UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

തിരഞ്ഞെടുപ്പുകള്‍ കോടതി കയറുമ്പോള്‍ വെളിപ്പെടുന്നത്

സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലി നിയമയുദ്ധം തുടങ്ങുകയായി. കള്ളവോട്ടുകളും കണക്കില്‍ കാണിക്കാത്ത സ്വത്തു വിവരങ്ങളും കുപ്രചരണങ്ങളുമൊക്കെ ചൂണ്ടിക്കാട്ടി പന്ത്രണ്ട്‌ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിക്കഴിഞ്ഞു.

മഞ്ചേശ്വരത്ത്‌ ലീഗിന്റെ സ്‌ഥാനാര്‍ത്‌ഥിയായിരുന്ന പി.ബി. അബ്‌ദുള്‍ റസാഖിനോട്‌ വെറും 89 വോട്ടുകള്‍ക്ക്‌ തോറ്റ ബി.ജെ.പി സ്‌ഥാനാര്‍ത്‌ഥി കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ്‌ ഇക്കൂട്ടത്തില്‍ ഏറെ പ്രാധാന്യമുള്ളത്‌. മഞ്ചേശ്വരത്തെ 291 കള്ളവോട്ടുകള്‍ പേരെടുത്തു ചൂണ്ടിക്കാട്ടിയാണ്‌ കെ. സുരേന്ദ്രന്‍ അഡ്വ. കെ. രാംകുമാര്‍ മുഖേന ഹര്‍ജി നല്‍കിയിട്ടുള്ളത്‌. വിദേശത്തു ജോലി നോക്കുന്നവരും തിരഞ്ഞെടുപ്പു ഘട്ടത്തില്‍ കേരളത്തില്‍ എത്തിയിട്ടില്ലാത്തതുമായ 197 വോട്ടര്‍മാരുടെ പേരില്‍ വോട്ടു രേഖപ്പെടുത്തിയത്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇതിനു പുറമേ മരിച്ചു പോയവരുടെ പേരില്‍ വോട്ടുകള്‍ ചെയ്‌തിട്ടുണ്ടെന്നും സുരേന്ദ്രന്‍ കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്തെ ഈ കള്ളവോട്ടുകള്‍ ഒഴിവാക്കിയാല്‍ ലീഗ്‌ സ്‌ഥാനാര്‍ത്‌ഥിയുടെ വിജയം ഇല്ലാതാകുമെന്നും ആ നിലയ്‌ക്ക്‌ വ്യക്തമായ പരിശോധന നടത്തി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കള്ളവോട്ടുകള്‍ കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ സുരേന്ദ്രന്റെ വാദം കൂടുതല്‍ ശക്തമായിത്തീരും. കള്ളവോട്ടുകള്‍ ആര്‍ക്കൊക്കെയാണ്‌ ലഭിച്ചിട്ടുണ്ടാവുക എന്നതിനെക്കൂടി ആശ്രയിച്ചാണ്‌ ഈ ഹര്‍ജിയിലെ അന്തിമ ഫലം നിര്‍ണ്ണയിക്കപ്പെടുക. മഞ്ചേശ്വരത്ത്‌ സുരേന്ദ്രന്റെ അപരനായി മത്സരിച്ച കെ. സുന്ദര 467 വോട്ടുകളാണ്‌ നേടിയത്‌. മഞ്ചേശ്വരം മണ്‌ഡലത്തില്‍ തന്റെ വിജയത്തെ എന്തു വിലകൊടുത്തും തടയുകയെന്ന എതിരാളികളുടെ രഹസ്യ അജണ്ടയാണ്‌ നടപ്പാക്കിയതെന്നും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്‌ഥകള്‍ ലംഘിച്ചുള്ള ഇത്തരം നടപടികള്‍ നിയമപരമായി തിരുത്തപ്പെടണമെന്നാണ്‌ സുരേന്ദ്രന്റെ ആവശ്യം.

പാലായില്‍ മുന്‍മന്ത്രി കെ. എം. മാണിക്കെതിരെ എതിര്‍ സ്‌ഥാനാര്‍ത്‌ഥി മാണി. സി. കാപ്പനും മണ്‌ഡലത്തിലെ ഒരു വോട്ടറായ കെ.സി. ചാണ്ടിയുമാണ്‌ ഹര്‍ജി നല്‍കിയിട്ടുള്ളത്‌. പത്തു വര്‍ഷത്തിലേറെ ജനപ്രതിനിധിയായിട്ടിരുന്നവര്‍ മത്സരിക്കുമ്പോള്‍ വെള്ളം, വൈദ്യുതി, വാടകയിനങ്ങളില്‍ സര്‍ക്കാരിന്‌ കുടിശ്ശിക വരുത്തിയിട്ടില്ലെന്ന്‌ അതത്‌ സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ വ്യക്തമാക്കുന്ന അഡീഷണല്‍ സത്യവാങ്‌മൂലം നല്‍കണമെന്നുണ്ട്‌. എന്നാല്‍ കെ. എം.മാണിയുടെ കാര്യത്തില്‍ സര്‍വീസ്‌ പ്രൊവൈഡര്‍മാരുടെ സത്യവാങ്‌മൂലത്തിനു പകരം കുടിശ്ശികയില്ലെന്ന സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റാണ്‌ നല്‍കിയതെന്ന്‌ മാണി.സി. കാപ്പന്‍ ആരോപിക്കുന്നു. പാലായിലെ മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോസസിംഗ്‌ സര്‍വീസ്‌ സൊസൈറ്റിയിലേക്ക്‌ പണമെത്തിച്ച്‌ നിക്ഷേപകരെ സഹായിച്ചു വോട്ടു തേടിയെന്നാണ്‌ കെ.സി. ചാണ്ടിയുടെ ആരോപണം. രണ്ടു ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചുവെന്ന്‌ വിലയിരുത്തിയാണ്‌ ഹൈക്കോടതി ഈ ഹര്‍ജികളില്‍ വിധി പറയുക.

മുന്‍മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, വി. എസ്‌.ശിവകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ സ്വത്തു മറച്ചുവെച്ചുവെന്ന ആരോപണമാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചത്‌. കെ.സി. ജോസഫ്‌ അഞ്ചു വര്‍ഷം മുമ്പ്‌ കാണിച്ച അതേ സ്‌ഥലവില തന്നെയാണ്‌ ഇപ്പോഴും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്‌മൂലത്തില്‍ നല്‍കിയതെന്ന്‌ ഹര്‍ജിക്കാരന്‍ പറയുന്നു. മാത്രമല്ല,കോട്ടയം വടവാതൂര്‍ സ്വദേശിയായ കെ.സി. ജോസഫ്‌ ഇക്കാര്യം മറച്ചുവെച്ച്‌ ഇരിക്കൂറിലെ കോണ്‍ഗ്രസ്‌ കെട്ടിടത്തിന്റെ മേല്‍വിലാസം നല്‍കി താന്‍ ഇരിക്കൂറുകാരനാണെന്ന്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിക്കുന്നുണ്ട്‌.

വ്യാജ പ്രചരണങ്ങളും അപവാദങ്ങളും ചൂണ്ടിക്കാട്ടിയാണ്‌ എം.വി. നികേഷ്‌ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയിലെത്തിയത്‌. അഴീക്കോട്ട്‌ ഇസ്‌ളാം മത വിശ്വാസിയല്ലാത്തയാള്‍ക്ക്‌ വോട്ടു ചെയ്യരുതെന്ന ലഘുലേഖ പ്രചരിപ്പിച്ചുവെന്നും സരിതയുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ നികേഷിന്റെ കുടുംബം തകര്‍ച്ചയിലാണെന്ന പ്രചരണം മണ്‌ഡലത്തില്‍ ഉണ്ടായെന്നും അസത്യവും അടിസ്‌ഥാനരഹിതവുമായ ഇത്തരം വാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ തനിക്ക്‌ ദോഷമുണ്ടാക്കിയെന്നുമാണ്‌ നികേഷ്‌ കുമാറിന്റെ വാദം.

കരുനാഗപ്പള്ളിയില്‍ ജയിച്ച ആര്‍. രാമചന്ദ്രനെതിരെ എതിര്‍ സ്‌ഥാനാര്‍ത്‌ഥിയായിരുന്ന സി.ആര്‍. മഹേഷും അപവാദ പ്രചരണം ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി നല്‍കിയിട്ടുള്ളത്‌. പീഡനക്കേസിലെ പ്രതികളെ മഹേഷ്‌ രക്ഷിച്ചുവെന്ന പ്രചരണമുണ്ടായെന്നും ഇതു കളവാണെന്നും മഹേഷ്‌ചൂണ്ടിക്കാട്ടുന്നു.

വടക്കാഞ്ചേരിയില്‍ അനില്‍ അക്കരെയുടെ വിജയത്തിനു പിന്നില്‍ കെ.സി.ബി.സിയുടെ പേരിലിറങ്ങിയ നോട്ടീസിനു പങ്കുണ്ടെന്നാണ്‌ എതിര്‍ സ്‌ഥാനാര്‍ത്ഥിയായിരുന്ന മേരി തോമസിന്റെ ഹര്‍ജിയില്‍ പറയുന്നു.

ഇങ്ങനെ ആരോപണങ്ങളും പരാതികളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ അടുത്ത ദിവസം മുതല്‍ ഹൈക്കോടതി പരിഗണിക്കുകയാണ്‌. ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പ്‌ എന്തു വിലകൊടുത്തും ജയിക്കേണ്ട മത്സരമായി കഴിഞ്ഞ ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. മത്സരങ്ങളില്‍ പാലിക്കേണ്ട പ്രതിപക്ഷ മര്യാദകള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌ അനിവാര്യമാണ്‌.

തൃപ്പൂണിത്തുറയില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ മത്സരിച്ചു വിജയിച്ച എം. സ്വരാജ്‌ അപരന്മാരെ മത്സരത്തിനിറക്കുന്നതില്‍ കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തിയ വ്യക്തിയാണ്‌. അപരന്റെ ബലത്തില്‍ ജയിച്ചാല്‍ ലജ്‌ജിച്ചു മരിക്കുമെന്നായിരുന്നു സ്വരാജിന്റെ പ്രഖ്യാപനം. തികച്ചും സ്വാഗതാര്‍ഹമായ നിലപാടാണിത്‌.

രാഷ്‌ട്രീയ നിലപാടുകളില്‍ വിയോജിപ്പുണ്ടാകാം. അതു ജനകീയ വിഷയമായി ചര്‍ച്ചയുണ്ടാക്കി തീര്‍പ്പുണ്ടാക്കലാണ്‌ തിരഞ്ഞെടുപ്പു കൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌. മറിച്ച്‌ ഒരേ പേരുകാരനെ കണ്ടെത്തി മത്സരിപ്പിച്ച്‌ വോട്ടുകള്‍ പിടിച്ചു വാങ്ങി ഒരാളെ തോല്‌പിക്കുന്നത്‌ എന്തു തരം രാഷ്‌ട്രീയ മര്യാദയാണ്‌. മഞ്ചേശ്വരത്ത്‌ കെ. സുരേന്ദ്രന്റെ തോല്‌വിയെ ഒരര്‍ത്‌ഥത്തില്‍ ഇങ്ങനെ തന്നെ കാണേണ്ടതല്ലേ. രാഷ്‌ട്രീയത്തില്‍ മര്യാദകള്‍ പാലിക്കപ്പെടേണ്ടതല്ലെന്ന ചിന്ത പ്രബലമാകുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. അതു ജനാധിപത്യത്തെ തകര്‍ക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ രാഷ്‌ട്രീയം അന്തസ്സ് നേടുന്നത്‌.

എതിരാളിയെ തോല്‌പിക്കാന്‍ നേരിട്ട്‌ ഏറ്റുമുട്ടുന്നതിനു പകരം പിന്നണിയിലൂടെ വോട്ടുകള്‍ സ്വന്തമാക്കുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഏറി വരുന്നുണ്ടെന്നത്‌ പരസ്യമായ രഹസ്യമാണ്‌. ജാതി, മത സംഘടനകളെ ഒപ്പം നിറുത്തി വോട്ടുകള്‍ കൂട്ടത്തോടെ സ്വന്തമാക്കി തിരഞ്ഞെടുപ്പു ജയിക്കാമെന്ന ധാരണ ഒരു രാഷ്‌ട്രീയ കക്ഷിക്കും നേതാവിനും യോജിച്ചതല്ല. വടക്കേന്ത്യയിലും മറ്റും ജമീന്ദാര്‍ രാഷ്‌ട്രീയത്തില്‍ നടക്കുന്ന ഭീഷണിയിലൂടെ വോട്ടെന്ന സമ്പ്രദായത്തിന്‌ സമാനമായിട്ടേ ഇത്തരം പ്രവണതകളെ കാണാനാവൂ.

അപരന്മാരും കള്ളപ്രചരണങ്ങളും തിരഞ്ഞെടുപ്പിലെ കള്ളനാണയങ്ങള്‍ തന്നെയാണ്‌. വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ ഇവ സ്വാധീനിക്കുക തന്നെ ചെയ്യും. ഇത്തരം വിഷയങ്ങളില്‍ നിയമത്തിന്‌ ഇടപെടുന്നതിന്‌ ചില പരിധികളുണ്ട്‌. ഈ പഴുതു വിനിയോഗിച്ച്‌ തിരഞ്ഞെടുപ്പു വിജയം നേടാമെന്ന്‌ കരുതുന്നത്‌ ജനാധിപത്യത്തിനു നിരക്കുന്നതല്ല. എന്തായാലും വസ്‌തുതകളും തെളിവുകളും തലനാരിഴ കീറി പരിശോധിച്ച്‌ തിരഞ്ഞെടുപ്പു ഹര്‍ജികളില്‍ നിയമയുദ്ധത്തിന്‌ സാക്ഷ്യം വഹിക്കാന്‍ ഹൈക്കോടതിയും തയ്യാറായി കഴിഞ്ഞു.

ജസ്റ്റിസ്‌ എ. എം. ഷെഫീഖ്‌, ജസ്റ്റിസ്‌ വി. ചിദംബരേഷ്‌ എന്നിവരുടെ സിംഗിള്‍ ബെഞ്ചുകള്‍ക്കാണ്‌ തിരഞ്ഞെടുപ്പു ഹര്‍ജികളുടെ ചുമതല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍