“അവരിനി ഇങ്ങോട്ടു തിരിച്ചു വരുമെന്നും തോന്നുന്നില്ല. രഹ്ന ഫാത്തിമയുടെയൊക്കെ അടുത്ത സുഹൃത്താണ് ഇവര്‍ എന്നും കേള്‍ക്കുന്നുണ്ട്” – പ്രദേശവാസി പറയുന്നതിങ്ങനെ.
‘എനിക്കിപ്പോള്‍ പോകാനൊരിടമില്ല. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിക്കുകയാണ്. തെരുവില്‍ വച്ച് കൈയേറ്റം ചെയ്യുമോ എന്നെനിക്കു ഭയമുണ്ട്. എനിക്കെതിരെ നടക്കുന്ന ജാതീയമായ അധിക്ഷേപമായിത്തന്നെ ഈ ആക്രമണത്തെ കണക്കാക്കേണ്ടതുമുണ്ട്.’സുരക്ഷിതമായ ഒരു അഭയസ്ഥാനത്തെത്താനുള്ള വ്യഗ്രതയോടെയാണ് ബിന്ദു തങ്കം സംസാരിച്ചത്. ശബരിമല കയറാന്‍ ശ്രമിച്ച വിവരം പുറംലോകമറിഞ്ഞതു മുതല്‍ തനിക്കെതിരെ നടക്കുന്ന സംഘടിതമായ അതിക്രമങ്ങളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും സംസാരിക്കുമ്പോഴും, സ്വാഭാവിക ജീവിതത്തില്‍ നിന്നും തന്നെ വിലക്കുന്നവരെക്കുറിച്ചുള്ള ഭയം ബിന്ദുവിന്റെ വാക്കുകളിലുണ്ട്. അക്രമി സംഘത്തിന്റെ ഭീഷണികളെത്തുടര്‍ന്ന് മലകയറ്റം ഉപേക്ഷിച്ച് ഇന്ന് രാവിലെ സ്വദേശമായ കോഴിക്കോട്ട് തിരിച്ചെത്തിയതിനു ശേഷവും അത്രയേറെ ഭീകരമായ പ്രതികരണങ്ങളാണ് ബിന്ദുവിന് നേരിടേണ്ടി വന്നിട്ടുള്ളത്.
താമസിച്ചിരുന്ന വാടക വീട്ടിലേക്കോ, ജോലി ചെയ്തിരുന്ന മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കോ തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയാണ് തനിക്കുള്ളതെന്ന് ബിന്ദു പറയുന്നു. ബിന്ദുവിനെ സ്‌കൂളിലോ വീട്ടിലോ പ്രവേശിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള ഭീഷണികളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വീട്ടിലേക്ക് ചെല്ലാതെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അഭയം തേടിയപ്പോഴും അക്രമി സംഘം അന്വേഷിച്ചെത്തിയിരുന്നു. അവരില്‍ നിന്നും രക്ഷപ്പെടാനായി പൊലീസ് സഹായം സ്വീകരിക്കേണ്ടിയും വന്നു ബിന്ദുവിന്. നിലവില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബിന്ദു, സുരക്ഷിതമായ ഇടം തേടിയുള്ള ഓട്ടത്തിലാണ്.
ബിന്ദു ശബരിമല കയറാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ, തിങ്കളാഴ്ച ചേവായൂര്‍ ഭാഗത്തും ബിന്ദുവിന്റെ വാടകവീടിനു സമീപത്തും പഠിപ്പിക്കുന്ന സ്‌കൂളിന് മുന്നിലുമെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും അയ്യപ്പ സേവാ സംഘത്തിന്റെയും ജാഥകളും പിക്കറ്റിംഗുകളുമുണ്ടായിരുന്നു. ശരണമന്ത്രവുമായി സ്‌കൂളിനു മുന്നില്‍ തടിച്ചു കൂടിയ സംഘം വിദ്യാര്‍ത്ഥികൡലും രക്ഷിതാക്കളിലുമെല്ലാം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുള്ളതായി പരിസരവാസികള്‍ പറയുന്നുണ്ട്. എന്നാല്‍, സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നോ മാറിനില്‍ക്കണമെന്നോ ബിന്ദുവിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പാളും മറ്റദ്ധ്യാപകരും വിശദീകരിക്കുന്നു.
‘ഔദ്യോഗികമായോ അനൗദ്യോഗികമായോ അത്തരമൊരു ആവശ്യവും സ്‌കൂള്‍ മുന്നോട്ടു വച്ചിട്ടില്ല. അത്തരമൊരു വാര്‍ത്ത പരക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും തെറ്റാണ്. പക്ഷേ, ചിലര്‍ സ്‌കൂളിലെത്തി ടീച്ചര്‍ തിരിച്ചുവന്നാല്‍ സ്‌കൂളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന തരത്തിലുള്ള ഭീഷണികള്‍ ഉന്നയിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതല്ലാതെ സ്‌കൂള്‍ മാനേജ്‌മെന്റിന് ഇക്കാര്യത്തില്‍ യാതൊരു അറിവുമില്ല.’ എന്നാണ് പ്രിന്‍സിപ്പലിന്റെ പക്ഷം. ബിന്ദു മലയ്ക്കു പോകുന്ന വിവരം പോലും അറിഞ്ഞിരുന്നില്ലെന്നും, സംഭവത്തിനു ശേഷം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരായ അധ്യാപകരും പറയുന്നു. എന്നാല്‍, ബിന്ദു സ്‌കൂളില്‍ തിരികെയെത്തുന്നതിനെ രക്ഷിതാക്കളില്‍ ഒരു വലിയ വിഭാഗം എതിര്‍ക്കുന്നതായാണ് അറിവ്. പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പു നിലനില്‍ക്കേ, ബിന്ദുവിന് എപ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനാകുമെന്ന് തീര്‍ച്ചയില്ല എന്നതാണ് വാസ്തവം.
ബിന്ദു താമസിച്ചിരുന്ന വാടകവീടിന്റെ പരിസര പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു പോന്നിരുന്ന തങ്ങള്‍, ഇന്നലെയുണ്ടായ ബഹളത്തിലും പിക്കറ്റിംഗിലുമെല്ലാം അസ്വസ്ഥരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ‘ഇന്നലെ ഇവിടെ സംഘപരിവാറിന്റെ ജാഥയും ബഹളവുമെല്ലാമുണ്ടായിരുന്നു. വീടിനു നേരെ കല്ലേറും അക്രമവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് പൊലീസുമെത്തിയിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി ശാന്തമായിട്ടുണ്ടെങ്കിലും, പരിസരത്തുള്ളവര്‍ക്കെല്ലാം നല്ല ബുദ്ധിമുട്ടുണ്ട്. ഇന്നലെ മുഴുവന്‍ പൊലീസ് കാവലിലായിരുന്നു ഇവിടെ. സമാധാനത്തോടെ ജീവിക്കണമെന്ന് സ്വാഭാവികമായും ആഗ്രഹമുണ്ടാവില്ലേ. അവരിനി ഇങ്ങോട്ടു തിരിച്ചു വരുമെന്നും തോന്നുന്നില്ല. രഹ്ന ഫാത്തിമയുടെയൊക്കെ അടുത്ത സുഹൃത്താണ് ഇവര്‍ എന്നും കേള്‍ക്കുന്നുണ്ട്.’ പ്രദേശവാസി പറയുന്നതിങ്ങനെ.
നൂറില്‍ താഴെ പേരടങ്ങുന്ന ജാഥയാണ് തിങ്കളാഴ്ച ചേവായൂരിലും പരിസരപ്രദേശങ്ങളിലും ബിന്ദുവിനെതിരെ നടന്നത്. ശരണം വിളിച്ചും, മുദ്രാവാക്യങ്ങളുയര്‍ത്തിയും നടന്ന ജാഥയും അതു പ്രതിരോധിക്കാനെത്തിയ പൊലീസ് സൈന്യവും പ്രദേശവാസികളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. തിരികെയെത്തിയാലും, ബിന്ദുവിനെ സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ ഇവര്‍ അനുവദിക്കില്ല എന്ന് പ്രകടനം നേരില്‍ കണ്ട പ്രദേശവാസികള്‍ പറയുന്നു.
ബിന്ദു താമസിക്കുന്ന വീടിന്റെ ഉടമസ്ഥ റസിയാബിയുടെ സഹോദരങ്ങള്‍ ഈ വീടിനോടു ചേര്‍ന്നാണ് താമസിക്കുന്നത്. ബിന്ദു ഇവിടെ താമസിക്കുന്നതിനെതിരെ പരാതിയറിയിച്ചുകൊണ്ട് റസിഡന്റ്‌സ് അസോസിയേഷനടക്കമുള്ളവര്‍ ഇവരെയെല്ലാം സമീപിച്ചിട്ടുണ്ടെന്നും, ഇതേ പരാതിയുമായി പൊലീസുദ്യോഗസ്ഥരെ വരെ അയല്‍ക്കാരായ ചിലര്‍ ചെന്നു കണ്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ‘വീടിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് സഹോദരങ്ങളാണ്. അവരാരും ബിന്ദുവിനെ ഇനി അവിടെ തുടരാന്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല. എനിക്ക് പക്ഷേ, ബിന്ദുവിനെക്കുറിച്ച് മോശം അഭിപ്രായമോ, അവര്‍ അവിടെ നിന്നും പോകണമെന്ന ചിന്തയോ ഇല്ല. കുഞ്ഞിനേയും കൊണ്ട് അവര്‍ ഈ അക്രമങ്ങളെ എങ്ങിനെ നേരിടും എന്ന ആശങ്കയാണുള്ളത്. വാടക വീടാണ് എന്നറിഞ്ഞതുകൊണ്ടാവും, കാര്യമായ നാശനഷ്ടങ്ങള്‍ അവര്‍ വീടിന് ഉണ്ടാക്കിയിട്ടില്ല.’റസിയാബി പറയുന്നു. ആചാരങ്ങളെ വെല്ലുവിളിച്ചവള്‍, കാരണമില്ലാതെ പ്രകോപനം സൃഷ്ടിച്ചവള്‍ എന്നെല്ലാമാണ് ബിന്ദുവിനെക്കുറിച്ച് സമീപവാസികള്‍ക്ക് പറയാനുള്ളത്.