UPDATES

അച്ചടക്കത്തിന്റെ പേരില്‍ അടിമത്തം അടിച്ചേല്‍പ്പിക്കരുത്; ചര്‍ച്ച് ആക്ട് സഭ വിരുദ്ധമെന്നും സമരവും ചാനല്‍ ചര്‍ച്ചകളും വേണ്ടെന്നും പറയുന്ന സിറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ കത്തിച്ച് വിശ്വാസികള്‍

ചോദ്യങ്ങളും ചൂണ്ടിക്കാട്ടലുകളും ഉയര്‍ത്തുന്ന പുരോഹിതര്‍ക്കും കന്യാസ്ത്രികള്‍ക്കും അച്ചടക്കത്തിന്റെ മുന്നറിയിപ്പ് നല്‍കുകയായിരുന്നു സിനഡിനു പിന്നാലെ സിറോ മലബാര്‍ സഭ

സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങളായി പുറത്തിറക്കിയ സര്‍ക്കുലര്‍ കത്തിച്ച് വിശ്വാസി സംഘടനകളുടെ പ്രതിഷേധം. എറണാകുളത്ത് ബിഷപ്പ് ഹൗസിനു മുന്നിലാണ് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം(കെഎസിആര്‍എം), ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവിശ്യം വിശ്വാസികള്‍ക്കിടയില്‍ നിന്നും ശക്തമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതിനെ തള്ളിക്കളയുന്ന രീതിയില്‍ സിനഡില്‍ തീരുമാനം ഉണ്ടായിരുന്നു. സഭയുടെ സ്വത്തുവകകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നാണ് വിമതശബ്ദമുയര്‍ത്തുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നതെന്നും ഇത് സഭ വിരുദ്ധ പ്രവര്‍ത്തനമാണെന്നുമായിരുന്നു സിനഡ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഈ നടപടിയെയാണ് ഇന്ന് സര്‍ക്കുലര്‍ കത്തിച്ച് വിശ്വാസികള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.

ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡും മുസ്ലീങ്ങള്‍ക്ക് വഖഫ് ബോര്‍ഡും ഉണ്ടെന്നിരിക്കെ കത്തോലിക്ക വിശ്വാസികളുടെ സ്വത്തുവകകള്‍ മെത്രാന്മാര്‍ കൈവശം വച്ച് അനുഭവിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. അതിനാല്‍ തന്നെ സിനഡിന്റെ തീരുമാനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു. ചിന്താസ്വാതന്ത്ര്യത്തെ തന്നെ വെല്ലുവിളിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്. അച്ചന്മാരും കന്യാസ്ത്രീകളുമൊന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കരുത്, സമരം ചെയ്തുകൂടാ എന്നൊക്കെയാണ് കല്‍പ്പന. അച്ചടക്കത്തിന്റെ പേരില്‍ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനൊപ്പമാണ് ചര്‍ച്ച് ആക്ടിനെ തെറ്റിദ്ധാരണപരത്തുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സഭയുടെ സ്വത്തുകൊണ്ടുപോയി സര്‍ക്കാരിനെ ഏല്‍പ്പിക്കാനുള്ള ശ്രമമാണ് സംഘടനകള്‍ നടത്തുന്നതതെന്നാണ് സിനഡ് പറയുന്നത്. വാസ്തവവിരുദ്ധമായ സംഗതിയാണിത്. ചര്‍ച്ച് ആക്ട് എന്താണെന്ന് ആര്‍ക്കും വായിച്ചു നോക്കി മനസിലാക്കാവുന്ന കാര്യമാണ്. എല്ലാ വിശ്വാസികള്‍ക്കും വോട്ടവകാശം ഉണ്ട്, അവര്‍ തെരഞ്ഞെടുക്കുന്ന ഒരു ഭരണസമതിയായിരിക്കും സ്വത്തം ഭരിക്കുക, അല്ലാതെ സര്‍ക്കാര്‍ നേരിട്ടല്ല. ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് ഭരിക്കുന്നത് ഹിന്ദുക്കളായിട്ടുള്ള ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന ദേവസ്വം ബോര്‍ഡ് അംഗങ്ങളാണ്. നേരെ മറിച്ച് ഇവിടെ അങ്ങനെയല്ല, പ്രായപൂര്‍ത്തിയായ എല്ലാ വിശ്വാസികള്‍ക്കും വോട്ടവകാശം ഉണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന സമതിയായിരിക്കും പള്ളിവക സ്വത്ത് ഭരിക്കുന്നത്. വാസ്തവം അങ്ങനെയായിരിക്കെയാണ് സ്വത്തെല്ലാം കൂടി സര്‍ക്കാരിനെ ഏല്‍പ്പിക്കാനാണ് സംഘടനകള്‍ പറയുന്നതെന്ന തരത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത്. ചര്‍ച്ച് ആക്ടിനെക്കുറിച്ച് അജ്ഞരായ വിശ്വാസികള്‍ ഇതില്‍ വീഴും. ഇത്തരമൊരു സാഹചര്യത്തിലാണ് സിനഡ് തീരുമാനമായി വന്ന ഇടയലേഖനത്തിനെതിരേ പ്രതിഷേധിക്കാനും കത്തിക്കാനും തീരുമാനിച്ചത്. എത്രയോ വര്‍ഷങ്ങളായി ചര്‍ച്ച് ആക്ടിനു വേണ്ടി നിലകൊള്ളുന്നവരാണ് ഞങ്ങള്‍. അതുപോലെ തന്നെ അച്ചന്മാര്‍ക്കിടയിലും കന്യാസ്ത്രീകള്‍ക്കിടയിലും പുരോഗതി ആഗ്രഹിക്കുന്നവരുണ്ട്. അവരെയൊക്കെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവും സിനഡിനുണ്ടെന്നു കാണാം. കുറച്ചുപേര്‍ക്കെതിരേ നടപടി സ്വീകരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ളവരൊക്കെ ഭയപ്പെടുമെന്നാണവര്‍ കരുതുന്നത്; കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം പ്രതിനിധികള്‍ പറയുന്നു.

നേരത്തെ സിനഡിന്റെ തീരുമാനങ്ങളായി പുറത്തു വന്ന സര്‍ക്കുലറിനെതിരേ വിശ്വാസികള്‍ക്കിടയില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. ഇതിനു പിറകെയാണ് ഇപ്പോള്‍ സര്‍ക്കുലര്‍ കത്തിച്ചിരിക്കുന്നതും. ചോദ്യങ്ങളും ചൂണ്ടിക്കാട്ടലുകളും ഉയര്‍ത്തുന്ന പുരോഹിതര്‍ക്കും കന്യാസ്ത്രികള്‍ക്കും അച്ചടക്കത്തിന്റെ മുന്നറിയിപ്പ് നല്‍കുകയായിരുന്നു സിനഡിനു പിന്നാലെ സിറോ മലബാര്‍ സഭ. സഭയുടെ 27 മത് സിനഡിന്റെ തീരുമാനങ്ങളായി കടുത്ത വിലക്കുകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഭൂമി കുംഭകോണം, കന്യാസ്ത്രീ പീഡനം, ഇടവക വൈദികര്‍, അതിരൂപത/രൂപത അധ്യക്ഷന്മാരായ മെത്രാന്മാര്‍, കന്യാസ്ത്രീ സമൂഹത്തിലെ മേലധികാരികള്‍ തുടങ്ങിയവര്‍ക്കെതിരേ ഉയരുന്ന പരാതികളിലും ആരോപണങ്ങളിലും സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കുകയും ചോദ്യങ്ങളും ചൂണ്ടിക്കാട്ടലുകളും നടത്തുകയും ചെയ്യുന്നവരെ നിശബ്ദാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനഡിന്റെ പുതിയ അച്ചടക്ക നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നതെന്നാണ് ഈ വിഷയത്തില്‍ ഉയരുന്ന പ്രതികരണങ്ങള്‍. മാധ്യമങ്ങള്‍ക്കെതിരേയും സിനഡിന്റെ പരാതികളുണ്ട്.

സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും സഭയില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചതായാണ് സിനഡ് വിലയിരുത്തിയിരിക്കുന്നത്. ചില വൈദികരും സന്യസ്തരും സഭവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായും സജീവ സഹകരികളായും മാറിയിരിക്കുന്നുവെന്ന സംശയവും സിനഡ് പ്രകടിപ്പിക്കുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് സഭയിലെ അച്ചടക്കം പുനസ്ഥാപിപ്പിക്കാനുള്ള നടപടികളെന്ന പേരില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ സിനഡ് പുറപ്പെടുവിക്കുന്നതെന്നാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പിട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

ഒന്നാമതായി പറയുന്നത് സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകപരമായ ശിക്ഷണനടപടി നിയമാനുസൃതം സ്വീകരിക്കണമെന്നുമാണ്. ഇതിനായി രൂപതാധ്യക്ഷന്മാര്‍ക്കും സന്യാസസമുഹാധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്കനടപടികളെ സഭവവിരുദ്ധഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാല പ്രവണത അംഗീകരിക്കില്ലെന്നും വ്യക്തമാക്കുന്നു.

ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയോടെ മാത്രമെ ഇനിമേലില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശവും ഏറെ പ്രധാനപ്പെട്ടതാണ്. സഭയുടെയും സഭാതലവന്റെയും പേരില്‍ സംസാരിക്കാനും മാധ്യമങ്ങളില്‍ അവരുടെ ഔദ്യോഗികവക്താക്കളാകാനും സഭ കേന്ദ്രത്തില്‍ നിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിനഡ് തീരുമാനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കും വിധം വിശേഷിപ്പിക്കുന്ന പ്രവണതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ മേല്‍പ്പറഞ്ഞ തീരുമാനം സിനഡ് മുന്നോട്ടുവച്ചിരിക്കുന്നത്. മാധ്യമസംബന്ധമായ കാര്യങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ മീഡിയകമ്മിഷനെ നിയമിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു.

കന്യാസ്ത്രീ പീഡനക്കേസില്‍ നടന്ന സമരം, ഭൂമികുംഭകോണത്തിലെ ഇടപെടലുകള്‍ എന്നിവ അടിസ്ഥാനമാക്കി ഇനിമേലില്‍ സമരങ്ങള്‍ക്കോ കേസിനോ വൈദികരോ കന്യാസ്ത്രീകളോ പങ്കാളികളാകുന്നത് തടയാനെന്നോണം ഒരു നിര്‍ദേശവും സിനഡ് മുന്നോട്ടുവച്ചിട്ടുണ്ട്. പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും ഇവയെ സംബന്ധിച്ചുള്ള കാനോനിക നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് സിനഡ് പറയുന്നത്. ഇത് ലംഘിക്കുന്നത് അച്ചടക്കലംഘനമായി പരിഗണിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. സഭയുടെ കാനോനിക നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ വൈദികരോ സന്യസ്തരോ ആയി തുടരാന്‍ കഴിയൂ എന്ന താക്കീതും സിനഡ് നല്‍കുന്നു.

പരാതികളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നതും അംഗീകരിക്കാനാവില്ലെന്ന കാര്യവും സിനഡ് പരോക്ഷമായി പറയുന്നു. പരാതികളും ആക്ഷേപങ്ങളും വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണെന്ന വിമര്‍ശനത്തോടെ സിനഡ് തീരുമാനത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്; സഭയിലെ ഏതെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണ്. ഇത്തരം പ്രവണതകളെ ഗുരുതരമായ അച്ചടക്കലംഘനമായി കരുതി കര്‍ശന നടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു.

സഭയുടെ സ്വത്തുവകകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തെ തള്ളിക്കളയുന്നുണ്ട് സിനഡ്. ഈ ആവശ്യം സഭവിരുദ്ധ പ്രവര്‍ത്തനമായാണ് പറയുന്നത്. സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയിലെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നു എന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ വിഭാഗീയത വളര്‍ത്തുകയാണെന്നും ഇത്തരക്കാരോട് വിശ്വാസികള്‍ യാതൊരുവിധത്തിലും സഹകരിക്കരുതെന്നും സിനഡ് ആഹ്വാനം ചെയ്യുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ചുരുക്കം ചില വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ രൂപീകരിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സഭയുടെ ഔദ്യോഗികസംഘടനയും പ്രസ്ഥാനവുമാണെന്നു തോന്നിപ്പിക്കുന്ന പേരുകള്‍ നല്‍കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിളെ തിരിച്ചറിയുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സിനഡ് വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്.

മാധ്യമങ്ങള്‍ക്കെതിരേയും സിനഡിന്റെ പ്രതിഷേധമുണ്ട്. സഭയേയും സഭാദ്ധ്യാക്ഷന്മാരെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് ഭീഷണി. ഇതിനൊപ്പം തന്നെ നാമമാത്രമ സംഘടനകള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നു പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍