UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീ പീഡനക്കേസിലെ മുഖ്യ സാക്ഷി സി. ലിസി വടക്കേലിന്റെ പൊലീസ് സംരക്ഷണം പിന്‍വലിച്ചു

പൊലീസുകാരി മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് എഫ്‌സിസി അധികൃതര്‍ നല്‍കിയ പരാതിയിലാണ് നടപടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേലിന്റെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിസ്റ്റര്‍ ലിസി വടക്കേലിന് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്നും കോടതി വ്യക്തിമാക്കിയിട്ടുണ്ട്. പൊലീസുകാരി മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അധികൃതര്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. സിസ്റ്റര്‍ ലൂസിക്ക് എഫ് സി സിയുടെ മഠത്തില്‍ താമസിക്കണമെങ്കില്‍ സഭനിയമം അനുസരിക്കേണ്ടി വരുമെന്നാണ് മദര്‍ സുപ്പീരിയര്‍ പറയുന്നത്.

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായക സാക്ഷിയാണ് സി. ലിസി. താന്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നുമായിരുന്നു സി. ലിസി വെളിപ്പെടുത്തിയിരുന്നത്. രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് അയയ്ക്കുന്നതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വയം രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയതെന്നും സി. ലിസി പറയുന്നു.

ആശുപത്രിയില്‍ എത്തിയ തന്നോട് വിജയവാഡയിലേക്ക് തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിയെന്നും സി. ലിസി പറയുന്നുണ്ട്. തന്റെ അവസ്ഥകള്‍ സി. ലിസി സഹോദരങ്ങളോട് പറഞ്ഞതനുസരിച്ചാണു് പൊലീസിനു മുന്‍പാകെ പ്രശ്‌നം എത്തുന്നത്. മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് സി. ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. സിസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി. ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍; പൊലീസ് മോചിപ്പിച്ചു, മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്കെതിരെ കേസ്

എന്നാല്‍ സി. ലിസിയുടെ പരാതികള്‍ നിഷേധിച്ച് എഫ് സിസി മഠം അധികൃതരും രംഗത്തു വന്നിരുന്നു. സി. ലിസി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി മൂവാറ്റുപുഴയില്‍ എഫ് സി സി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിഞ്ഞു വരികയായിരുന്നുവെന്നായിരുന്നു എഫ്‌സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഇറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നത്. സി. ലിസിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പറഞ്ഞു. സി. ലിസിക്കെതിരേ ഗുരുതര ആരോപണങ്ങളും എഫ് സിസി കോണ്‍ഗ്രിഗേഷന്‍ ഉയര്‍ത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സി. ലിസി മൊഴി നല്‍കിയത് മഠം അറിയാതെയാണെന്നും എന്നാല്‍ സിസ്റ്ററുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതുമായി യാതൊരു ബന്ധവുമില്ലെന്നും സി. അല്‍ഫോന്‍സ വാദിക്കുന്നുണ്ട്. ‘വഴി മാറി നടക്കുന്ന സഹോദരി’ എന്നാണ് സി. ലിസിയെ എഫ് സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ കുറ്റപ്പെടുത്തുന്നത്. വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ, കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ടു് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയായിരുന്നു. സി. ലിസി കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിയും ഒപ്പം നില്‍ക്കുന്നവരും ആയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ രഹസ്യ മൊഴി നല്‍കിയതെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആരോപണം ഉന്നയിക്കുന്നു.

വഴി മാറി നടക്കുന്നു,14 വര്‍ഷമായി അനധികൃതമായി മഠത്തില്‍ താമസിക്കുന്നു; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സ്വന്തം സന്യാസ സഭ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍