UPDATES

സ്വന്തമായി കെട്ടിടമോ സൗകര്യങ്ങളോ ഇല്ലാത്ത ലോ അക്കാദമി, ഫീസ് 57,000; രാമനാട്ടുകര ഭവന്‍സ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം കേരളം ശ്രദ്ധിക്കണം

മാനേജ്‌മെന്റ് സീറ്റിലായാലും മെറിറ്റ് സീറ്റിലായാലും ഒരേ ക്ലാസാണ് ലഭിക്കുന്നതെന്നും അതുകൊണ്ട് ഒരേ ഫീസു തന്നെ വേണമെന്നുമാണ് മാനേജ്മെന്റ് വാദം

തിരുവനന്തപുരം ലോ അക്കാദമയില്‍ നിന്നു കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് പള്‍സാര്‍ ലോ അക്കാദമിയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. തിരുവനന്തപുരത്ത് നടന്നതിനു സമാനമായ സമരമാണ് കഴിഞ്ഞ ഒരു മാസത്തിനടുത്തായി ഭവന്‍സ് ലോ അക്കാദമിയിലും നടക്കുന്നത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും 300-ലധികം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയം മുഖ്യധാര മാധ്യമങ്ങളോ സമൂഹമോ ചര്‍ച്ച ചെയ്യുന്നില്ലെന്നാണു വിദ്യാര്‍ത്ഥികളുടെ പരാതി. സര്‍ക്കാര്‍ അംഗീകരിച്ച ഫീസു കൊടുത്ത് പഠിക്കാന്‍ വേണ്ടി തങ്ങള്‍ നടത്തുന്ന ഈ സമരം പുറംലോകം അറിയാതെ പോകരുതെന്ന് അവര്‍ പറയുന്നു. 25,900 രൂപയെന്ന് സര്‍ക്കാര്‍ പറഞ്ഞ മെറിറ്റ് ഫീസിനു പകരം 57,0000 രൂപ വേണമെന്നു പറയുന്ന മാനേജ്‌മെന്റിനെ കുറിച്ച് പൊതുസമൂഹം അറിയണം. കാലിക്കറ്റ് സര്‍വകലശാലയുടെ അഫിലിയേഷനോടെ ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു കോളേജിന്റെ ഇത്തരം പ്രവര്‍ത്തികളോട് പ്രതികരിക്കേണ്ടതും സമൂഹമാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിയമങ്ങള്‍ കാറ്റില്‍ പറത്തിയ നിയമപഠന സ്ഥാപനം
2012 ലാണ് ഭവന്‍സ് പള്‍സാര്‍ ലോ അക്കാദമി എന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം സര്‍ക്കാര്‍ അനുമതി നേടി രാമനാട്ടുകരയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാറിനു നല്‍കിയ സത്യവാങ്മൂലത്തില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസില്‍ 50: 50 അനുപാതത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. മെറിറ്റ് സീറ്റില്‍ 25,900 രൂപയും മാനേജ്‌മെന്റ് സീറ്റില്‍ 35,900 രൂപയുമായിരുന്നു ഫീസ് ഘടന. ഇതുപ്രകാരം 2013 ല്‍ എന്‍ട്രസ് എഴുതി യോഗ്യത നേടിയ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കി.

പ്രോസ്‌പെക്ടസില്‍ മികച്ച ക്യാമ്പസിന്റെ ചിത്രവും ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യങ്ങളടക്കമുള്ള കാര്യങ്ങളും കണ്ട വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായെത്തിയപ്പോള്‍ ഇതൊന്നും കണ്ടില്ല. ഒരു നാലുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ പല വിദ്യാര്‍ഥികളും അന്നു തന്നെ സംശയമുന്നയിച്ചു. അപ്പോള്‍ മാനേജ്‌മെന്റ് അധികൃതരുടെ വാദം അക്കാദമി വാഴയൂരില്‍ ഒമ്പത് ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഒന്നര വര്‍ഷം കൊണ്ട് അങ്ങോട്ടുമാറുമെന്നുമായിരുന്നു. ഇത് വിശ്വസിച്ച വിദ്യാര്‍ഥികള്‍ പ്രവേശനം നേടി പഠനം ആരംഭിച്ചു.

പലരും ഉയര്‍ന്ന വാടക നല്‍കി രാമനാട്ടുകരയിലെ വാടകവീടുകളില്‍ താമസിച്ചാണ് പഠിക്കുന്നത്. എന്നാല്‍ നാലുവര്‍ഷം കഴിയുമ്പോളും ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല സ്ഥിതി ആദ്യത്തെതിലും ദയനീയമായതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പലവട്ടം സമരവുമായി മുന്നോട്ടുവന്നെങ്കിലും താത്കാലിക ഉറപ്പുകള്‍ നല്‍കി മാനേജ്‌മെന്റ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ മേയ് മാസത്തോടെ ഫീസ് 57,000 രൂപയായി വര്‍ധിച്ചതോടെ കഥ മാറി. മെറിറ്റ്, മാനേജ്‌മെന്റ് ഫീസില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളും 57,000 രൂപ ഓരോ വര്‍ഷവും അടച്ചാല്‍ പഠനം തുടരാം എന്ന തീരുമാനം വിദ്യാര്‍ഥികളെ സമരരംഗത്തേക്ക് തള്ളിവിട്ടു; ഒറ്റയടിക്ക് ഒരു കാരണവുമില്ലാതെ ഇരട്ടിയിലധികമാക്കി ഫീസ് വര്‍ധിപ്പിച്ച മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ എസ്.എഫ്. ഐയുടെ നേതൃത്വത്തില്‍ ആദ്യം സമരം ആരംഭിച്ചു. പിന്നാലെ കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും സമരരംഗത്തെത്തി. എസ്.എഫ്.ഐയുടെ നിരാഹാര സമരം 15 ദിവസം പിന്നിട്ടിരിക്കുകയാണ് നിലവില്‍.

"</p

“വിദ്യാഭ്യാസ കച്ചവടമാണ് ഇവിടെ മാനേജ്‌മെന്റ് നടത്താനുദ്ദേശിക്കുന്നത്. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതി എന്ന ഈ ധിക്കാര നിലപാടിനെ ചെറുത്തു തോല്‍പ്പിക്കണം. എന്തടിസ്ഥാനത്തിലാണ് മെറിറ്റു സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഒരേ ഫീസ് ഈടാക്കുന്നത്. അതും ഇരട്ടിയിലധികം വര്‍ധന. സ്വന്തമായി കെട്ടിടമില്ലാത്ത ഒരു സ്ഥാപനമാണിത്. വാഴയൂര്‍ എന്ന സ്ഥലത്ത് ഒരു ശിലപോലും ഇതുവരെ പാകിയിട്ടില്ല. കാടൂമൂടി കിടക്കുന്ന ആ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടക്കുന്നുവെന്ന വ്യാജപ്രചാരണം മാനേജ്‌മെന്റ് പ്രവേശന സമയത്ത് നടത്തിയത്. ഫീസ് റെഗുലേറ്ററി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് നിലവിലുള്ള ഫീസ് വര്‍ധനയ്ക്ക് മാനേജ്‌മെന്റ് അംഗീകാരം നേടിയെടുത്തത്. എഫ്. ആര്‍. സി അധികൃതര്‍ പരിശോധനയ്ക്ക് വന്ന ദിവസം കോളേജിന് അവധി നല്‍കി. ആകെയുള്ള എട്ടു ക്ലാസ്മുറികളില്‍ ആറെണ്ണം ഡിജിറ്റല്‍ ക്ലാസ് റൂമാണെന്ന് അവരെ തെറ്റിധരിപ്പിച്ചു. രണ്ടു ക്ലാസുകളില്‍ മാത്രമാണ് നിലവില്‍ ഇവിടെ പ്രൊജക്ടറുള്ളത്. എന്നാല്‍ പരിശോധന ദിവസം ഈ മാനേജുമെന്റിനു കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അടുത്തുളള സ്‌കൂളില്‍ നിന്ന് പ്രോജക്ടര്‍ കൊണ്ടുവന്ന് നാലുമുറികളില്‍ വെക്കുകയായിരുന്നു. പിന്നെ പല എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസും ഇവിടെ നടക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് പറയാന്‍ അവസരം നല്‍കിയില്ല. നിലവില്‍ ഞങ്ങള്‍ എഫ്.ആര്‍.സിക്ക് റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ സിറ്റിങ് ജൂണ്‍ നാലിനു നടക്കും. ഇതിലും വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കുന്ന രീതിയിലുള്ള തീരുമാനമുണ്ടായില്ല എങ്കില്‍ ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് തിരിയും. പല വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലരും വിദ്യാഭ്യാസ ലോണെടുത്ത് പഠിക്കുന്ന സാധാരണക്കാരാണ്. അതുകൊണ്ടു തന്നെ ഈ സമരം വിജയിച്ചേ പറ്റൂ”- എസ്.എഫ്.ഐ ഭവന്‍സ് ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി അക്ഷയ് ബാബു പറയുന്നു.

വിദ്യാര്‍ഥികള്‍ കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അമിതമായ ഈടാക്കിയ ഫീസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കാന്‍ സര്‍വകലാശാല ഉത്തരവിട്ടിരുന്നു. എന്നാല്‍ ഫീസ് വിഷയത്തിലിടപെടാല്‍ സര്‍വ്വകലാശാലയ്ക്ക് അധികാരമില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് അധികൃതര്‍ നല്‍കിയ മറുപടി. ഫീസ് റഗുലേറ്ററി കമ്മീഷന്‍ കോളേജ് അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ പോലും അറിയാതിരിക്കാന്‍ വേണ്ടി മെയ് 16-നാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കിയെതെന്നത് ഉന്നതര്‍ക്കു വരെ ഇതില്‍ പങ്കുണ്ടെന്ന സംശയമുയര്‍ത്തുന്നുണ്ട്.

ഭീഷണിയുടെ സ്വരവുമായി മനേജ്‌മെന്റ്‌; സമരം തുടര്‍ന്നാല്‍ കോളേജ് പൂട്ടും
വിദ്യാര്‍ഥി സമരത്തെ പൊളിക്കാന്‍ ഗൂഢമായ തന്ത്രങ്ങള്‍ മാനേജ്‌മെന്റ് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കോളേജ് എന്നന്നേക്കുമായി അടച്ചിടുമെന്ന ഭീഷണിയുമായി തങ്ങളുടെ രക്ഷിതാക്കള്‍ക്ക് കത്തയക്കാന്‍ വരെ മാനേജ്‌മെന്റ് തയ്യാറായതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. രഹസ്യമായി രക്ഷിതാക്കളുടെ യോഗം വിളിച്ച് അവരെ മുന്‍നിര്‍ത്തി സമരം പൊളിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ കൃത്യമായി ഇടപെടുകയും രക്ഷിതാക്കളെ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് മനസിലാക്കുകയും സമരത്തിന് അവരുടെ കൂടി പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു. എം.എല്‍.എ വി.കെ.സി മമ്മദ്‌ക്കോയ, കോഴിക്കോട് എം.പി എം.കെ രാഘവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ് ചര്‍ച്ച പരാജയപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. ഉപഭോക്താക്കളെന്നും തെമ്മാടികളെന്നുമൊക്കെയാണ് മാനേജ്‌മെന്റ് അധികൃതര്‍ കത്തുകളില്‍ വിദ്യാര്‍ഥികളെ വിശേഷിപ്പിക്കുന്നതെന്നും പരാതി.

“ഒരു ലോ കോളേജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നു തന്നെ ഇവിടെയില്ല. ഇത് ഒരു പാരലല്‍ കോളേജിനു സമാനമാണ്. ജില്ലയിലെ മറ്റു സ്വാശ്രയ മാനേജ്‌മെന്റ് ലോ കോളേജുകളില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഫീസുമാത്രമാണ് ഈടാക്കുന്നത്. തൊട്ടടുത്ത സ്‌കൂളിന്റെ കാന്റീനാണ് ഇവിടുത്തെയും കാന്റീന്‍, സ്‌കൂള്‍ ഇല്ലേല്‍ കാന്റീനും പ്രവര്‍ത്തിക്കില്ല. വിചിത്രമായ വാദങ്ങളാണ് ഇവരുന്നയിക്കുന്നത്. മാനേജ്‌മെന്റ് സീറ്റിലായാലും മെറിറ്റ് സീറ്റിലായാലും ഒരേ ക്ലാസാണ് ലഭിക്കുന്നതെന്നും അതുകൊണ്ട് ഒരേ ഫീസു തന്നെ വേണമെന്നും. എല്ലാവര്‍ക്കും തുല്യനീതിയാണുപോലും. ഫീസ് ഇരട്ടിയലധികം വര്‍ധിപ്പിച്ച് , സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയവരാണ് നീതിയെ കുറിച്ച് സംസാരിക്കുന്നത്,” സമരരംഗത്തുള്ള വിദ്യാര്‍ഥികളിലൊരാളായ ഷിര്‍ദില്‍ പറയുന്നു.

"</p

സമരപ്പന്തല്‍, പഠനപ്പന്തല്‍
വിദ്യാര്‍ഥി സമരം മുന്നേറുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. സമരപ്പന്തല്‍ ഇപ്പോള്‍ പഠന പന്തല്‍ കൂടിയാണ്. സമാന്തരമായി ക്ലാസുകള്‍ സമരപ്പന്തലില്‍ നടക്കുന്നു. കോളേജ് അടച്ചുപൂട്ടുമെന്ന പറഞ്ഞ ഡയറക്ടര്‍ക്ക് പകരം കോഴിഫാം തുടങ്ങാന്‍ ബക്കറ്റ് പിരിവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. സമരത്തെ പൊളിക്കാന്‍ പോലീസ് സംരക്ഷണയോടെ ഇന്റേണല്‍ എക്‌സാം നടത്താനൊരുങ്ങിയ മാനോജ്‌മെന്റ് നീക്കം വിദ്യാര്‍ഥികള്‍ സമരത്തിലൂടെ ഇല്ലാതാക്കി.

“രാജേന്ദ്രബാബു കമ്മിറ്റി ഫീസ് വര്‍ധന വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എടുത്തത്. തികച്ചും ഏകപക്ഷീയമായ തീരുമാനം. മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ അതേപടി നടപ്പിലാക്കി നല്‍കി. ഈ തീരുമാനം അടുത്ത സിറ്റിങ്ങോടെ തിരുത്തപ്പെടണം. ഇല്ലെങ്കില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ഒരുമിച്ചു നിര്‍ത്തി വന്‍ പ്രതിഷേധങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കും. ഇപ്പോള്‍ കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പോലും പ്രവര്‍ത്താനുമതി ഇല്ല എന്ന് വിവരാവകാശം വഴി രാമനാട്ടുകര നഗരസഭ ഞങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. വാഴയൂരിലേക്കും ഈ ക്യാമ്പസ് മാറ്റാന്‍ പോകുന്നില്ല. കാരണം മലപ്പുറം ജില്ലയില്‍ മൂന്നു ലോ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ഇനി മറ്റൊരു കോളേജിന് അനുമതി നല്‍കില്ലെന്നാണ് വിവരം. അതുകൊണ്ട് ഇതേ കെട്ടിടത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുമെന്നതാണ് സത്യം. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരും”- കെ.എസ്.യു ഭവന്‍സ് ലോ അക്കാദമി യൂനിറ്റ് പ്രസിഡന്റ് ജിനേഷ്‌ലാല്‍ പറയുന്നു.

സ്വാശ്രയ കോളേജുകള്‍ തന്നിഷ്ട പ്രകാരം നടത്തുന്ന ഇത്തരം വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ തിരുത്തപ്പെടണമെന്നും അതിന് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നാണു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. എഫ് ആര്‍.സിയുടെ ഭാഗത്തു നിന്നും അത്തരത്തിലുള്ള ഭേദഗതി വരുത്തണം. നിയമവ്യവസ്ഥയ്ക്ക് കാവലാളാകേണ്ടുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്ക് ന്യായമായ ഫീസില്‍ പഠിക്കാനവാശ്യമായ സൗകര്യം ഒരുക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ എന്നും അവര്‍ ചോദിക്കുന്നു…

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍