UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീ പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കും; കര്‍ദിനാള്‍ ഉള്‍പ്പെടെ 83 സാക്ഷികള്‍

പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ ഉച്ചക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ ഉച്ചക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. കുറ്റപത്രത്തില്‍ ഫ്രാങ്കോക്ക് എതിരെ നിരവധി വകുപ്പുകള്‍ അനുസരിച്ചു കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആരോപിച്ചിരിക്കുന്ന സി ആര്‍ പി സി വകുപ്പുകള്‍ 376(2), (A), (N), 376(c), (a), 377, 342, 506(1)എന്നിവയാണ് കുറ്റപത്രത്തില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ആകെ സാക്ഷികള്‍ 83 പേരാണ്. ഇതില്‍ 27കന്യാസ്ത്രീകള്‍, 11 വൈദീകര്‍, മൂന്നു മെത്രാന്മാര്‍, ഒരു കര്‍ദിനാള്‍, ഒരു ഡോക്ടര്‍, ഏഴു മജിസ്‌ട്രേറ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ആയിരത്തിലേറെ പേജുകള്‍ വരുന്നതാണ് കുറ്റപത്രം.

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നടന്ന് ഒരു വര്‍ഷമാകാറാകുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിര വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കന്യാസ്ത്രീക്ക് നീതി ലഭിക്കുന്ന എന്ന ലക്ഷ്യത്തില്‍ രൂപീകൃതമയാ സേവ് അവര്‍ സിസ്റ്റേഴ്‌സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. നേരത്തെ കേസിലെ പരാതിക്കാരിയും ഇവര്‍ക്കൊപ്പം നില്‍ക്കുകയും കേസിലെ സാക്ഷികളുമായ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരേ രംഗത്തു വന്നിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നു കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇതു കാണിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കിയിരുന്നു. ഡിജിപിയുടെ ഓഫിസില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം അവിടെ നിന്നുള്ള അനുമതി കിട്ടിയാല്‍ ഉടനെ കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു അന്വേഷ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് നാളെ കുറ്റപത്രം കോടതയില്‍ സമര്‍പ്പിക്കുമെന്ന അറിയിപ്പ് വന്നിരിക്കുന്നത്.

2018 ജൂണില്‍ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നല്‍കുന്നത്. എന്നാല്‍ പരാതി നല്‍കി എണ്‍പതു ദിവസങ്ങളോളം പിന്നിട്ടതിനു ശേഷം മാത്രമാണ് പ്രതിയായ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ തന്നെ പൊലീസിന് കഴിഞ്ഞത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്ത സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. 14 ദിവസത്തോളം കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ചോദ്യം ചെയ്യലിന് തയ്യാറായി ബിഷപ്പ് ഫ്രാങ്കോ ജലന്ധറില്‍ നിന്നു കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച്ചയോളം റിമാന്‍ഡില്‍ കഴിഞ്ഞശേഷം ജാമ്യം നേടി ബിഷപ്പ് പുറത്തിറങ്ങുകയും ചെയ്തു.

ഫ്രാങ്കോ മുളക്കല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ജലന്ധറിലേക്ക് പോവുകയായിരുന്നു. കേസില്‍ പ്രതിയായതിനു പിന്നാലെ ജലന്ധര്‍ രൂപത തലവന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവും ഇതിനു പിന്നാലെ ഉയര്‍ന്നു. സാക്ഷികളായ കന്യാസ്ത്രീകള്‍ തന്നെയാണ് പ്രധാനമായും ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്. സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകള്‍ ജീവന് ഭീഷണി നേരിടുന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു. കുറവിലങ്ങാട് മഠത്തില്‍ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകള്‍ക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളില്‍ നിന്നും നീക്കങ്ങള്‍ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികള്‍ നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങള്‍ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവില്‍ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികള്‍ക്കും പൊലീസിനും മുന്നില്‍ പരാതികള്‍ നല്‍കുമ്പോഴും കന്യാസ്ത്രീകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുമായിരുന്നു. ഇതില്‍ കാലതാമസം വരുന്നതിന്റെ പുറത്തായിരുന്നു വീണ്ടുമൊരു സമരത്തിന് തയ്യാറെടുപ്പുകള്‍ നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍