UPDATES

ട്രെന്‍ഡിങ്ങ്

സീറോ മലബാര്‍ സഭ സിനഡ് ഇന്ന്, വിശ്വാസികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ ചെയ്യുന്നു, ക്രൈസ്തവ ചൈതന്യത്തിന് നിരക്കാത്തത് ചെയ്യരുതെന്ന് മെത്രാന്മാര്‍

സിനഡിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ ആവശ്യങ്ങളും നടപ്പില്‍ വരുത്തണമെന്നും രേഖാമൂലം അറിയിപ്പ് കിട്ടണമെന്നുമുള്ള ആവശ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് റാലി

സീറോ മലബാര്‍ സഭ സിനഡിലേക്ക് പ്രാര്‍ത്ഥന റാലിയുമായി വിശ്വാസികള്‍. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്കാണ് എറണാകുളം അതിരൂപതയിലെ അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് റാലി ആരംഭിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

സിനഡിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ ആവശ്യങ്ങളും നടപ്പില്‍ വരുത്തണമെന്നും അക്കര്യത്തില്‍ രേഖാമൂലം അറിയിപ്പ് കിട്ടണമെന്നുമുള്ള ആവശ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് റാലി നടത്തുന്നതെന്നാണ് അല്‍മായ മുന്നേറ്റം പ്രതിനിധികള്‍ പറയുന്നത്. നേരത്തെ പ്രതിഷേ പ്രകടനവും കുടില്‍ കെട്ടി സമരവും നടത്തുമെന്നായിരുന്നു അല്‍മായ മുന്നേറ്റം അറിയിച്ചിരുന്നതെങ്കിലും ബിഷപ്പുമാരുടെയും പുരോഹിതരുടെയും അഭ്യര്‍ത്ഥന മാനിച്ച് അത്തരം സമരം മാര്‍ഗങ്ങള്‍ ഉപേക്ഷിച്ചാണ് പ്രാര്‍ത്ഥന റാലി നടത്തുന്നതെന്നും അല്‍മായ മുന്നേറ്റം അറിയിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എറണാകുളം അതിരൂപതക്ക് നീതി ലഭിക്കും വരെ സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി വില്‍പ്പന കേസ് തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ചര്‍ച്ച് ചെയ്ത് പരിഹാരം കാണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. ഇക്കാര്യങ്ങളില്‍ നേരത്തെ നല്‍കിയ ഉറപ്പുകള്‍ സിനഡ് പാലിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം ഉയര്‍ത്തുന്നത്. അതേസമയം, ഭൂമിയിടപാട്, വ്യാജരേഖ കേസ്, സഹായമെത്രാന്മാരുടെ സ്ഥാന മാറ്റം തുടങ്ങിയ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നുവെന്നും ഈ വിഷയങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സിനഡ് അംഗങ്ങളായ ബിഷപ്പുമാര്‍ പറഞ്ഞിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്വാസികള്‍ അവരുടെ പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരി, പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവര്‍ ഒപ്പിട്ട് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലായിരുന്നു പ്രതിഷേധങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥന ഉണ്ടായിരുന്നത്. സിനഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ആവശ്യമായതുകൊണ്ടാണ് പ്രതീക്ഷിക്കുന്ന വേഗത്തില്‍ തീരുമനങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിയാതെ വരുന്നതെന്നാണ് കര്‍ദ്ദിനാളും മറ്റുള്ളവരും പറയുന്നത്. ഇക്കാര്യങ്ങള്‍ എല്ലാവരും മനസിലാക്കണമെന്നും സഭ ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകേടനം നടത്തുന്നത് ക്രൈസ്തവ ചൈതന്യത്തിനും കൂട്ടായ്മയ്ക്കും ചേര്‍ന്നതല്ലെന്നും സഭയെ പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാ വിശ്വാസികളും പിന്തിരയണമെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെയും മറ്റു മെത്രാന്മാരുടെയും ആവശ്യം.

എന്നാല്‍ ബിഷപ്പുമാരുടെ ആവശ്യം തള്ളിക്കൊണ്ടാണ് അതിരൂപതയിലെ വിശ്വാസികള്‍ സിനഡിലേക്ക് റാലി നടത്തുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയും എറണാകുളം അതിരൂപത അംഗങ്ങളായ മറ്റു നാല് മെത്രാന്മാരും ഒപ്പിട്ട് പുറത്തിറക്കിയ സെര്‍ക്യൂലര്‍ തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വത്തിക്കാന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ രണ്ടു തവണയായി സിനഡിന് നല്‍കി കഴിഞ്ഞു. എന്നാല്‍ അതനുസരിച്ച് ചര്‍ച്ച മുന്നോട്ട് പോകുന്നില്ല എന്ന് മനസിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സിനഡ് ചര്‍ച്ച ചെയ്തിട്ടും എറണാകുളം അതിരൂപതയുടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കാനോ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാകുന്നത്. അതിനാല്‍ തന്നെ ഈ സിനഡില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം പോലും നഷ്ടപ്പെട്ടിരിക്കുന്നു, അത് കൊണ്ട് ഇനിയുള്ള സിനഡ് ദിവസങ്ങള്‍ ഒരു വത്തിക്കാന്‍ പ്രതിനിധിയുടെ നിരീക്ഷണം ഞങ്ങള്‍ ആവശ്യപ്പെടുന്നു. വത്തിക്കാന്റെ അംഗീകാരം ആവശ്യമില്ലാത്ത രണ്ടു കാര്യങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചിരുന്നു അത് പോലും നടപ്പില്‍ വരുത്താനോ അംഗീകരിക്കാനോ സിനഡ് ഇപ്പോളും റെഡി ആയിട്ടില്ല. ഇതില്‍ ഞങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. ഞങ്ങളുടെ കൊച്ചുപിതാക്കന്മാരോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരില്‍ പ്രതിഷേധപ്രകടനവും കുടില്‍ കെട്ടി സമരവും നടത്താനുള്ള നീക്കം ഉപേക്ഷിക്കുകയാണെങ്കിലും വിശ്വാസികളുടെ പ്രതിഷേധം സിനഡിനെ അറിയിക്കാന്‍ വേണ്ടിയാണ് മൗണ്ട് സെന്റ് തോമസിലേക്ക് പ്രാര്‍ത്ഥന റാലി നടത്തുന്നത് എന്നും എറണാകുളം അല്‍മായ മുന്നേറ്റം പ്രതിനിധികള്‍ പറയുന്നു.

പ്രതിഷേധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തില്‍ നിലവില്‍ അതിരൂപത ചുമതലയില്ലാത്ത ബിഷപ്പുമാരാണ് ഒപ്പിട്ടിരിക്കുന്നതെന്നും അത് തങ്ങളെ അവഗണിക്കുന്നതിന്റെ തെളിവാണെന്നും വിശ്വാസികള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് ഒഴികെ കത്തില്‍ ഒപ്പ് വച്ചിരിക്കുന്ന മറ്റാര്‍ക്കും തന്നെ അതിരൂപതയില്‍ ഒരു ചുമതലയുമില്ല. മാര്‍ ജേക്കബ്  മനത്തോടത്ത് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ആണ്, മാര്‍ തോമസ് ചക്യത്ത് വിരമിച്ച ബിഷപ്പാണ്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരുമാണ്. ചുമതലകളൊന്നുമില്ലാത്ത ബിഷപ്പുമാര്‍ക്ക് എങ്ങനെയാണ് അതിരൂപതുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുന്നത്? എന്തുകൊണ്ടാണ് എറണാകുളം അതിരൂപതയില്‍ നിന്നുള്ള ബിഷപ്പുമാരായ മാര്‍ കുര്യക്കോസ് ഭരണികുളങ്ങര, മാര്‍ എഫ്രേം നരികുളം, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസ് ചിറ്റൂപറമ്പില്‍ എന്നിവരെ പങ്കെടുപ്പിച്ചില്ല. കൂരിയ ബിഷപ്പ് എന്തുകൊണ്ട് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു; വിശ്വാസികള്‍ ചോദിക്കുന്നു.

അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച 16 ഫൊറോന കൗണ്‍സിലുകള്‍ നിവേദനം നല്‍കിയതാണെന്നും അന്ന്, കൂരിയ മെത്രാനോട് പറഞ്ഞിരുന്നതാണ് അടുത്ത ശനിയാഴ്ച ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി കിട്ടണമെന്നത്. ഇന്നലെ (ശനിയാഴ്ച്ച) മുന്‍പറഞ്ഞതില്‍ തീരുമാനം അറിയാന്‍ വേണ്ടി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി കൂരിയ മെത്രാനെ വിളിച്ചു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി നിരാശജനകമായിരുന്നു. അതിനാലാണ് അല്‍മായ മുന്നേറ്റം അതിന്റെ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും വിശ്വാസികള്‍ കൂട്ടി ചേര്‍ക്കുന്നു.

മെത്രാന്‍ സംഘം എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം കോര്‍ ടീമുമായി നടത്തിയ ചര്‍ച്ചയില്‍ വിശ്വാസികളുടെ ആവശ്യങ്ങള്‍ എല്ലാം പരിഗണിച്ചു ചര്‍ച്ച തുടരുന്നു, അതുകൊണ്ട് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ച ഉപരോധം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അതിന് ഒരു ഉറപ്പും രേഖാമൂലം നല്‍കാന്‍ അവര്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നു വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. വത്തിക്കാന്റെ അനുമതി ആവശ്യം ഇല്ലാത്ത കാര്യമാണ് സിറോ മലബാര്‍സഭ ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ. ജോബി മാപ്രാകാവിലിനെ സഭ ആസ്ഥാനത്തു നിന്നും മാറ്റണമെന്നത്. കര്‍ദ്ദിനാളിനെതിരേ വ്യാജരേഖ ചമച്ചു എന്നാരോപിച്ച് സിനഡിന്റെ അനുമതിയില്ലാതെയാണ് അതിരൂപത മുന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവിനും മുതിര്‍ന്ന വൈദികനായ പോള്‍ തേലക്കാട്ടിനുമെതിരേ പോലീസില്‍ പരാതി കൊടുത്തത്. ഈ പരാതി പിന്‍വലിക്കണമെന്നു പറഞ്ഞിട്ട് ഇതുവരെ ചെയ്തിട്ടില്ല. വ്യാജരേഖ കേസില്‍ ബിഷപ്പിനും പുരോഹിതര്‍ക്കുമെതിരേ നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും ഇവര്‍ക്കെതിരേ കേസ് നല്‍കിയ ഫാ. ജോബി മാപ്രകാവിലിനെ സഭ ആസ്ഥാനത്തു നിന്നും മാറ്റാനും വത്തിക്കാന്റെയോ മാര്‍പാപ്പയുടെയോ അനുമതി ആവശ്യമില്ലെന്നിരിക്കെ അതിലൊന്നും നടപടിയെടുക്കാത്തതും ഒത്തുകളിയാണെന്ന ആരോപണമാണ് വിശ്വാസി സംഘത്തിനുള്ളത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍