UPDATES

സിപിഎം നേതാവിനെതിരെ ആരോപണമുന്നയിച്ച് ബാങ്ക് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; രക്തം കൊണ്ട് ഏഴ് കുറിപ്പെഴുതിയെന്ന് പ്രചരണം

ആത്മഹത്യ കുറിപ്പുകള്‍ കണ്ടെത്തിയില്ലെന്ന് പോലീസ്

ശ്രീഷ്മ

ശ്രീഷ്മ

മാനന്തവാടി, തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്ത വാര്‍ത്ത നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. ശനിയാഴ്ച ഉച്ചയോടെ ജീവനൊടുക്കിയ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാര്‍ പി (42)യുടെ ആത്മഹത്യാക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ വാസുവിനെതിരെയുള്ള പരാമര്‍ശങ്ങളടങ്ങുന്ന ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടടുത്തു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, തങ്ങള്‍ക്ക് കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും, അനിലിന്റെ വീട്ടുകാരോട് അന്വേഷിച്ചപ്പോള്‍ വീട്ടുകാര്‍ക്കും അതേക്കുറിച്ച് അറിവില്ലെന്നാണ് പ്രതികരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തലപ്പുഴ പ്രിന്‍സിപ്പല്‍ എസ്.ഐ അനില്‍ കുമാര്‍ പറയുന്നു. ‘വാട്സ്ആപ്പിലും മറ്റും ആത്മഹത്യക്കുറിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ, അത്തരത്തിലൊന്നും ഇതുവരെ പൊലീസിനു ലഭിക്കാത്തതിനാല്‍ സ്ഥിരീകരിക്കാനാവില്ല. നേരിട്ടു ചോദിച്ചപ്പോള്‍പ്പോലും വീട്ടുകാര്‍ക്ക് അറിവില്ലെന്നാണ് പറയുന്നത്. വീട്ടുകാര്‍ പൂര്‍ണമായും സഹകരിച്ചാല്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാനാകൂ.’

അനിലിന് സാമ്പത്തിക പ്രതിസന്ധികളുള്ളതായി സംശയിക്കുന്നതായും മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നതായി അറിവില്ലെന്നും തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി നസീമ പറയുന്നു. വളം ഡിപ്പോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായ അനില്‍ ജീവനൊടുക്കുന്നയന്നും ഉച്ചവരെ ഓഫീസിലുണ്ടായിരുന്നു. സ്റ്റോക്കിന്റെ കണക്കെടുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്കിടെ ഗോഡൗണിലേക്ക് പോകാനിറങ്ങിയ അനില്‍ പകരം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നസീമ നല്‍കുന്ന വിശദീകരണം.

‘സ്റ്റോക്കില്‍ കുറവുവരും എന്ന ഉറപ്പുള്ളതിനാലാകാം അനില്‍ ഇതിനു മുതിര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ബോര്‍ഡ് മീറ്റിംഗ് കൂടി കണക്കുകള്‍ തിട്ടപ്പെടുത്തിയാല്‍ മാത്രമേ കൂടുതലെന്തെങ്കിലും പറയാനാകൂ. പുറത്തും ധാരാളം കടങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മുന്‍പും സ്റ്റോക്കില്‍ കുറവു വന്നിട്ടുണ്ട്. അപ്പോഴെല്ലാം അതു ക്ലിയര്‍ ചെയ്തു തരാറുമുണ്ട്. ആകെ മൂന്നു ജീവനക്കാരുള്ള ബാങ്കാണിത്. ഞങ്ങളെല്ലാം വലിയ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.’എന്നാണ് നസീമ പ്രതികരിച്ചത്.

അനിലിന്റെ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നെന്ന വാര്‍ത്തകളെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനവും ഇന്ന് ബാങ്കിനു മുന്നില്‍ നടന്നിരുന്നു. ‘സിപിഎം തവിഞ്ഞാല്‍ 44ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റയംഗമായ ശാലിനി നിവാസിലെ അനില്‍ കുമാര്‍, സിപിഎം ഏരിയാ കമ്മറ്റിയംഗമായ വാസുവിനെതിരെ രക്തം കൊണ്ട് ഒപ്പിട്ട ഏഴോളം കത്തുകളെഴുതിവച്ച് ജീവനൊടുക്കി’യെന്നാണ് വാര്‍ത്തകള്‍ വന്നത്. അതുപ്രകാരം, ഭാര്യ ബിന്ദുവിനും, സിപിഎം തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കും, ബാങ്കിലെ ജീവനക്കാര്‍ക്കുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. കത്തുകളെല്ലാം താന്‍ തന്നെ എഴുതിയതാണെന്ന് തെളിയിക്കാനാണ് രക്തം കൊണ്ട് ഒപ്പിട്ടിരിക്കുന്നതെന്നും അനില്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ബാങ്ക് പ്രസിഡന്റ്, ക്രമവിരുദ്ധമായി പലകാര്യങ്ങളും ചെയ്യിപ്പിച്ച് തന്നെ ലക്ഷങ്ങളുടെ കടക്കാരനാക്കിയെന്നതാണ് പ്രധാനമായും കത്തില്‍ ആരോപിച്ചരിക്കുന്നത്. ജീവനക്കാരനായ സുനിഷ്, മുന്‍ ജീവനക്കാരന്‍ മോഹനന്‍ എന്നിവരെ പറ്റിയും കത്തില്‍ പരാമര്‍ശമുണ്ട്.

എന്നാല്‍, അനിലിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു എന്നും അതുതന്നെയാവണം ആത്മഹത്യയ്ക്കു കാരണമെന്നുമാണ് ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവ് വാസുവിന്റെ പക്ഷം. ‘കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് നടത്തിയപ്പോള്‍ അതില്‍ ആറേഴു ലക്ഷം രൂപയോളം കുറവു വന്നിരുന്നു. അത്തരത്തിലുള്ള പ്രശ്നങ്ങളും, ഇടയ്ക്കു കാണിക്കാറുള്ള ശ്രദ്ധയില്ലായ്മ പോലുള്ള വിഷയങ്ങളും ഉണ്ടാകരുതെന്ന് മുന്‍പ് വാക്കാല്‍ പറഞ്ഞിട്ടുണ്ട്. സ്റ്റോക്കില്‍ കുറവു വരരുതെന്നും നിരന്തരമായി പറയാറുണ്ടായിരുന്നു. വലിയൊരു സംഖ്യ ഇപ്പോഴും സ്റ്റോക്കില്‍ കുറവുണ്ട് എന്നു തന്നെയാണ് ഊഹം. ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയ്ക്കു ഞാന്‍ ഇടയ്ക്കു വിളിച്ച് അത്തരം കാര്യങ്ങള്‍ കൃത്യമായി പറയാറുണ്ടായിരുന്നു എന്നത് സത്യം തന്നെയാണ്.’ തനിക്കെതിരെയുള്ള പരാമര്‍ശങ്ങളോടു കൂടി അനിലെഴുതിയ കത്തുകള്‍ കണ്ടെടുത്തായി കേട്ടെന്നും കൂടുതലൊന്നും അറിയില്ലെന്നും വാസു പറയുന്നു. കണക്കുകളില്‍ കൃത്യത പാലിക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെടാറുണ്ടെന്ന് സത്യമാണെങ്കിലും, അനിലിന്റെ ആത്മഹത്യയ്ക്കു കാരണം കടബാധ്യതകളാണെന്നാണ് വാസുവിന്റെ വിശദീകരണം.

ഡിസംബര്‍ 1 (ശനിയാഴ്ച) അനില്‍കുമാര്‍ ബാങ്കില്‍ ജോലിക്ക് എത്തിയ ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലേക്ക് തിരിച്ച് പോയി വിഷം കഴിക്കുകയായിരുന്നു. ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ബിന്ദുമോള്‍, മക്കള്‍ ശിവപ്രിയ, സായി കൃഷ്ണ.

അനില്‍ രക്തം കൊണ്ട് ഒപ്പിട്ട് എഴുതി എന്ന് പ്രചരിക്കുന്ന ആത്മഹത്യകുറിപ്പ്‌

.

.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍