UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിരോധിക്കാന്‍ കേസുമായി ഭരണപക്ഷം; തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ കരുത്തുമായി പ്രതിപക്ഷം

Avatar

ആന്‍റണി കെ എ 

ബാര്‍കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യവും ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതിന്റെ പേരില്‍ ആറ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നടപടിയും ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കും. ബാര്‍ക്കോഴക്കേസില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രി ബാബു അധികാരത്തില്‍ പിടിച്ചുതൂങ്ങുന്നതിലെ ഔചിത്യം പ്രധാന ആയുധമാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ഇതുവരെയുണ്ടായിരുന്ന തീരുമാനം. എന്നാല്‍ ബജറ്റ് അവതരണ വേളയില്‍ സഭയ്ക്കകത്തുണ്ടായ കയ്യാങ്കളിക്കിടയില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതിന്റെ പേരില്‍ ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത് ഇതിനിടയിലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം തങ്ങളെ സഭയ്ക്കകത്ത് വച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്നു പറഞ്ഞ് പ്രതിപക്ഷ വനിതാ എം.എല്‍.എമാരായ ജമീലാ പ്രകാശവും കെ.സി. ലതികയും നാല് ഭരണപക്ഷ എം.എല്‍.എ.മാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കേസൊന്നുമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമസഭയില്‍ സ്പീക്കര്‍ പക്ഷപാതം കാട്ടുന്നുവെന്ന ആക്ഷേപമാണ് പ്രതിപക്ഷമിപ്പോള്‍ ഉന്നയിക്കുന്നത്. ഇതേ ആക്ഷേപം തന്നെയാണ് തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോഴും പ്രതിപക്ഷം ഉന്നയിക്കുക.

അതേ സമയം ബാര്‍ക്കോഴക്കേസിലെ ഇരട്ടനീതി പ്രശ്‌നവും ചര്‍ച്ചയാവുമെങ്കിലും മാണിക്ക് നീതി ലഭിച്ചില്ലെന്ന ആക്ഷേപം പുറത്തുന്നയിക്കുന്ന കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ വിഷയത്തില്‍ തങ്ങളുടെ സ്വരം എത്ര കണ്ട് കടുപ്പിക്കുമെന്ന് വ്യക്തമല്ല. എങ്കിലും പ്രശ്‌നം സഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ അവര്‍ തികഞ്ഞ മൗനം പാലിക്കാനുമിടയില്ല. മാണി കുറ്റക്കാരനല്ലെന്ന് വാദിക്കുന്നവര്‍ സര്‍ക്കാരും യു.ഡി.എഫും ബാബുവിന് നല്‍കുന്ന പരിരക്ഷ തങ്ങളുടെ നേതാവിനും ലഭിച്ചില്ലെന്ന് അവര്‍ക്കും തുറന്ന് സമ്മതിക്കേണ്ടതായി വരും. പ്രത്യേകിച്ചും മാണിക്കെതിരെ ത്വരിതാന്വേഷണം നടത്തി എഫ്.ഐ.ആര്‍ ഇട്ട സര്‍ക്കാര്‍ ബാബുവിനെതിരെ വെറും പ്രാഥമികാന്വേഷണമെന്ന പ്രഹസനത്തില്‍ ഒതുക്കിയെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ നല്‍കുന്ന ആവേശവുമായാണ് ഇടത് അംഗങ്ങള്‍ ഒരു ഇടവേളയ്ക്കുശേഷം സഭയിലേക്കെത്തുന്നത്. ബാര്‍ കോഴക്കേസില്‍ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് സഭ സമ്മേളിക്കുന്ന ആദ്യ ദിനം തന്നെ ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നുണ്ട്. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് വീണുകിട്ടിയിട്ടുള്ള ആയുധം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം. സംഘടിപ്പിക്കുന്ന കേരള യാത്ര പിണറായി വിജയന്‍ നയിക്കുന്നുവെന്നത് മാത്രമാണ്. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി വിജയന്‍ എന്നത് ശരിതന്നെ. എന്നാല്‍ പ്രതിപക്ഷ നേതാവും തലമുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ തഴഞ്ഞ് പിണറായിയെ യാത്രയുടെ ക്യാപ്റ്റനാക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം തന്നെയാകും ഭരണപക്ഷം ആയുധമാക്കുക. സി.പി.എമ്മില്‍ വീണ്ടും ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന വിഭാഗീയതയുടെ തെളിവായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ തീരുമാനത്തെ വിശേഷിപ്പിച്ചുകഴിഞ്ഞു. വി.എസ്. ഊര്‍ജ്ജസ്വലനായ നേതാവാണെന്നും അദ്ദേഹം തന്നെ കേരളത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിക്കുമെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അടുത്തിടെയാണ് പ്രസ്താവിച്ചത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും മുന്നില്‍ നിന്ന് നയിച്ചതും വി.എസ്.തന്നെ. ആ വി.എസിനെ തഴഞ്ഞ് പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള കേരള ഘടകത്തിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്കും വി.എസിനോടാണ് ആഭിമുഖ്യമെന്നത് അവരുടെ ചില നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിണറായി കേരള യാത്ര നയിക്കുന്നത് സംബന്ധിച്ച ആക്ഷേപത്തിന്റെ മുനയൊടിക്കാന്‍ പോകുന്ന വാദങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്ന് സി.പി.എം. വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ പ്രധാനം വെള്ളാപ്പള്ളി നടേശനും സംഘപരിവാര്‍ ശക്തികളും ചേര്‍ന്ന് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ അടുത്ത കാലങ്ങളില്‍ പുലര്‍ത്തിപ്പോന്ന മൗനം തന്നെയാണ്. കേരളത്തിനെ ഏറെ ഇകഴ്ത്തിക്കാട്ടിയ ആര്‍.എസ്.എസ്. വാരികയായ ഓര്‍ഗനൈസറിലെ ലേഖനത്തോടും ഇക്കഴിഞ്ഞ ദിവസം മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഈ വിഷയം സഭയില്‍ പ്രതിപക്ഷം തനിക്കെതിരെ ആയുധമാക്കുമെന്ന തോന്നല്‍ തന്നെയാണ് ഇതിന് പിന്നില്‍.

പതിനൊന്ന് ദിവസമായി നിശ്ചയിച്ചിട്ടുള്ള സഭാ സമ്മേളനത്തില്‍ ഏറെ കോലാഹലം സൃഷ്ടിക്കാനിടയുള്ള മറ്റൊരു വിഷയം ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ആണ്. ഈ ബില്‍ പക്ഷേ ഈ സമ്മേളന കാലയളവില്‍ ചര്‍ച്ച ചെയ്യണമോയെന്നത് സഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയാണ് തീരുമാനിക്കേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍