UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീ പീഡനം; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം കോടതിയില്‍ എത്തിക്കാതെ ഒളിച്ചു കളിക്കുന്നതാര്? എസ് ഒ എസ് സമരപ്രഖ്യാപനം ഇന്ന്

നീതി വൈകുന്ന സാഹചര്യത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ തങ്ങളും നിര്‍ബന്ധിക്കപ്പെടുകയാണെന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും വ്യക്തമാക്കുന്നു

കന്യാസ്ത്രീകള്‍ക്കു നീതി കിട്ടാന്‍ വേണ്ടി ഒരിക്കല്‍ കൂടി സമൂഹം സമരവുമായി തെരുവിലേക്ക് ഇറങ്ങുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഢനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീളുന്നതിനെതിരേയാണ് വീണ്ടുമൊരു സമരം ആരംഭിക്കുന്നത്. സേവ് അവര്‍ സിസ്റ്റേഴ്‌സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമരത്തിന്റെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്നു വൈകിട്ട്(ഏപ്രില്‍ ആറ്, ശനി) എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടക്കും. വൈകിട്ട് മൂന്നരയ്ക്ക് ഡോ. എം ലീലാവതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കും. മറ്റ് സാഹിത്യ സാംസ്‌കാരിക നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പീഡന പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിക്കാതെ വന്ന സാഹര്യത്തില്‍ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി വിശ്വാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് മൂവ്‌മെന്റ് വളരെ പെട്ടെന്ന് ഒരു ജനകീയ മുന്നണിയായി മാറുകയും അതാരംഭിച്ച സമരത്തിന്റെ ഭാഗമായി കന്യാസ്ത്രീകള്‍ എത്തുകയും ചെയ്‌തോടെ അന്തര്‍ദേശീയ തലത്തില്‍ തന്നെ കന്യാസ്ത്രീ പീഢന വാര്‍ത്ത എത്തിയിരുന്നു. 14 ദിവസത്തോളം എസ്ഒഎസ് നടത്തിയ സമരത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു ബിഷപ്പ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത്.

അറസ്റ്റ് നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറാകാതെ വരുന്നതോടെയാണ് വീണ്ടുമൊരു സമരത്തിന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് നിര്‍ബന്ധിതരായിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം അവസാനിച്ചു എന്ന് കോടതിയില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ അത് കഴിഞ്ഞു ആറു മാസം പിന്നിടുന്നു. കുറ്റപത്രം പൂര്‍ണ്ണമായും പൂര്‍ത്തിയായി രണ്ടു മാസത്തില്‍ അധികമായി എന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് ഒരു കാരണവുമില്ലാതെ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരപ്രഖ്യാപന കോണ്‍വെന്‍ഷനാണ് ഇന്ന് നടക്കുന്നതെന്ന് എസ് ഒ എസ് ഭാരവാഹികള്‍ പറയുന്നു. കേസിലെ സാക്ഷികളായ കന്യാസ്ത്രീകളും പ്രസ്തുത കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിക്കുന്നു.

കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കുന്നതിനായി രൂപം കൊണ്ട എസ് ഒ എസിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെ പോലീസ് തയ്യാറായത്. ബിഷപ്പിനും അദ്ദേഹത്തെ പിന്താങ്ങുന്ന സഭാധികാരികള്‍ക്കും നമ്മുടെ ഭരണ നിയമപാലന സംവിധാനത്തിലുള്ള സ്വാധീനം എത്രയാണെന്ന് കേരളം സമൂഹത്തിനു അന്ന് തന്നെ ബോധ്യപ്പെട്ടിരുന്നതാണ്. അന്ന് അന്വേഷണം പൂര്‍ത്തിയായി എന്നുള്ള ന്യായം പറഞ്ഞുകൊണ്ടാണ് ബിഷപ്പിനു ജാമ്യം അനുവദിച്ചത്. കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്ന നടപടികള്‍ അനിശ്ചിതമായി നീണ്ടു പോകുന്നത് നീതി ആഗ്രഹിക്കുന്ന പൊതുസമൂഹത്തിലാകെ സംശയം ഉണര്‍ത്തുന്നു. എസ് ഒ എസ് നടത്തിയ സമരത്തെ എല്ലാ വിധത്തിലും ആത്മാര്‍ത്ഥമായി പിന്തുണച്ച പൊതു സമൂഹത്തോടുള്ള ഒരു വെല്ലുവിളി കൂടിയാണ് ഈ കാലതാമസം; എസ് ഒ എസ് ഭാരവാഹികള്‍ പറയുന്നു.

കേസിന്റെ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിന്റെ ലക്ഷ്യം പ്രതിയെ രക്ഷിക്കുക എന്നതാണെന്നാണ് എസ് ഒഎസ് ആരോപിക്കുന്നത്. നിര്‍ണായക സാക്ഷികളെല്ലാം സഭയുമായി ബന്ധപ്പെട്ട കന്യാസ്ത്രീകളും പുരോഹിതരുമാണെന്നും അവര്‍ക്കു മേല്‍ സഭയുടെ പലഭാഗങ്ങളില്‍ നിന്നും കടുത്ത ഭീഷണികളും സമ്മര്‍ദ്ദങ്ങളും പ്രയോഗിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും കുറവിലങ്ങാട് മഠത്തില്‍ നിന്നും സാക്ഷികളായ സിസ്റ്റര്‍മാര്‍ സ്ഥലം മാറ്റാന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് പൊതു സമൂഹത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധം ഒന്നുകൊണ്ടുമാത്രമാണെന്നും എസ് ഒ എസ് പറയുന്നു.

ഈ കാലയളവിനിടയില്‍ കേസിലെ പ്രധാനപ്പെട്ട ഒരു സാക്ഷിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പെട്ടെന്നുള്ള മരണം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മറ്റൊരു സാക്ഷിയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ലിസി വടക്കേല്‍ മഠം അധികാരികള്‍ തനിക്കെതിരേ നടത്തുന്ന പ്രതികാര പ്രവര്‍ത്തികളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. സി. ലിസിയെ വിജവാഡയില്‍ കൊണ്ട് പോയി ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും സ്വന്തം അമ്മ ഗുരുതരമായ രോഗാവസ്ഥയില്‍ കിടക്കുമ്പോഴും നാട്ടിലേക്ക് വിടാന്‍ അധികാരികള്‍ തയ്യാറാകാതെയുമിരുന്നെന്നാണ് പരാതി. ഇപ്പോള്‍ സിസ്റ്ററെ മഠത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. കന്യാസ്ത്രീ സമരത്തിനു പിന്തുണ നല്‍കിയെന്ന പേരില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ തന്നെ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സഭയില്‍ നിന്നും മഠത്തില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയുമാണ്.

ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എസ്ഒഎസ് പറയുന്നത് കേസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നത് വഴി കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണെന്ന് അധികൃതരുമായി നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ എസ് ഓ എസിനു ബോധ്യമായ വസ്തുതയാണെന്നും അവര്‍ ആരോപണം ഉയര്‍ത്തുന്നു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കണമെങ്കില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചു വിചാരണ ആരംഭിക്കണമെന്നും ഇതെത്രയും വേഗം സാധ്യമാകണമെന്നും ഈ ആവശ്യത്തിനായി കേരളത്തിലെ പൊതുസമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ തേടിക്കൊണ്ട് എസ് ഒ എസ് അനിശ്ചിതകാല സമരത്തിന് തയ്യാറാവുകയാണെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലാടനും ജോ. കണ്‍വീനര്‍ ഷൈജു ആന്റണിയും പറയുന്നു.

തങ്ങള്‍ക്ക് നീതി വൈകുന്ന സാഹചര്യത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ തങ്ങളും നിര്‍ബന്ധിക്കപ്പെടുകയാണെന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു. എസ് ഒ എസ് സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമമായി തീരുമാനം ഒന്നും എടുത്തിട്ടില്ല. എന്നാല്‍ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ വീണ്ടുമൊരിക്കല്‍ കൂടി തെരുവില്‍ ഇറങ്ങേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. കുറ്റപത്രം വൈകുന്നതുകൊണ്ട് സാക്ഷികളായിട്ടുള്ള കന്യാസ്ത്രീകളും പരാതിക്കാരിയും യാതനകള്‍ അനുഭവിക്കുകയാണ്. എതിര്‍ഭാഗത്തുള്ളവര്‍ എത്ര ശക്തരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയൊരു പരാതി കൊടുത്തതിനു പിന്നാലെ ഞങ്ങള്‍ വലിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. ഇനിയും അവരുടെ പ്രതികാരത്തിന് ഞങ്ങളെ ഇരകളാക്കരുത്, എന്നാണ് ഈ വിഷയത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍