UPDATES

ട്രെന്‍ഡിങ്ങ്

‘ഗുരുവായൂര്‍ തന്ത്രിയും കെപിഎംഎസ് പ്രസിഡന്റും ഒരുമിച്ചാണ് ദീപം തെളിയിച്ചത്, മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം’: ശബരിമല കര്‍മ സമിതി

10 ദിവസം കൊണ്ട് അയ്യപ്പ ജ്യോതിയില്‍ അണിനിരത്തിയത് 12 ലക്ഷം ജനങ്ങളെ എന്നു അവകാശവാദം

ആചാരസംരക്ഷണാര്‍ത്ഥം ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ തെളിയിച്ച അയ്യപ്പ ജ്യോതി വന്‍ വിജയമായിരുന്നുവെന്ന് സംഘടകര്‍. തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ പങ്കാളിത്തമാണ് ഉണ്ടായതെന്നും കര്‍മസമിതി നേതാക്കളായ പി കെ ശശികലയും സ്വാമി അയ്യപ്പദാസും പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പണിയുന്ന വനിത മതിലിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധവും ശബരിമലയില്‍ ആചാരലംഘനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരേയുള്ള മുന്നറിയിപ്പുമാണ് കേരളത്തില്‍ തെളിഞ്ഞ അയ്യപ്പ വിളക്കുകളെന്നും ശബരിമല കര്‍മ സമിതി പറയുന്നു.

12 ലക്ഷം പേര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്നാണ് ശബരിമല കര്‍മ സമിതിയുടെ അവകാശവാദം. “തമിഴ്‌നാട്ടിന് അടുത്തേക്ക് 60 കിലോമീറ്റര്‍ ദൂരം കൂടി വന്നപ്പോഴേക്കും 12 ലക്ഷത്തിനു മുകളില്‍ ആളുകള്‍ എങ്കിലും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു മീറ്ററിനുള്ളില്‍ ഒരാള്‍ എന്നതായിരുന്നു തീരുമാനം. 800 കിലോമീറ്റര്‍ ദൂരമാണ് അയ്യപ്പജ്യോതി നീണ്ടത്. 800 കിലോമീറ്റര്‍ എന്നാല്‍ 8 ലക്ഷം മീറ്റര്‍. അങ്ങനെ കൂട്ടുമ്പോള്‍ എട്ടു ലക്ഷം പേര്‍. എന്നാല്‍ പലയിടങ്ങളിലും രണ്ടും മൂന്നും വരികളിലായാണ് ആളുകള്‍ നിന്നത്. ആ കണക്കില്‍ 12 ലക്ഷത്തില്‍ ഏറെ ആളുകള്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തു എന്നു ഉറപ്പിക്കാം. ഒരിടത്തുപോലും മുറിഞ്ഞു പോയിട്ടില്ല. ആളുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ട് തമ്മില്‍ കൂട്ടിമുട്ടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കുമായിരുന്നല്ലോ! അങ്ങനെയൊരു സാഹചര്യം അവര്‍ക്ക് കിട്ടിയില്ലല്ലോ! വിമര്‍ശകരമായ മാധ്യമങ്ങള്‍ വരെ സമ്മതിക്കുന്നുണ്ട് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ അയ്യപ്പ വിളക്ക് മുറിഞ്ഞുപോയിട്ടില്ലെന്ന്”, സ്വാമി അയ്യപ്പദാസ് പറയുന്നു.

തങ്ങള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാളുകളാണ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതെന്നു പി കെ ശശികലയും പറയുന്നു. അതുകൊണ്ട് തന്നെ അയ്യപ്പ ജ്യോതിയുടെ സംഘാടനത്തില്‍ തങ്ങള്‍ നൂറ്റൊന്നു ശതമാനം തൃപ്തരാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കൂടിയായ ശശികല പറയുന്നു. “പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സംഭവിച്ചത്. ഡിസംബര്‍ മാസം 12 ന് ആണ് അയ്യപ്പ ജ്യോതിയെക്കുറിച്ച് ആലോചന വരുന്നത്. 26 ന് ഞങ്ങളിത് നടത്തി. അതായത് 13 ദിവസത്തിനുള്ളില്‍. 13 ദിവസം കിട്ടിയെന്നും പറയാന്‍ കഴിയില്ല. ഇതിനിടയില്‍ ഒരു ഹര്‍ത്താല്‍. രണ്ടു മൂന്നു ദിവസങ്ങള്‍ പൂര്‍ണമായും ശബരിമലയില്‍ തന്നെ. ബാക്കി പത്തില്‍ താഴെ ദിവസങ്ങള്‍ പോലും ഇതിനായി അദ്ധ്വാനിക്കാന്‍ സമയം കിട്ടിയില്ല. ജനുവരിയില്‍ നടത്താനുള്ള വനിത മതിലിനു വേണ്ടി കേരളത്തിലെ ചുമരുകള്‍ മുഴുവന്‍ കൈയേറി കഴിഞ്ഞു. മുഖ്യമന്ത്രി, മന്ത്രിമാര്‍, കളക്ടര്‍മാര്‍ തൊട്ട് സര്‍ക്കാര്‍ ഓഫിസിലെ പ്യൂണും തൂണും വരെ വനിത മതിലിനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല. 50 കോടിയുമില്ല, അരമന വീടും അഞ്ഞൂറേക്കറുമില്ല. എന്നിട്ടും അയ്യപ്പ ജ്യോതി വിജയിച്ചെങ്കില്‍ ഇത് ഞങ്ങളോടൊപ്പം വന്ന സാമുദായിക സംഘടനകളുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ്. ഇന്നാട്ടിലെ സാധാരണക്കാരായ വിശ്വാസികളുടെ പിന്തുണ കൊണ്ടാണ്. 120 സാമുദായിക സംഘടനകളാണ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തത്. ഓരോ സംഘടനയും അവരുടെ പ്രവര്‍ത്തകരെ കൊണ്ടുവന്നു. മാറി നിന്നവരെ കുറിച്ച് നമുക്ക് ഇപ്പോള്‍ ചിന്തിക്കേണ്ട. ഒരു സംഘടനപോലും അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുതെന്ന് ആരോടും പറഞ്ഞിട്ടില്ല. എത്ര ഉയരത്തില്‍ മതില്‍ കെട്ടിയാലും അതിന്റെ മുകളില്‍ തെളിഞ്ഞു നില്‍ക്കും ഈ വിളക്ക്. മതില്‍ ഭിന്നിപ്പിക്കാനുള്ളതാണ്. വെളിച്ചം മനുഷ്യനെ ഒന്നിപ്പിക്കാനും. അത് ഈ കേരളത്തില്‍ മാത്രമല്ല തെളിഞ്ഞത്. പത്തുപതിനെട്ടോളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, വിദേശ രാജ്യങ്ങളില്‍ എല്ലാം അയ്യപ്പ ജ്യോതി തെളിഞ്ഞു. നമ്മളിവിടെ വിളക്ക് തെളിയിച്ച സമയത്ത് അമേരിക്കയില്‍ ജോലി സമയമാണ്. അവരുടെ ജോലിക്കിടിയില്‍ അയ്യപ്പ ജ്യോതിയോടുള്ള പിന്തുണയായി മൊബൈല്‍ തെളിച്ചുവച്ചവരുണ്ട്. ഈ ജനങ്ങളെല്ലാം അയ്യപ്പനു വേണ്ടി, വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഇങ്ങനെ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഈ വിളക്ക് അണയ്ക്കാന്‍ കഴിയുക? ഏതു മതില്‍ കെട്ടിയാണ് അത് മറയ്ക്കാന്‍ കഴിയുക?” പി കെ ശശികലയുടെ ചോദ്യം.

Also Read: പിണറായി വിജയന്‍- കടകംപള്ളി സുരേന്ദ്രന്‍; ചില വനിതാ മതിൽ വളച്ച്/വളഞ്ഞൊടിയലുകൾ

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് കര്‍മസമിതി പറയുന്നത്. പാര്‍ട്ടിക്കാരായവര്‍ പോലും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്നതിന്റെ അരിശമാണ് പലയിടങ്ങളിലും വിശ്വാസികള്‍ക്കെതിരേ പ്രതിഷേധങ്ങളും കൈയേറ്റങ്ങളും ഉണ്ടായതെന്നാണ് കര്‍മ സമിതി കുറ്റപ്പെടുത്തുന്നത്.

120 ഓളം സാമുദായിക സംഘടനകള്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്നാണ് അയ്യപ്പ സേവ സമാജം പ്രസിഡന്റ് കൂടിയായ ശബരിമല കര്‍മ സമിതി നേതാവ് സ്വാമി അയ്യപ്പദാസ് അവകാശപ്പെടുന്നത്. “ഗുരുവായൂര്‍ തന്ത്രിയും കെപിഎംഎസ് പ്രസിഡന്റും ഒരുമിച്ചാണ് ദീപം തെളിയിച്ചത്. നേരത്തെയാണെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. യഥാര്‍ത്ഥത്തിലുള്ള സാമൂഹിക പരിഷ്‌കരണമാണ് അയ്യപ്പ ജ്യോതിയിലൂടെ സംഭവിക്കുന്നത്. അയ്യപ്പന്റെ മുന്നില്‍ ഏവരും തുല്യരാണ്”; സ്വാമി അയ്യപ്പദാസ് പറയുന്നു.

‘കണ്ട പെലയന്മാരുടെയും ചോവന്മാരുടെയും കൂടെ മോളെ മതില് പണിക്ക് വിട്ടാല്‍ അതിലൊരുത്തന്റെ കൂടെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടിവരും’; ഇങ്ങനെയാണ് ജാതി ഒളിച്ചു കടത്തുന്നത്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കെപിഎംസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ എന്നിവര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് കാര്യമാക്കുന്നില്ലെന്നും ശബരിമല കര്‍മ സമിതി പറയുന്നു. പുന്നല ശ്രീകുമാറിന് ചില പ്രത്യേക താത്പര്യമുള്ളതുകൊണ്ട് അദ്ദേഹം മാറി നിന്നന്നേയുള്ളൂ. എന്നാലും മാനസികമായി അയ്യപ്പ ജ്യോതിക്ക് പിന്തുണ നല്‍കുന്നുവെന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് സ്വാമി അയ്യപ്പദാസ് പറയുന്നു. ചില സാമുദായിക സംഘടന നേതാക്കള്‍ സഹകരിക്കാതെ മാറി നിന്നെങ്കിലും സമുദായംഗങ്ങള്‍ പൂര്‍ണമായും അയ്യപ്പ ജ്യോതിയോട് സഹകരിക്കുകയാണ് ഉണ്ടായതെന്നും തൊടുപുഴയില്‍ എന്‍എസ്എസ്/ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചതെന്നും സ്വാമി അയ്യപ്പദാസ് പറയുന്നു. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന്‍, നായാടി മുതല്‍ നമ്പൂതിരി വരെ ഒരുമിച്ചു കൂടിയ ഈ മഹത് സംരംഭത്തിന് എതിരു പറയാതെയാണ് മാറി നിന്നത് എന്നും ശ്രദ്ധിക്കേണ്ട വസ്തുതയാണെന്നു ശബരിമല കര്‍മസമിതി നേതാക്കള്‍ ഓര്‍മിപ്പിക്കുന്നു. എസ്എന്‍ഡിപിയില്‍ നിന്നും അപ്രതീക്ഷിതമായ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും കര്‍മസമിതി പറയുന്നു. മനുഷ്യരെ ഭിന്നിപ്പിക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ അതില്‍ പരാജയപ്പെടുകയാണെന്നാണ് അയ്യപ്പ ജ്യോതി സാക്ഷ്യപ്പെടുത്തുന്നത്. എന്‍എസ്എസ്സില്‍ നിന്നും ഒരു വലിയ ഭാഗം തങ്ങളുടെ കൂട്ടത്തില്‍ നിന്നും അടര്‍ന്നുപോയെന്നു മനസിലാക്കിയതോടെ, അവരെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമോ എന്നറിയാനാണ് വിരട്ടിയിട്ടാണെങ്കിലും വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്താന്‍ നോക്കുന്നത്. ഞങ്ങള്‍ക്ക് അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയോടോ പുന്നല ശ്രീകുമാറിനോടോ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും ശബരിമല കര്‍മസമിതി പറയുന്നു.

കേരളം കൂടാതെ, 16 ഓളം ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അയ്യപ്പ ജ്യോതിയോട് അഭിമുഖ്യം പ്രകടിപ്പിച്ച് വിളക്ക് തെളിയിച്ചതായി സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിനു പുറത്തും ശബരിമലയ്ക്കു വേണ്ടി നിലകൊള്ളുന്നവര്‍ അയ്യപ്പ വിളക്ക് തെളിച്ചു എന്നതൊക്കെ വലിയ പ്രധാന്യമുള്ള കാര്യമാണ്. അമേരിക്ക, ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലും അയ്യപ്പ ജ്യോതി തെളിഞ്ഞു; സമിതി നേതാക്കള്‍ പറയുന്നു.

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകള്‍ ആയിരുന്നുവെന്ന കാര്യം കൂടി ശ്രദ്ധിക്കണമെന്നും പ്രായഭേദമന്യേ മുഴുവന്‍ സ്ത്രീകളും പങ്കെടുത്ത പരിപാടിയായിരുന്നു അയ്യപ്പ ജ്യോതിയെന്നും സ്വാമി അയ്യപ്പദാസും പി കെ ശശികലയും പറയുന്നു. ഇതൊരു സവര്‍ണ വിളക്ക് ആയിരുന്നെന്ന വിമര്‍ശനങ്ങളെയും ഇരുവരും തള്ളിക്കളഞ്ഞു. “വിമര്‍ശിക്കുന്നവര്‍ അതില്‍ പങ്കെടുത്തവരോട് ചോദിക്കണം. മറുപടി അവര്‍ പറയും. 120 ഓളം സാമുദായിക സംഘടനകള്‍ പങ്കെടുത്തു. ഈ സംഘടനകളെല്ലാം സവര്‍ണരുടേതാണോ? ഇവിടെ നിങ്ങള്‍ ഈ പറയുന്നതരത്തിലാണെങ്കില്‍ എത്ര സംവര്‍ണ സംഘടനകള്‍ കാണും? വിരലില്‍ എണ്ണി തീര്‍ക്കാവുന്നത്രയല്ലേ കാണൂ. അപ്പോള്‍ ബാക്കി വരുന്ന ബഹുഭൂരിപക്ഷവും പ്രതിനിധാനം ചെയ്യുന്നതാരെയാണ്. അവരുടെ പങ്കാളിത്തം കൂടുതലായി ഉണ്ടായിരുന്ന അയ്യപ്പ ജ്യോതിയെ എങ്ങനെയാണ് സവര്‍ണ വിളക്ക് എന്നു പറയാന്‍ കഴിയുന്നത്? സവര്‍ണ സംഘടനകള്‍ മാറിനിന്നിരുന്നെങ്കില്‍ പോലും അയ്യപ്പ വിളക്ക് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിള്ളല്‍ ഇല്ലാതെ അണിനിരന്നേനെ. സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഉണ്ടാക്കി ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയായിരുന്നു അയ്യപ്പ വിളക്ക്. മനുഷ്യനെ വേര്‍തിരിക്കാന്‍ കെട്ടുന്ന വനിത മതിലും മനുഷ്യനെ ഒന്നാക്കാന്‍ കൊളുത്തിയ അയ്യപ്പ വിളക്കും തമ്മില്‍ ഇങ്ങനെയും വ്യത്യാസപ്പെടുന്നുണ്ട്”; സ്വാമി അയ്യപ്പദാസും പി കെ ശശികലയും വിശദീകരിക്കുന്നു.

എന്തുകൊണ്ട് ഞങ്ങള്‍ ‘ചരിത്രത്തിന്റെ ചവറ്റുകോട്ട’യിലേക്ക് പോകാന്‍ തീരുമാനിച്ചു? വനിതാ മതിലിനോടുള്ള വിയോജിപ്പ് വിശദീകരിച്ചു പി ഗീത

വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ ജ്യോതി തെളിഞ്ഞതെന്നും എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയുടെ പേരിലാണ് വനിത മതില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും ശബരിമല കര്‍മ സമിതി കുറ്റപ്പെടുത്തുന്നു. നിര്‍ബന്ധപൂര്‍വം ജനങ്ങളെ പങ്കെടുപ്പിക്കാനാണ് വനിത മതിലില്‍ ശ്രമിക്കുന്നത്. ഇഷ്ടമില്ലെങ്കില്‍ പോലും ആളുകള്‍ വനിത മതിലില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് നാളെയും ജീവിക്കണം എന്ന ഭയം ഉള്ളതുകൊണ്ടാണ്. തൊഴിലുറപ്പ് പണിക്കാരും മറ്റ് സര്‍ക്കാര്‍ സഹായപദ്ധതിയില്‍ അംഗങ്ങളായി ദൈനംദിന ജീവിതത്തിന് വഴി കണ്ടെത്തുന്നവരെയുമൊക്കെ ഭയപ്പെടുത്തിയാണ് വനിത മതിലില്‍ പങ്കെടുപ്പിക്കുന്നത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവയില്‍ നിന്നുപോലും കൈയിട്ടു വാരുകയാണ്. കോടികളുടെ അഴിമതിയാണ് വനിത മതിലിന്റെ പേരില്‍ നടക്കുന്നത്. അമ്പത് കോടി രൂപ മാറ്റിവച്ചതിനു പുറകെയാണ് ഇതുപോലെ കൈയിട്ടു വാരിയും പിടിച്ചു പറിച്ചും പിന്നെയും കാശ് ഉണ്ടാക്കുന്നത്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവന്‍ ഇപ്പോഴും ദുരിതത്തില്‍ വലയുമ്പോഴാണ് ഈ ധൂര്‍ത്തും പിടിച്ചുപറിയും. പാവപ്പെട്ടവന് ഒരു കൂര ഉണ്ടാക്കി കൊടുക്കാതെ ആരെ തോല്‍പ്പിക്കാനാണ് ഈ മതില്‍ നിര്‍മാണം? മുഖ്യമന്ത്രിയുടെ താത്പര്യത്തിനും അഹങ്കാരത്തിനും മാത്രം വേണ്ടിയാണ് ഈ വനിത മതില്‍; കര്‍മ സമിതി കുറ്റപ്പെടുത്തുന്നു.

തങ്ങള്‍ അയപ്പ ജ്യോതിയില്‍ പങ്കെടുക്കാന്‍ ഒരാളെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും ജനങ്ങള്‍ സ്വയം മുന്നോട്ടു വരികയായിരുന്നുവെന്നും ശബരിമല കര്‍മ സമിതി പറയുന്നു. വീട്ടില്‍ നിന്നും തേങ്ങ കൊണ്ടുവന്ന് അതില്‍ ദീപം തെളിയിക്കുകയായിരുന്നു വിശ്വാസികള്‍. ഞങ്ങളാരെയും നിര്‍ബന്ധിച്ചില്ല. ഭീഷണിപ്പെടുത്തിയില്ല. സര്‍ക്കാര്‍ മനസിലാക്കേണ്ടത് ഈ ജനകീയ താതപര്യത്തേയാണ്; സ്വാമി അയ്യപ്പദാസും പി കെ ശശികലയും ചൂണ്ടിക്കാണിക്കുന്നു.

സമത്വത്തിലും സാമൂഹികനീതിയിലും ഊന്നിയ നവകേരളത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ച്ചപ്പാടാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്: അതിനൊപ്പം അണിചേരണമെന്ന് പ്രമുഖ വനിതകള്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍