UPDATES

സർഫാസി നിയമം: കോർപ്പറേറ്റുകൾക്ക് വാജ്പേയി സര്‍ക്കാര്‍ നൽകിയ സമ്മാനം

സർവ്വാധികാരികളായി മാറിയ ബാങ്കുകൾ ഈ രംഗത്ത് ഒരുതരം സമാന്തരഭരണം തന്നെയാണ് നടത്തുന്നതെന്നു കാണാം.

ബന്ധുവന് ബാങ്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി മാനത്തുപാടം സ്വദേശി പ്രീതയും ഭര്‍ത്താവ് ഷാജിയും താമസിക്കുന്ന വീട് ജപ്തി ഭീഷണി നേരിടുന്ന കാര്യമാണ് കേരളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്. വായ്പാ തുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക്, പ്രീതയുടെ വീട് ഓണ്‍ലൈന്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വീടും പുരയിടവും ലേലത്തില്‍ പിടിച്ച വ്യക്തിക്ക് വീട് പൂട്ടി താക്കോല്‍ ഏല്‍പ്പിക്കാന്‍ പോലീസിന്റെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സഹായത്തോടെ ബാങ്ക് അധികൃതര്‍ എത്തിയെങ്കിലും ആത്മഹത്യ ചെയ്യാനൊരുങ്ങി കുടുംബം നിന്നതോടെ തത്കാലം അവര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങി. ഇവരുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉപയോഗിച്ച നിയമമാണ് സര്‍ഫാസി. അതിനിടെ സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകരായ പി.ജെ മാനുവലിനെയും വി.സി ജെന്നിയെയും ജാമ്യമില്ലാ വകുപ്പില്‍ പോലീസ് ഇന്നലെ അറസ്റ്റ്‌ ചെയ്യുന്നതും കേരളം കണ്ടു.

എന്താണ് സര്‍ഫാസി?

സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി (SARFAESI). 2002ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കൊണ്ടുവന്ന നിയമമാണിത്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിതെന്ന് ലളിതമായി വിശദീകരിക്കാം. തിരിച്ചടവ് മുടങ്ങിയാൽ പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാനും തുടർന്ന് കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. ഈ സമയത്തിനുള്ളിൽ സംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കാം. കടക്കാരനിൽ നിന്ന് സംഖ്യ ജപ്തി മുഖാന്തിരം ഈടാക്കാനായില്ലെങ്കിൽ ജാമ്യം നിന്നവരുടെ സ്ഥാവരജംഗമങ്ങൾ ജപ്തി ചെയ്യാനും ബാങ്കിന് അധികാരമുണ്ടായിരിക്കും.

സർഫാസി നിയമത്തെ ഒരു കരിനിയമമായി പൊതുജനം മനസ്സിലാക്കുന്നതിന് ന്യായങ്ങളുണ്ട്. ജപ്തി നടപടികളിൽ‌ കോടതിയുടെ ഇടപെടൽ‌ സാധ്യമല്ല എന്നതാണത്. ബാങ്കുകൾക്ക് ഈ ആസ്തികളിന്മേൽ ഏതു നടപടിക്കും കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

കോർപ്പറേറ്റുവത്ക്കരണം കൂടുതൽ ശക്തമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വാജ്പേയി സര്‍ക്കാര്‍ ഈ കരിനിയമം നടപ്പിലാക്കിയത് എന്ന് അന്ന് മുതല്‍ ആരോപണമുണ്ട്.

ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത കോടതിയിൽ 2004ൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാർദിയ കെമിക്കൽസുമായി ഐസിഐസിഐ ബാങ്ക് നടത്തിയ വ്യവഹാരത്തിൽ ബാങ്കിന് അനുകൂലമായ വിധി വന്നു. ലോണിന്റെ 75 ശതമാനം തിരിച്ചടയ്ക്കാതെ കിടക്കുന്നതിനാൽ ജപ്തിനടപടികളുമായി മുമ്പോട്ടു പോകാമെന്നും സർഫാസി നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി യാതൊന്നുമില്ലെന്നും കോടതി വിധിച്ചു.

നേരിട്ട് ചെയ്യാവുന്ന അക്രമങ്ങൾക്കു പുറമെ ബാങ്കുകൾക്ക് ദുരുപയോഗം ചെയ്യാൻ നിരവധി പഴുതുകളും സർഫാസി നിയമത്തിലുണ്ട്. ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. ന്യൂ ജനറേഷൻ ബാങ്കുകളുടെയും വിപണിയിലെ കടുത്ത മത്സരത്തിൽ ന്യൂജനറേഷൻ ബാങ്കുകളുടെ രീതിയിലേക്ക് മാറിയ പൊതുമേഖലാ സ്ഥാപനങ്ങളും ദയാരഹിതമായി ഈ നിയമം നടപ്പാക്കി വരുന്നുണ്ട്. കുടുങ്ങുന്നവരിലധികവും സാമ്പത്തികമയും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുണ്ട് ഈ നിയമം മൂലം.

2002ൽ ബിജെപി സര്‍ക്കാർ ഈ കരിനിയമം കൊണ്ടുവരുന്നതിനു മുമ്പ് സിവിൽ കോടതികൾ വഴിയാണ് ജപ്തി നടപടികൾ നടപ്പായിരുന്നത്. ഇക്കാരണത്താൽ തന്നെ ന്യായാന്യായങ്ങൾ വിശദീകരിക്കാൻ ഇരുകൂട്ടർക്കും സാവകാശം കിട്ടിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നില്ല. സിവിൽ കോടതികളിൽ കേസുകൾ തീർപ്പാകാന്‍ സമയമെടുക്കുന്നുവെന്ന കോർപ്പറേറ്റുകളുടെ വാദത്തെ അംഗീകരിച്ചാണ് അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. ധനകാര്യ വിപണിയിലെ മാത്സര്യം കൂട്ടി സാമ്പത്തിക വളർച്ച ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

സർഫാസി നിയമം ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്നത് ചെറുകിട, ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങൾക്കു മുകളിലാണ്. ഇത്തരം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ഏറ്റവുമാദ്യം ഈ കരിനിയമം പ്രയോഗിക്കുന്നതാണ് ഇപ്പോൾ ബാങ്കുകളുടെ രീതി. ഈ കരിനിയമത്തിന്റെ പ്രയോഗം മൂലം ആത്മഹത്യകളടക്കമുള്ള നിരവധി കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയെ മുഖ്യധാരാ മാധ്യമങ്ങൾ കാര്യമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരാറില്ല. ബാങ്കുകളുമായി ‘നല്ല ബന്ധം’ സൂക്ഷിക്കാൻ ഏത് ബിസിനസ്സ് സ്ഥാപനമാണ് ആഗ്രഹിക്കാത്തത്! ഇതുകൂടാതെ, ബാങ്കുകളിൽ നിന്നുള്ള പരസ്യവരുമാനവും വലിയൊരു പ്രശ്നമാണ്. എങ്കിലും നവമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളുമെല്ലാം സജീവമായതോടെ സർഫാസി നിയമം ഗൗരവമേറിയ ചർച്ചയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് ഇപ്പോൾ.

എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം

പല കേസുകളിലും ജപ്തി നടപടികൾക്കു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ ബാങ്കുകൾ കൃത്യമായി പാലിക്കാറില്ല. കടത്തിൽ കുടുങ്ങിയവർ ഇത്തരം നിയമങ്ങളെക്കുറിച്ച് അജ്ഞരാണ് എന്നതിനെ മുതലെടുക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഇതിൽ ആർബിഐ നൽ‌കിയിട്ടുള്ള ചില മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. താത്ക്കാലികമായ വീഴ്ചകൾ നോൺ പെർഫോമിങ് അസ്സറ്റായി പ്രഖ്യാപിക്കരുത് എന്നതാണ് അവയിലൊന്ന്. സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് നൽകുന്നത് വൈകൽ, സ്ഥാപനത്തിന്റെ ക്രയശേഷിയെ കവിഞ്ഞു നിൽക്കുന്ന വായ്പാബാക്കി തുടങ്ങിയവയൊന്നും ഒരു വായ്പയെ നോൺ പെർഫോമിങ് അസറ്റായി പ്രഖ്യാപിക്കാൻ പര്യാപ്തമല്ല. എന്നാൽ‌ ബാങ്കുകൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നത് അപൂർവ്വമായി വന്നിട്ടുണ്ട് സർഫാസി നിയമത്തിനു ശേഷം. മേൽപ്പറഞ്ഞ ചെറിയ വീഴ്ചകൾ പോലും പർവ്വതീകരിച്ച് വായ്പയെ നോൺ പെർഫോമിങ് അസ്സറ്റായി പ്രഖ്യാപിക്കും.

ഒരു ആസ്തിയെ നോൺ പെർഫോമിങ് അസറ്റായി പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകൾക്ക് എടുത്തുചാടി ജപ്തി നടത്താനാകില്ല. ഇതിനുമുണ്ട് മാനദണ്ഡങ്ങൾ. വായ്പയെടുത്തയാൾ 90 ദിവസം തുടർച്ചയായി തിരിച്ചടവ് മുടക്കുകയും ഇത് വീണ്ടും 12 മാസത്തോളം പോകുകയും ചെയ്താൽ അയാളുടെ ഈടു നൽകിയ ആസ്തി നോൺ പെർഫോമിങ് അസറ്റായി മാറുന്നു. ഇതോടെ നിയനടപടികളിലേക്ക് ബാങ്കിന് പോകാം. ഇതിനായി, അടുത്ത അറുപത് ദിവസത്തിനകം വായ്പ തിരിച്ചടയ്ക്കണമെന്ന നോട്ടീസ് വായ്പയെടുത്തയാൾക്ക് നൽകണം. അതായത്, ഒരു വായ്പ നോൺ പെർഫോമിങ് അസറ്റായി മാറുന്നതിനും അതിനു ശേഷമുള്ള മറ്റു നിയമനടപടികൾ നടക്കുന്നതിനുമെല്ലാം ചില സമയക്രമങ്ങളുണ്ട്. വായ്പയെടുത്തയാൾക്ക് 17 മാസത്തോളം ലഭിക്കുന്നു. എന്നാൽ, ആർബിഐ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ മിക്കപ്പോഴും ബാങ്കുകൾ പാലിക്കാറില്ല. തിരിച്ചടവ് മുടങ്ങിയാൽ ഉടൻ തന്നെ അറുപത് ദിവസത്തെ നോട്ടീസ് നൽകി നേരിട്ട് ജപ്തി ചെയ്യാൻ ചെല്ലുന്നു. ബാങ്ക് ശരിയായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാതെ പോലീസ് ആളെ ഒഴിപ്പിക്കാൻ പിന്തുണ നൽകുകയും ചെയ്യുന്നു.

സര്‍ഫാസി വിരുദ്ധ സമര നേതാക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് സമരങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമോ?

ഇതോടൊപ്പം കാണേണ്ട മറ്റൊരു വസ്തുതയാണ് ബാങ്കുകൾ ശരിയായ ലേല നടപടികൾ പാലിക്കാറില്ല എന്നത്. ജപ്തി ചെയ്ത വസ്തു ലേലം ചെയ്യുന്നതിനു മുമ്പ് വസ്തുവിന്റെ ഉടമയായിരുന്നയാളോട് ബാങ്ക് ഔദ്യോഗികമായി ചർച്ച നടത്തണം. ലേലത്തിൽ ഏറ്റവും കുറഞ്ഞ തുകയായി എത്ര കാണിക്കണമെന്നത് വായ്പയെടുത്ത ആളെക്കൂടി പരിഗണിച്ചാണ് തീരുമാനിക്കേണ്ടത്. ഈ മാർഗ്ഗനിർദ്ദേശവും ബാങ്കുകൾ നഗ്നമായി ലംഘിക്കുന്നു.

2002ൽ സർഫാസി നിയമം രാജ്യത്തെ കർഷക ആത്മഹത്യകൾ വലിയ തോതിൽ കൂട്ടുന്നതിനും കാരണമായി എന്നത് ശ്രദ്ധേയമാണ്. സർവ്വാധികാരികളായി മാറിയ ബാങ്കുകൾ ഈ രംഗത്ത് ഒരുതരം സമാന്തരഭരണം തന്നെയാണ് നടത്തുന്നതെന്നു കാണാം. സഹകരണബാങ്കുകൾ ശക്തമായ കേരളത്തിൽപ്പോലും കർഷകർ സർഫാസി നിയമത്തിന്റെ കുരുക്കുകളിൽ പെട്ട് വലയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പലപ്പോഴും ന്യൂജനറേഷൻ ബാങ്കുകളെയും ദേശസാത്കൃത ബാങ്കുകളെയും ആശ്രയിക്കാൻ നിര്‍ബന്ധിതരാകുന്ന കർഷകരാണ് കുടുങ്ങുന്നത്.

കേരളം മുങ്ങുകയാണ്; ബ്ലേഡ് മാഫിയയും ബാങ്കുകാരും വീതിച്ചെടുക്കുന്ന ജീവിതങ്ങള്‍

ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍