UPDATES

ബിഷപ്പ് ഫ്രാങ്കോക്കെതിരായ പീഡന കേസ്: ലാബ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതും പോലീസിന് നല്‍കിയതും വ്യത്യസ്തം, അട്ടിമറിയോയെന്ന് കന്യാസ്ത്രീകള്‍

വിചാരണ തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് ഈ കേസ് വീണുപോകുന്നുവെന്ന ഭയമാണ് കന്യാസ്ത്രീകള്‍ക്ക് ഉള്ളത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. പോലീസിന്റെ പക്കലുള്ളതും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതുമായ റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തങ്ങളാണെന്നാണതാണ് പുതിയ വിവാദത്തിന് കാരണം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പിയും പോലീസിന്റെ കൈയിലുള്ള റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഫോറന്‍സിക് ലാബിന്റെ കൈവശമുള്ള മുഴുവന്‍ ഫയലുകളും പോലീസിന് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഭിന്ന റിപ്പോര്‍ട്ടുകള്‍ കോടതിക്കും പോലീസിനും ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ എന്നാണ് കന്യാസ്ത്രീകള്‍ സംശയിക്കുന്നത്. അതിനിടെ കേസ് പരിഗണിക്കുന്നത് അടുത്തമാസം ഒമ്പതിലേക്ക് മാറ്റി.

രണ്ട് മാസം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കിട്ടണമെന്നാവശ്യപ്പെട്ടാണ് വിചാരണ നീട്ടുന്നത്. ഇത് മന:പൂര്‍വമാണെന്നാണ് കന്യാസ്ത്രീകളുടെ വാദം. ഇതിനിടെയാണ് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടാകുന്നത്. ലാബ് റിപ്പോര്‍ട്ടിന് പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കോടതിയിലായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലീസിന് നല്‍കിയത്. ഇങ്ങനെ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ലാബിലുള്ള പരിശോധനയുമായി ബന്ധപ്പെട്ട് മുഴുവന്‍ ഫയലുകളും പോലീസിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ലാബ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കിയ ശേഷം കേസ് പരിഗണിക്കാമെന്ന് പറഞ്ഞാണ് കേസ് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയത്.

ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് കേസ് നീട്ടി കൊണ്ടുപോകുന്നത് ഇത് അട്ടിമറിക്കാന്‍ തന്നെയാണെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. കേസ് വിചാരണ കഴിഞ്ഞാൽ  താന്‍ ശിക്ഷിക്കപ്പെടുമെന്ന് ഫ്രാങ്കോയ്ക്ക് അറിയാമെന്നും അതിനാല്‍ തന്നെയാണ് എങ്ങനെയെങ്കിലും കേസ് അട്ടിമറിക്കാന്‍ നോക്കുന്നതെന്നും പരാതിക്കാരായ കന്യാസ്ത്രീകള്‍ അഴിമുഖത്തോട് പറഞ്ഞു.

ജൂലൈ 24-ന് കേസ് പരിഗണിച്ചപ്പോഴും പ്രതിഭാഗത്തിന്റെ ഇടപെടല്‍ മൂലം കേസ് മാറ്റിവച്ചിരുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് വ്യക്തമല്ലെന്നതായിരുന്നു പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിഭാഗത്തിന്റെ പരാതി. ഇതേ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച്ചത്തേക്ക് കേസ് മാറ്റിയത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് മുന്‍പേ തന്നെ പ്രതിഭാഗത്തിന് നല്‍കിയിരുന്നതാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ മൂവാറ്റുപുഴയില്‍ നല്‍കിയ കേസുകളുടെ വിവരങ്ങളടങ്ങിയ ചില രേഖകളുടെ പകര്‍പ്പുകള്‍ വ്യക്തമല്ലെന്നതായിരുന്നു ജൂലൈ 27-ന് പ്രതിഭാഗത്തിനു പറയാനുണ്ടായിരുന്ന കാരണം. ഇതിനു മുമ്പ് കേസ് പരിഗണനയ്ക്കു വന്നപ്പോഴെല്ലാം കുറ്റപത്രവുമായി ബന്ധപ്പെട്ട പരാതികള്‍ തന്നെയായിരുന്നു പ്രതിഭാഗം കേസ് നീട്ടിവയ്ക്കാന്‍ കാരണമാക്കിയിരുന്നത്.

ജലന്ധര്‍ രൂപത ബിഷപ്പ് ആയിരുന്ന സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കോട്ടയം കുറവിലങ്ങാട് സെന്റ്. ഫ്രാന്‍സീസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതി പോലീസിന് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാനായിട്ടില്ലെന്നതാണ് പരാതിക്കാര്‍ പറയുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് തന്നെ രണ്ടു മാസങ്ങളായി. ഇതുവരെ വിചാരണ തുടങ്ങാന്‍ കഴിഞ്ഞില്ലെന്നത് പ്രതിയുടെ സ്വാധീനമാണ് കാണിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ പോയാല്‍ കേസ് അട്ടിമറിക്കപ്പെടുമോയെന്നും അവര്‍ ആശങ്കപ്പെടുന്നു. ലാബ് റിപ്പോര്‍ട്ടില്‍ തന്നെ തിരിമറികള്‍ നടക്കുന്നതായുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇനിയും ഇത്തരം അട്ടിമറികള്‍ നടന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കാതെ പോകുമോയെന്നും കന്യാസ്ത്രീകള്‍ ചോദിക്കുന്നു.

മേയ് നാലിനായിരുന്നു പാല സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീ പീഢനക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. അഡ്വക്കേറ്റ് ജിതേഷ് ബാബുവാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342,376(2) (K),376(2)(N), 376 (c)(a),377, 506(1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. അന്യായമായി തടഞ്ഞുവയ്ക്കുക, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക, പ്രകൃതിവിരുദ്ധ ലൈംഗികപീഢനം നടത്തുക, ഭീഷണിപ്പെടുത്തുക, മേലധികാരി എന്ന നിലയ്ക്ക് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക എന്ന കുറ്റങ്ങളാണ് യഥാക്രമമുള്ള വകുപ്പുകള്‍ പ്രകാരം ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവപര്യന്തമോ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ ലഭിക്കേണ്ടതാണ്. 83 പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്. ഇതില്‍ ഒരു കര്‍ദ്ദിനാളും മൂന്നു മെത്രാന്മാരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ 27 കന്യാസ്ത്രീകള്‍, 11 വൈദീകര്‍, ഒരു ഡോക്ടര്‍, ഏഴു മജിസ്ട്രേട്ടുമാര്‍ എന്നിവരും സാക്ഷികളായുണ്ട്. ആയിരത്തിലേറെ പേജുകള്‍ വരുന്നതാണ് കുറ്റപത്രം. തുടര്‍ന്ന് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയോട് കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റപത്രം സ്വീകരിക്കാന്‍ പാല സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ബിഷപ്പ് കോടതിയില്‍ എത്തി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതി കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ കോട്ടയം സെഷന്‍സ് കോടതിയില്‍ ആരംഭിക്കാന്‍ ഉത്തരവ് ഇടാനിരിക്കെയാണ് ഇപ്പോള്‍ കൂടുതല്‍ രേഖകള്‍ വേണമെന്നാവശ്യവുമായി പ്രതിഭാഗം എത്തിയിരിക്കുന്നത്.

കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നത് തുടക്കം മുതലെ പരാതിക്കാരായ കന്യാസ്ത്രീകള്‍ ഉയര്‍ത്തുന്ന ആശങ്കയാണ്. ഇതിനായി ബിഷപ്പ് ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.

“സിപിഎമ്മിന്റെ പ്രമുഖനായൊരു അഭിഭാഷകനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് വേണ്ടി വാദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കു മ്പോഴാണ് ഞങ്ങളുടെ സംശയം ബലപ്പെടുന്നത്. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഇത് അട്ടിമാറിക്കാന്‍ വേണ്ടി നടന്ന കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാക്ഷികളെയും പരാതിക്കാരിയേയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലവട്ടം ശ്രമം നടന്നു. ജീവനു നേരെ പോലും നടന്ന നിരന്തരമായ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ കേസിന്റെ വിചാരണഘട്ടം വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നത്. വീണ്ടും തുടരുന്ന ഗൂഢാലോചനയില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്'”, കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങളാണിത്.

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയതും വിവാദമായിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു മാറ്റുന്നത് പ്രത്യേക താത്പര്യംവച്ചാണെന്നു പരാതിക്കാരായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ പരാതി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുഭാഷിന്റെ സ്ഥലം മാറ്റ് റദ്ദ് ചെയ്ത് കോട്ടയം ജില്ലയിലേക്ക് തന്നെ തിരിച്ചു കൊണ്ടു വന്നിരുന്നു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി കന്യാസ്ത്രീകള്‍ സമരവുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നൊരു സാഹചര്യത്തിലാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ തന്നെ പോലീസ് തയ്യാറാകുന്നത്. പിന്നീട് കേസിന്റെ കുറ്റപത്രം തയ്യാറാക്കാനും ഏറെ കാലതാമസം എടുത്തിരുന്നു. കുറ്റപത്രം തയാറായപ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാലതാമസം വന്നു. നിരന്തരമായ പരാതികളുയര്‍ന്നതിനു പിന്നാലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും കുറ്റപത്രം കോടതിയില്‍ എത്താന്‍ വീണ്ടും സമയമെടുത്തു. ഇതിനെതിരേയും പ്രതിഷേധം ശക്തമായപ്പോഴാണ് മേയ് നാലിന് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ രണ്ടു മാസം കഴിയുമ്പോഴും വിചാരണ തുടങ്ങാന്‍ കഴിയാതെ വീണ്ടും കാര്യങ്ങള്‍ നീണ്ടു പോവുകയാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന ഒരു കേസാണ് ഇത്തരത്തില്‍ നീണ്ടു പോകുന്നത്.

ആദ്യം അന്വേഷണം നീണ്ടു പോവുകയും അതിനുശേഷം കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാലതാമസം ഉണ്ടാവുകയും ചെയ്ത കേസാണ് കന്യാസ്ത്രീ പീഡനം. പിന്നീട് കുറ്റപത്രം തയ്യാറായിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നതിനു കാലതാമസം നേരിടേണ്ടി വന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായ താമസമായിരുന്നു കാരണം. പ്രോസിക്യൂട്ടറെ നിയമച്ചശേഷവും കോടതിയില്‍ കുറ്റപത്രം എത്താന്‍ വൈകിയിരുന്നു. ഇതിനെതിരേ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കുന്ന സാഹചര്യവും ഉണ്ടായി. ഒടുവില്‍ ബിഷപ്പില്‍ നിന്നും പീഡനം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കി ഒരു വര്‍ഷം ആകാറായപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാനും കോടതയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സാധിച്ചത്. ഇത്രയും താമസം ഇതിനിടയില്‍ ഉണ്ടായത് ബിഷപ്പിനെ സഹായിക്കാന്‍ വേണ്ടി നടന്ന ഇടപെടലുകള്‍ മൂലമാണെന്ന് അന്നേ പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്വാധീനിക്കാനും അതിനു വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് മഠത്തില്‍ നിന്നും സ്ഥലം മാറ്റാനും പുറത്താക്കനുമെല്ലാം ശ്രമങ്ങള്‍ അതിനു മുന്നേ നടന്നിരുന്നു. എല്ലാറ്റിനുമൊടുവിലാണ് കന്യാസ്ത്രീ പീഡനക്കേസ് കോടതിയില്‍ എത്തിയത്. എന്നാല്‍ വിചാരണ തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് ഈ കേസ് വീണുപോകുന്നുവെന്ന ഭയമാണ് കന്യാസ്ത്രീകള്‍ക്ക് ഉള്ളത്.

Azhimukham Read: കേരള ബാങ്ക് വരുമ്പോള്‍ മലപ്പുറം ബാങ്കിന് എന്ത് സംഭവിക്കും?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍