UPDATES

‘നിന്നെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ല’ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം; എന്നിട്ടും ട്രാന്‍സ്ജന്‍ഡര്‍ ആക്രമണക്കേസ് അല്ലെന്ന് പോലീസ് പറയുന്നത് ആര്‍ക്കുവേണ്ടി?

ഞങ്ങളെ ഫോളോ ചെയ്യുന്നവര്‍ ഞങ്ങളെല്ലാവരും അവര്‍ ആഗ്രഹിക്കുന്നത് പോലെയല്ല ജീവിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്

തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കും സഹോദരനും നേരെയുണ്ടായ ആക്രമണം ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് നേരെയുണ്ടായ ആക്രമണമല്ലെന്ന് പോലീസ്. അവരുടെ സഹോദരന്‍ മാത്രമാണ് ആക്രമിക്കപ്പെട്ട് സ്റ്റേഷനില്‍ കഴിയുന്നതെന്ന് ശ്രീകാര്യം എസ്‌ഐ കെ ആര്‍ ബിജു അഴിമുഖത്തോട് പറഞ്ഞു. ഈ കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്രമണക്കേസില്ല. ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ ആക്രമിച്ചത് മാത്രമാണ് കേസ്. വണ്ടിയെടുക്കുന്നതുമായ വാക്കുതര്‍ക്കമാണ് ഇത്. കണ്ടാലറിയാവുന്ന നാല് പേര്‍ എന്നാണ് അവര്‍ പറഞ്ഞത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. അതേസമയം നിന്നെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇത് ഒരു വാക്ക് തര്‍ക്കത്തിനിടെ വഴക്ക് പറഞ്ഞിട്ടുണ്ടാകും അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകുമെന്ന് മാത്രമേ കരുതാനാകൂവെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ ട്രാന്‍സ്‌ജെന്‍ഡര്‍ അരുണിമ അഴിമുഖത്തോട് പറഞ്ഞത് മറ്റൊന്നാണ്. ക്രൂരമായി ആക്രമിക്കപ്പെട്ട ഇവരുടെ സഹോദരന്‍ ശ്യാം സ്റ്റീഫന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി മെഡിക്കല്‍ കോളേജില്‍ ശുശ്രൂഷയിലാണ്.

‘എന്റെ സഹോദരിയുടെ വിവാഹനിശ്ചയം നടക്കുകയായിരുന്നു. ചടങ്ങ് നടക്കുന്നിടത്തു നിന്നും എന്റെ സഹോദരന്‍ ശ്യാമിനെ അവര്‍ വിളിച്ചുകൊണ്ട് പോയി. കമ്മ്യൂണിറ്റിയിലെ പലരില്‍ നിന്നും വ്യത്യസ്തമായി വീട്ടുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയും ട്രാന്‍സ്‌ജെന്‍ഡറായ ആളാണ് ഞാന്‍. എന്റെ അനിയനാണ് എന്റെ കൂടെ എവിടെയും വരുന്നത്. അവര്‍ക്ക് അത് മനസിലാകണമെന്നില്ലല്ലോ? അവര്‍ ഞങ്ങളുടെ ബന്ധത്തെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് തന്നെ ഒരു ട്രാന്‍സ് സഹോദരിയായ കാര്‍ത്തിക താമസിക്കുന്നുണ്ട്. ചടങ്ങിനെത്തിയ ലച്ചു എന്ന ട്രാന്‍സ് സഹോദരി വികലാംഗയാണ്. അവളെ കാര്‍ത്തികയുടെ വീട്ടില്‍ നിന്നും എത്തിക്കാന്‍ ശ്യാമാണ് കാറെടുത്ത് വീടിന് മുന്നിലിട്ടത്.

അതിന്റെ പേരില്‍ ശ്യാമുമായി എന്തോ വാക്കുതര്‍ക്കമുണ്ടായിരുന്നു. വികലാംഗയാണെന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. അതിന്റെ പേരില്‍ അവന് നേരെ അസഭ്യം പറഞ്ഞിരുന്നു. പിന്നീട് തിരിച്ചുവന്ന അവര്‍ വിവാഹ നിശ്ചയം നടക്കേണ്ട എന്റെ അനിയത്തിയോട് ‘നീയൊക്കെ മറ്റേ പണിക്ക് പോകുന്നവരല്ലേ’ എന്ന് ചോദിച്ചു. അനിയനെ പിടിച്ചുവലിക്കുന്നത് തടയാന്‍ നോക്കിയപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി. വരന്റെ വീട്ടുകാര്‍ക്ക് എന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് അറിയാമെങ്കിലും അത്തരമൊരു ചോദ്യം അവര്‍ ചോദിച്ചപ്പോള്‍ കൂട്ടത്തിലെ ചില പ്രായമുള്ളവര്‍ അപ്രിയം പ്രകടിപ്പിച്ച് മറ്റുള്ളവരെയും കൂട്ടി ഇറങ്ങിപ്പോയി. എന്റെ ഒരു സുഹൃത്ത് കൂടിയായ വരന്റെ ബന്ധുക്കളെ പറഞ്ഞ് മനസിലാക്കിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെങ്കിലും സഹോദരിയുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്ന ഒരു സംഭവം മുടങ്ങിനില്‍ക്കുകയാണ് ഇപ്പോള്‍.

അവരുടെ ബഹളം കേട്ടാണ് ജനങ്ങളെല്ലാം ഓടിക്കൂടിയത്. നാട്ടുകാരും ഇപ്പോള്‍ ഞങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് സംശയിക്കുകയാണ്. ഞങ്ങളെ ഫോളോ ചെയ്യുന്നവര്‍ ഞങ്ങളെല്ലാവരും അവര്‍ ആഗ്രഹിക്കുന്നത് പോലെയല്ല ജീവിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതേസമയം സംഘപരിവാറിന്റെ ആളുകളാണെന്നൊന്നും എനിക്ക് ഉറപ്പുപറയാന്‍ സാധിക്കില്ല. അവരുടെ കൈകളിലെ നൂലുകളും നെറ്റിയിലെ ഗോപിയുമെല്ലാമാണ് അവര്‍ക്ക് അത്തരമൊരു ഐഡന്റിറ്റി നല്‍കുന്നതെന്ന് തോന്നുന്നു. ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ളവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സംഘപരിവാറുകാരാണെന്ന് അറിഞ്ഞത്. എന്തായാലും നിന്നെയൊന്നും ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് അവര്‍ ശ്യാമിന്റെ തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും കയ്യിലുണ്ടായിരുന്ന ഇടിവള കൊണ്ടും കഠാരയുടെ പിടികൊണ്ടും മര്‍ദ്ദിക്കുകയും ചെയ്തത്. ആദ്യം തര്‍ക്കമുണ്ടാക്കിയവര്‍ രണ്ടാമത് വന്ന് നേരിട്ട് ഇടിക്കുകയായിരുന്നു. ഈ പ്രദേശത്ത് കമ്മ്യൂണിറ്റിയിലുള്ള ഏതാനും പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഞങ്ങളെയാരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് എന്റെ അനിയനെ ഈ പരുവത്തിലാക്കിയത്.’- അരുണിമ വ്യക്തമാക്കി.

അരുണിമയുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ ട്രാന്‍സ്ജന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനത്താണ് പോലീസ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ ആക്രമണം ഒതുക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ നയം അനുസരിച്ച് ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഗുരുതരമായ കുറ്റമാണ് ചുമത്തപ്പെടേണ്ടത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍