UPDATES

ട്രെന്‍ഡിങ്ങ്

പഞ്ചാബിലേക്ക് പോയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ല: കന്യാസ്ത്രീകള്‍

അവര്‍ പറയുന്നത് അനുസരിച്ച് ജീവിക്കണം എന്നു തന്നെയാണ് പറയുന്നത്. അനുസരിച്ചില്ലെങ്കില്‍ നിന്നെയൊക്കെ പുറത്താക്കും എന്ന ഭീഷണിയാണ് ഈ കത്തും ട്രാന്‍സ്ഫറുകളും

തെറ്റ് ചെയിതിട്ടില്ലെന്നും നേരിട്ട് വിശദീകരണം നല്‍കാന്‍ പഞ്ചാബിലേക്ക് പോയാല്‍ തിരിച്ചു വരാന്‍ കഴിയുമോയെന്ന ഭയം ഉണ്ടെന്നും കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ നീന റോസ്. ഗുരതരമായ അച്ചടക്കലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ച് സപ്പൂരിയര്‍ ജനറല്‍ കത്ത് നല്‍കിയതിലുള്ള പ്രതികരണത്തിലാണ് സി. നീന റോസ് പഞ്ചാബിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കിയത്.

മഠത്തിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ല, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മറ്റ് കന്യാസ്ത്രീകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നൊക്കെയുള്ള കുറ്റങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ സുപ്പീരയര്‍ ജനറലായ സി. റെജിന അയച്ച കത്തില്‍ സി. നീന റോസിനെതിരേ ആരോപിക്കുന്നത്. കുറവിലങ്ങാട് ഫ്രാന്‍സീസ് മിഷന്‍ ഹോമില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണയുമായി നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകളില്‍ ഒരാളാണ് സി. നീന റോസ്. മറ്റ് നാലുപേര്‍ക്കും നേരത്തെ സ്ഥലംമാറ്റ ഉത്തരവും സുപ്പീരിയര്‍ ജനറല്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി. നീന റോസിനെതിരേ അച്ചടക്കഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. വിശദീകരണം നല്‍കാത്ത പക്ഷം കാനോനിക നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തങ്ങളോരുരുത്തരേയും പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കത്തുമെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കില്ലെന്ന് മറ്റ് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇവരും പരാതിക്കാരിയായ കന്യാസ്ത്രീയും മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണം നല്‍കാന്‍ പഞ്ചാബിലേക്ക് പോകാന്‍ തയ്യാറല്ലെന്ന നിലപാട് സി. നീന റോസും എടുത്തിരിക്കുന്നത്. അങ്ങോട്ട് പോകാന്‍ ഭയമുണ്ടെന്നും ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നുമാണ് അതിനുള്ള കാരണമായി പറയുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും സത്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും അതിനാല്‍ തന്നെ എന്തും നേരിടാന്‍ തയ്യാറാണെന്നു തന്നെയാണ് കന്യാസ്ത്രീ പറയുന്നതും.

അച്ചടക്കലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോള്‍ വന്നതുപോലൊരു കത്ത് 2018 ജൂണിലും സുപ്പീരിയര്‍ ജനറലില്‍ നിന്നും സി. നീനയ്ക്ക് കിട്ടിയിരുന്നു, മറ്റ് നാലു കന്യാസ്ത്രീകള്‍ക്കും ഒപ്പം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഗൂഢാലോചന നടത്തുന്നു, ബിഷപ്പിനെ കൊല്ലാന്‍ പദ്ധതിയിടുന്നു എന്നീയാരോപണങ്ങളായിരുന്നു അന്നത്തെ കത്തില്‍. ബലാത്സംഗ കേസില്‍ സി. നീന ഉള്‍പ്പെടെയുളള കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിന് വഴി തെളിച്ചത്. ഇതോടെ കൂടുതല്‍ ശത്രുതയ്ക്ക് ഇരകളായി കന്യാസ്ത്രീകള്‍ മാറിയതിന്റെ പിന്നാലെയാണ് ഇപ്പോള്‍ വീണ്ടുമൊരു കത്തും അതിന്റെ പേരില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്നതും.

2016-ലാണ് സി. നീന റോസ് കോട്ടയം കുറവിലങ്ങാടെ ഫ്രാന്‍സീസ് മിഷന്‍ ഹോമില്‍ എത്തുന്നത്. 2017 ല്‍ ആദ്യത്തെ ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്നപ്പോള്‍ സി. നീനയെ കുറവിലങ്ങാട് തന്നെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിനുശേഷം വീണ്ടുമൊരു ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്നപ്പോള്‍ സി. നീനയ്ക്ക് പരിയാരത്തേക്ക് മാറ്റം നിര്‍ദ്ദേശിശിച്ചു. പക്ഷേ, തനിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നായിരുന്നു സി. നീന മറുപടി നല്‍കിയത്. ഇവിടെ തന്റെ ട്രീറ്റ്‌മെന്റ് നടക്കുന്നുണ്ടെന്നും പരിയാരത്തേക്ക് പോയാല്‍ അത് മുടങ്ങുമെന്നുമായിരുന്നു കാരണം പറഞ്ഞത്. ഈ മറുപടി നല്‍കിയതിനുശേഷമാണ് 2017 ജൂലൈയില്‍ സുപ്പീരിയര്‍ ജനറല്‍ സി. റെജീനയും അസി. ജനറല്‍ സി. മരിയയും കുറവിലങ്ങാട് മഠത്തില്‍ എത്തുന്നത്. ഇവരോടും തനിക്ക് പോകാന്‍ കഴിയാത്തതിന്റെ കാരണം വിശദീകരിച്ചതനുസരിച്ച് സിസ്റ്ററിന് കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാന്‍ അനുമതി കിട്ടി. 2018 ല്‍ അടുത്ത ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്നപ്പോഴും ഇതേ മഠത്തിലെ തന്നെ കമ്യൂണിറ്റി മെംബറായി സി. നീനയെ നിലനിര്‍ത്തുകയായിരുന്നു. ഇതിനുശേഷമാണ് മറ്റു കന്യാസ്ത്രീകളും കുറവിലങ്ങാട് എത്തുന്നതും ഇവര്‍ ഒരുമിച്ച് നില്‍ക്കാന്‍ തുടങ്ങിയതും. ബിഷപ്പ് ഫ്രാങ്കോയാല്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കാനും അവശ്യമായ പിന്തുണ നല്‍കാനും എടുത്ത തീരുമാനത്തില്‍ മറ്റ് കന്യാസ്ത്രീകള്‍ക്കൊപ്പം സി. നീനയും ചേര്‍ന്നതോടെ എതിര്‍ഭാഗം പൂര്‍ണമായി അവഗണിക്കാനും തുടങ്ങി. പരാതിക്കാരിയും അവര്‍ അഞ്ചുപേരും ഇത്തരത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് എല്ലാവര്‍ക്കുമൊപ്പം സി. നീനയും ശത്രുവായി മാറിയത്. കോണ്‍വെന്റിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല, മേലധികാരികളെ അനുസരിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ സി. നീന റോസിന്റെ മേല്‍ വീഴുന്നതും ഇങ്ങനെയാണ്.


Also Read: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഗൂഢാലോചനയടക്കം കുറ്റങ്ങള്‍; കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീക്കെതിരേ അച്ചടക്ക ഭീഷണി


സി. നീന റോസിനുള്ള കത്തില്‍, ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസില്‍ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ മേലധികാരികളുടെ നിലപാട് എന്താണെന്നും വ്യക്തമാക്കുന്നുണ്ട്. ബിഷപ്പിനെതിരേയുള്ള കേസ് സി. നീനയും കൂട്ടരും സ്വന്തം നിലയ്ക്ക് ഉണ്ടാക്കിയതാണെന്നും അതിനാല്‍ തന്നെ ഒരുകാരണവശാലും കോണ്‍ഗ്രിഗേഷന്‍ കേസില്‍ ഇടപെടില്ലെന്നും അതേസമയം സന്ന്യാസി സമൂഹത്തിന് ബാധകമായ വ്രതങ്ങളോ കോണ്‍ഗ്രിഗേഷന്‍ ചട്ടങ്ങളോ ലംഘിക്കാതെ കേസുമായി മുന്നോട്ടുപോകാമെന്നും സുപ്പീരിയര്‍ ജനറല്‍ പറയുന്നു. കന്യാസ്ത്രീകള്‍ പറയുന്നത്: “എന്തുകൊണ്ട് ഇത്തരമൊരു കേസ് കൊടുക്കാന്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരായി എന്നതിനെക്കുറിച്ച് സുപ്പീരിയര്‍ ജനറല്‍ ഒന്നും പറയുന്നില്ല. ലോകം മനസിലാക്കേണ്ട ഒരു കാര്യം അതിലുണ്ട്. ഞങ്ങള്‍ എന്തുകൊണ്ട് കേസ് കൊടുത്തു എന്നതിനു പിറകില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അത് മൂടിവയ്ക്കുകയാണ് സുപ്പീരിയര്‍ ജനറലിനെ പോലുള്ളവര്‍. ബിഷപ്പ് ഫ്രാങ്കോ ഞങ്ങള്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിരേ കള്ളക്കേസുകള്‍ നല്‍കിയിരുന്നു. അതിന്റെ പേരില്‍ പരാതിക്കാരിയായ സിസ്റ്ററുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അങ്ങനെയാണ് കന്യാസ്ത്രീ പീഢനത്തക്കുറിച്ച് പൊലീസിനോട് പറയുന്നത്. ഒരു കന്യാസ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചിട്ട് അതിനെതിരേ ശബ്ദമുയര്‍ത്തിയവരെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയാളാണ് ബിഷപ്പ് ഫ്രാങ്കോ. പലര്‍ക്കും ഈ കാര്യം അറിയില്ല. എന്നാല്‍ ഞങ്ങള്‍ ബിഷപ്പിനെതിരേ കേസ് കൊടുത്തൂ എന്ന് എല്ലാവരോടും വിളിച്ചു പറയുന്നുമുണ്ട്. ഞങ്ങളെല്ലാവരും ഏപ്രില്‍ മാസത്തിലാണ് ഇവിടെയെത്തുന്നത്. ജൂണ്‍ മാസത്തില്‍ സി. റജീനയും ഫാ. ജോസ് തെക്കുഞ്ചേരിയും കുറവിലങ്ങാട് വരികയുണ്ടായി. ഞങ്ങളുടെയെല്ലാം വീട്ടുകാരും അന്നു വന്നിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി കിട്ടുന്നതിനും ഞങ്ങളോട് കാണിക്കുന്ന ദ്രോഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും ഒരു തീരുമാനം ഉണ്ടാക്കണമെന്നും സുപ്പീരിയര്‍ ജനറലിനോടും തെക്കുഞ്ചേരി അച്ചനോടും ഞങ്ങളും കുടുംബവും ആവശ്യപ്പെട്ടതാണ്. ഒന്നുകില്‍ ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം, അതല്ലെങ്കില്‍ ഈ മഠം തന്നെ മിഷന്‍ ഹോമായി നല്‍കികൊണ്ട് ബിഹാറില്‍ മിഷനറീസ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വിടുക എന്നീ രണ്ട് ആവശ്യങ്ങളും മുന്നോട്ടുവച്ചു. ഇതിനുള്ള മറുപടി മുപ്പതാം തീയതിക്കു മുമ്പ് നല്‍കാം എന്നു സമ്മതിച്ചാണ് സി. റജീന പോയത്. പക്ഷേ ജലന്ധറില്‍ ചെന്നശേഷം സുപ്പീയര്‍ ജനറല്‍ എല്ലാവര്‍ക്കും അയച്ച കത്തുകളില്‍ പറഞ്ഞിരുന്നത് ഞങ്ങളും വീട്ടുകാരും ചേര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയാണെന്നും അതുകൊണ്ട് ഓരോരുത്തരും അവരവരുടെ മഠങ്ങളിലേക്ക് തിരിച്ചു പോകണം എന്നുമായിരുന്നു.

ഇപ്പോള്‍ സി. നീന റോസിന് നല്‍കിയിരിക്കുന്ന കത്തിലും കന്യാസ്ത്രീകള്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നു തന്നെയാണ് സുപ്പീരിയര്‍ ജനറല്‍ വീണ്ടും പറയുന്നത്. അതേസമയം പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് യാതൊരു പിന്തുണയും ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ സ്വന്തം നിലയ്ക്ക് പിന്തുണയ്ക്കുകയായിരുന്നുവെന്നും കേസ് നല്‍കിയതും സ്വന്തം നിലയ്ക്കാണെന്നും കോണ്‍ഗ്രിഗേഷന്‍ ഒരുതരത്തിലും ഈ കേസില്‍ ഇടപെടില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ കേസുമായി മുന്നോട്ടു പോകാം എന്നുമാണ് പറയുന്നത്.”

കേസുമായി മുന്നോട്ടു പോയ്‌ക്കോളാന്‍ അനുമതി നല്‍കുമ്പോഴും അതിനു പിന്നില്‍ ദുരുദ്ദേശ്യം ഉണ്ടെന്നാണ് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നത്. “അനുസരണം പോലുള്ള വ്രതങ്ങള്‍ തെറ്റിക്കാതെയും കോണ്‍ഗ്രിഗേഷന്റെ നിയമങ്ങള്‍ പാലിച്ചും വേണം കേസുമായി മുന്നോട്ടു പോകാന്‍ പറയുന്നത്. ഇവയില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ ഞങ്ങള്‍ക്കെതിരേ നടപടിയെടുക്കാം. കേസിന്റെ വിചാരണ ആരംഭിക്കാന്‍ പോകുന്ന സമയത്ത് ഞങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതും സി. നീനയ്ക്ക് വിശദീകരണം ചോദിച്ച് കത്ത് നല്‍കുന്നതുമെല്ലാം തന്ത്രപരമാണ്. ട്രാന്‍സ്ഫര്‍ അംഗീകരിക്കാത്തതും വിശദീകരണം നല്‍കാത്തതും അനുസരണവ്രതം തെറ്റിച്ചതും അച്ചടക്കം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഞങ്ങളെ സഭയില്‍ പുറത്താക്കാന്‍ ഉള്‍പ്പെടെ അവര്‍ക്ക് സാധിക്കും. അവര്‍ പറയുന്നത് അനുസരിച്ച് ജീവിക്കണം എന്നു തന്നെയാണ് പറയുന്നത്. അനുസരിച്ചില്ലെങ്കില്‍ നിന്നെയൊക്കെ പുറത്താക്കും എന്ന ഭീഷണിയാണ് ഈ കത്തും ട്രാന്‍സ്ഫറുകളും. പക്ഷേ, ഞങ്ങളൊന്നിലും ഭയപ്പെടുന്നില്ല. നേരിടാന്‍ തയ്യാറാണ്”, കന്യാസ്ത്രീകള്‍ പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍