UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ സര്‍ക്കാരിനോട് മദ്യപാനികള്‍ക്കും ചിലത് പറയാനുണ്ട്

Avatar

എംകെ രാമദാസ്

കേരളീയന്റെ മദ്യപാന സ്വഭാവുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെട്ട വസ്തുതകള്‍ കൗതുകകരമാണ്. സവിശേഷവുമാണ്. സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള 2,53,38,404 പേരില്‍ 5.29 ശതമാനം പേര്‍ മദ്യപിക്കുന്നവരാണ് എന്നതാണ് ഇതിലൊന്ന്. അതായത് ഏതാണ്ട് 13 ലക്ഷം പേര്‍. ഇവരില്‍ 33 പേര്‍ ദിവസേന മദ്യപിക്കുന്നവരാണ്. ഇവരാണ് അമിത മദ്യപാനികള്‍. ആഴ്ചയിലോ മാസത്തിലൊരിക്കലോ മദ്യപിക്കുന്നവര്‍ 19.34 ശതമാനം. വിരളമായി മദ്യപിക്കുന്നവര്‍ 44.96 ശതമാനം.

കണക്കുകള്‍ കൊണ്ട് കഥപറയുകയല്ല ഉദ്ദേശ്യം. ആധികാരികതയ്ക്കുവേണ്ടി ചേര്‍ക്കുകയുമല്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന വിഷയമായി കേരളത്തില്‍ മദ്യം മാറിയെന്ന തിരിച്ചറിവാണ് കാര്യം. അഴിമതിയാണ് ഉമ്മന്‍ചാണ്ടിയെ തകര്‍ത്തതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനം ബാര്‍ കോഴയെന്നും. പതിറ്റാണ്ടുകളായി ഒരു ആചാരം പോലെ കൈകാര്യം ചെയ്തിരുന്ന ബാര്‍ മേഖലയെ തലകീഴ് മറിക്കാന്‍ ശ്രമിച്ചതാണ് തുടക്കം. പണം കായ്ക്കുന്ന മരമാണ് അബ്കാരികള്‍ എന്ന് അറിയാത്ത രാഷ്ട്രീയക്കാര്‍ ഇവിടെയുണ്ടാകില്ല. തെരഞ്ഞെടുപ്പ് അങ്കത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും ഇതിനകം ബോധ്യമായിട്ടുണ്ടാകും. അബ്കാരികള്‍ കളമൊഴിഞ്ഞതോടെ ഭാരമെല്ലാം ചുമക്കേണ്ടി വന്ന മറ്റു കരാറുകാര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഞെരിപിരി കൊള്ളുന്നത് ഇതെഴുന്നയാള്‍ക്ക് നേരിട്ട് ബോധ്യമായിട്ടുണ്ട്. പറഞ്ഞു വരുന്ന കാര്യം ഇതൊന്നുമല്ല. തെരഞ്ഞെടുപ്പിലെ ഇടത് ജയത്തെ തിളക്കമുള്ളതാക്കി മാറ്റുന്നതില്‍ മദ്യപന്‍മാര്‍ വഹിച്ച പങ്കിനെ കുറിച്ചാണത്. മേല്‍പ്പറഞ്ഞ കണക്കുകള്‍ ശരിയാണെങ്കില്‍ പതിമൂന്ന് ലക്ഷത്തോളം മദ്യപാനികള്‍ ഇടത് വോട്ടു ചെയ്തിട്ടുണ്ടാകും. ആണ്ടിലോ ആഴ്ചയിലോ മദ്യപിക്കുന്നവര്‍ മുതല്‍ സ്ഥിരം മദ്യ സേവകര്‍ വരെ ഇതില്‍ഉള്‍പ്പെടും. കഴിഞ്ഞ കുറെ കാലമായി ഇവര്‍ സഹിക്കേണ്ടി വന്ന പ്രയാസം വിവരണാതീതം. സര്‍ക്കാര്‍ തീരുമാനത്തിന്റെ ലാഭം ആരില്‍ എത്തിച്ചേര്‍ന്നെന്നത് ഇപ്പോള്‍ വ്യക്തമായെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടാകുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

കൈയടിക്കോ പദവി മോഹികള്‍ക്ക് പാര പണിയാനോ ആവിഷ്‌കരിച്ച തന്ത്രങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ പൊല്ലാപ്പിന് അറുതി വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരും ഇടതിന് വോട്ട് ബട്ടണ്‍ അമര്‍ത്തിയത്. തീര്‍ത്തും സാധാരാണക്കാരായ വലിയ സദാചാരവാദികളല്ലാത്തവരാണ് ഇക്കൂട്ടര്‍. ദരിദ്രരാണ്. പകല്‍ നേരത്തെ അധ്വാനത്തിന്റെ ക്ഷീണമകറ്റി ഒന്ന് മയങ്ങാന്‍ ആഗ്രഹിക്കുന്ന അധ്വാന വര്‍ഗമാണിവര്‍. മതശാസനകള്‍ അപ്പാടെ ഇവര്‍ ചെവിക്കൊള്ളില്ല. ഇഹലോകത്തെ നരക ജീവിതത്തിനിടെ അല്‍പനേരം സ്വര്‍ഗം നേടാനാകുമെന്ന ശുദ്ധാത്മാക്കളാണ് ഇവര്‍. വാഹനങ്ങളില്‍, വഴിയോരങ്ങളില്‍, പൊതു ഇടങ്ങളില്‍ പതിവായി അപമാനിക്കപ്പെടുന്നവരാണ് ഇവര്‍. ഒരു തുള്ളി അകത്താക്കിയതിന്റെ പേരില്‍ വീട്ടില്‍ നിന്നും വെളിയിലാക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ആദിവാസികളും ദളിതരുമുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പത്താണ്ടിലൊരിക്കല്‍ പോലും കയറിയിറങ്ങാന്‍ കഴിയാത്തവരാണ് ഇവരില്‍ അധികവും. ഇവര്‍ പക്ഷേ നികുതി കൃത്യമായി നല്‍കി പൗര ബോധം പ്രകടിപ്പിക്കുന്നവരാണ്. അക്രമവും പീഡനവും അരാജകത്വവും സൃഷ്ടിക്കുന്നവര്‍ മദ്യപരാണെന്ന വിചിത്ര ന്യായം നടത്തുന്ന സന്മാര്‍ഗ വാദികള്‍ ഇവിടെയുണ്ട്. കണ്ണ് തുറക്കാത്ത ശുദ്ധാത്മാക്കളെന്നേ ഇവരെ കുറിച്ച് പറയേണ്ടതുള്ളൂ.

അടുത്ത ദിവസത്തേക്കുള്ള വീട്ടു സാധനങ്ങളുമായി ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മാര്‍ഗ മധ്യേ മിച്ചം പിടിച്ച കാശ് മുടക്കി ചെറുതായൊന്ന് മിനുങ്ങുന്നവരെ നേര്‍ വഴിക്ക് നടത്താനാണ് ഈ കോലാഹലങ്ങളൊക്കെയെന്ന് പ്രഥമദൃഷ്ട്യാ തോന്നും. അതല്ല കാര്യമെന്ന് അല്‍പം കോമണ്‍സെന്‍സുള്ള ഏതാണ്ടെല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. ചക്കിന് വച്ചത് കൊണ്ടത് കൊക്കിനാണെന്ന അര്‍ത്ഥം വച്ചുള്ള പ്രയോഗവും കുടില ബുദ്ധിയില്ലാത്തവര്‍ക്കും മനസ്സിലാകും. കിസ്തും മന്ത്രി മന്ദിരത്തിലെ പണമെണ്ണുന്ന യന്ത്രവും തമ്മിലുള്ള ബന്ധവും വൈകിയാണെങ്കിലും ഇവര്‍ക്ക് പിടികിട്ടി.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ചെറിയൊരു ഷോക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല മേനി പറഞ്ഞ് മിടുക്ക് കാണിക്കാനാണ് പിന്നീട് ശ്രമിച്ചത്. മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം ഇടതു മുന്നണിയെ വിജയിപ്പിക്കുന്നതില്‍ മദ്യപാനികള്‍ മുന്നിലുണ്ടായിരുന്നുവെന്ന് തന്നെയാണ്. ഈ വറുതിക്കൊരു അറുതിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വോട്ടു യന്ത്രത്തില്‍ വിരല്‍ അമര്‍ത്താന്‍ അവര്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന പ്രചാരണ വാദത്തെ മദ്യപാനികളും വിശ്വസിക്കുന്നു. അപമാനിക്കപ്പെടാതെ, അലമ്പില്ലാതെ, വ്യാജനല്ലാത്ത മദ്യം കഴിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഇവര്‍. എക്‌സൈസ് വകുപ്പ് ആരുടെ തലയില്‍ കെട്ടിവച്ചാലും മദ്യം സംബന്ധിച്ച പുരോഗമനാത്മകമായ നയം ഇടതുമുന്നണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

വിശ്വാസമര്‍പ്പിച്ചവരെ നിരുത്സാഹപ്പെടുത്തില്ലെന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാചകത്തില്‍ പൂര്‍ണ മനസോടെ പ്രതീക്ഷയര്‍പ്പിക്കുന്നവരാണ് ഈ മദ്യപാനികള്‍.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍