യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നാണ് ബിനോയിയുടെ വക്കീൽ ഇന്ന് കോടതിയിൽ വാദിച്ചത്.
മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹരജിയിന്മേൽ മുംബൈ ദിൻദോഷി കോടതി നാളെ വിധി പറയും. ഇന്നത്തോടെ ഇരുകക്ഷികളുടെയും വാദം പൂർത്തിയായി.
ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് മഹാരാഷ്ട്ര പൊലീസിന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. യുവതി ഉന്നയിച്ച ആരോപണങ്ങൾക്ക് ബിനോയിയുടെ അഭിഭാഷകൻ മറുപടി കഴിഞ്ഞദിവസം നൽകിയിരുന്നു. തങ്ങളുടെ വാദം എഴുതി നൽകുമെന്ന് യുവതിയുടെ അഭിഭാഷകർ അറിയിച്ചു. കേസ് കോടതിയിലെത്തിയ ദിവസം തന്നെ ഗൗരവപ്പെട്ടതെന്ന് വിശേഷിപ്പിച്ച് കൂടുതൽ വാദങ്ങൾക്കായി ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. അറസ്റ്റും മുംബൈ കോടതി തിങ്കളാഴ്ച വരെ തടഞ്ഞിരുന്നു.
യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നാണ് ബിനോയിയുടെ വക്കീൽ ഇന്ന് കോടതിയിൽ വാദിച്ചത്. ഇത് തെളിയിക്കുന്ന ഫോട്ടോകളും മറ്റും വക്കീൽ ഹാജരാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതിയെ ബിനോയ് ബലാൽസംഗം ചെയ്തതിന് തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിക്കു മുമ്പാകെ ഇന്ന് വാദിച്ചു.
ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യം കോടതി അംഗീകരിക്കരുതെന്നും ബിനോയിയുടെ വക്കീൽ വാദിച്ചു. വിവാഹം സംബന്ധിച്ച് യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും അദ്ദേഹം വാദിച്ചു.
ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നാണ് ബിനോയിയുടെ വക്കീൽ വാദിച്ചത്. ബിനോയ് ആദ്യവിവാഹം നിലനിൽക്കെ വീണ്ടും വിവാഹം ചെയ്തെന്നും മുൻപ് വിവാഹം ചെയ്ത വസ്തുത യുവതിയെ അറിയിച്ചില്ലെന്നുമാണ് പ്രൊസിക്യൂഷന്റെ വാദം. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ വക്കീൽ വാദിക്കുന്നു.