UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഷ്താഖ് അലി ട്രോഫി: കേരളം ബറോഡയെ തകര്‍ത്തു

അഴിമുഖം പ്രതിനിധി

ആവേശം കടലോളം അലതല്ലിയ മത്സരത്തില്‍, സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡക്കെതിരെ കേരളത്തിന് നാല് വിക്കറ്റിന്റെ ഉജ്വല ജയം. മുംബയില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയെ മറികടന്ന് അവസാന ഓവറിലാണ് കേരളം വിജയകൊടി നാട്ടിയത്. 21 പന്തില്‍ നിന്നും 47 റണ്‍സെടുത്ത പുറത്താകാതെ നിന്ന് നേടിയ റൈഫി വിന്‍സന്റ് ഗോമസ് ആണ് കേരളത്തിന്റെ വിജയശില്‍പ്പി. അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കേരളത്തിന്‌ റൈഫി രണ്ട് പന്ത് ശേഷിക്കേ സിക്‌സര്‍ പറത്തി വിജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍ ബറോഡ 160-6 /20 ഓവറില്‍. കേരളം164-6/ 19.4 ഓവറില്‍. ആദ്യ കളിയില്‍ മുംബയോട് പരാജയപ്പെട്ടിരുന്ന കേരളം ഈ വിജയത്തോടെ ഫൈനല്‍ സാധ്യത നിലനിര്‍ത്തി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കേരള ബാറ്റ്‌സ്മാന്മാര്‍, മത്സരം ബറോഡയുടെ കയ്യില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. കേരള ഇന്നിംഗ്‌സിന്റെ ഭൂരിഭാഗം സമയത്തും മേല്‍കൈ നേടിയതിനു ശേഷമാണ് ബറോഡ മത്സരം കേരളത്തിന്റെ കാല്‍ക്കല്‍ വെച്ചവസാനിപ്പിച്ചത്.

ടോസ് നേടിയ കേരളം ബറോഡയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇര്‍ഫാന്‍ പഠാന്റെയും, ഐ.പി.എല്‍. താരം ദീപക് ഹൂഡയുടെയും മികവില്‍ 160 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ അവര്‍, കേരള ഇന്നിങ്ങ്‌സിലെ ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസനെ പുറത്താക്കി കേരളത്തിനു ആദ്യ പ്രഹരം ഏല്‍പ്പിച്ചു. ഇന്ത്യന്‍ താരം ഇര്‍ഫാന്റെ മീഡിയം പേസിനു മുന്നില്‍ പതറിയ കേരളത്തിന്റെ ഇന്നിംഗ്‌സിനെ തിരിച്ചു കൊണ്ട് വന്നതു ക്യാപ്ടന്‍ സച്ചിന്‍ ബേബിയുടെയും നിഖിലെഷ് സുരേന്ദ്രന്റേയും ബാറ്റിങ്ങാണ്. സച്ചിന്‍ 44-ഉം നിഖിലെഷ് 36-ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീട് കണ്ടത് റൈഫിയുടെ സംഹാര താണ്ഡവമായിരുന്നു.

ബോളര്‍മാരോട് യാതൊരു ദയയും കാണിക്കാതെ പന്ത് അതിര്‍ത്തി കടത്തുന്നതില്‍ താല്പര്യം കാണിച്ച റൈഫി, മൂന്ന് ഫോറും അത്ര തന്നെ സിക്‌സറും പറത്തി. 19-ം ഓവറില്‍ പ്രശാന്ത് പദ്മനാഭന്‍ പറത്തിയ രണ്ട് സിക്‌സറുകള്‍ കളിയുടെ ഗതി കേരളത്തിന് അനുകൂലമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കേരളം, രണ്ടു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. കേരളത്തിന്റെ നിര്‍ണായകമായ അടുത്ത മത്സരം തിങ്കളാഴ്ച വിദര്‍ഭക്കെതിരെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍