UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഡും പാലവും മാത്രമല്ല ജനകീയതയും മാറ്റുരയ്ക്കും വയനാട്ടിലെ കല്‍പ്പറ്റയില്‍

Avatar

എം കെ രാമദാസ്

പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലെങ്കിലും വയനാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് ‘സംവരണം’ വെറുക്കപ്പെട്ട ഒരു വാക്കും ഒരു അവസ്ഥയുമാണ്. ജില്ലയിലെ മൂന്നില്‍ രണ്ട് മണ്ഡലങ്ങളും സംവരണം ചെയ്യപ്പെട്ടതോടെ ‘ജനസേവന’ത്തിന് വഴിയില്ലാതായ നേതാക്കളുടെ ഒരു നീണ്ട ഇവിടെയുണ്ട്. ഏക ജനറല്‍ മണ്ഡലം കല്‍പ്പറ്റയാണ്. മുന്നണി ഏതായാലും എം വി വീരേന്ദ്രകുമാറിനാണ് കല്‍പ്പറ്റയ്ക്ക് അവകാശം. വീരേന്ദ്രകുമാര്‍ മാറിയപ്പോള്‍ മകന്‍ എം വി ശ്രേയാംസ്‌കുമാറായി കല്‍പ്പറ്റയുടെ രക്ഷാധികാരി. സംവരണ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ക്ക് അപൂര്‍വ്വമായേ പ്രാധാന്യം ഉണ്ടാകാറുള്ളൂ.

ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കേരള മന്ത്രിസഭയിലെ യുവമന്ത്രിണിയായ ജയലക്ഷ്മിയുടെ തട്ടകമാണ് മാനന്തവാടി. പൊതുപ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാതെ രാഹുല്‍ ഗാന്ധി റിക്രൂട്ട്‌മെന്റിലൂടെ നിയമസഭാംഗവും മന്ത്രിസഭയിലെ പെണ്‍സാന്നിധ്യവുമായി മാറിയ ജയലക്ഷ്മിയോട് മണ്ഡലത്തിന് വലിയ പഥ്യം ഇല്ലെന്നാണ് കേള്‍വി. തഴയാന്‍ കഴിയാത്തതുകൊണ്ട് യു ഡി എഫ് വീണ്ടും ജയലക്ഷ്മിയെ പരീക്ഷിക്കുമെന്ന് ഉറപ്പാണ്. അവിടെ മുന്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ഒ ആര്‍ കേളുവിനെ സ്ഥാനാര്‍ത്ഥിയായി സി പി ഐ എം നിശ്ചയിച്ചിട്ടുണ്ട്. സംവരണമണ്ഡലമായ സുല്‍ത്താന്‍ ബത്തേരി ഐ സി ബാലകൃഷ്ണന്‍ വീണ്ടും ജനവിധി തേടുന്നു. ഇടത് പാളയത്തിലെ പോരാളിയെ നിശ്ചയിച്ചിട്ടില്ല. ആദിവാസി ക്ഷേമസമിതി നേതാവ് വാസുദേവനൊപ്പം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റായ സുബ്മിണി സുബ്രഹ്മണ്യനേയും ഇവിടേയ്ക്ക് പരിഗണിക്കുന്നുണ്ട്.

ജില്ലയിലെ വലിയ പാര്‍ട്ടി സി പി ഐ എം മാണ്. കോണ്‍ഗ്രസ് ആണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. തീരെ തരക്കേടില്ലാത്ത സ്വാധീനമുണ്ട്. സി പി ഐ, കേരള കോണ്‍ഗ്രസ് എന്നിവരൊക്കെ ആവശ്യത്തിന്. സോഷ്യലിസ്റ്റുകളുടെ പങ്ക് ജില്ലാ ആസ്ഥാനത്തിന് ചുറ്റുമാണ്. പറഞ്ഞു വരുന്നത് പ്രസ്റ്റീജ് മത്സരം അരങ്ങേറുന്ന കല്‍പ്പറ്റയിലെ വിശേഷങ്ങളാണ്. എം വി ശ്രേയാംസ്‌കുമാറാണ് മൂന്നാം തവണയും ഇവിടെ യു ഡി എഫ് പ്രതിനിധിയെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇനിയും എം എല്‍ എയും മന്ത്രിയുമൊക്കെ ആകാനുള്ള പ്രാപ്തി ഇദ്ദേഹത്തിനുണ്ട്. മാതൃഭൂമിയുടെ അമരക്കാരില്‍ പ്രധാനിയായ ശ്രേയാംസിനെ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്. പരാതി രഹിതമായിരുന്നു കഴിഞ്ഞ രണ്ട് ടേമിലേയും പ്രകടനവും. സഹായത്തിന് ആളുള്ളതുകൊണ്ട് അപഖ്യാതി കേള്‍പ്പിക്കാതെ മുന്നോട്ട് പോയി.

2011ല്‍ 126149 വോട്ട് നേടി വോട്ട് വിഹിതത്തില്‍ 52.94 ശതമാനവും 18169 വോട്ടിന്റെ ഭൂരിപക്ഷവും നേടി ശ്രേയാംസ്‌കുമാറിന്റെ വിജയം. 2006ല്‍ 1841 വോട്ടിന്റെമേല്‍കൈയ്യിലാണ് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനെ ശ്രേയാംസ് കീഴടക്കിയത്. വികസനമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയെങ്കില്‍ കല്‍പ്പറ്റ ശ്രേയാംസ്‌കുമാറിന് ഒപ്പമാണ്. കാരണം എം എല്‍ എ ഫണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ വിഹിതം കാര്യക്ഷമമായും കൃത്യമായും എത്തിക്കാനും വിനിയോഗിക്കാനും ശ്രേയാംസിന്റെ മിഷിനറിയ്ക്ക് കഴിഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയാണ് ശ്രേയാംസിനെ തുണയ്ക്കുന്ന മറ്റൊരു ഘടകം. റോഡ്, പാലം, കെട്ടിടങ്ങള്‍, വിദ്യാലയങ്ങളുടെ കമ്പ്യൂട്ടര്‍ വത്ക്കരണം എന്നിവയ്‌ക്കെല്ലാം ഫണ്ട് പരമാവധി കല്‍പ്പറ്റയില്‍ എത്തിച്ചിട്ടുണ്ട്. ശ്രേയാംസ്‌കുമാര്‍ കൂടി അംഗമായ കുടുംബ ട്രസ്റ്റിന്റെ ഭൂമി വയനാട് മെഡിക്കല്‍ കോളേജിന് നല്‍കി പ്രാധാന്യം നേടാനും ശ്രേയാംസ്‌കുമാറിന് സാധിച്ചു. ജനകീയ പ്രശ്‌നങ്ങളോട് മുഖംതിരിച്ചു എന്നതാണ് പ്രതികൂല ഘടകം. തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. വര്‍ഷങ്ങളും മാസങ്ങളും നീണ്ട സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കാന്‍ തയ്യാറായില്ലെന്നതും ശ്രേയാംസിന്റെ ന്യൂനതകളാണ്. റോഡും പാലവും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുമായി ഒരു പ്രതിനിധി വേണമോ എന്ന് ചോദ്യം ഉന്നയിക്കുന്നവരുണ്ട്. യുവ ഹരിത എം എല്‍ എമാരില്‍ ഒരാളായി അറിയപ്പെട്ട ശ്രേയാംസ്‌കുമാറിന് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞുവോ എന്നതും സംശയമാണ്.

ഏറെ ആലോചനകള്‍ക്ക് ഒടുവിലാണ് സി കെ ശശീന്ദ്രനെ കല്‍പ്പറ്റയില്‍ പോരാട്ടത്തിനിറക്കാന്‍ സി പി ഐ എം തീരുമാനിച്ചത്. ജനകീയതയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ സി കെ ശശീന്ദ്രന്റെ മേന്‍മ. ലളിത ജീവിതത്തിന് ഉടമയെന്ന് പേരുകേട്ട ശശീന്ദ്രന്‍ വി എസ് അനുകൂലിയായാണ് അറിയപ്പെടുന്നത്. തദ്ദേശ ജനതയോടും ആദിവാസികള്‍ അടക്കമുള്ള ദരിദ്രരോടുമുള്ള അനുഭാവവും അനുകമ്പയുമാണ് സി കെയുടെ ശക്തി. ആദിവാസി ക്ഷേമസമിതിയുടെ രൂപീകരണത്തിലും ഭൂസമരങ്ങളുടെ നിയന്ത്രണത്തിലും ശശീന്ദ്രന്‍ പ്രകടിപ്പിച്ച വൈഭവം പാര്‍ട്ടി മാത്രമല്ല ആരും സമ്മതിച്ചുപോകും. ആദിവാസി, ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ശശീന്ദ്രനുള്ള സ്വാധീനം വോട്ടാക്കിമാറ്റിയാല്‍ ശ്രേയാംസിന്റെ വിജയക്കുതിപ്പിന് തടയിടാമെന്ന് പാര്‍ട്ടി കരുതുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലാകെ പാര്‍ട്ടി നേടിയ മുന്‍കൈ ചോര്‍ന്നാലും സി കെയ്ക്ക് കല്‍പ്പറ്റ ഈസിയാകുമെന്ന് കരുതുന്നവരുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും ചിലരുടെ ശ്രേയാംസ് വിരോധവും അനുകൂലമായാല്‍ ശശീന്ദ്രന്റെ വിജയം സുനിശ്ചിതമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. തോട്ടം തൊഴിലാളികള്‍ ആദിവാസികള്‍ മറ്റു തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ എന്നിവരുടെ വോട്ടില്‍ സി കെയ്ക്ക് മുന്‍കൈയുണ്ട്. വ്യാപാരികള്‍, യുവാക്കള്‍ എന്നിവര്‍ക്കിടയില്‍ ശ്രേയാംസ് ആണ് താരം.

തെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 6580 വോട്ട് നേടിയ ബി ജെ പി അല്‍പം കൂടി മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. പൊതുവില്‍ ബി ജെപിയ്‌ക്കെതിരെ ആരോപിക്കപ്പെടാറുളള വോട്ട് കച്ചവടം നടന്നാല്‍ കല്‍പ്പറ്റയുടെ നായകന്‍ ശ്രേയാംസ് ആകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. കല്‍പ്പറ്റ നഗരസഭ, കണിയാംപറ്റ, മൂപ്പനാട് പഞ്ചായത്തുകളാണ് ഐക്യജനാധിപത്യ മുന്നണിയ്ക്ക് മുന്‍തൂക്കമുള്ളത്. വൈത്തിരി, കോട്ടത്തറ, പുഴുതന, മേപ്പാടി, വെങ്കപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍ ഇടതിനൊപ്പമാണ്. ഈ മുന്‍കൈ ഇടതിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പഞ്ചായത്തും നിയമസഭയും രണ്ടെന്നാണ് യു ഡി എഫ് പക്ഷം പറയുന്നത്. രാഷ്ട്രീയ പരിഗണനകളാണ് പൊതുവില്‍ വോട്ടിനെ സ്വാധീനിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുകൂടി തെരഞ്ഞെടുപ്പില്‍ പ്രസക്തിയുണ്ട്.

കേരളത്തില്‍ എവിടെയും ഉയര്‍ന്നു വരാവുന്ന ഒരു അഭിപ്രായം ഇവിടെയും കേട്ടു. കല്‍പ്പറ്റ മണ്ഡലത്തിലെ വോട്ടറായ സംസ്ഥാനപാതയ്ക്കരികില്‍ കുടുംബ സമേതം ഹോട്ടല്‍ നടത്തി കഴിയുന്ന രാഘവേട്ടന്റേതാണത്. ജനിച്ചതു മുതല്‍ കോണ്‍ഗ്രസ്സുകാരനെന്ന് നെഞ്ചുവരിച്ച് പറയുന്ന രാഘവേട്ടന്‍ ഇത്തവണ ഇടതിന് വോട്ടെന്ന് പരസ്യമായി പറയുന്നു. വിചിത്രമല്ല ഈ അഭിപ്രായം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇദ്ദേഹത്തെ പോലുള്ളവര്‍ ധാരാളമുണ്ട്. രാഘവേട്ടന്‍ തുറന്ന് പറയുന്നു. ”വൈകുന്നേരം അല്‍പം മിനുങ്ങണം. മിനുങ്ങുകയെന്നാല്‍ മദ്യപിയ്ക്കണം എന്നര്‍ത്ഥം. ഇക്കാര്യം രഹസ്യമല്ല. കാരണം അതുകൂടി ചേര്‍ന്നതാണ് ഈ കൊച്ചു ജീവിതം. ദിവസവും ഒരു ക്വാട്ടര്‍ വേണം. ഒന്നിച്ച് വാങ്ങി സൂക്ഷിക്കാന്‍ എന്നെപ്പോലുള്ളവര്‍ക്കാവില്ല. സാധനം മുന്നില്‍ കണ്ടാല്‍ തീരുന്നതുവരെ കുടിച്ചുപോകും. അതുകൊണ്ട് ഓരോ ദിവസത്തേയ്ക്ക് വേണ്ടത് അന്നന്നുവാങ്ങും. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബിവറേജില്‍ നിന്നാണ് വാങ്ങിവരുന്നത്. എന്നാല്‍, ഇപ്പോള്‍ അടുത്തുള്ള രണ്ട് ബിവറേജും പൂട്ടി. ഇരുപതും ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരെ പോയാലേ ഒരുതുള്ളി കിട്ടൂ. അളവും സമയവും എത്ര നഷ്ടമെന്നറിയില്ല. തലതിരിഞ്ഞ നടപടിയായിപ്പോയി. ഗവണ്‍മെന്റിന്റെ മദ്യനയം തെറ്റാണ്. ഇങ്ങനെ ചിന്തിക്കുന്ന എന്നെപ്പോലുള്ളവര്‍ എത്രയോയുണ്ട്.”

(അഴിമുഖം കണ്‍സല്‍റ്റിംഗ് എഡിറ്ററാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍