UPDATES

പെരിയയില്‍ തിരിച്ചാക്രമിച്ച് കോണ്‍ഗ്രസ്‌: നിരവധി സിപിഎം കുടുംബങ്ങള്‍ വീടുവിട്ടു: ആളൊഴിഞ്ഞ വീടുകളില്‍ കൊള്ളയും കൊള്ളിവയ്പ്പും

ഹര്‍ത്താലിന്റെ മറവില്‍ മോഷ്ടിക്കപ്പെട്ടത് പത്ത് പവനും മൂന്ന് ലക്ഷം രൂപയും വീട്ടുപകരണങ്ങളും

കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. വ്യാപകമായ ആക്രമണത്തെ തുടര്‍ന്ന് പലരും വീടുകള്‍ ഉപേക്ഷിച്ച് ബന്ധു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എ പീതാംബരന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കാര്‍ അടിച്ചുതകര്‍ത്തു. വീട്ടിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളും തയ്യല്‍ മിഷിയനും തീയിട്ടു. വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ കവുങ്ങും വാഴയും വെട്ടിനശിപ്പിച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ മഞ്ജുവും 13 കാരിയായ മകള്‍ ദേവികയും പ്രാണരക്ഷാര്‍ത്ഥം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികള്‍, ജനല്‍ച്ചില്ലുകള്‍, വാതിലുകള്‍, മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും നശിപ്പിച്ചു. വീടിന്റെ ഒരുഭാഗവും ഒഴിയാത്ത രീതിയിലാണ് അക്രമികള്‍ നശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് മാറി. പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം പീതാംബരന്റെ വീടിന് നേരെ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെയും ആക്രമണമുണ്ടാകുന്നുണ്ട്. പ്രദേശത്തെ ഒരു ബീഡിക്കമ്പനിക്കും അക്രമികള്‍ തീയിട്ടു. അക്രമസംഭവങ്ങളില്‍ ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്ല്യോട്ട് പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ ആരും തന്നെ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പലരും അക്രമങ്ങള്‍ ഭയന്ന് കുടുംബമുള്‍പ്പെടെ സ്ഥലം മാറി പോയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്വാധീന മേഖലയാണ് ഇത്. സിപിഎമ്മിന് ചില പോക്കറ്റുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ആളുകള്‍ താമസം മാറുന്നത് താല്‍ക്കാലികം മാത്രമാണെന്നാണ് കാസര്‍ഗോഡെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത്. രാഷ്ട്രീയ കൊലപാതകത്തോടുള്ള പ്രതിഷേധത്തിലുണ്ടാകുന്ന ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്ന സംഘാര്‍ഷാവസ്ഥ കണക്കിലെടുത്താണ് ഇവര്‍ താല്‍ക്കാലികമായി മാറി താമസിക്കുന്നത്. പാര്‍ട്ടിയുമായി വിദൂര ബന്ധമുള്ളവര്‍ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളിലുള്ളത്.

ആളുകള്‍ ഒഴിഞ്ഞു പോയ വീടുകളില്‍ വ്യാപകമായ മോഷണങ്ങളും നടക്കുന്നുണ്ട്. യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയ ദിവസം കല്ല്യോട്ടും പരിസര പ്രദേശങ്ങളിലും വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് നടന്നത്. പഞ്ചായത്ത് അംഗമായ ശശിധരന്‍, ക്വാര്‍ട്ടര്‍ അനീഷ്, മര്‍ച്ചന്റ് സതീഷന്‍, കുങ്കന്‍ രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവര്‍ക്കൊപ്പം കണ്ണൂരില്‍ നിന്നെത്തിയ കെ സുധാകരന്റെ ആളുകളുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിരലിലെണ്ണാവുന്ന സിപിഎം കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ സ്വന്തം വീടുകളില്‍ താമസിക്കുന്നത്. മാറാതിരുന്നവരെ വിരട്ടിയോടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ആളൊഴിഞ്ഞ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് കൊള്ള നടന്നത്. സിപിഎം പ്രവര്‍ത്തകനായ ഇ വി കുട്ടികൃഷ്ണന്റെ വീട്ടില്‍ ഉടുതുണിയൊഴിച്ച് ഇനിയൊന്നും ബാക്കിയില്ലാത്ത അവസ്ഥയാണ്. ചെറുകിട കരാറുകാരനായ കുട്ടികൃഷ്ണന്റെ കല്ല്യോട്ടെ വീട് തകര്‍ത്ത അക്രമികള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ കവര്‍ന്നു. അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അക്രമണത്തിനിരയായ വീടുകളുമായി ബന്ധപ്പെടാന്‍ സായുധരായ അക്രമികള്‍ അനുവദിക്കാത്തതിനാല്‍ കൊള്ളയും കൊള്ളിവെപ്പും ആദ്യദിവസം പുറത്തുവന്നില്ല. സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ കാലുകുത്തിയാല്‍ കൊന്നു കളയുമെന്ന ഭീഷണിയുമുണ്ട്.

ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ പോലും സായുധരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. സിപിഐഎം അനുഭാവികളായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ വീട്ടില്‍കയറാന്‍ പോലും അക്രമികള്‍ അനുവദിക്കുന്നില്ല. മിക്ക കുടുംബംഗങ്ങളും ഇതരപ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കല്ല്യോട്ടെ ഗംഗാധരന്റെ വീട് കോണ്‍ഗ്രസുകാര്‍ കൊള്ളയടിച്ചശേഷമാണ് തകര്‍ത്തത്. മുറിക്കകത്തുള്ള അലമാരയിലും മേശവലിപ്പിലുമായി സൂക്ഷിച്ച ഒരു ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം ലാപ്‌ടോപ്പ്, ടി വി ഫ്രിഡ്ജ് എന്നിവ പൂര്‍ണമായും തകര്‍ത്ത് തീയിട്ടു. ഈ വീട്ടില്‍ കത്തിയമരാതായി ഇനി ഒന്നുമില്ല. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടര്‍ കംപ്രസര്‍ തീയിട്ടു നശിപ്പിച്ചു. പീതാംബരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഗംഗാധരന്‍ നടത്തിയിരുന്ന ഫര്‍ണിച്ചര്‍ കട അഗ്‌നിക്കിരയാക്കി.

കല്ല്യോട്ട് റബ്ബര്‍ വ്യാപാരം നടത്തുന്ന വല്‍സരാജിന്റെ സിഎല്‍ മലഞ്ചരക്ക് കടയില്‍ സൂക്ഷിച്ച 60 ക്വിന്റല്‍ റബ്ബര്‍ കത്തിച്ചു കളഞ്ഞു. ടിപ്പര്‍ ലോറിതകര്‍ത്തു. വല്‍സരാജിനുമാത്രം 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. എച്ചിലടുക്കത്തെ സിജെ ഇന്റര്‍ലോക്ക് കട അടിച്ചുതകര്‍ത്തു. എച്ചിലടുക്കത്തെ മാധവന്റെ പലചരക്കു കട, എച്ചിലടുക്കത്തെ ദേശാഭിമാനിക്ലബ്ബ് എന്നിവ തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് അടിച്ചുതകര്‍ത്ത കല്ല്യോട്ടെ എ കെജിമന്ദിരം തിങ്കളാഴാച തീയിട്ട് കത്തിച്ചു. എച്ചിലടുക്കത്തെ എ ശേഖരന്‍ നായര്‍ സ്മാരക സ്തൂപം അക്രമികള്‍ അടിച്ചു തകര്‍ത്തു.

പ്രദേശത്ത് നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും വീടുകളും കടകളും അടിച്ചു തകര്‍ത്തതായും ബേക്കല്‍ പോലീസ് സ്ഥിരീകരിച്ചു. അതേസമയം അക്രമങ്ങള്‍ക്ക് പിന്നിലാരാണെന്ന് ഇതുവരെയും ഉറപ്പിക്കാനായിട്ടില്ല.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍