UPDATES

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

അതും ഇതും ഒന്നുതാന്‍, അവന്‍ വേറെ ഇവന്‍ വേറെ അല്ല, ഇതും നാന്‍ പെത്ത പുള്ളൈ താന്‍

അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയിലേറെയായി. വട്ടവടയിലെ വീട്ടിലേക്ക് ഇന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ ശക്തിയുള്ള പ്രദേശമാണ് ഇവിടം. നിരവധി പേര്‍ ചോര കൊടുത്തും പോരാട്ടം കൊണ്ടും പാര്‍ട്ടിയെ ശക്തമാക്കിയ പ്രദേശം. ആ പ്രസ്ഥാനത്തിന്റെ ഇങ്ങേ തലയ്ക്കലായിരുന്നു വട്ടവടയില്‍ എസ്എഫ്ഐക്ക് ആദ്യമായി യൂണിറ്റ് രൂപീകരിച്ച അഭിമന്യുവും. അവിടുത്തെ ജീവിതങ്ങളിലൂടെ. ആദ്യഭാഗം: വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

ഭാഗം 2

അതും ഇതും ഒന്നുതാന്‍, അവന്‍ വേറെ ഇവന്‍ വേറെ അല്ല, ഇതും നാന്‍ പെത്ത പുള്ളൈ താന്‍;

ഇതൊരു അമ്മയുടെ വാക്കുകളാണ്. പ്രായം തളര്‍ത്തിയ ശബ്ദത്തില്‍ വലതുകൈത്തലം ഇടനെഞ്ചില്‍ പൊത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞ വാക്കുകള്‍. ഈ അമ്മയുടെ പേര് ദമയന്തി. പ്രായം എഴുപതിനു മുകളില്‍. ദമയന്തിയുടെ ഒറ്റമുറി വീടിനു തൊട്ടുപുറകിലാണ് ഭൂപതിയുടെ വീട്. ഭൂപതി; മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നാന്‍ പെത്ത മകനേ എന്ന് കേണുകൊണ്ട് പ്രിയപ്പെട്ട മകന്റെ മുഖം കൈവെള്ളയില്‍ ചേര്‍ത്ത് പിടിച്ചു നിലവിളിച്ച അമ്മ, അഭിമന്യുവിന്റെ അമ്മ. ഭൂപതിയെ പോലെ മകന്റെ നിശ്ചലമായ ശരീരം കെട്ടിപ്പിടിച്ച് കരയേണ്ടി വന്ന അമ്മയാണ് ദമയന്തിയും. ആ അമ്മയേയും കേരളം അറിയണം. ആ അമ്മയുടെ മകനെയും.

വട്ടവടയ്ക്ക് അഭിമന്യുവിനെ നഷ്ടപ്പെടുന്നതിനു സമാനമായി 24 വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതായിരുന്നു കാശിനാഥന്‍; വട്ടവടയിലെ ആദ്യരക്തസാക്ഷി. ധീരനായ കമ്യൂണിസ്റ്റുകാരന്‍. ദമയന്തിയുടെയും അരുണാചലത്തിന്റെയും മകന്‍. ഡിവൈഎഫ്‌ഐ നേതാവായിരുന്ന കാശിനാഥനെ വെടിവച്ചു കൊല്ലുകയായിരുന്നു ഒരു രാത്രിയില്‍. അഭിമന്യുവിന് ഘാതകരായവര്‍ വര്‍ഗീയശക്തികളായിരുന്നെങ്കില്‍ കാശിനാഥനെ ഇല്ലാതാക്കിയവര്‍ സാമൂഹ്യവിരുദ്ധ ശക്തികളായിരുന്നു. കമ്പക്കല്ലില്‍ ശക്തമായിരുന്നു കഞ്ചാവ് മാഫിയ. ശത്രുക്കള്‍ രണ്ടിടത്തും തങ്ങളുടെ പദ്ധതി ഏതാണ്ട് ഒരേ രീതിയിലാണ് നടപ്പാക്കിയത്. കൊല്ലണമെന്ന് ഉദ്ദേശിച്ചു തന്നെ എത്തി കൊന്നിട്ടു പോയി. ഒരു വ്യത്യാസം മാത്രം, അഭിമന്യുവിനെ ഇടനെഞ്ചില്‍ ഒറ്റ കുത്തിന് കൊന്നെങ്കില്‍ കാശിനാഥന്റെ ഇടനെഞ്ചിലേക്ക് തുളഞ്ഞു കയറിയത് ഒരു വെടിയുണ്ടയായിരുന്നു. വീണിടത്ത് തന്നെ അഭിമന്യുവിനെ പോലെ കാശിനാഥനും ജീവന്‍ പോയി. രക്ഷപ്പെടുത്താന്‍ ഒരവസരവും നല്‍കാതെ ശത്രുക്കള്‍ നടപ്പാക്കിയ രണ്ട് ആസൂത്രിത കൊലപാതകങ്ങള്‍.

വട്ടവടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഇപ്പോഴുള്ളതുപോലെ ശക്തിപ്രാപിച്ചത്. എതിര്‍പാര്‍ട്ടിക്കാരുടെ ഉള്‍പ്പെടെ, ഒരു കമ്യൂണിസ്റ്റിന്റെ സാന്നിധ്യം ഇഷ്ടമാകാത്ത പലരും ഉണ്ടായിരുന്നു. അവരില്‍ നിന്നെല്ലാം നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. മൂന്നാറില്‍ നിന്നും വട്ടവടയില്‍ പാര്‍ട്ടി വളര്‍ത്താന്‍ എത്തിയ സഖാവ് ആര്‍ മാണിക്യത്തിന് നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. പലതരത്തിലുള്ള ആക്രമണങ്ങള്‍, വധഭീഷണി, ശാരീരിക മര്‍ദ്ദനം പലവട്ടം ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും ജനങ്ങളില്‍ തന്റെ ആശയം പ്രചരിപ്പിക്കാനും ചുവപ്പിന്റെ കീഴില്‍ കുറച്ച് പേരെയെങ്കിലും അണിനിരത്താനും മാണിക്യത്തിന് കഴിഞ്ഞു. പക്ഷേ, അവര്‍ക്കും പലതും നേരിടേണ്ടി വന്നു. കമ്യൂണിസ്റ്റുകാരെ നാട്ടില്‍ വേണ്ടെന്നു പറഞ്ഞ് അടിച്ചോടിക്കാന്‍ എതിര്‍പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ രംഗത്തുണ്ടായിരുന്നു. ഒരുപാട് സഹനങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ നാട്ടിയ ചെങ്കൊടി ഇവിടെ തന്നെ ഉണ്ടാകുമെന്ന് തിരിച്ചു പറഞ്ഞ്, പ്രതിരോധിച്ചും തിരിച്ചടിച്ചും കമ്യൂണിസ്റ്റുകാര്‍ വട്ടവടയില്‍ തന്നെ നിന്നു. പിന്നെ വളര്‍ന്നു. വട്ടവടയിലെ പല കുടുംബങ്ങളും പാര്‍ട്ടി കുടുംബങ്ങളായി തീര്‍ന്നു. തലമുറകള്‍ക്കിപ്പുറവും അവരങ്ങനെ തന്നെ നില്‍ക്കുന്നു; അഭിമന്യുവിന്റെ കുടുംബം പോലെ.

വട്ടവട പഞ്ചായത്തിലെ പാര്‍ട്ടി കുടുംബങ്ങളില്‍ ഒന്നായിരുന്നു അരുണാചലത്തിന്റെയും. ഭാര്യ ദമയന്തിയും ഭര്‍ത്താവിനെ പോലെ അടിയുറച്ച സഖാവ് ആയിരുന്നു. നാല് മക്കള്‍, അതില്‍ രണ്ട് ആണുങ്ങള്‍. അവരില്‍ ഇളയതായിരുന്നു കാശിനാഥന്‍. അരുണാചലം പിന്നീട് വട്ടവട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി. കാശിയുടെ പ്രവര്‍ത്തനം ഡിവൈഎഫ്‌ഐയിലായിരുന്നു. സംഘടനയുടെ നേതൃത്വനിരയിലേക്ക് വളരെ വേഗം ഉയര്‍ന്നു വന്ന ചെറുപ്പക്കാരന്‍. അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ കമ്യൂണിസം ഒട്ടും ചോരാതെ തന്നെ തന്റെ പ്രവര്‍ത്തികളില്‍ നടപ്പാക്കിയ സഖാവ്.

വട്ടവടയ്ക്ക് അക്കാലത്തൊരു കുപ്രസിദ്ധി ഉണ്ടായിരുന്നത് കഞ്ചാവ് കൃഷിയുടെ പേരിലായിരുന്നു. അന്നാട്ടുകാര്‍ അതില്‍ പങ്കാളികളായിരുന്നില്ലെങ്കിലും (ചിലരൊക്കെ പ്രലോഭനത്തിലും ഭീഷണിയിലും വീണ് കഞ്ചാവ് കൃഷിക്കാര്‍ക്കൊപ്പം പോയെങ്കിലും) ചീത്തപ്പേര് മൊത്തത്തിലായിരുന്നു. തലമുറകളായി പച്ചക്കറി കൃഷി ചെയ്ത് ജീവിതം പോറ്റിയിരുന്നോര്‍ക്ക് കഞ്ചാവ് കൃഷിക്കാരെന്ന ദുഷ്പ്രചാരണത്തിന്റെ ഇരകളാകേണ്ടിയും വന്നു.

കമ്പക്കല്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും കഞ്ചാവ് കൃഷി. ഭീകരന്‍ തോമ എന്ന തോമ ആയിരുന്നു പ്രധാന കഞ്ചാവ് കൃഷിക്കാരന്‍. തോമ ഒരു അധോലോക രാജാവിനെ പോലെയാണ് അവിടെ വാണിരുന്നത്. എന്നാല്‍ തങ്ങളുടെ നാടിനെയും ജനങ്ങളെയും നശിപ്പിക്കുന്ന കഞ്ചാവ് കൃഷി ഇവിടെ വേണ്ടെന്ന തീരുമാനവുമായി രംഗത്തിറങ്ങുകയായിരുന്നു കാശിനാഥിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ. ശക്തമായ പ്രതിഷേധങ്ങള്‍ അവര്‍ ഉയര്‍ത്തി. പ്രലോഭനങ്ങളെയും ഭീഷണികളെയും അവര്‍ അവഗണിച്ചു. ശത്രുക്കള്‍ എത്ര ഭീകരന്മാരാണെങ്കിലും നേരിടും എന്നു തന്നെ ഉറച്ച് പറഞ്ഞ് കാശിനാഥനും സഖാക്കളും തങ്ങളുടെ പോരാട്ടം ശക്തമാക്കി.

വര്‍ഗീയത തുലയട്ടെ എന്നെഴുതിയതിന് അഭിമന്യുവിനെ ഇല്ലാതാക്കിയതുപോലെ, തങ്ങളുടെ കഞ്ചാവ് സാമ്രാജ്യം ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങിയവനെ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യം ഭീകരന്‍ തോമയും സംഘവും മനസിലാക്കി. അതിനവര്‍ പദ്ധതിയും തയ്യാറാക്കി.

കൃഷിയായിരുന്നു ഏതൊരു വട്ടവടക്കാരനെയും പോലെ കാശിനാഥന്റെ കുടുംബത്തിനും ഉപജീവന മാര്‍ഗം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കാശിനാഥന്‍ കൃഷിയിലും ശ്രദ്ധിച്ചിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം ഉള്ളതിനാല്‍ രാത്രി കൃഷിയിടത്തില്‍ കാവലിരിക്കുന്ന പതിവ് വട്ടവടയിലുണ്ട്.

അതൊരു ജൂണ്‍ മാസ രാത്രിയായിരുന്നു. വര്‍ഷം 1994. തന്റെ സുഹൃത്തുക്കളുമൊത്ത് കാശിനാഥനും കൃഷിയിടത്തില്‍ കാവലിരിക്കാന്‍ പോയി. ഇരുട്ടിന്റെ മറവും എതിരാളി, ആക്രമണത്തെ പ്രതിരോധിക്കാന്‍ സജ്ജനായിരിക്കില്ലെന്ന ബോധ്യവും ശത്രുവിന് ഉണ്ടായിരുന്നു. അഭിമന്യുവിന്റെ കാര്യത്തില്‍ ശത്രുക്കള്‍ കണക്കു കൂട്ടിയ അതേ രീതി. സഖാവ് കാശിനാഥന്‍ ഇല്ലാതാവുക എന്നത് തങ്ങളുടെ കച്ചവടത്തിന് ഏറ്റവും ആവശ്യമാണ് എന്ന് മനസിലാക്കിയ ഭീകരന്‍ തോമ നിര്‍ദേശം നല്‍കി അയച്ച കൊലയാളികള്‍ അവരുടെ ജോലി കൃത്യമായി ചെയ്തു. കാശിനാഥന്റെ ഇടനെഞ്ച് ലക്ഷ്യമാക്കി അവര്‍ കാഞ്ചി വലിച്ചു. വട്ടവടയില്‍ ആദ്യ രക്തസാക്ഷിയായി കാശിനാഥന്‍ മാറാന്‍ അധിക സമയം ഒന്നുമെടുത്തില്ല.

"</p

കാശിനാഥന്റെ ചിത്രവുമായി അമ്മ ദമയന്തി

കാശിനാഥന്റെ കൂടെ ഉണ്ടായിരുന്നവരില്‍ പയ്യനായിരുന്ന മണികണ്ഠനാണ് ഇരുട്ടില്‍ അലറി വിളിച്ച് ഓടിയെത്തി വിവരം വീട്ടില്‍ അറിയിക്കുന്നത്. എല്ലാവരും ഓടിയെത്തിയപ്പോഴേക്കും കാശിനാഥന്റെ ശരീരത്തില്‍ നിന്നും ജീവന്‍ നഷ്ടമായിരുന്നു.

കാശിനാഥന്റെ കൊലപാതകം പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും വന്‍ പ്രക്ഷോഭമാക്കി മാറ്റി. പ്രതികളായവരെ പൊലീസ് പിടികൂടി. കാശിനാഥന്‍ എന്തിനു വേണ്ടിയാണോ തന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത്, അത് പൂര്‍ണമായല്ലെങ്കില്‍ കൂടി വട്ടവടയുടെ മണ്ണില്‍ നിന്നും വെട്ടിമാറ്റാന്‍ ഡിവൈഎഫ്‌ഐക്കും പാര്‍ട്ടിക്കും കഴിഞ്ഞു. കാശിനാഥന്‍ ഇന്നും വട്ടവടക്കാര്‍ക്ക് അവരുടെ ധീരനായ രക്തസാക്ഷിയാണ്. ഇനിയിങ്ങനെയൊരു നഷ്ടം തങ്ങള്‍ക്ക് ഉണ്ടാകരുതെന്നും അവര്‍ ആഗ്രഹിച്ചിരുന്നതാണ്, പക്ഷേ…

അഭിമന്യു ജനിക്കുന്നതിനും മുന്നേ പോയതാണ് കാശിനാഥന്‍. എന്നാല്‍ അഭിമന്യുവിനെ പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ കരുത്താക്കിയവരില്‍ ഒരാള്‍ കാശിനാഥനായിരുന്നു. കാശിനാഥന്റെ വീടുമായി അഭിമന്യുവിന്റെ ബന്ധം തുടങ്ങുന്നത് മറ്റൊരു കാശിനാഥനിലൂടെയാണ്. രക്തസാക്ഷി കാശിനാഥന്റെ ചേട്ടന്റെ മകന്‍ കാശിനാഥന്‍. അഭിമന്യുവും കാശിനാഥനും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കള്‍. പഠിച്ചതും ഒരുമിച്ച്. വീടുകള്‍ തൊട്ടുചേര്‍ന്നിരിക്കുന്നതുകൊണ്ട് ആരുടെ വീട്ടിലെന്നത് പോലും അറിയാതെ ഒരുമിച്ച് ചേര്‍ന്ന് പോന്നിരുന്നവര്‍. സ്‌കൂളില്‍ പോകാന്‍ അഭിമന്യു രാവിലെ തന്നെ കുളിച്ച് റെഡിയാകും. നേരെ കാശിനാഥന്റെ വീട്ടില്‍ വരും. കാശി അപ്പോള്‍ പ്രാഥമികകൃത്യങ്ങള്‍ തുടങ്ങിയതേ ഉണ്ടാകൂ. അവന്‍ വന്നിട്ട് ഒരുമിച്ചേ പോകൂ എന്നത് അഭിമന്യുവിന്റെ നിശ്ചയം. ആ വീട്ടിലെ കട്ടിലില്‍ ഇരിക്കും, ചിലപ്പോള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കും. ഇണപിരിയാത്ത രണ്ട് ചങ്ങാതിമാര്‍. പക്ഷേ…

2016 ല്‍, കാശിനാഥന് ചെറിയ പനി തുടങ്ങി. അത് മഞ്ഞപ്പിത്തമായി മാറി. രോഗം രൂക്ഷമായി, ഒടുവില്‍ കാശിനാഥനെയും കൊണ്ട് ആ രോഗം യാത്രയാവുകയും ചെയ്തു. ദമയന്തിക്ക് സ്വന്തം മകന്‍ കാശിനാഥനെയും ചെറുമകന്‍ കാശിനാഥനെയും നഷ്ടപ്പെട്ടു. കാശിനാഥന്റെ മരണം അഭിമന്യുവിനെ ആകെ തളര്‍ത്തിയിരുന്നു. അവന് കരച്ചില്‍ അടക്കാന്‍ പറ്റാതെ ദിവസങ്ങളോളം നടക്കേണ്ടി വന്നു. കാശിയുടെ ഫോട്ടോ പലയിടങ്ങളിലും പതിച്ച് ആദാരഞ്ജലികള്‍ അര്‍പ്പിച്ചു. കുട്ടിക്കാലം തൊട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മരണം അഭിമന്യുവിന്റെ ഉള്ളില്‍ ഒരു വിങ്ങലായി കൂടെയുണ്ടായിരുന്നു.

"</p

അഭിമന്യുവിന്റെ സുഹൃത്തായിരുന്ന കാശിനാഥന്റെ ചിത്രവുമായി അമ്മ, സമീപം സഹോദരന്‍

2016 ല്‍ കാശിനാഥന്‍ മരിക്കുമ്പോള്‍ പ്രായം 18, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഇരുപതാമത്തെ വയസില്‍ അഭിമന്യുവും പോയി.

തന്റെ മൂന്നുമക്കളാണ് ചെറുപ്രായത്തിലെ നഷ്ടപ്പെട്ടതെന്നു പറഞ്ഞു സങ്കടപ്പെടുകയാണ് ദമയന്തി.

“യേന്‍ മകനെ വെടിവച്ചു കൊന്നു, അഭിമന്യുവിനെ കത്തിക്കു കുത്തിക്കൊന്നു… സങ്കടം എനിക്ക് ഒരുപോലെ താന്‍… രണ്ടും ഒന്നു താന്‍, കാശിനാഥനും അഭിമന്യുവും നാന്‍ പെത്ത മക്കള്‍ താന്‍… ഇന്തമാതിരി ഇനിയും നടക്കക്കൂടാത്...

ദമയന്തിയുടെ വാക്കുകളില്‍ സങ്കടം മാത്രമല്ല, പ്രതിഷേധവും ഉണ്ട്.

പ്രായം എഴുപതിനു മുകളില്‍ ആയെങ്കിലും ഞാന്‍ ഇപ്പോഴും കടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയാണെന്നാണ് ദമയന്തി പറയുന്നത്. പാര്‍ട്ടിയെ കുറിച്ചോ പാര്‍ട്ടിക്കാരെ കുറിച്ചോ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ കേട്ടുനില്‍ക്കില്ലെന്നും ചോദ്യം ചെയ്യുമെന്നും ആ വയോധിക, ശബ്ദം ഉയര്‍ത്തി തന്നെ പറഞ്ഞു. വാര്‍ഡ് തെരഞ്ഞെടുപ്പും മറ്റും വരുമ്പോള്‍ ഇപ്പോഴും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ ഒട്ടിക്കാനും നോട്ടീസ് വിതരണം ചെയ്യാനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് ദമയന്തി ഇറങ്ങും. തര്‍ക്കങ്ങളോ വഴക്കുകളോ ഉണ്ടായാല്‍ തന്റെ പാര്‍ട്ടിക്കും സഖാക്കന്മാര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തും.

“നാങ്കള്‍ പാര്‍ട്ടി കുടുംബം താന്‍, നാന്‍ ഇപ്പളും തീവ്രമാന പാര്‍ട്ടിക്കാരി താന്‍” എന്നാണ് ദമയന്തി പറഞ്ഞത്. “ഇത്തന വര്‍ഷം കഴിഞ്ഞിട്ടും എന്‍ മകനെ തേടി വന്നില്ലേ… അത് താന്‍ സൊല്ലത് അവര്‍കള്‍ക്ക് മരണമില്ലയെ യെന്ന്…”

ദമയന്തി പറഞ്ഞത് ശരിയാണ്…കാശിനാഥനും അഭിമന്യുവും വട്ടവടക്കാര്‍ക്കിടയില്‍ ഇപ്പോഴും ഉണ്ട്…

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍