യോഗ ക്ഷേമ സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ എന്നു റിപ്പോര്‍ട്ട്
എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ വിഭാഗമായ ബിഡിജെഎസില്‍ വീണ്ടും പൊട്ടിത്തെറി. വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു എന്നതാണ് പുതിയ വാര്‍ത്ത. യോഗക്ഷേമ സഭാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് അക്കീരമണ്‍ ബിഡിജെഎസ് വിടുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് അക്കീരമണ്‍.
എന്നാല്‍ ബിഡിജെഎസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് അക്കീരമണ്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചനകള്‍. നേരത്തെ പാര്‍ട്ടി തലവന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ക്കെതിരെ രംഗത്തു വന്നിരുന്ന അക്കീരമണ്‍ കഴിഞ്ഞ മൂന്നു മാസമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
പാര്‍ട്ടി രൂപീകൃതമായതു മുതല്‍ നേതൃസ്ഥാനത്തുണ്ടായിരുന്ന അക്കീരമണ്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തിരുവല്ലയില്‍ മത്സരിക്കുകയും 31,439 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.
നേരത്തെ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് വെളളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന, നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ സാമൂഹിക ഉന്നമനം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സമത്വ മുന്നേറ്റ യാത്രയുടെ പ്രമുഖ സംഘാടകന്‍ കൂടിയായിരുന്ന അക്കീരമണിനെ ഇതോടെയാണ് യോഗ ക്ഷേമ സഭയൂടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും ബിഡിജെഎസില്‍ തമ്മിലടി മൂക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് തന്നെ പുറത്തു പോകുന്നത്. ബിഡിജെഎസ് നേതൃത്വവുമായി ഉടക്കി പുറത്തുപോയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ അക്കീരമണും പാര്‍ട്ടി വിടുന്നത്.