UPDATES

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീ പീഡനക്കേസ് കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും; സാക്ഷികളായി ഒരു കര്‍ദിനാള്‍, 3 മെത്രാന്മാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍

സാക്ഷികളില്‍ പ്രധാനി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കന്യാസ്ത്രീ പീഡനക്കേസില്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കേസ് ആദ്യം. ഒരു ബിഷപ്പിനെതിരേ കന്യാസ്ത്രീ ബലാത്സംഗം പരാതി നല്‍കുകയും പരാതിയില്‍ അന്വേഷണം നടത്തിയ ബിഷപ്പ് പ്രതിയെന്നു കണ്ടെത്തി തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രം വരും ദിവസങ്ങളില്‍ സഭയെ പിടിച്ചുകുലുക്കുമെന്ന് ഉറപ്പാണ്. കൃത്യമായ തെളിവുകളും സാക്ഷികളുമായാണ് അന്വേഷണം സംഘം ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. പാല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചയോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേസില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നവരാണ്. ഒരു കര്‍ദിനാള്‍, മൂന്നു മെത്രന്മാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്. സഭയുടെ ചരിത്രത്തില്‍ തന്നെ സന്ന്യസ്തരും വൈദികരും മെത്രാന്മാരും കര്‍ദിനാളുമൊക്കെ ഒരേ കേസില്‍ തന്നെ സാക്ഷികളാകുന്നത് ആദ്യമായിട്ടാണ്. ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ കന്യാസ്ത്രീ പീഡനക്കേസ് അതിന്റെ കുറ്റപത്രം കൊണ്ട് വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു.

ഒരു ക്രിസ്ത്യന്‍ സഭമേലധികാരി തന്റെ കീഴിലുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ വിചാരണ നേരിടുന്ന ആദ്യ കേസ് എന്ന നിലയില്‍ സൂക്ഷ്മവും, വസ്തുതാപരവുമായ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കിയത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജിതേഷ് ജെ.ബാബുവിന്റെയും, അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അന്തിമ കുറ്റപത്രം തയ്യാറാക്കിയത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്, എസ്.ഐ എം.പി.മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സി.ഐമാരായ പി.വി മനോജ് കുമാര്‍, കെ.എസ്.ജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ പി.വി.അനില്‍കുമാര്‍, വനിത പോലീസ് ഓഫീസര്‍ കെ.ജി.ശ്രീജ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. അഞ്ച് വാല്യങ്ങളിലായി മൊഴികളും രേഖകളും ഉള്‍പ്പെടെ 2000 പേജുകളാണ് കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്.

സാക്ഷികളില്‍ പ്രധാനി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. കന്യാസ്ത്രീ തന്നെ ബിഷപ്പ് പീഡിപ്പിക്കുന്ന വിവരം നേരിട്ട് കര്‍ദിനാളിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവശ്യമായ ഇടപെടല്‍ കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും ഉണ്ടായില്ലെന്നത് സഭ വിശ്വാസികള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കര്‍ദിനാളിനെ കൂടാതെ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ രൂപത ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ അടക്കം നാല് ബിഷപ്പുമാരും സാക്ഷിപ്പട്ടികയില്‍ ഉണ്ട്. ഇരുപത്തിയഞ്ച് കന്യാസ്ത്രീകളും, പതിനൊന്ന് വൈദികരും അടക്കം 83 സാക്ഷികള്‍ ആണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഉള്ളത്. പരാതിക്കാരിക്കൊപ്പം കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന അഞ്ചു കന്യാസ്ത്രീകള്‍ ഈ കേസിലെ പ്രധാന സാക്ഷികളാണ്. ഇവരുടെ സമരവും പോരാട്ടാവുമാണ് കേസ് ഈ തരത്തില്‍ മുന്നോട്ടു കൊണ്ടുവരാന്‍ കാരണമായതും.

സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിലേക്കായി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത് കൂടാതെ മുഴുവന്‍ സാക്ഷികളുടെ മൊഴികളും വീഡിയോ റിക്കോര്‍ഡിങ്ങ് നടത്തുകയും ചെയ്തിട്ടുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിക്ക് എതിരെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ കുറ്റപത്രത്തിനുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികള്‍ മജിസ്‌ട്രേറ്റുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ഏഴു മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്. കുറ്റപത്രത്തോടെപ്പം 101 രേഖകളും കോടതിയില്‍ ഹാജരാക്കും.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342,376(2) (K),376(2)(N), 376 (c)(a),377,506(1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. അന്യായമായി തടഞ്ഞുവയ്ക്കുക, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി ദുര്യോപയോഗം നടത്തുക, പ്രകൃതിവിരുദ്ധ ലൈംഗികപീഢനം നടത്തുക, ഭീഷണിപ്പെടുത്തുക, മേലധികാരി എന്ന നിലയ്ക്ക് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുര്യോപയോഗം ചെയ്യുക, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക എന്ന കുറ്റങ്ങളാണ് യഥാക്രമമുള്ള വകുപ്പുകള്‍ പ്രകാരം ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവപര്യന്തമോ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ ലഭിക്കേണ്ടതാണ്.

2018 ജൂണില്‍ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നല്‍കുന്നത്. എന്നാല്‍ പരാതി നല്‍കി എണ്‍പതു ദിവസങ്ങളോളം പിന്നിട്ടതിനു ശേഷം മാത്രമാണ് പ്രതിയായ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ തന്നെ പൊലീസിന് കഴിഞ്ഞത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്ത സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. 14 ദിവസത്തോളം കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ചോദ്യം ചെയ്യലിന് തയ്യാറായി ബിഷപ്പ് ഫ്രാങ്കോ ജലന്ധറില്‍ നിന്നു കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച്ചയോളം റിമാന്‍ഡില്‍ കഴിഞ്ഞശേഷം ജാമ്യം നേടി ബിഷപ്പ് പുറത്തിറങ്ങുകയും ചെയ്തു.

ഫ്രാങ്കോ മുളക്കല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ജലന്ധറിലേക്ക് പോവുകയായിരുന്നു. കേസില്‍ പ്രതിയായതിനു പിന്നാലെ ജലന്ധര്‍ രൂപത തലവന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവും ഇതിനു പിന്നാലെ ഉയര്‍ന്നു. സാക്ഷികളായ കന്യാസ്ത്രീകള്‍ തന്നെയാണ് പ്രധാനമായും ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്. സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകള്‍ ജീവന് ഭീഷണി നേരിടുന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു. കുറവിലങ്ങാട് മഠത്തില്‍ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകള്‍ക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളില്‍ നിന്നും നീക്കങ്ങള്‍ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികള്‍ നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങള്‍ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവില്‍ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികള്‍ക്കും പൊലീസിനും മുന്നില്‍ പരാതികള്‍ നല്‍കുമ്പോഴും കന്യാസ്ത്രീകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുമായിരുന്നു. ഇതില്‍ കാലതാമസം വരുന്നതിന്റെ പുറത്തായിരുന്നു വീണ്ടുമൊരു സമരത്തിന് തയ്യാറെടുപ്പുകള്‍ നടക്കുകയു ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍