UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജഗോപാലിന്റെ ഭക്തിയും പി സി ജോര്‍ജിന്റെ വിഭക്തിയും; ഒരു സഭാപുരാണം

Avatar

ഇന്ദു

പതിനാലാം കേരള നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പി. ശ്രീരാമകൃഷ്ണന്‍ സഭയുടെ നാഥനാകും. 91 അംഗങ്ങളുടെ പിന്തുണയുള്ള ശ്രീരാമകൃഷ്ണന്‍ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നത് ഉറപ്പായിരുന്നു. വലിയ ചര്‍ച്ചകളൊന്നുമില്ലാതെ കഴിഞ്ഞുപോകേണ്ടിയിരുന്ന ഒന്നായിരുന്നു അത്. പക്ഷേ മൂന്നു കാര്യങ്ങള്‍ ഇന്നു നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകളും ചര്‍ച്ചകളുമാക്കി. 

ഒന്ന്, ബിജെപി അംഗം ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു

രണ്ട്, പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ പി സി ജോര്‍ജ് വോട്ട് അസാധുവാക്കി

മൂന്ന്, യുഡിഎഫില്‍ നിന്നും ഒരു വോട്ട് എല്‍ഡിഎഎഫിന് മറിഞ്ഞു.

ഇതില്‍ മൂന്നാമത്തെ കാര്യത്തില്‍ നിന്നും തുടങ്ങാം. പക്ഷെ അതത്ര കൂലങ്കഷമായ ചര്‍ച്ചകള്‍ക്കോ സംശയങ്ങള്‍ക്കോ സാധ്യതയില്ലാത്ത ഒന്നാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ഏതോ പുതുമുഖത്തിനു സംഭവിച്ച കൈയ്യബദ്ധം. വേണമെങ്കില്‍ ഒരന്വേഷണം നടത്താം. കൈയ്യബദ്ധക്കാരനെ കണ്ടെത്തി ഉപദേശിക്കാം. ഭാവിയില്‍ ഉപകരിക്കും. അതോടെ കഴിഞ്ഞു. അതിനപ്പുറമൊന്നും നടക്കാന്‍ പോകുന്നില്ല, ആ പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഇവിടെ നിര്‍ത്താം. ബാക്കി രണ്ടു കാര്യങ്ങളിലേക്ക് വരാം.

അവര്‍ രണ്ടുപേര്‍, രാജഗോപാലും പി സി ജോര്‍ജും. സഭയിലെ രണ്ട് ഒറ്റയാന്മാര്‍ എന്നോ ഒറ്റപ്പെട്ടവരെന്നോ പറയാം. പക്ഷേ അവരെ അത്രകണ്ട് നിസാരരായി കാണരുതെന്ന് ഇന്നു വ്യക്തമായിട്ടുണ്ട്.

പി സി ആരാണെന്ന് ഇനിയൊരു പ്രഭാഷണത്തിന്റെ ആവശ്യമില്ല. അരുവിക്കര ഉപതെരഞ്ഞെുപ്പ് ഫലം പുറത്തു വന്നതിനുശേഷം ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ പി സിക്ക് സമയം അത്ര നല്ലതല്ലായിരുന്നു. അരുവിക്കരയില്‍ നിന്നു കിട്ടിയ മുട്ടന്‍ പണി, പിന്നാലെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നുള്ള പുറത്താക്കല്‍, മാണി സാറുമായുള്ള ബന്ധം പിരിയല്‍, ഇടതു മുന്നണിയെന്ന മോഹഭംഗം…അങ്ങനെ തൊട്ടതെല്ലാം പിഴയ്ക്കുന്ന പൂഞ്ഞാറ്റുകാരനായി പി സി. ട്രോളന്മാര്‍ക്കല്ലാതെ അന്തിചര്‍ച്ചക്കാര്‍ക്കുപോലും വേണ്ടാതായി…ഇതിനിടയില്‍ അതിയാനു രാഷ്ട്രീയ ഒപ്പീസുവരെ ചൊല്ലിയവരുമുണ്ട്. പക്ഷേ മാണി സാറിനു പാലായെന്നപോലെയാണ് ജോര്‍ജിന് പൂഞ്ഞാറെന്ന് ഇവരൊന്നും ഓര്‍ത്തില്ല. ഇടതു മുന്നണി കൂടെ കൂട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഒറ്റയക്കങ്ങു മത്സരിച്ചു. നല്ല അന്തസായി ജയിക്കുകയും ചെയ്തു. ജോര്‍ജ്ജ് കൊലമാസായി.

ഇതേ വൈബ്രന്‍സി സഭയിലും പി സി തുടരുമെന്ന് ഇന്നലെ തന്നെ തെളിഞ്ഞതാണ്. സൗഗരവം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സാക്ഷാല്‍ പിണറായിയെ വരെ ചിരിപ്പിച്ചു കളഞ്ഞു. അതൊരു സാംപിള്‍. ഇന്‍ട്രോയക്കു പഞ്ച് വേണമല്ലോ! ഇന്നിതാ അതിനേക്കാളും തകര്‍ത്തു. ഒരു മുന്നണിയുടെയും സഹായമില്ലാതെ ജയിച്ച തനിക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ വോട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കി തന്റെ വോട്ട് അസാധുവാക്കി. അതാണു പി സി, സ്നേഹിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കും, ഇടഞ്ഞാല്‍…

ജോര്‍ജിന്റെ ഇന്നത്തെ അസാധു ഇനിവരുന്ന ദിവസങ്ങളില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുമെന്ന് ഉറപ്പ്. യുഡിഎഫിനെ അച്ചൂടുംമൂച്ചൂടും തകര്‍ക്കാന്‍ നോക്കൂം. അത് പ്രതീക്ഷിതാം. പക്ഷേ ഇപ്പറത്ത്, അതായത് സര്‍ക്കാരിന്റെ കാര്യത്തില്‍ നിലപാടുകള്‍ അപ്രതീക്ഷിതമായിരിക്കും. വി എസ് അല്ല മുഖ്യമന്ത്രി എന്നതിനാലും മുഖ്യമന്ത്രി പിണറായിയാണ് തന്നെ ഇടതു മുന്നണിയില്‍ എടുക്കാതെ വാതിലടച്ചതെന്നതിനാലും അത്രകണ്ട് തലോടല്‍ പ്രതീക്ഷക്കേണ്ട, അതേസമയം തല്ലിനൊരു മയവും കാണിക്കും.

എന്തായാലും ജനകീയനായി നില്‍ക്കാനെ പൂഞ്ഞാര്‍ എംഎല്‍എ ശ്രമിക്കൂ. ഒപ്പം മറ്റൊരു വി എസ് ആകാനും ശ്രമിച്ചേക്കാം(പിണറായി വിജയിനിട്ട് പണികൊടുക്കുന്ന കാര്യത്തിലെങ്കിലും). മണ്ണ്, പെണ്ണ്, കാട്, വെള്ളം, അണക്കെട്ട് എന്നിവയിലെല്ലാം ഇടപെടും. ജോര്‍ജിന്റെ വടിയെല്ലാം പിണറായിക്കു നേരെയുള്ള ഓങ്ങലായിരിക്കും. ഇതിലൂടെ തന്റെ ചൊരുക്ക് തീര്‍ക്കല്‍ മാത്രമല്ല, അഞ്ചുവര്‍ഷം വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനും ജോര്‍ജിന് ലക്ഷ്യമുണ്ട്. പ്രൈംടൈം ന്യൂസുകളില്‍ പങ്കെടുക്കാന്‍ സ്റ്റുഡിയോകളില്‍ നിന്നും സ്റ്റുഡിയോകളിലേക്ക് പായും. സഭയില്‍ ശക്തമായി തന്റെ നിലപാടുകള്‍ പറഞ്ഞ് ജനത്തിന്റെ കൈയടി വാങ്ങും. മരത്തിന്റെ കാതലറഞ്ഞുവേണം വിലയിടാനെന്നു ജോര്‍ജ് മുഖ്യമന്ത്രിയെ പഠിപ്പിക്കും…

പി സി ജോര്‍ജ് വിശേഷം തത്കാലം അവിടെ നിര്‍ത്താം. ഇനി രാജേട്ടനെക്കുറിച്ച് പറയാം. കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് തങ്ങള്‍ അകൗണ്ട് തുറന്നെന്നാണ് ബിജെപിയുടെ വീരവാദം. നേമത്ത് ജയിച്ചത് ബിജെപിയല്ല രാജേട്ടനാണെന്നു പറഞ്ഞാല്‍, അതാണ് അതിന്റെ ശരി. കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എന്തെങ്കിലുമൊക്കെയൊരു അനക്കം ഉണ്ടാക്കാന്‍ ബിജെപിക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടെന്നത് നേരു തന്നെ, പക്ഷേ അതിനെക്കാളുമൊക്കെ മുന്നേ തന്നെ രജേട്ടനോട് മലയാളിക്ക് മതിപ്പായിരുന്നു. മത്സരിച്ചു മത്സരിച്ചു തോല്‍ക്കുമ്പോളും എന്നെങ്കിലുമൊരിക്കല്‍ രാജേട്ടന്‍ ജയിക്കുമെന്ന് വിശ്വസിച്ചവര്‍ ബിജെപിക്കാര്‍ മാത്രമല്ല. ആ വിശ്വാസമാണ് നേമത്തുകാര്‍ സാര്‍ത്ഥകമാക്കിയത്. അതുകൊണ്ട് തന്നെ ഈ വിജയം രാജേട്ടനൊന്നു ജയിച്ചു കാണാനുള്ള കൊതികൊണ്ട് ഉണ്ടായ വിജയമാണ്. അതു രാജേട്ടന്റെ മാത്രം വിജയമാണ്. എന്നാല്‍ അതിന്റെയൊരു അഹങ്കാരവും ശാന്തസ്വരൂപനായ ഈ പഴയ ജനസംഘക്കാരനില്‍ നിന്നുണ്ടാകില്ലെന്നു മാത്രമല്ല, ഇന്നത്തെ സഭയിലെ പ്രകടനം വീക്ഷിച്ചാല്‍ മനസിലാകും ഈ മനുഷ്യന്‍ ഒറ്റയ്ക്കു നിന്നു തന്നെ അടുത്ത നിയമസഭയിലേക്ക് ബിജെപിക്ക് ആളെ കൂട്ടുമെന്ന്.

പ്രതിപക്ഷ നേതാവ് ഓരിയിടുന്നതുപോലെ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തതിലൂടെ തെളിഞ്ഞത് എല്‍ഡിഎഫ്-ബിജെപി ബന്ധമാണെന്ന ആരോപണത്തിനൊന്നും ഒരു നിലവാരവുമില്ല. ബിജെപിയുടെ വോട്ട് വേണ്ടെന്ന് ഇന്നലെ ഉറഞ്ഞുതുള്ളി പറഞ്ഞയാളാണ് ചെന്നിത്തല. തന്റെ വോട്ട് യുഡിഎഫിന് വേണ്ടെങ്കില്‍ അത് എല്‍ഡിഎഫിന് കൊടുത്തൂ രാജഗോപാല്‍. വോട്ട് വേണ്ടായെന്നു പറയുന്നതില്‍ എത്രകണ്ട് ജനാധിപത്യ മര്യാദ ഉണ്ടെന്ന് അറിയില്ല, പക്ഷേ വോട്ടവകാശം പാഴാക്കാതിരിക്കുന്നത് അഭനന്ദനീയമാണ്. ജോര്‍ജ് പഠിച്ച സ്‌കൂളിലല്ല രാജഗോപാല്‍ പഠിച്ചിറങ്ങിയെന്നതിനാല്‍ വാശിക്കും വൈരാഗ്യത്തിനൊന്നും നിന്നില്ല. പകരം പക്വമായ രാഷ്ട്രീയ നിലപാടെടുത്തു. ആ നിലപാട് പ്രത്യക്ഷത്തില്‍ എല്‍ഡിഎഫിനാണ് ഗുണം ചെയ്തതെന്നു തോന്നുമ്പോഴും ബിജെപിയുടെ സാധ്യതകളാണ് അവരുടെ ആദ്യ എംഎല്‍എ ലക്ഷ്യമിടുന്നത്. തന്റെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുന്നൂ എന്നാണ് രാജഗോപാല്‍ പറഞ്ഞത്. അതായത് ന്യായം നോക്കിയായിരിക്കും ബിജെപിയുടെ ഏകപ്രതിനിധിയുടെ ഇനിയുള്ള പ്രവര്‍ത്തികളെന്ന്. എന്നും സര്‍ക്കാരിനെ അനുകൂലിക്കുമെന്നല്ല, സാഹചര്യമനുസരിച്ച് പ്രതിപക്ഷത്തിനൊപ്പവും നില്‍ക്കുമെന്നും കൂടിയാണ് ആ സൂചനകള്‍. സ്വാഭാവികമായും ഇത് ജനത്തിന്റെ ശ്രദ്ധയില്‍ പെടും. ഇതുവഴി രാജേട്ടന്‍ സ്ഥിരം വാര്‍ത്താവിഭവമാകും. ചാനലുകളില്‍ അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തിയും വാക്കും വാര്‍ത്തയുമാകും. ബിജെപി എന്ന പാര്‍ട്ടി കേരളത്തില്‍ സജീവ സാന്നിധ്യമായി നില്‍ക്കും. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെങ്കിലും മറ്റുള്ളവരെപ്പോലെ പാര്‍ട്ടി വിപ്പെന്ന കൈച്ചങ്ങല രാജഗോപാലിനുണ്ടാകില്ല. സ്വന്തം മനസാക്ഷിക്കനുസരിച്ച് അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം. ഇന്നത്തേതുപോലുള്ള നീക്കങ്ങള്‍ ഇനിയുമുണ്ടായാല്‍ കൈയ്യടിക്കാന്‍ ആളുകൂടും. ചില ചെന്നിത്തലമാരും ഉണ്ടാകുമെങ്കിലും, സാരമാക്കണ്ട.

പക്ഷേ അതിനിടയിലും രാജേട്ടന്‍ തന്നിലെ സംഘിത്വം പുറത്തെടുത്തൂ എന്നത് ചെറിയൊരു കല്ലുകടിയായി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിനു പറഞ്ഞ ന്യായം തികച്ചും അന്യായമായാണ് തോന്നിയത്. ഒന്നാമതായി രാജേട്ടനില്‍ ചന്ദ്രനിലെ കളങ്കമെന്നപോലെ കുറച്ചു സവര്‍ണബോധമുണ്ടെന്ന് കരക്കാര്‍ പറയുന്നുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയില്‍ തൊട്ട് നേമത്തെ ഒരു സാധരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തില്‍ വരെ അതിനെ സാധൂകരിക്കുന്ന ചില പ്രസ്താവനകള്‍ വരികയും ചെയ്തു. ഇപ്പോഴിതാ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ശ്രീത്വം വിളയുന്ന മുഖം കണ്ടിട്ടാണെന്നു പറഞ്ഞുവയ്ക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി്ക്ക് അശ്രീത്വം ഉണ്ടെന്നൊരു ധ്വനികൂടി അതിലുണ്ടായി പോകുന്നു. സജീന്ദ്രന്‍ ഒരു പിന്നാക്കക്കാരന്‍ ആണെന്നതുകൂടി കണക്കിലെടുത്താല്‍ രാജഗോപാല്‍ വോട്ട് ചെയ്തത് ഒരു നായര്‍ക്കാണെന്നൊക്കെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ അവരെ തെറ്റുപറയാന്‍ പറ്റില്ല. ഇനി സഭാപതിയെ പുകഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതാണെങ്കില്‍, നിയമസഭ ശ്രീകോവിലാണെന്നൊക്കെ ഒരു രസത്തിനങ്ങ് പറയുന്നതേയുള്ളൂ (കൂടുതല്‍ കാര്യങ്ങള്‍ നേമത്തെ തോറ്റ എംഎല്‍എ ശിവന്‍കുട്ടി പറഞ്ഞുതരും). അങ്ങനെയുള്ളപ്പോള്‍ ശ്രീത്വവും സൗന്ദര്യവുമൊക്കെ ഒരു നിയമനിര്‍മാണസഭയില്‍ അധികപറ്റല്ലേ….

പറഞ്ഞതു പറഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് പ്രസംഗത്തിന്റെ ബാക്കിഭാഗം വരുന്നത്. ഒപ്പം ത്രേതായുഗത്തില്‍ നിന്നുള്ള രാമനെയും ദ്വാപരയുഗത്തില്‍ നിന്നുള്ള കൃഷ്ണനെയും കൂട്ടി. എന്നിട്ടവരെ രണ്ടുപേരെയും കൂടി സ്പീക്കര്‍ ഡയസില്‍ പ്രതിഷ്ഠിച്ചു. ധര്‍മത്തിന്റെ ആള്‍ രൂപമായ രാമനും ധര്‍മസംസ്ഥാപനാര്‍ത്ഥം പുനരവതരിച്ച കൃഷ്ണനും ചേര്‍ന്നതാണ് തന്റെ മുന്നിലിരിക്കുന്ന ശ്രീരമാകൃഷ്ണനെന്നൊക്കെ പറഞ്ഞുവച്ചപ്പോള്‍ ആ കാവി ജുബ്ബയിട്ടു നില്‍ക്കുന്നയാളുടെ പേര് രാജഗോപാലെന്നാണോ വെണ്‍മണി വിഷ്ണുവെന്നാണോ എന്നു ശങ്കിച്ചവരുമുണ്ട്.

പണ്ട് കൗരവസഭയില്‍ സമാധാനം പറയാന്‍ പോയ കൃഷ്ണന്റെ ഗതികേടാണ് ഓരോ നിയമസഭ സ്പീക്കര്‍ക്കുമുള്ളതെന്നൊക്കെ അറിയാം. എത്ര ശക്തനായാലും മദമിളകി വരുന്ന ജയരാജന്മാര്‍ സ്വന്തം ഇരിപ്പടം പോലും വലിച്ചുദൂരെയെറിഞ്ഞു കളയും. ആയതിനാല്‍ പുതിയ സ്പീക്കര്‍ക്ക് തട്ടുകേടുകളൊന്നും വരാതെ സഭയില്‍ സമാധനവും ധര്‍മവും പാലിച്ചുപോകാന്‍ ഇടയാക്കണമെന്ന് സൗഗരവം തന്നെ ദൈവത്തോട് പറഞ്ഞുവയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല. അതുപക്ഷേ ഇമ്മാതിരി ഭാഗവതപാരായണംപോലെയായാല്‍ വരുംവരായ്കകള്‍ രാജേട്ടന്‍ തന്നെ അനുഭവിക്കേണ്ടി വരും.

അതുകൊണ്ട് സഭയ്ക്കകത്തെങ്കിലും രാമകൃഷ്ണന്മാരോട് അല്‍പ്പം വിഭക്തി കാണിച്ച് ജനാധിപത്യത്തോട് ഭക്തി തോന്നിയാല്‍, അതിന്റെ ഗുണം നേമത്തു നിന്നങ്ങ് മഞ്ച്വേശരം വരെ കിട്ടും…

ഏതായാലും…വരും നാളുകള്‍ രാജേട്ടന്റെയും പി സിയുടെതുമായിരിക്കുമെന്ന വിശ്വാസത്തോടെ…

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍