UPDATES

കുഞ്ഞുങ്ങളെപ്പോലെ കൊണ്ടു നടന്ന പന്ത്രണ്ടായിരം വാഴത്തൈകള്‍ വെട്ടിയരിഞ്ഞിട്ട് ഇവര്‍ എന്ത് നേടി?

പ്രാദേശിക ഭരണ മുന്നണിയായ ഇടത് കക്ഷികള്‍ തമ്മിലുള്ള വഴക്കിന് കൈയിലെ അവസാന പൊന്നും പണയം വെച്ച് കൃഷി നടത്തിയ പാവങ്ങളെ ബലിയാടാക്കുകയായിരുന്നു?

പന്ത്രണ്ടായിരം വാഴത്തൈകള്‍… കടമെടുത്ത പൈസകൊണ്ട് 20 ഏക്കര്‍ പാട്ടത്തിനെടുത്ത്, തൈകള്‍ വാങ്ങി രണ്ട് മാസം കൊണ്ട് നട്ട് തീര്‍ന്നവ. കാട്ടാനയ്ക്കും കാട്ടുപന്നിക്കും വിട്ടുകൊടുക്കാതെ വേലികെട്ടി നെഞ്ചോട് ചേര്‍ത്തവ. ഓരോ തളിരും കിളിര്‍ത്തുവരുമ്പോഴും ആശകള്‍ ആകാശം മുട്ടെ തന്നവ. അതാണ് ഒരു സുപ്രഭാതത്തില്‍ വനഭൂമിയെന്ന ആരോപണത്തില്‍ ആദിവാസികളില്‍ നിന്ന് റിക്രൂട്ട് ചെയ്ത ഗാര്‍ഡുകളെ മുന്‍നിര്‍ത്തി ഡി.എഫ്.ഒ, വി.പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ അറുപതോളം വരുന്ന വനംവകുപ്പ് സംഘം വെട്ടി നശിപ്പിച്ചത്. ജൂലൈ 21 വെള്ളിയാഴ്ചത്തെ പ്രഭാതം അട്ടപ്പാടിയിലെ അഗളി മേഖലയിലെ കുറുക്കന്‍ കുണ്ടുകാര്‍ക്ക് നടുക്കത്തിന്റേതായിരുന്നു. വിവരമറിഞ്ഞ് കര്‍ഷകരും നാട്ടുകാരും എത്തിയപ്പോഴേക്കും നല്ലൊരു ശതമാനം വാഴകളും നശിപ്പിക്കപ്പെട്ടിരുന്നു.

ഒന്നില്‍ നിന്നൊന്നിലേക്ക് വാക്കത്തി ഉയരുന്നതും തളിര്‍ത്ത് നില്‍ക്കുന്ന വാഴകളോരോന്നായി നിലംപരിശാകുന്നതും കണ്ട് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയും ഇടയിലുണ്ടായ തര്‍ക്കത്തില്‍ കൃഷിക്കാരില്‍ ഒരാളായ കുഞ്ഞിമോന്റെ താടിയെല്ലില്‍ ക്ഷതമേല്‍ക്കുകയും ചെയ്തു. എങ്കിലും, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി പറയാനൊന്നും കുഞ്ഞുമോന്‍ നിന്നില്ല. പിടിപാടുള്ള ആളുകളല്ലേ.. അവരോടൊക്കെ ജയിക്കാനും മാത്രം നമ്മള്‍ വളര്‍ന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ കുഞ്ഞുമോന്റെ സഹോദരന്‍ വില്‍സണിനേയും കണ്ടാലറിയാവുന്ന ചിലരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അനധികൃതമായി വനഭൂമിയില്‍ പ്രവേശിക്കുകയും വനഭൂമി കയ്യേറുകയും ചെയ്തു എന്ന് കാട്ടിയാണ് കുഞ്ഞുമോന്‍, വില്‍സണ്‍ എന്നിവര്‍ക്കെതിരെ വനം വകുപ്പ് കേരള ഫോറസറ്റ് സെക്ഷന്‍ 27,66 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇതിന് പുറമേ, അഗളി റെയ്ഞ്ച് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 24 പേര്‍ക്കുമെതിരെ അഗളി പൊലീസും കേസെടുത്തിട്ടുണ്ട്. പ്രദേശവാസിയായ ഷാജി നെല്ലിക്കാനത്തിന്റെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലാണ്.

കുറുക്കന്‍കുണ്ടുകാരായ കുഞ്ഞുമോന്‍ വട്ടത്തോട്ടം, വില്‍സണ്‍, ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തൃശ്ശൂരിലെ ഒരു വ്യാപാരിയില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൂട്ടായി കൃഷി ചെയ്ത് വരികയായിരുന്നു ഇവിടെ. വാഴയ്ക്കാവശ്യമായ വളം താത്ക്കാലികമായി സൂക്ഷിച്ചുവന്നിരുന്ന ഷെഡും അധികൃതര്‍ വെറുതേ വിട്ടില്ല. പെട്ടിയിലിരുന്ന അവസാനത്തെ ഒരുതരി പൊന്നും പണയം വെച്ച് കൃഷി നടത്തി തുടങ്ങിയ ഇവര്‍ ഇന്ന് ധര്‍മ്മ സങ്കടത്തിലാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ കാടിനേയും കാട്ട് മൃഗങ്ങളേയും കാലാവസ്ഥയേയും വെല്ലുവിളിച്ച് തുടങ്ങിയ സംരംഭത്തെ സംരക്ഷിച്ചങ്കിലും, നിയമത്തിന്റെ പേരില്‍ അധികൃതര്‍ ചെയ്ത പ്രവര്‍ത്തി ഈ പാവങ്ങളെ പാടെ തളര്‍ത്തിക്കളഞ്ഞു.

വനം വകുപ്പുമായുണ്ടായ തര്‍ക്കത്തിനിടിയില്‍ ഭൂമിയുടെ പട്ടയവുമായി വിന്‍സണും കുഞ്ഞുമോനും

‘കൃഷിഭൂമി സംബന്ധിച്ച വിഷയത്തില്‍ തഹസില്‍ദാര്‍ കൃഷിക്കാരെയും വനം വകുപ്പിനേയും ഒരുമിച്ച് വിളിപ്പിക്കുകയും, ഇത് വനഭൂമിയല്ലെന്നും, പട്ടയമുള്ള സ്ഥലമാണെന്നും അറിയിച്ചെങ്കിലും, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത ദിവസം രാവിലെ ആയുധങ്ങളുമായെത്തി വാഴകളെല്ലാം പിഴുതെറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

വനംവകുപ്പിന്റെ രേഖയില്‍ 1971-ലെ സ്വകാര്യ വനഭൂമിഏറ്റെടുക്കല്‍ നിയമ പ്രകാരം സര്‍ക്കാരിലേക്ക് ദേശസാത്ക്കരിക്കപ്പെട്ട ഭൂമിയാണ് ഇവിടം. 2008-09 വര്‍ഷങ്ങളില്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു. നിലവില്‍ ഇവിടെ താമസിക്കുന്നവരെ അനധികൃതമായി താമസിക്കുന്നവരായി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വനംവകുപ്പ് വാദിക്കുന്നു. എന്നാല്‍ റവന്യൂവകുപ്പിന്റെ രേഖകള്‍ പ്രകാരം പ്രദേശത്തെ ഭൂമിക്ക് പട്ടയമുണ്ട്. വനം വകുപ്പ് കൃഷി നശിപ്പിച്ച ഭൂമി, റവന്യൂ വകുപ്പിന്റെ രേഖകള്‍ അനുസരിച്ച് കള്ളമല വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 1139-ല്‍ പെട്ട 29 ഏക്കര്‍ ഭൂമിയാണ്. നിലവിലെ രേഖകള്‍ അനുസരിച്ച് ആലപ്പാട് സ്വദേശികളായ കേളുക്കുട്ടി, സതി കേളുക്കുട്ടി, തൃശ്ശൂര്‍ സ്വദേശിനികളായ വിജി ശ്രീരഞ്ച്, ബിന്ദു ഷാലി എന്നിവരുടെ പേരിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം.

റവന്യു- വനം സര്‍വ്വേ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനകളില്‍, മുന്‍പ് നികുതിയടച്ച കൃഷിഭൂമിയാണിതെന്ന് 2005ല്‍ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഈ ഭൂമിക്ക് നികുതി കെട്ടിയ രേഖകള്‍ ഭൂവുടമകളുടെ പക്കലുമുണ്ട്. ഈ ഭൂമിയില്‍ വൈദ്യുതി ഇതുവരെ ലഭ്യമായിട്ടില്ല. കാരണം, 1980ലെ വനസംരക്ഷണ നിയമ പ്രകാരം കേന്ദ്ര വനമന്ത്രാലയത്തിന്റെ അനുമതി ഇതിന് ആവശ്യമാണ്.

നശിപ്പിക്കപ്പെട്ട വാഴകള്‍ക്ക് പകരം രണ്ട് ലക്ഷം രൂപ വനംവകുപ്പ് നഷ്ടപരിഹാരം നല്‍ണമെന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചുവെന്നും, ഇത് സംബന്ധിച്ച് തയ്യാറാക്കിയ രേഖകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പിട്ടിട്ടുണ്ടെന്നും, നഷ്ടപരിഹാതരത്തുക ഒരാഴ്ചയ്ക്കകം ലഭിക്കും എന്നുമാണ് താഹസില്‍ദാര്‍ പറയുന്നത്. എന്നാല്‍, നഷ്ടപരിഹാരത്തുക നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് വനംവകുപ്പ്.

കൃഷിയിറക്കിയിരിക്കുന്ന സ്ഥലം വനഭൂമി തന്നെയാണെന്നും, ഇവിടെ നിയമം നടപ്പിലാക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂവെന്നും മണ്ണാര്‍ക്കാട് ഡി.എഫ്. ഒ വി.പി ജയപ്രകാശ് പറഞ്ഞു. പ്രശ്‌നം കൃത്യമായി പഠിക്കാതെ വിഷയത്തില്‍ ഒന്നും പറയാനാകില്ല എന്നാണ് പാലക്കാട് ജില്ലാ കളക്ടര്‍ പി.മേരി പറഞ്ഞത്.

ഭരണ മുന്നണിയായ എല്‍.ഡി.എഫിലെ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് കുറുക്കന്‍ കുണ്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യു.ഡി.എഫ് അട്ടപ്പാടി മേഖലാ കമ്മിറ്റി ആരോപിക്കുന്നു. പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ജനങ്ങക്ക് മേല്‍ തീര്‍ക്കാന്‍ പാടില്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ പകപോക്കലാണോ, അതോ കുറുക്കന്‍ കുണ്ടിനടുത്ത് തുടങ്ങാനിരിക്കുന്ന സ്വകാര്യ റിസോര്‍ട്ടിനെ സംരക്ഷിച്ചു നിര്‍ത്താനുള്ള തത്രപ്പാടാണോ ഈ പ്രവര്‍ത്തിയെന്ന് സംശയിക്കുന്നവരും ഇവിടെയുണ്ട്.

ഇവിടെ, കര്‍ഷകര്‍ വളരെ ശാന്തരായിരുന്നത് കൊണ്ടാണ് കേരളം ഞെട്ടിയേക്കാമായിരുന്ന അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. അത്രയ്ക്ക് പ്രകോപനപരമായിരുന്നു വനം വകുപ്പ് നടപടി. ഇനി കരുതിക്കൂട്ടി ഒരു ജനകീയ സമരം പുറപ്പെടാന്‍ കോപ്പുകൂട്ടുകയാണോ ഇതിന് പിന്നില്‍ ചരട് വലിക്കുന്നവര്‍ എന്ന സംശയം പ്രദേശവാസികള്‍ പലരും പ്രകടിപ്പിക്കുന്നുണ്ട്.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍