UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തുന്നു

അഴിമുഖം പ്രതിനിധി

നിയമസഭ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നര വരെ 59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തുന്നത്. മിക്ക ബൂത്തുകളിലും നീണ്ട നിര കാണാം. കഴിഞ്ഞ തവണ 75.27 ശതമാനമായിരുന്നു പോളിങ് ശതമാനം. ഈ കണക്കിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നേതാക്കള്‍.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ പെയ്യുന്നുണ്ട്. ഇത് രാവിലെ പ്രശ്‌നം സൃഷ്ടിച്ചുവെങ്കിലും പിന്നീട് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തി.

ഏറ്റവും കൂടുതല്‍ പോളിങ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് വയനാട്ടും കുറവ് തിരുവനന്തപുരത്തുമാണ്.

തിരുവനന്തപുരം 30.1 ശതമാനം, കൊല്ലം 34.3 ശതമാനം, പത്തനംതിട്ട 34.1 ശതമാനം, കോട്ടയം 34.6 ശതമാനം, ആലപ്പുഴ, ഇടുക്കി 32.5 ശതമാനം, എറണാകുളം 37.6 ശതമാനം, തൃശൂര്‍38.1 ശതമാനം, പാലക്കാട് 37.3 ശതമാനം, മലപ്പുറം 36.2 ശതമാനം, കോഴിക്കോട് 39.2 ശതമാനം, വയനാട് 40.2 ശതമാനം, കണ്ണൂര്‍ 39.6 ശതമാനം, കാസര്‍ഗോഡ് 38.1 ശതമാനം വോട്ടുകളും രേഖപ്പെടുത്തി.

പലയിടത്തും വോട്ടിങ് മെഷീനുകള്‍ പണിമുടക്കിയിരുന്നു. അത് പരിഹരിച്ചശേഷം വോട്ടെടുപ്പ് നടത്തി.

വോട്ടു ചെയ്ത രണ്ടു പേര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോടും ഇടുക്കിയിലുമാണ് സംഭവം. ഇടുക്കിയിലെ പുറ്റടിയില്‍ 149-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തു മടങ്ങിയ അമ്പല വയല്‍ സ്വദേശി രാമകൃഷ്ണന്‍ (60) നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കോഴിക്കോട് പേരാമ്പ്രയില്‍ സികെജി കോളെജിലെ ബൂത്തില്‍ വോട്ടു ചെയ്ത ഇറങ്ങിയ കൈതാംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി (70) കുഴഞ്ഞു വീഴുകയയായിരുന്നു. ഇരുവരേയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരളം രാഷ്ട്രീയ വഴിത്തിരിവിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. രണ്ടു മുന്നണികള്‍ക്കും എതിരെ ശക്തമായ ജനവികാരമുണ്ട്. അതിനാല്‍ ജനിവിധി എന്‍ഡിഎ സഖ്യത്തിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് കനത്ത തോല്‍വിയുണ്ടാകുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തോടുള്ള അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സര്‍ക്കാര്‍ എല്‍ഡിഎഫിന് മാത്രമേ സാധ്യമാകുവെന്ന് ജനങ്ങള്‍ക്ക് അറിയാം. തോല്‍വിയെ നേരിടാന്‍ ആര്‍ എസ് എസ് സഹായം തേടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചുവെന്നും ജയരാജന്‍ ആരോപിച്ചു. കോടതിയുടെ അനുമതി ലഭിച്ച ജയരാജന്‍ പാട്യം പഞ്ചായത്തിലെ കോങ്ങാറ്റ എല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. കതിരൂര്‍ മനോജ് വധക്കേസ് പ്രതിയായ ജയരാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്കുണ്ട്.

കേരളത്തില്‍ തൂക്കു മന്ത്രി സഭ പ്രവചിച്ച് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ താന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും ജോര്‍ജ്ജ് പറഞ്ഞു. ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാര്‍ കേരളം ഉറ്റുനോക്കുന്ന മത്സരമാണ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍