ആത്മീയ നേതാവായ പള്ളിവികാരിയുടെ നിര്‍ദ്ദേശമനുസരിച്ച് എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനത്തില്‍ ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത് ഇടവകയ്ക്ക് പുറത്തുള്ളവരാണെന്ന് മറ്റൊരു വിഭാഗം
“കല്ലറകളൊക്കെ ഇടിച്ചു നിരത്തി, അതിന്റെ മുകളില്‍ മണ്ണു കൊണ്ടിട്ട് ഒരു ഗ്രൗണ്ട് പോലെ ആക്കിയിട്ടുണ്ട്. എന്ത് അധാര്‍മികമായ പ്രവര്‍ത്തിയാണ് ചെയ്തത് എന്നോര്‍ക്കണം. പള്ളിക്കും വികാരിക്കും എന്തെങ്കിലും ധാര്‍മിക ബോധമുണ്ടെങ്കില്‍ ഞാന്‍ പണം കൊടുത്ത വാങ്ങിയ കല്ലറ മാറ്റുമ്പോള്‍ എനിക്ക് അറിയിപ്പ് തരേണ്ടേ? മനുഷ്യത്വം എന്നൊന്നുണ്ടെങ്കില്‍ അതല്ലേ ചെയ്യേണ്ടത്?”, രോഷവും ദുഃഖവും കലര്‍ന്ന ശബ്ദത്തിലാണ് വിന്‍സന്റ് സംസാരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തന്റെ കുടുംബാംഗങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകള്‍ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു താമരശ്ശേരി രൂപതയിലെ ചെറുപുഷ്പം പള്ളിയിടവകയിലെ വിന്‍സന്റ് മാത്യു കളപ്പുരയില്‍. തന്റെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ കല്ലറകള്‍ പൊളിച്ചു മാറ്റുകയും ഭൗതികാവശിഷ്ടങ്ങളോട് അനാദരവ് കാണിക്കുകയും ചെയ്ത പള്ളി വികാരിക്കും മറ്റുള്ളവര്‍ക്കുമെതിരെ നടപടി വേണമെന്ന അഭിപ്രായത്തിലാണ് വിന്‍സെന്റ്.
വിന്‍സന്റിന്റെ കുടുംബകല്ലറ മാത്രമല്ല, അറുപതോളം വരുന്ന മറ്റു കല്ലറകളും കൂടരഞ്ഞിയിലെ ചെറുപുഷ്പം പള്ളിയോടു ചേര്‍ന്ന പഴയ സെമിത്തേരിയില്‍ നിന്നും പൊളിച്ചു നീക്കപ്പെട്ടിരുന്നു. കല്ലറകളില്‍ നിന്നും പുറത്തുചാടിയ ഭൗതികാവശിഷ്ടങ്ങളും മറ്റും ചിതറിക്കിടക്കുന്ന കാഴ്ച വിശ്വാസികള്‍ക്ക് വലിയ മാനസികസംഘര്‍ഷമുണ്ടാക്കുന്നതായി വിന്‍സെന്റ് അടക്കമുള്ളവര്‍ പറയുന്നുണ്ട്. മൂന്നു വര്‍ഷത്തോളം മുന്‍പ് പഴയ സ്ഥലത്തു നിന്നും ആനയോട് ജംഗ്ഷനിലേക്ക് പള്ളി മാറ്റി പണിതിരുന്നു. പള്ളിയോടു ചേര്‍ന്നുള്ള സ്‌കൂളും മറ്റു സ്ഥാപനങ്ങളും ഇത്തരത്തില്‍ ആനയോട്ടേക്കു മാറ്റിയപ്പോഴും, ഇടവകയിലെ വിശ്വാസികളുടെ വൈകാരിതകയെയും മറ്റും കണക്കിലെടുത്ത് സെമിത്തേരി മാത്രം നിലനിര്‍ത്തുകയായിരുന്നു. ഈ സ്ഥലം മുഴുവനായി കച്ചവടം ചെയ്തതോടെയാണ് ഇപ്പോള്‍ സെമിത്തേരിയും പൊളിച്ചു നീക്കപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ സൗകര്യമുള്ളിടത്തേക്ക് പള്ളിയും അനുബന്ധ കെട്ടിടങ്ങളും മാറ്റുന്നതിന്റെ ഭാഗമായാണ് സെമിത്തേരി പൊളിച്ചിരിക്കുന്നതെന്നും, വിശ്വാസികളോട് കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, വേണ്ടത്ര രേഖകളോ അനുമതികളോ ഇല്ലാതെയാണ് ഈ നീക്കമുണ്ടായിരിക്കുന്നതെന്നാണ് വിന്‍സെന്റടക്കമുള്ളവരുടെ പക്ഷം. സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും അടക്കിയിരിക്കുന്ന കല്ലറ വിന്‍സെന്റെ 25,000 രൂപ നല്‍കി വാങ്ങിയിരിക്കുന്നതാണ്. സെമിത്തേരിയിലെ വ്യക്തി, കുടുംബ, പൊതു കല്ലറകളെല്ലാം തന്നെ ഇത്തരത്തില്‍ വിശ്വാസികള്‍ പണം മുടക്കി നിലനിര്‍ത്തിക്കൊണ്ടു പോരുന്നതാണ്. അങ്ങനെയുള്ളപ്പോള്‍, കല്ലറകള്‍ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനും അതിനായി നല്ലൊരു സംഖ്യ വീണ്ടും പള്ളിയിലേക്ക് അടയ്ക്കുന്നതിനും ഒരു വലിയ വിഭാഗം വിശ്വാസികള്‍ എതിരായിരുന്നു. ഈ എതിര്‍പ്പ് നിലനില്‍ക്കവേ തന്നെയാണ് അനുമതിയില്ലാത കല്ലറകള്‍ പൊളിച്ചു നീക്കിയതെന്നാണ് ഇവരുടെ പ്രധാന വാദം.
സെമിത്തേരി മാറ്റുന്നതിനു പിന്നില്‍ പള്ളിയുടേയും വികാരിയുടെയും മറ്റു ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് എതിര്‍പ്പറിയിച്ചിട്ടുള്ളവരുടെ പക്ഷം. വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളിയുടെ ഉടമസ്ഥതയില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയുമായി ബന്ധപ്പെട്ടതാണ് ഇത് എന്നതാണ് വിശ്വാസികളുടെ പ്രധാന ആരോപണങ്ങളിലൊന്ന്. ബിഷപ്പായിരുന്നു ക്വാറിയുടെ ഉടമസ്ഥനെന്നും, പള്ളിവികാരി ഇതിന്റെ നടത്തിപ്പുകാരനായിരുന്നുവെന്നും വിശ്വാസികളിലൊരു വിഭാഗം പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിയ ഈ ക്വാറി വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നിലവിലെ സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സെമിത്തേരിയോടു ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളാണ് ക്വാറി മാഫിയ നോട്ടമിട്ടിരിക്കുന്നത്.
പള്ളി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനു ശേഷമുള്ള കാലയളവില്‍ പരിസരപ്രദേശത്തുള്ള എഴുപതോളം ഏക്കര്‍ സ്ഥലം ക്വാറി മാഫിയ വാങ്ങിക്കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുള്ള വീടുകളും ഇതില്‍പ്പെടും. പള്ളി നിന്നിരുന്ന സ്ഥലവും, സെമിത്തേരി അടക്കമുള്ളവയുടെ ഭൂമിയും ഇതേ മാഫിയാ സംഘത്തിനാണ് വില്‍പ്പനയ്ക്ക് കരാറായിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. അതേസമയം, ക്വാറി മാഫിയയ്ക്ക് കുട പിടിക്കുന്ന നീക്കമല്ല ഇതെന്നും, മറിച്ച് പള്ളി അധികാരികള്‍ തന്നെയാണ് ക്വാറിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക് പുറകില്‍ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതെന്നും വാദങ്ങളുണ്ട്. വിന്‍സെന്റും മറ്റ് വിശ്വാസികളും ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുള്ള പരാതിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി സൂചിപ്പിക്കുന്നുമുണ്ട്.
കാത്തോലിക് ലേമെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ എം.ഐ. ജോര്‍ജിനും ചൂണ്ടിക്കാട്ടാനുള്ളത് പള്ളിയുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ്. വിന്‍സെന്റും മറ്റുള്ളവരും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും, ഫെബ്രുവരി രണ്ടിന് നല്‍കിയ പരാതിയിന്മേല്‍ നാളിതുവരെ തീരുമാനമായിട്ടില്ല. വിവരങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ താമരശ്ശേരി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 2015 വരെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയം ഭരണതലത്തിലും മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ തുറന്നിട്ട കല്ലറകള്‍ ഇടിച്ചു നിരത്തി മണ്ണിട്ട് നിരപ്പാക്കിയിരിക്കുകയാണ് പള്ളിയധികൃതര്‍. സ്ഥലം സന്ദര്‍ശിക്കുന്നയാള്‍ക്ക് ഇപ്പോള്‍ കാണാനാകുക നിരപ്പായ ഒരു മൈതാനം മാത്രമാണ്. പാറകള്‍ മുന്നില്‍ക്കണ്ടുള്ള ആസൂത്രിതമായ നീക്കം തങ്ങളുടെ മരണപ്പെട്ട കുടുംബാംഗങ്ങളോട് അനാദരവ് കാണിച്ചുകൊണ്ടാകരുത് എന്നാണ് വിശ്വാസികള്‍ തറപ്പിച്ചു പറയുന്നത്.
എന്നാല്‍, പള്ളിയും സെമിത്തേരിയുമടക്കമുള്ള സ്ഥലങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയത് വിശ്വാസികളുടെ അറിവും സമ്മതവും വാങ്ങിച്ച ശേഷമാണെന്നാണ് പള്ളിയുടെ പക്ഷം. മതിയായ രേഖകളുണ്ടെന്നും, വിശ്വാസികളുടെ എതിര്‍പ്പ് നിലനിന്നിരുന്നില്ലെന്നും വാദിക്കുന്ന പള്ളിയുടെ പക്ഷത്ത് വിശ്വാസികളില്‍ വലിയൊരു വിഭാഗമുണ്ടെന്നതും വാസ്തവമാണ്. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളല്ല, മറിച്ച് അതാത് കുടുംബാംഗങ്ങള്‍ തന്നെയാണ് കല്ലറകളില്‍ നിന്നും ഭൗതികാവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുള്ളതെന്ന് വാദിക്കുന്നവരില്‍ വാര്‍ഡ് മെംബറടക്കമുള്ള ഇടവകാംഗങ്ങളുണ്ട്. “പള്ളി എന്നത് പള്ളിയുടെ മാത്രം സ്വത്തല്ലല്ലോ. ഇടവകയിലെ ജനങ്ങളെല്ലാം ഒരുമിച്ച് തീരുമാനിച്ചാണ് പള്ളി മാറ്റാന്‍ ധാരണയായത്. പരാതി കൊടുത്തതൊക്കെ പുറത്തു നിന്നുള്ള ആളുകളാണെന്ന് കേള്‍ക്കുന്നുണ്ട്. അല്ലാതെ പള്ളിയുടെ കീഴിലുള്ള വിശ്വാസികള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുള്ളതായി എനിക്കറിവില്ല. ഏതാണ്ട് ഒരു വര്‍ഷത്തോളമായി കല്ലറയില്‍ നിന്നും ഭൗതികാവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. അവരവരുടെ വീട്ടുകാര്‍ തന്നെയാണ് അതു ചെയ്തിട്ടുള്ളത്. ഞങ്ങളുടെ മാതാപിതാക്കളൊക്കെ ഇതേ കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്നതാണ്. മലയുടെ മുകളിലുള്ള സെമിത്തേരിയില്‍ നിന്നും എത്തിപ്പെടാന്‍ സൗകര്യമുള്ള മറ്റൊരിടത്തേക്ക് അതെല്ലാം മാറ്റിയത് ഞങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണ്. ഒരു വര്‍ഷം മുന്‍പേ നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് എന്താണെന്നറിയില്ല” മേരി പറയുന്നു.
വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന സെമിത്തേരിയില്‍ ഒരു കല്ലറയ്ക്കു കീഴെ മറ്റു കല്ലറകളുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഏറ്റവും ഒടുവില്‍ അടക്കം ചെയ്ത മൃതദേഹാവശിഷ്ടങ്ങള്‍ സുരക്ഷിതമായി മാറ്റിയ കുടുംബാംഗങ്ങള്‍ തന്നെയാവണം അതിനു കീഴിലുള്ള അസ്ഥികള്‍ ഉപേക്ഷിച്ചതെന്നാണ് വിശ്വാസികളുടെ പക്ഷം. എത്രയോ കാലം പഴക്കമുള്ള അത്തരം ഉപേക്ഷിക്കപ്പെട്ട അസ്ഥികള്‍ കണ്ടതുകൊണ്ട് മൃതദേഹത്തോടുള്ള അനാദരവാകുന്നില്ലെന്നും തങ്ങള്‍ക്കാര്‍ക്കും അങ്ങിനെ അനുഭവപ്പെട്ടിട്ടില്ലെന്നും ഇടവകയിലെ അംഗമായ തോമസ് പറയുന്നു. എത്തിച്ചേരാനുള്ള സൗകര്യം മുന്നില്‍ക്കണ്ടു നടന്ന സ്ഥലംമാറ്റത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിശ്വാസികള്‍ക്ക് അത്തരം വൈകാരിക പ്രശ്‌നങ്ങളില്ലെന്നും തോമസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ആത്മീയ നേതാവായ പള്ളിവികാരിയുടെ നിര്‍ദ്ദേശമനുസരിച്ച് എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനത്തില്‍ ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത് ഇടവകയ്ക്ക് പുറത്തുള്ളവരാണെന്ന് മേരിയടക്കമുള്ള വിശ്വാസികളിലൊരു വിഭാഗം ഉറപ്പിച്ചു തന്നെ പറയുന്നുണ്ട്. എന്നാല്‍, ഇടവകയിലില്ലെങ്കില്‍ തനിക്ക് പിന്നെങ്ങനെയാണ് സെമിത്തേരിയില്‍ കല്ലറ അനുവദിച്ചു കിട്ടിയതെന്നാണ് വിന്‍സെന്റിന്റെ ചോദ്യം. പള്ളിയുടെ പക്ഷം പിടിക്കുന്നവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരോ അല്ലെങ്കില്‍ വികാരിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരോ ആണെന്നാണ് വിന്‍സെന്റും ജോര്‍ജുമടക്കമുള്ളവരുടെ പക്ഷം. തങ്ങളുടെ അറിവില്‍ വിശ്വാസി സമൂഹത്തിലാര്‍ക്കും പരാതിയില്ലെന്ന് ചെറുപുഷ്പം പള്ളിയുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുമ്പോള്‍ത്തന്നെ, വിന്‍സെന്റിനെപ്പോലെ എതിര്‍പ്പുള്ള ഒരു വിഭാഗമുണ്ടെങ്കില്‍, അവരുടെ പരാതികള്‍ കണക്കിലെടുക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുവേ ഉയരുന്ന വാദം.
താമരശ്ശേരി രൂപതയ്‌ക്കെതിരായാണ് ലേമെന്‍സ് അസോസിയേഷന്റെ പരാതികള്‍. നിലവില്‍ സഭയെ എതിര്‍ത്ത് സംസാരിക്കാതെ സെമിത്തേരി മാറ്റത്തെ അനുകൂലിക്കുന്നവരെല്ലാം രൂപതയില്‍ നിന്നുള്ള നടപടികള്‍ ഭയന്നാണ് അങ്ങനെ ചെയ്യുന്നതെന്നും സംഘടന സൂചിപ്പിക്കുന്നു. എന്തെല്ലാം എതിര്‍പ്പുകളുണ്ടായാലും, നിയമനടപടികളുമായി മുന്നോട്ടു തന്നെ നീങ്ങുമെന്നും, പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചാല്‍ ഉന്നത തലത്തില്‍ പരാതിയുമായി ചെല്ലുമെന്നുമാണ് വിന്‍സെന്റിന്റെ തീരുമാനം. വിശ്വാസത്തെ മുതലെടുത്തു കൊണ്ടുള്ള ക്വാറി ബിസിനസ് വകവച്ചുകൊടുക്കാനാവില്ലെന്നാണ് ഇവരുടെ പക്ഷം