UPDATES

എന്‍ഡോസള്‍ഫാന്‍; മകളുടെ ചികിത്സയ്‌ക്കെടുത്ത വായ്പ എഴുതിത്തള്ളുമെന്ന് പറഞ്ഞത് വെറുതെയായി; കനിവു തേടി ഒരമ്മ

ഞാന്‍ ഉറങ്ങിയിട്ട് പതിനാലു വര്‍ഷം കഴിഞ്ഞെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ എത്രപേരുണ്ടാകും? മകള്‍ വളരുന്നതനുസരിച്ച് എന്റെ നെഞ്ചുരുകുകയാണ്.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് നല്‍കി കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കബളിപ്പിച്ചതായി വീട്ടമ്മയുടെ പരാതി. കാസറഗോഡ് പള്ളിക്കര പഞ്ചായത്ത് സ്വദേശിയായ ചന്ദ്രാവതിയാണ്, എന്‍ഡോസള്‍ഫാന്‍ ബാധിതയായ തന്റെ ഇളയ മകളുടെ ചികിത്സയ്ക്കായെടുത്ത കടങ്ങള്‍ എഴുതിത്തള്ളാന്‍ അര്‍ഹമല്ലെന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ അറിയിപ്പിന് മുന്‍പില്‍ നിസ്സഹായയായി നില്‍ക്കുന്നത്.

2012നും 2013നും ഇടയില്‍ നാലുതവണകളായി കടമെടുത്ത 31,000, 38,000, 25,000, 4,000 എന്നീ തുകയിലുള്ള കടങ്ങളാണ്, കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് മുന്നേ നല്‍കിയിരുന്നതും ഇപ്പോള്‍ കയ്യൊഴിഞ്ഞിരിക്കുന്നതും.

പനയാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നായിരുന്നു ചന്ദ്രവതി പണം കടമെടുത്തിരുന്നത്. സ്വര്‍ണ പണയത്തിനുമേല്‍ 31,000 രൂപയും 38,000 രൂപയും തവണകളായും, 25,000 രൂപ കാര്‍ഷിക വായ്പയുടെ പേരിലും 4,000 രൂപ മറ്റൊരവസരത്തിലുമാണ് കടമായി സ്വീകരിച്ചിരുന്നത്. പതിനാലുകാരിയായ മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് തവണകളായി ഇത്രയും പണം കടമെടുക്കേണ്ടി വന്നത്. മകള്‍ നന്ദനയുടെ വൈകല്യമറിയുന്നതിനാലും കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും കണക്കിലെടുത്ത്, പണം കടമെടുത്ത സാഹചര്യത്തിലും തുടര്‍ന്നും ബാങ്ക് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള സഹകരണവും കൃത്യമായ അറിയിപ്പുകളും ലഭിച്ചിരുന്നതാണെന്നും, കളക്ടറേറ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തന്നെ ഇത്രവലിയ സാമ്പത്തിക കുരുക്കില്‍ അകപ്പെടുത്തിയതെന്നും ചന്ദ്രാവതി പരാതിപ്പെടുന്നു. കടങ്ങള്‍ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി മകളുടെ രോഗസംബന്ധ രേഖകളും വായ്പാ സംബന്ധ രേഖകളും ചന്ദ്രാവതി ഒന്നില്‍ കൂടുതല്‍ തവണ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ഹാജരാക്കിയതാണ്. ഫണ്ട് എത്തിയാലുടന്‍ കടങ്ങള്‍ അസാധുവാകുമെന്ന രേഖകള്‍ അവിടെ നിന്നും ഉദ്യോഗസ്ഥര്‍ ചന്ദ്രാവതിക്ക് നല്‍കിയിരുന്നു. എന്നാല്‍, പണയത്തിലുള്ള സ്വര്‍ണം ലേലത്തിന് വയ്ക്കുന്നു എന്ന് കാണിച്ചുകൊണ്ടുള്ള ബാങ്ക് നോട്ടീസ് കഴിഞ്ഞ ദിവസം വന്നതിനുപിന്നിലെ കാരണമന്വേഷിച്ചപ്പോള്‍, ചന്ദ്രവതിയുടെ മകളുടെ പേര് കടം എഴുതിത്തള്ളുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും 2011ന് മുന്‍പ് നല്‍കിയ കടങ്ങള്‍ മാത്രമാണ് അസാധുവാക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ മറുപടി.

കടം എഴുതിത്തള്ളുമെന്ന് അധികാരികളില്‍ നിന്നും ലഭിച്ച ഉറപ്പിന്മേലാണ് ഇത്രയും വര്‍ഷം പലിശ പോലും അടയ്ക്കാതിരുന്നതെന്നും, ഇത്ര വലിയ സാമ്പത്തിക ബാധ്യതകള്‍ താങ്ങാനുള്ള ശേഷി തന്റെ കുടുംബത്തിനില്ലെന്നും ചന്ദ്രാവതി പറയുന്നു.

‘ചികിത്സ എന്ന കാരണം കാണിച്ച് ബാങ്കില്‍ നിന്നും വായ്പ ലഭിക്കാത്തതിനാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ എന്ന പേരിലും, മറ്റു രണ്ടു തവണകളില്‍ സ്വര്‍ണം പണയംവെച്ചുമാണ് ഞാന്‍ പനയാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പാക്കം ബ്രാഞ്ചില്‍ നിന്നും പണം കടമെടുത്തിരുന്നത്. 2012ല്‍ അല്ലെങ്കില്‍ 2013ല്‍ (വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല) ഇത്രയും തുക തവണകളായി കടമെടുത്തതിന് ശേഷം കുറച്ചുമാസങ്ങള്‍ക്കുള്ളില്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ പോവുകയാണെന്നും, കാര്‍ഷിക ആവശ്യം കാണിച്ച് എടുത്ത 25,000 രൂപയും സ്വര്‍ണ പണയത്തിനുമേല്‍ ലഭിച്ച 31,000 രൂപയും 38,000 രൂപയും എഴുതിത്തള്ളുമെന്നും ബാങ്ക് സൂപ്പര്‍വൈസര്‍ എന്നെ അറിയിച്ചു. 4,000 രൂപ മാത്രം ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നും എന്നോട് പറഞ്ഞു. വായ്പാ സംബന്ധ രേഖകളെല്ലാം കളക്ടറേറ്റിലേക്ക് അയച്ചുകൊടുത്തതോടൊപ്പം പലിശ ഇനി അടയ്‌ക്കേണ്ട കാര്യമില്ലെന്ന ഉറപ്പ് എനിക്ക് ലഭിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം, മകളുടെ അസുഖം സംബന്ധിച്ച വിവരങ്ങള്‍ കാണിക്കണം എന്ന് നോട്ടീസ് വന്നതിന്റെ അടിസ്ഥാനത്തില്‍, ഇത്രയും വര്‍ഷത്തെ ചികിത്സാ സംബന്ധമായ എല്ലാ വിവരങ്ങളും വീണ്ടും ഞാനവര്‍ക്ക് നല്‍കി. തുടര്‍ന്ന് 2015ലും 2016ലും ലിസ്റ്റില്‍ പരിഗണിക്കാനുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കിക്കൊണ്ട് പലതവണകളായി കളക്ടറേറ്റും ബാങ്കും കയറിയിറങ്ങേണ്ടിയും വന്നു. മാനസിക വൈകല്യമുള്ള മകളെയും കൊണ്ട് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇത്തരം രേഖകള്‍ സംഘടിപ്പിക്കാനും അത് എത്തേണ്ടിടത്ത് എത്തിക്കാനും ഞാന്‍ നടന്നത്. ആറുമാസം കൂടുമ്പോള്‍ പലിശ നല്‍കിക്കൊണ്ടിരുന്ന ഞാന്‍, ബാങ്കിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ പുറത്താണ് പലിശയടക്കല്‍ നിര്‍ത്തിവെച്ചത്. ഡെപ്യൂട്ടി കളക്ടര്‍ നേരിട്ട് നല്‍കിയ അറിയിപ്പ് പ്രകാരമാണ്, കാലാവധി കഴിഞ്ഞ ശേഷവും പണയം വച്ച സ്വര്‍ണം ലേലം വയ്ക്കുന്നതില്‍ നിന്നും ബാങ്കുകാര്‍ പിന്‍വലിച്ചത്. ദുരിത ബാധിത ലിസ്റ്റില്‍പ്പെട്ട കുടുംബമായതിനാല്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയതുമാണ്.

തുടര്‍ന്ന്, 2016ല്‍ പുതുതായി വന്ന ബാങ്ക് മാനേജര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വായ്പയെ സംബന്ധിച്ച കാര്യങ്ങള്‍ വീണ്ടും ഞാന്‍ കളക്ടറേറ്റില്‍ സമീപിക്കുകയും, പ്രസ്തുത നമ്പറിലുള്ള സ്വര്‍ണക്കടം എഴുതിത്തള്ളുമെന്നും കാണിക്കുന്ന സീല്‍ ചെയ്ത കടലാസ് ലഭിക്കുകയും ചെയ്തു. വായ്പ എഴുതിത്തള്ളുന്നതിന് ഇതില്‍ക്കൂടുതല്‍ ഉറപ്പ് ലഭിക്കാനിലെന്ന വിശ്വാസത്തിലാണ് നാളിതുവരെ ഞാന്‍ കാത്തിരുന്നത്.

എന്നാല്‍ സ്വര്‍ണം ലേലം വെയ്ക്കാനൊരുങ്ങുന്നു എന്നുകാണിക്കുന്ന ബാങ്കിന്റെ നോട്ടീസ് കഴിഞ്ഞ ദിവസം വന്നു. വളരെപ്പെട്ടന്നുണ്ടായ ഈ മാറ്റത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍ എന്റെ മകളുടെ പേര് ലിസ്റ്റില്‍ ഇല്ലെന്നും ചികിത്സയ്ക്കായെടുത്ത വായ്പ്പകള്‍ ഒന്നും എഴുതിത്തള്ളാന്‍ സാധ്യമല്ലെന്നുമാണ് കളക്ടറേറ്റില്‍ നിന്നും ലഭിച്ച മറുപടി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയെ സംബന്ധിച്ച് 2011ല്‍ ഉത്തരവ് വന്നതിനാല്‍, അതിന് മുന്‍പുള്ള കടങ്ങള്‍ മാത്രം എഴുതിത്തള്ളുന്നതാണ് പുതിയ ഉത്തരവ് എന്നായിരുന്നു അവരുടെ ന്യായീകരണം. മൊത്തം വായ്പയുടെ മുതലും പലിശയും ചേര്‍ത്താല്‍ അത് വലിയൊരു തുകയായി മാറും. മൂന്ന് നേരം തികച്ച് ഭക്ഷണം കഴിക്കാന്‍ പോലും കഷ്ടപ്പെടുന്ന ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത്? ആരുടെ കാലിലാണ് ചെന്ന് വീഴേണ്ടത്?

വായ്പ എഴുതിത്തള്ളിയിട്ടിലെന്ന ഷോക്കില്‍ നിന്ന് എനിക്ക് ഇപ്പോഴും മോചിതയാകാന്‍ കഴിഞ്ഞിട്ടില്ല. സങ്കടം സഹിക്കവയ്യാതെയാണ്, ബാങ്കില്‍നിന്നും ലേലം സംബന്ധിച്ച നോട്ടീസ് വന്നത് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് ഇന്നലെ പരാതി നല്‍കിയത്. 2011ന് മുന്‍പെടുത്ത വായ്പകള്‍ മാത്രമേ എഴുതിത്തള്ളാന്‍ സാധ്യമാവുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തില്‍ നിന്നും ലഭിച്ച മറുപടി.

ആറു വര്‍ഷമായി ബാങ്ക് വിവരങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകളും രേഖകളും കളക്ടറേറ്റില്‍ എത്തിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ബുദ്ധിമാന്ദ്യം സംഭവിച്ച എന്റെ മകളുടെ ചികിത്സയ്ക്കായി ചിലവഴിച്ച പണമാണത്. ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും കടങ്ങള്‍ എഴുതിത്തള്ളുമെന്നുമുള്ള അധികാരികളുടെ ഉറപ്പിന്മേലാണ് പലിശയടയ്ക്കുന്നത് പോലും ഞാന്‍ നിര്‍ത്തി വച്ചത്. 2011ന് ശേഷമുള്ള എന്റെ കടങ്ങള്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് എന്തുകൊണ്ടാണ് കളക്ടറേറ്റ് ഉദോഗസ്ഥര്‍ മുന്നേ അറിയിക്കാതിരുന്നത് എന്നതുമാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. തീയതിയും തുകയുമടങ്ങുന്ന രേഖകള്‍ അവര്‍ക്ക് ഞാന്‍ നല്‍കിയിട്ട് പോലും, പ്രതീക്ഷ തന്ന്, പലിശയടയ്ക്കുന്നതില്‍ നിന്നുപോലും എന്നെ പിന്തിരിപ്പിച്ചതെന്തിനായിരുന്നു? നിര്‍ധന കുടുംബങ്ങള്‍ക്ക് ഇത്രയധികം സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കി വയ്ക്കുന്നതിലൂടെ ആര്‍ക്കാണ് ലാഭമുണ്ടാകുന്നത്?

വലിയൊരു ചതിയിലാണ് ഞാനും കുടുംബവും അകപ്പെട്ടിരിക്കുന്നത്. മുന്‍പോട്ട് ചിന്തിച്ചാല്‍ ശൂന്യത മാത്രമാണുള്ളത്. വല്ലപ്പോഴും മാത്രം പണികള്‍ ലഭിക്കുന്ന ഒരു കൂലിപ്പണിക്കാരനാണ് എന്റെ ഭര്‍ത്താവ്. പതിനാലു വയസ്സായെങ്കിലും മൂന്ന് വയസ്സുകാരിയുടെ മാനസിക വളര്‍ച്ച പോലുമില്ലാത്ത ഒരു മകളെ വീട്ടിലാക്കി എങ്ങനെയാണ് ഞാന്‍ ജോലിക്ക് പോകുന്നത്?

പണം തിരിച്ചടയ്‌ക്കേണ്ടി വരുമെന്നറിഞ്ഞിരുന്നെങ്കില്‍, കഴിക്കുന്ന ഭക്ഷണത്തിനുള്ള തുകയില്‍ നിന്നെങ്കിലും മിച്ചം വച്ച് ഞാന്‍ പലിശയടക്കുമായിരുന്നു. ഇത്ര ഭീമമായ തുക എങ്ങനെയാണ് ഞങ്ങള്‍ തിരിച്ചു നല്‍കേണ്ടത്.?

നിങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അര്‍ഹമല്ലെന്ന ഒരറിയിപ്പെങ്കിലും മുന്‍പേര്‍ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഇത്ര വലിയ സാമ്പത്തിക ബാധ്യതകള്‍ ഒരുപക്ഷേ വന്നുചേരുമായിരുന്നില്ല. ആത്മഹത്യയല്ലാതെ എനിക്കും മകള്‍ക്കും മറ്റൊരു മാര്‍ഗവും മുന്നിലില്ല.

13 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അമ്മ, ദുരിതം കണ്ട് ജീവനൊടുക്കിയ 16-കാരന്‍ മകന്‍, തകര്‍ന്നുപോയ ഒരു കുടുംബം; എന്‍ഡോസള്‍ഫാന്‍ ദുരിതപ്പെയ്ത്ത് തീരുന്നില്ല

ഞാനൊരു അമ്മയാണ്. ലോകത്തുള്ള എല്ലാ അമ്മമാരെപ്പോലെയും മക്കളെക്കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും എനിക്കുമുണ്ടായിരുന്നു. രണ്ടുപെണ്മക്കളില്‍ ഇളയവളാണ് എന്‍ഡോസള്‍ഫാന്‍ ഇരയായത്. അവള്‍ ജനിച്ച ശേഷം ഈ പതിനാല് വര്‍ഷം കൊണ്ട് ഞാന്‍ അനുഭവിക്കാത്ത ദുഃഖങ്ങളും കടന്നുപോകാത്ത പ്രതിസന്ധികളുമില്ല. മകളെക്കുറിച്ചോര്‍ത്ത് മാത്രമാണ് ഇന്ന് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്. ഞാന്‍ ഉറങ്ങിയിട്ട് പതിനാലു വര്‍ഷം കഴിഞ്ഞെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ എത്രപേരുണ്ടാകും? മകള്‍ വളരുന്നതനുസരിച്ച് എന്റെ നെഞ്ചുരുകുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുഞ്ഞിന് ആരുണ്ട് എന്ന ആകുലതയാണ് ഓരോ ദിവസവും എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. വളരെ ആക്രമണ സ്വഭാവമുള്ള മകളെ മറ്റാര്‍ക്കും നോക്കാന്‍ സാധിക്കില്ല. ഭര്‍ത്താവിനും മൂത്ത മകള്‍ക്കും പലപ്പോഴും അവളുടെ അടുത്തേക്ക് പോകാന്‍ പോലും സാധിക്കാറില്ല. അത്രമാത്രം ഉപദ്രവകാരിയായി അവള്‍ മാറാറുണ്ട്. തനിച്ച് ചെയ്യാന്‍ അവള്‍ക്ക് അറിയുന്നതായി ഒന്നുമില്ല. ദാഹിച്ചാല്‍ വെള്ളം എടുത്ത് കുടിക്കണമെന്ന ചിന്താശേഷി പോലുമില്ലാത്ത എന്റെ മകള്‍ എങ്ങനെ ജീവിക്കും.?

അല്ലെങ്കില്‍ തന്നെ ഞങ്ങള്‍ ചെയ്ത തെറ്റെന്തായിരുന്നു?എന്തിന്റെ പേരിലാണ് ഇതെല്ലാം സഹിക്കേണ്ടി വരുന്നത്?

ഒരായുസ്സ് മുഴുവന്‍ സഹിക്കാനുള്ള വേദനകള്‍ ഈ പതിനാലു വര്‍ഷം കൊണ്ട് ഞാന്‍ സഹിച്ചു. ലോകത്തുള്ള ഓരോ അമ്മമാരും മക്കളുടെ ഭാവിയ്ക്കും വിജയങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ഒന്ന് മാത്രം; ഞാന്‍ മരിക്കുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും എന്റെ മകള്‍ ഈ ഭൂമി വിട്ട് പോകണമേ എന്ന്…

അവള്‍ സുരക്ഷിതയായി എന്നറിഞ്ഞ ശേഷം എനിക്ക് മരണപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. മരണത്തിലൂടെ മാത്രമേ അവള്‍ സുരക്ഷിതയാവുകയുള്ളൂ…’

ചന്ദ്രാവതിയുടെ പരാതിയിന്മേല്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിനെ ബന്ധപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു മാത്രമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ഡെപ്യൂട്ടി കളക്ടര്‍ അബ്ദുല്‍ റസാഖ് പ്രതികരിച്ചത്.

‘എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സ ലഭ്യമാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത് 2011ലായിരുന്നു. ഉത്തരവിന് ശേഷം രോഗ ബാധിത കുടുംബങ്ങള്‍ക്ക് ചികിത്സയ്ക്കായി വായ്പയെടുക്കേണ്ടി വരില്ല എന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് പ്രസ്തുത സമയത്തിന് ശേഷമുള്ള കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതോടൊപ്പം, 2011ന് മുന്‍പെടുത്ത വായ്പ ക്ലോസ് ചെയ്യുവാനായി 2011ന് ശേഷം മറ്റൊരു വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതും എഴുതിത്തള്ളാന്‍ സാധിക്കുന്നതാണ്. മതിയായ രേഖകള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഇതെല്ലാം സാധ്യമാവുകയുള്ളൂ. 2011ന് ശേഷമാണ് ചന്ദ്രാവതി വായ്പ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ലിസ്റ്റില്‍ പരിഗണിക്കാന്‍ സാധ്യമല്ല. എന്നാല്‍, കടമെഴുതിത്തള്ളുമെന്ന ഉറപ്പ് നല്‍കിക്കൊണ്ട് ബാങ്കില്‍ നിന്നോ കളക്ടറേറ്റില്‍ നിന്നോ ഒപ്പിട്ട കടലാസ് നല്‍കിയിട്ടുണ്ടെങ്കില്‍, അതെല്ലാം ഹാജരാക്കുന്ന പക്ഷം ചന്ദ്രാവതിയുടെ കാര്യവും പരിഗണിക്കാവുന്നതാണ്. വായ്പ അസാധുവാക്കുന്നത് സംബന്ധിച്ച കൃത്യമായ രേഖകള്‍ മാത്രമാണ് ആവശ്യം’; ഡെപ്യൂട്ടി കളക്ടര്‍ വ്യക്തമാകുന്നു.

സ്വര്‍ണക്കടം നമ്പര്‍ ഉള്‍പ്പെടുന്ന രേഖകള്‍ കളക്ടറേറ്റില്‍ നിന്നും ലഭിച്ചത് തന്റെ പക്കലുണ്ടെന്നും, അതെല്ലാം ഡെപ്യൂട്ടി കളക്ടര്‍ക്ക് മുന്നില്‍ വീണ്ടും ഹാജരാക്കാന്‍ തയ്യാറാണെന്നും ചന്ദ്രാവതി പറഞ്ഞു. അവര്‍ക്ക് ബോധ്യപ്പെടേണ്ട എല്ലാ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാം, ഞങ്ങളെ കൈവിടാതിരുന്നാല്‍ മതി… ഇത്ര വലിയ ഭാരം താങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന ബോധ്യത്തോടെയുള്ള അപേക്ഷയാണ്…

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍