വിഷയം. കൂട്ടത്തില്‍ സിനിമാക്കാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതും. അവതാരകന്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് കെ പി എ സി ലളിതയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ്. വടക്കാഞ്ചേരിയിലെ പാര്ട്ടി പ്രവര്‍ത്തകരുടെ ചോദ്യം എന്ന നിലയില്‍ നികേഷ് കുമാര്‍ ചില ചോദ്യങ്ങള്‍ കെ പി എ സി ലളിതയോട് ഉന്നയിക്കുന്നുണ്ട്. അതില്‍ പ്രധാനമായത് നിങ്ങള്‍ എന്താണ് കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്തത് എന്നുള്ളതാണ്; ചലച്ചിത്ര നടി എന്ന നിലയില്‍ ‘ശീതീകരിച്ച മുറി’യില്‍ കഴിയുകയല്ലാതെ. ഒരു തരം ഹിസ്റ്റോറിക് ഓഡിറ്റിംഗ്!

ഈ ചോദ്യത്തോട് വളരെ സത്യസന്ധമായ മറുപടിയാണ് കെപി എ സി ലളിത നല്‍കുന്നത്. താന്‍ എന്ന നിലയ്ക്ക് എന്നതില്‍ ഉപരി കെ പി എ സി എന്ന നാടക സംഘം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ എന്തു സംഭാവനയാണ് നല്കിയത് എന്നു പറയാനാണ് അവര്‍ ശ്രമിച്ചത്. പാര്ട്ടി സമ്മേളങ്ങളില്‍ പാട്ട് പാടിയ കാര്യവും പ്രകടനം നയിച്ച കാര്യവും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സംഭാവന പിരിക്കാന്‍ നടന്ന കാര്യവും ഒക്കെ അവര്‍ പറയുകയുണ്ടായി. അത് മുഴുവനായും സത്യമായിരുന്നു എന്നു കേരളത്തിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമറിയുന്ന എല്ലാവര്ക്കും അറിയാം. പക്ഷേ അവര്‍ സിനിമാ അഭിനയം തുടങ്ങിയതിന് ശേഷം, നികേഷിന്റെ ഭാഷയില്‍ ശീതീകരിച്ച മുറിയില്‍ കഴിയാന്‍ തുടങ്ങിയതിന് ശേഷം, പാര്‍ട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നാണ് അറിയേണ്ടത്. വടക്കാഞ്ചേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത് ‘നൂലില്‍ കെട്ടി ഇറക്കി’ എന്നാണെന്നും നികേഷ് പറയുന്നുണ്ട്. 

അതേസമയം നികേഷിന്റെ സഹപ്രവര്‍ത്തക വീണാ ജോര്‍ജ്ജ് ആറന്‍മുളയില്‍ സ്ഥാനാര്‍ത്ഥിയാണെന്ന വാര്ത്ത ചാനലുകള്‍ സ്ക്രോള് ചെയ്യുന്നുണ്ട്. ഒപ്പം ആറന്‍മുളയില്‍ സി പി എം അണികള്‍ പ്രതിഷേധിക്കുന്നു എന്ന വാര്‍ത്തയും. സിനിമാ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ഘോരഘോരം ചര്‍ച്ച ചെയ്ത നികേഷ് എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്ജിനെ ചാനലിന്റെ ചര്‍ച്ചാ മുറിയില്‍ കൊണ്ടിരുത്തിയില്ല?  വീണ എന്താണ് പാര്‍ട്ടിക്ക് നല്കിയ സംഭാവന എന്നു ചോദിച്ചില്ല? ആറന്‍മുളയിലെ പ്രതിഷേധങ്ങള്‍ എന്തുകൊണ്ട് റിപ്പോര്ട്ട് ചെയ്തില്ല? 

സിനിമാ പ്രവര്‍ത്തകര്‍ ആദ്യമായല്ല തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. പ്രേംനസീര്‍ ചിറയിന്‍കീഴ് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കും എന്ന ശ്രുതി ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നില്ല . ലെനിന്‍ രാജേന്ദ്രന്‍, മുരളി, ഇന്നസെന്‍റും ഇടതു പാളയത്തില്‍ നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടു. അച്ഛന്റെ മേല്‍വിലാസം കൂടാതെ നടനെന്നുള്ള പ്രശസ്തിയുമുണ്ടായിരുന്നു കെ ബി ഗണേഷ് കുമാറിന്. അപ്പോഴോന്നും ഇത്ര വലിയ ബഹളമൊന്നും പാര്‍ട്ടികളിലോ മാധ്യമങ്ങളിലോ ഉണ്ടായിട്ടില്ല. 

ഇനി രാഷ്ട്രീയത്തില്‍ വിറകു വെട്ടുന്നവരും വെള്ളം കോരുന്നവരും മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടുള്ളൂ എന്നുണ്ടോ? അങ്ങനെയെങ്കില്‍  ഐ എ എസ് കാരും ബിസിനസ് കാരുമൊക്കെ ജനപ്രതിനിധികളായും മന്ത്രിമാരുമായൊക്കെ വിരാജിക്കുന്നുണ്ടല്ലോ? കുട്ടനാട്ടിലെ തോമസ് ചാണ്ടി ഏത് ജനങ്ങളുടെ പ്രതിനിധിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസും ബെന്നറ്റ് എബ്രാഹാമുമോ? രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ തന്നെ എത്ര കോടീശ്വരന്‍മാര്‍ മത്സര രംഗത്ത് കടന്നു വരുന്നുണ്ട്. കേരളത്തിലെ സോഷ്യലിസ്റ്റുകളില്‍ മുമ്പനായ എം പി വീരേന്ദ്രകുമാറിന് 50 കോടിയുടെ സ്വത്ത് ഉണ്ട് എന്നാണ് രാജ്യ സഭയില്‍ മത്സരിക്കാന്‍ വേണ്ടി അദ്ദേഹം നല്കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മകന്‍ ഒരു ചാനലിന്റെ തലവനും എം എ യുമാണ്. ഇവരെ ആരെയും മാധ്യമ വിചാരണയ്ക്ക് വിധേയരാക്കുന്നത് കാണാറില്ലല്ലോ? ഇവരോടൊക്കെ എന്തൊക്കെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു എന്നു ചോദിക്കുന്നത് കേട്ടിട്ടില്ലലോ? ആരുടേയും ചരിത്രം ഇഴ കീറി പരിശോധിക്കപ്പെടാറില്ലല്ലോ? 

ഈ കുറിപ്പില്‍ ഉന്നയിക്കുന്നത്  ആര് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതിന്റെ പ്രശ്നമല്ല. മാധ്യമ ധാര്‍മ്മികതയുടെ പ്രശ്നമാണ്. വാര്‍ത്താ മുറിയില്‍ അവതാരകന്‍ എന്ന അധികാര പദത്തില്‍ ഇരുന്നുകൊണ്ട് അലറി വിളിക്കുന്ന ചോദ്യങ്ങളിലും മറ്റും പാലിക്കേണ്ടുന്ന സൂക്ഷ്മതയുടെ പ്രശ്നമാണ്. ജാഗ്രതയുടെ പ്രശ്നമാണ്. വിവേചന ബുദ്ധിയുടെ പ്രശ്നമാണ്. 

എന്തായാലും ആരോഗ്യ കാരണങ്ങളാല്‍ മത്സര രംഗത്ത് പിന്മാറാന്‍ കെ പി എ സി ലളിത തീരുമാനിച്ചു. ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് സി പി എം സെക്രട്ടറിയേറ്റ് അംഗീകാരം നല്കിയതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇനി നികേഷ് കുമാര്‍ എവിടെയാണ് മത്സരിക്കാന്‍ പോകുന്നത് എന്നേ അറിയേണ്ടതുള്ളൂ.. അഴീക്കോടോ അതോ കൂത്തുപറമ്പോ?

ഒരു കാര്യം കൂടി: കെ പി എ സി ലളിതയുടെ ജന്മനാടാണ് വടക്കാഞ്ചേരി എന്നു പറഞ്ഞ നികേഷിനെ അവര്‍ തിരുത്തുന്നുണ്ട്. തന്‍റെ ജന്‍മനാട് കായംകുളമാണ്. ഭരതന്‍റെ വീടാണ് വടക്കാഞ്ചേരി.  

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍