UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാറുകള്‍ തുറക്കില്ല, മദ്യ നയം സുപ്രീംകോടതി ശരിവച്ചു

അഴിമുഖം പ്രതിനിധി

കേരള സര്‍ക്കാരിന്റെ മദ്യ നയം സുപ്രീംകോടതി ശരിവച്ചു. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യ നയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരാണ് വിധി പറഞ്ഞത്. രണ്ട് വാചകങ്ങളില്‍ മാത്രമാണ് കോടതി വിധി പറഞ്ഞത്.

കോടതി വിധിയില്‍ സന്തോഷമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. എന്നാല്‍ കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് ബാറുടമ എലഗന്‍സ് ബിനോയ് പറഞ്ഞു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുര്‍ന്നുള്ള നടപടികള്‍ തീരുമാനിക്കുമെന്നും ബിനോട് കൂട്ടിച്ചേര്‍ത്തു. നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് രാജ് കുമാര്‍ ഉണ്ണിയും പറഞ്ഞു.

സര്‍ക്കാരിന്റെ നയം സുപ്രീംകോടതി ശരിവച്ചതോടെ കേരളത്തില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനാകില്ല. 27 പഞ്ചനക്ഷത്ര ബാറുകളില്‍ മാത്രമായിരിക്കും വിദേശ മദ്യം വില്‍ക്കുക.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നാണ് ബാര്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചത്. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവന്ന് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തുകയെന്നതാണ് നയമെന്ന് സര്‍ക്കാരും വാദിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നും സര്‍ക്കാര്‍ വാദിച്ചു.

നേരത്തെ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും സര്‍ക്കാരിന്റെ നയത്തെ അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍