ചുരമിറങ്ങി മണ്ണാര്‍ക്കാട് വരേണ്ടിവരുന്ന ആദിവാസികളുടെ പ്രയാസത്തേക്കുറിച്ച് സംസാരിക്കുന്നവര്‍ പക്ഷേ, ഏറെ ശക്തമായി ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം മാത്രം കണക്കിലെടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം
കാലങ്ങള്‍ക്കു ശേഷം വീണ്ടും ചര്‍ച്ചയാവുകയാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് എന്ന ആശയം. പതിറ്റാണ്ടുകളായി അട്ടപ്പാടിയില്‍ നിന്നുള്ള ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും മുന്നോട്ടു വയ്ക്കുന്ന ആവശ്യം എന്ന നിലയില്‍, പല തവണ സര്‍ക്കാര്‍ ഈ വിഷയം പരിഗണനയ്ക്ക് വയ്ക്കുകയും, പല കാരണങ്ങള്‍ കാരണം തള്ളിപ്പോകുകയും ചെയ്തിരുന്നു. ഇക്കാലയളവിനിടെ സംസ്ഥാനത്ത് പുതിയ പല താലൂക്കുകളും പ്രവര്‍ത്തനമാരംഭിച്ചെങ്കിലും, അട്ടപ്പാടി ട്രൈബല്‍ താലൂക്ക് മാത്രം ഫയലുകളില്‍ ഒതുങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചത്. രാഷ്ട്രീയപ്രവര്‍ത്തകരും ജനപ്രതിനിധികളുമടക്കം വലിയ സന്തോഷത്തോടെയാണ് വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍, തൊട്ടുപിന്നാലെ തന്നെ ധനകാര്യവകുപ്പ്, താലൂക്ക് പെട്ടന്ന് രൂപീകരിക്കാനുള്ള അനുമതി നിഷേധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുതിയ താലൂക്ക് രൂപീകരിച്ചാല്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ തസ്തികകള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകളുണ്ടാക്കുമെന്നാണ് ധനകാര്യ വകുപ്പിന്റെ വാദം. തഹസില്‍ദാര്‍ മുതലിങ്ങോട്ട് ഇരുപത്തിരണ്ടോളം തസ്തികകള്‍ പുതിയ താലൂക്കിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുതിയതായി സൃഷ്ടിക്കപ്പെടും. ഇക്കാര്യം ചൂണ്ടിക്കാട്ടി, തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം ധനകാര്യ വകുപ്പ് സൂചിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സാങ്കേതിക കാരണങ്ങള്‍ മൂലം എന്ന വിശദീകരണത്തോടെ ഇപ്പോള്‍ വകുപ്പുമേധാവികള്‍ ഉന്നയിക്കുന്ന എതിര്‍പ്പ്.
അഗളി, പൂതൂര്‍, ഷോളയൂര്‍ എന്നിങ്ങനെ മൂന്നു പഞ്ചായത്തുകള്‍ മാത്രമാണുള്ളതെങ്കിലും, ആലപ്പുഴ ജില്ലയുടെ വലിപ്പമാണ് അട്ടപ്പാടിക്കുള്ളതെന്ന് ജനപ്രതിനിധികളും നേതാക്കളും അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആകെയുള്ള എണ്‍പതിനായിരത്തോളം വരുന്ന ജനസംഖ്യയില്‍ നാല്‍പ്പതു ശതമാനത്തിലധികം ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ്. അഗളിയിലെയും ഷോളയൂരിലെയും വനപ്രദേശത്തുള്ള ഊരുകളില്‍ നിന്നും നിലവിലെ താലൂക്ക് ആസ്ഥാനമായ മണ്ണാര്‍ക്കാട് വരെ സഞ്ചരിച്ചെത്തേണ്ടിവരുന്നവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അട്ടപ്പാടിയെ പ്രത്യേക ട്രൈബല്‍ താലൂക്കായി പ്രഖ്യാപിക്കണമെന്നായിരുന്നു ജനപ്രതിനിധികള്‍ ഉയര്‍ത്തിയിരുന്ന പ്രധാന ആവശ്യം. 160-ഓളം കിലോമീറ്റര്‍ സഞ്ചരിച്ച് മണ്ണാര്‍ക്കാട് എത്തേണ്ടി വരുന്ന ഗോത്രവിഭാഗക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും മറ്റും നേടിയെടുക്കാന്‍ വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും മറ്റും അത്യാവശ്യമായ പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകളടക്കം തഹസില്‍ദാരില്‍ നിന്നും കൈപ്പറ്റണമെങ്കില്‍ മണിക്കൂറുകളോളം യാത്ര ചെയ്തു വേണം താലൂക്ക് ഓഫീസിലെത്താന്‍. തൃശ്ശൂരില്‍ നിന്നുള്ള സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിച്ച്, ഹൈക്കോടതിയും താലൂക്ക് രൂപീകരണത്തിന് നേരത്തേ ശുപാര്‍ശ ചെയ്തിരുന്നതാണ്.
ആദിവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ പെട്ടന്നു തന്നെ ലഭിക്കുന്നു എന്നുറപ്പാക്കാനും, താലൂക്ക് ആശുപത്രി, സപ്ലൈ ഓഫീസ്, ആര്‍.ടി.ഒ ഓഫീസ് എന്നിങ്ങനെ മറ്റു സേവനങ്ങളെല്ലാം അഗളി പോലെ അടുത്തുള്ള പ്രദേശങ്ങളില്‍ ലഭ്യമാക്കാനും താലൂക്ക് രൂപീകരണം സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ തങ്ങള്‍ കാലങ്ങളായി അട്ടപ്പാടി ട്രൈബല്‍ താലൂക്കിനു വേണ്ടി വാദിക്കുന്നുണ്ടെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ശിവശങ്കരനും പറയുന്നു. “വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ഒരു ആവശ്യമാണിത്. വാഹനങ്ങള്‍ എത്തിപ്പെടാത്ത ദൂര സ്ഥലങ്ങളിലുള്ള ഊരുകളില്‍ നിന്നും ആളുകള്‍ക്ക് താലൂക്കില്‍ വന്നുപോകണമെങ്കില്‍ ഒരു ദിവസം വേണം. ധനകാര്യവകുപ്പ് എതിര്‍പ്പറിയിച്ചെന്നെല്ലാം പത്രങ്ങളില്‍ വായിച്ചാണ് അറിഞ്ഞത്. സര്‍ക്കാര്‍ താലൂക്കിന്റെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.”
ഗോത്രവിഭാഗക്കാരുടെ തീര്‍പ്പാകാതെ കിടക്കുന്ന ഭൂമിപ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ താലൂക്ക് ഒരു വലിയ പരിഹാരമുണ്ടാക്കുമെന്നും അട്ടപ്പാടിയിലെ ജനപ്രതിനിധികള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, അധികച്ചെലവുകള്‍ എത്രവരുമെന്ന് കണക്കാക്കി, അതിന്റെ സാധ്യതകളെല്ലാം വിശദമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ധനകാര്യവകുപ്പിന്റെ നിരീക്ഷണത്തില്‍ത്തട്ടി നില്‍ക്കുകയാണ് ട്രൈബല്‍ താലൂക്ക് ഇപ്പോള്‍. ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുന്നുമുണ്ട്. ട്രൈബല്‍ താലൂക്ക് ഉടന്‍ നടപ്പില്‍ വരില്ലെന്നു സാരം.
എന്നാല്‍, അട്ടപ്പാടി ട്രൈബല്‍ താലൂക്ക് നിലവില്‍ വരണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം എന്ന ചോദ്യം കൂടി ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഊരുകളില്‍ നിന്നും താലൂക്ക് ആസ്ഥാനത്തേക്കുള്ള യാത്രാക്ലേശം പരിഗണിക്കാനാകുമെങ്കിലും, ഫലത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്നല്ലാതെ ട്രൈബല്‍ താലൂക്ക് എന്ന പദവി അട്ടപ്പാടിയെ ഏതെങ്കിലും തരത്തില്‍ സഹായിക്കുമോ എന്ന കാര്യത്തില്‍ സംശയമുള്ളതായാണ് അവകാശപ്രവര്‍ത്തകരുടെ പക്ഷം. തസ്തികകള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയക്കാരുടെ വ്യഗ്രതയും, ആദിവാസികളുടെ ആവശ്യങ്ങള്‍ എന്ന ലേബലില്‍ താലൂക്കിനെ അവതരിപ്പിച്ച് അനുമതി നേടിയെടുക്കാനുള്ള ഗോത്രവിഭാഗത്തിനു പുറത്തുള്ളവരുടെ ശ്രമവുമാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ നടക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പറയുന്നു. “ട്രൈബല്‍ എന്ന പേരു പറഞ്ഞ് അട്ടപ്പാടിയില്‍ താലൂക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദിവാസികള്‍ക്കല്ലല്ലോ അതിന്റെ ഗുണം കൂടുതലായി കിട്ടുക. ഗ്രാമസഭ നിയമം അംഗീകരിച്ച് പ്രത്യേക സ്വയംഭരണ മേഖല എന്നതാണ് ആദിവാസികളുടെ കാലങ്ങളായുള്ള ആവശ്യം. ട്രൈബല്‍ താലൂക്ക് അട്ടപ്പാടിയിലെ കുടിയേറ്റക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ടുവയ്ക്കുന്ന കാര്യമാണ്. പെട്ടന്നു സാധ്യമാക്കാന്‍ ആദിവാസിയെ മുന്നില്‍ നിര്‍ത്തുന്നു എന്നു മാത്രം. ഇതല്ല ആദിവാസിയുടെ അടിസ്ഥാന പ്രശ്‌നം. ധനകാര്യ വകുപ്പ് എല്ലായ്‌പ്പോഴും ചെയ്യുന്നതു പോലെ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചേക്കും. പക്ഷേ രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ താല്‍പര്യമുള്ള സ്ഥിതിയ്ക്ക് മുന്നോട്ടു പോകാന്‍ തന്നെയാണ് സാധ്യത.”
ഗീതാനന്ദന്‍ വിശദീകരിക്കുന്നതു പോലെ, ആദിവാസികള്‍ക്ക് സ്വയം നിര്‍ണയാവകാശവും സ്വയംഭരണാവകാശവും ഉറപ്പുവരുത്തുന്ന ഒരു വ്യവസ്ഥിതിയെയാണ് അട്ടപ്പാടിയിലെ ആദിവാസി അവകാശ പ്രവര്‍ത്തകരും സ്വാഗതം ചെയ്യുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ നാളിതുവരെ മുന്നോട്ടുവച്ചിട്ടുള്ള വികലവും അശാസ്ത്രീയവുമായ വികസന മാതൃകകള്‍ അട്ടപ്പാടിയിലെ ഗോത്രവിഭാഗക്കാരെ ഭൂരഹിതരാക്കി മാറ്റിയെന്നാണ് അവരുന്നയിക്കുന്ന ആരോപണം. ആദിവാസിയുടെ ഊരുകൂട്ടവും ഗോത്രസഭയും പോലുള്ള സ്വയംഭരണ മാതൃകകള്‍ നശിക്കുകയാണെന്നും, അവ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് താലൂക്ക് പ്രഖ്യാപനത്തേക്കാള്‍ ഫലപ്രദമായി ചെയ്യാവുന്ന കാര്യമെന്നും ഊരുകളില്‍ നിന്നുള്ളവര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. 1996ലെ പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട് അഥവാ പെസ നിയമത്തിന്റെ പരിധിയില്‍ അട്ടപ്പാടിയെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഊരുകളുടെ പരമാധികാരം ആദിവാസികളുടെ കൈകളില്‍ വരുന്ന തരത്തില്‍, ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടി മേഖലയെ പുനര്‍നിര്‍ണ്ണയിക്കുന്നത് താലൂക്ക് രൂപീകരണത്തേക്കാളേറെ ആദിവാസികള്‍ക്ക് ഗുണകരമായിരിക്കുമെന്നും അവകാശപ്രവര്‍ത്തകര്‍ പറയുന്നു.
ഗോത്രവിഭാഗത്തില്‍ നിന്നുള്ള അവകാശപ്രവര്‍ത്തകന്‍ മുരുകന്‍ പറയുന്നതിങ്ങനെ: “കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പന്ത്രണ്ട് താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ അട്ടപ്പാടി ഉള്‍പ്പെട്ടിരുന്നില്ല. നിലവിലെ സര്‍ക്കാരാണ് ട്രൈബല്‍ താലൂക്കായി പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നത്. ഒരുപാട് കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. പക്ഷേ, താലൂക്ക് വന്നാലും ഇല്ലെങ്കിലും സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും അട്ടപ്പാടിയോടുള്ള വിവേചനപരമായ പെരുമാറ്റത്തിന് മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. വികസനകാര്യങ്ങളായാലും ആദിവാസിയുടെ അടിസ്ഥാന സുരക്ഷാ പ്രശ്‌നങ്ങളായാലും വളരെ വിവേനപരമായ രാഷ്ട്രീയ ഇടപെടല്‍ ഇവിടെ നടക്കുന്നുണ്ട്. ആദിവാസി സംഘടനകളെ ഇപ്പോഴും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. മറിച്ച്, ആദിവാസികളെ തമ്മിലടിപ്പിക്കാനുള്ള വഴികളാണ് നോക്കുന്നത്. ഇവിടെ ഊരുമൂപ്പന്മാരുണ്ട്, ഗ്രാമസഭകളുണ്ട്. ഇവരുടെയാരുടേയും അഭിപ്രായങ്ങള്‍ക്കല്ല പരിഗണന കൊടുക്കുന്നതെന്നു മാത്രം. ആദിവാസിയുടെ അതിജീവനാവകാശത്തിനു പോലും ഒരു പ്രാമുഖ്യവും കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയക്കാരുടെ സമാന്തര ഭരണമാണിവിടെ. ആദിവാസിയുടെ ഭൂമിപ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ടോ? അധികാരികള്‍ക്കോ സര്‍ക്കാരിനോ അതില്‍ ഉത്തരവാദിത്തമില്ലാത്ത പോലെയാണ് പെരുമാറ്റം. ട്രൈബല്‍ താലൂക്ക് വന്നാലും അട്ടപ്പാടിയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാകാന്‍ പോകുന്നില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. ഇതേ സര്‍ക്കാര്‍ നയങ്ങള്‍ തന്നെയല്ലേ ഏതു താലൂക്ക് വന്നാലും നടപ്പിലാക്കപ്പെടുക? നാഷണല്‍ പാര്‍ക്കിന്റെ ബെല്‍റ്റില്‍ വരുന്ന പ്രദേശമാണ്. അക്കാര്യം പരിഗണിച്ചെങ്കിലും പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. ഇരുപത്തിയെട്ടു വകുപ്പുകളാണ് അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വകുപ്പുകള്‍ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ഒരാളില്ല എന്നതാണ് ഏറ്റവുമാദ്യം പരിഗണിക്കപ്പെടേണ്ട വസ്തുത. ഈ വകുപ്പുകളിലാകട്ടെ, ശിക്ഷാവിധിയുടെ ഭാഗമായി എത്തുന്ന ഉദ്യോഗസ്ഥര്‍ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ആദിവാസികളോടുണ്ടാകുന്ന വിവേചനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കാറില്ല താനും.
ആദിവാസികളുടെ ഊരുകൂട്ടങ്ങളും സഭകളുമെല്ലാം തകര്‍ന്നുപോയിരിക്കുന്നു. സര്‍ക്കാര്‍ വികസനങ്ങള്‍ക്കു ശേഷമാണ് ആദിവാസിയുടെ സ്വയം നിര്‍ണായകാവകാശത്തിന് ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടു തുടങ്ങിയത്. റിസോര്‍ട്ട് മാഫിയയും മറ്റും ചേര്‍ന്ന് അട്ടപ്പാടിയിലെ മലയും പുഴയുമെല്ലാം നശിപ്പിക്കുകയാണ്. ആദിവാസിയുടെ ഭൂമി ഇപ്പോഴും കൈവശപ്പെടുത്തി മറിച്ചുവില്‍ക്കുന്നുണ്ട്. എങ്ങാനും ആദിവാസി പ്രശ്‌നങ്ങളില്‍ കാര്യമായി ഇടപെടുന്ന ഉദ്യോഗസ്ഥരാണെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ഇവിടെനിന്നും മാറ്റിക്കളയും. ട്രൈബല്‍ താലൂക്ക് വന്നുകഴിഞ്ഞാല്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കാനാകും എന്നതൊഴിച്ചാല്‍, മറ്റെന്ത് പ്രയോജനമാണുള്ളതെന്നറിയില്ല. പഞ്ചായത്ത് ഭരണസമിതിക്ക് പോലും ഇവിടത്തെ ഊരുകളിലെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാന്‍ സാധിക്കുന്നില്ല. താലൂക്ക് വന്നാലും കോടതി വന്നാലും അട്ടപ്പാടിക്ക് പ്രയോജനമുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടൊക്കെത്തന്നെയാണ് അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആദിവാസികള്‍ക്ക് സ്വയം നിര്‍ണയാവകാശം ഉറപ്പുവരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ട്രൈബല്‍ താലൂക്കിനു പകരമായി അതാണ് ചെയ്യേണ്ടത്. ഇക്കര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും കോടതിയെയും സമീപിക്കും.”
ചുരമിറങ്ങി മണ്ണാര്‍ക്കാട് വരേണ്ടിവരുന്ന ആദിവാസികളുടെ പ്രയാസത്തേക്കുറിച്ച് സംസാരിക്കുന്നവര്‍ പക്ഷേ, ഏറെ ശക്തമായി ഇവര്‍ ഉയര്‍ത്തുന്ന ഈ ആവശ്യം മാത്രം കണക്കിലെടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായാലും, അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടായാലും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിസ്ഥാനപരമായി ആദിവാസി വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഗോത്രവിഭാഗക്കാര്‍ക്ക് ട്രൈബല്‍ താലൂക്കിനെക്കുറിച്ച് യാതൊരു പ്രതീക്ഷയും ആകാംക്ഷയുമില്ല. അട്ടപ്പാടിയിലെ കുടിയേറ്റ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് താലൂക്ക് എന്ന ആവശ്യത്തിന്റ വക്താക്കള്‍ എന്നാവര്‍ത്തിക്കുന്ന ഗോത്രവിഭാഗക്കാര്‍ സംസാരിക്കുന്നതു മുഴുവന്‍ തങ്ങള്‍ക്കു വേണ്ടി തങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന ഒരു ഭരണ സംവിധാനത്തെക്കുറിച്ചാണ്. പഞ്ചായത്തിരാജ് നിയമങ്ങള്‍ക്കു പകരം ഗോത്രവിഭാഗങ്ങള്‍ സ്വയംഭരണം നടത്തുന്ന പ്രദേശങ്ങള്‍ തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡീഷ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലുണ്ട്. കുടിയേറ്റക്കാരും ഗോത്രവിഭാഗക്കാരുമുള്ള അട്ടപ്പാടിയില്‍ ഈ പെസ ആക്ട് നിലവില്‍ വന്നാല്‍ അത് തങ്ങളെ എങ്ങനെ ബാധിക്കും എന്ന സംശയം ഊരുകള്‍ക്കു പുറത്തുള്ളവര്‍ക്കുമുണ്ട്. എങ്കിലും, ഗോത്രവിഭാഗക്കാര്‍ക്കായി ട്രൈബല്‍ താലൂക്ക് എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നവര്‍ ആദ്യം തങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയണമെന്ന അട്ടപ്പാടിയിലെ ആദിവാസികളുടെ വാദം കാര്യമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.