UPDATES

കന്യാസ്ത്രീ പീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു സുഭാഷിനെ മാറ്റിയത്

ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തു. തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു സുഭാഷിനെ മാറ്റിയത്. എന്നാല്‍ ഈ നടപടി പിന്‍വലിച്ച് സുഭാഷിന് കോട്ടയം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് പുതു നിയമനം നല്‍കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു ശേഷം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന സ്വാഭാവിക നടപടിപ്രകാരമാണ് സുഭാഷിനെയും മാറ്റിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പുതിയ നിയമന ഉത്തരവ് ഉദ്യോഗസ്ഥന് നല്‍കുകയും ചെയ്തിരുന്നു. ഇതാണിപ്പോള്‍ റദ്ദ് ചെയ്തത്. അതേസമയം സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. തക്ക സമയത്ത് കേരളത്തിലെ പൊതു സമൂഹവും മാധ്യമങ്ങളും ജാഗ്രതയോടെ ഇടപെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ അടിയന്തിരമായി നടപടി എടുത്തത് എന്നും സര്‍ക്കാരിനും പൊതു സമൂഹത്തിനും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നതായും എസ് ഒ എസ് അറിയിച്ചു.

കന്യാസ്ത്രീ പീഡനക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നയാളെ ജില്ലയ്ക്ക് പുറത്തേക്കു മാറ്റിയത് വലിയ വിവാദമായിരുന്നു. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയതെന്നായിരുന്നു വിമര്‍ശനം. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നവര്‍ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു.

കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പിയേയും കോട്ടയം എസ്പിയേയും സ്ഥലം മാറ്റിയത് ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് തങ്ങള്‍ സംശയിക്കുന്നതായും ഇതിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി കരുതുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ പ്രമുഖനായൊരു അഭിഭാഷകനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് വേണ്ടി വാദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായ്ക്കുമ്പോഴാണ് ഞങ്ങളുടെ സംശയം ബലപ്പെടുന്നത്. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഇത് അട്ടിമാറിക്കാന്‍ വേണ്ടി നടന്ന കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാക്ഷികളെയും പരാതിക്കാരിയേയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലവട്ടം ശ്രമം നടന്നു. ജീവനു നേരെ പോലും നടന്ന നിരന്തരമായ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ കേസിന്റെ വിചാരണഘട്ടം വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നത്. വീണ്ടും തുടരുന്ന ഗൂഢാലോചനയില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്; എന്നാണ് കേസിലെ സാക്ഷിയായ സിസ്റ്റര്‍ അനുപമ പറഞ്ഞത്.

ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായൊരു കേസില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ കടന്നാണ് ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും. കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട ബിഷപ്പ് പ്രതിയായ കേസില്‍ പലഭാഗത്തു നിന്നും അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും സൂചനകള്‍ പുറത്തു വന്നിരുന്നു. കുറ്റപത്രം തയ്യാറായിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നതിനു കാലം താമസം നേരിടേണ്ടി വന്ന അവസ്ഥയും അന്വേഷണസംഘത്തിന് ഉണ്ടായിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായ താമസമായിരുന്നു കാരണം.

പ്രോസിക്യൂട്ടറെ നിയമച്ചശേഷവും കോടതിയില്‍ കുറ്റപത്രം എത്താന്‍ വൈകിയിരുന്നു. ഇതിനെതിരേ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കുന്ന സാഹചര്യവും ഉണ്ടായി. ബിഷപ്പില്‍ നിന്നും പീഡനം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കി ഒരു വര്‍ഷം ആകാറായപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാനും കോടതയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സാധിച്ചത്. ഇത്രയും താമസം ഇതിനിടയില്‍ ഉണ്ടായത് ബിഷപ്പിനെ സഹായിക്കാന്‍ വേണ്ടി നടന്ന ഇടപെടലുകള്‍ മൂലമാണെന്നാണ് പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപിച്ചത്. കേസിലെ പ്രധാന സാക്ഷികളായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്വാധീനിക്കാനും അതിനു വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് മഠത്തില്‍ നിന്നും സ്ഥലം മാറ്റാനും പുറത്താക്കനുമെല്ലാം ശ്രമങ്ങള്‍ നടന്നിരുന്നു. എല്ലാറ്റിനുമൊടുവില്‍ കന്യാസ്ത്രീ പീഡനക്കേസില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കെ ഡിവൈഎസ്പിയെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയതാണ് വിവാദത്തിനു കാരണമായി തീര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍