UPDATES

ട്രെന്‍ഡിങ്ങ്

ഫ്രാങ്കോയുടെ അറസ്റ്റ്; ‘പഴുതടച്ചുള്ള’ അന്വേഷണത്തിന്റെ ആഘോഷം ഇപ്പോള്‍ വേണോ? ജാമ്യം തടയാന്‍ പോലും പൊലീസിന് കഴിയുമോയെന്ന് നോക്കണ്ടേ!

പൊലീസിന്റെ ഇപ്പോഴത്തെ അവകാശവാദങ്ങളൊന്നും കേട്ട് ഫ്രോങ്കോ ശിക്ഷിക്കപ്പെടുമെന്ന് കരുതേണ്ടതില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ അംഗമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലൂടെയാണെന്ന് പറയുന്നു. എന്നാല്‍ കേസില്‍ ഫ്രാങ്കോയ്ക്ക് അര്‍ഹമായ ശിക്ഷ ലിഭിക്കുന്നതിനപ്പുറം കുറ്റാരോപിതനെ റിമാന്‍ഡ് കാലയളവില്‍ പോലും ജയിലില്‍ അടയ്ക്കാന്‍ കഴിയും എന്നതില്‍ പോലും സംശയമാണെന്നാണ് പൊലീസ് സേനയില്‍ തന്നെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന ഫ്രാങ്കോ ഈ സമയ പരിധി കഴിഞ്ഞാല്‍ ജാമ്യം നേടി പുറത്തിറങ്ങാനാണ് സാധ്യത കാണുന്നതെന്നും ഈ കേസ് നിരീക്ഷിക്കുന്നവര്‍ പറയുന്നു. ഫ്രാങ്കോയുടെ അഭിഭാഷകര്‍ തുടര്‍ ദിവസങ്ങളില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ അദ്ദേഹത്തിന് അനുകൂലമായ തീരുമാനം കോടതിയില്‍ നിന്നും വരാനാണ് സാധ്യത കൂടുതലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതും മൂന്നു ദിവസങ്ങളോളം ഫ്രാങ്കോയെ പൊലീസ് ചോദ്യം ചെയ്തിട്ടുളളിതാനാലും(ഈ ചോദ്യം ചെയ്യലിനു ശേഷമായിരുന്നല്ലോ അറസ്റ്റ്), അറസ്റ്റിനുശേഷവും രണ്ടു ദിവസത്തോളം കസ്റ്റഡിയില്‍ വിട്ടു കൊടുത്തതിനാലും ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെടുന്ന വേളയില്‍ ഇനിയും കുറ്റാരോപിതനെ കസ്റ്റഡിയില്‍ വേണോ, ജാമ്യം കൊടുക്കുന്നതില്‍ തടസം ഉണ്ടോ എന്നു കോടതി ചോദിച്ചാല്‍ പ്രതിരോധിക്കാന്‍ പൊലീസിന് കഴിയണമെന്നില്ല. ജാമ്യം എതിര്‍ക്കാന്‍ പറയാവുന്ന ഏക പോയിന്റ് പുറത്തു നില്‍ക്കുന്ന കുറ്റാരോപിതന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കഴിയും അതിനാല്‍ ജാമ്യം നല്‍കരുതെന്നു മാത്രമായിരിക്കുമെന്ന് ഒരു റിട്ടയേര്‍ഡ് എസ് പി ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് ചൂണ്ടിക്കാണിക്കുന്നു. ഈ കാരണം അല്ലാതെ മറ്റ് കാര്യങ്ങളൊന്നും പൊലീസിന് കോടതിയില്‍ പറയാനുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഈ കാരണം ജാമ്യം നിഷേധിക്കാനും വളരെ പ്രധാനമാണ്. കോടതിക്ക് അത് മുഖവിലയ്ക്ക് എടുക്കുകയും ചെയ്യാം. എന്തുകൊണ്ടെന്നാല്‍, അന്വേഷണ കാലത്ത് ഫ്രാങ്കോ പരാതിക്കാരിയേയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഫോണ്‍ ടേപ്പുകള്‍ അടക്കം ഇതിനു തെളിവുകളും ഉണ്ട്. രണ്ട് കേസുകളും ഈ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയതിനാല്‍ ജാമ്യം നേടി പുറത്തു വന്നാല്‍ ഫ്രാങ്കോ ഇനിയും തെളിവുകള്‍ നശിപ്പിക്കാനും സ്വാധീനം നടത്താനും തയ്യാറാകുമെന്ന് കോടതിക്കും ചിന്തിക്കാം. അങ്ങനെ വന്നാള്‍ ജാമ്യം നിഷേധിക്കപ്പെടാം. അപ്പോഴും രണ്ട് ഘടകങ്ങള്‍ പ്രധാനമാണ്. പൊലീസ് കോടതിയില്‍ എടുക്കുന്ന നിലപാട്. രണ്ട് കോടതിയുടെ തീരുമാനം. ഒരുപക്ഷേ കോടതി ഫ്രാങ്കോയ്ക്ക് കടുത്ത ഉപാധികളോടെ ജാമ്യം നല്‍കാന്‍ തന്നെയായിരിക്കും തീരുമാനം എടുക്കുന്നത്. നിശ്ചിത സ്ഥലം വിട്ടു പോകരുത, ഫോണ്‍ ഉപയോഗിക്കരുത്, യാത്ര ചെയ്യുകയാണെങ്കില്‍ വിവരം മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം, ആവശ്യമെങ്കില്‍ ഫ്രാങ്കയോ പൊലീസിന്റെ നിരീക്ഷണത്തില്‍ തന്നെ നിര്‍ത്താം തുടങ്ങി നിബന്ധനകള്‍ വച്ച് കോടതി ജാമ്യം നല്‍കാമെന്നുമാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

ജാമ്യത്തെ എതിര്‍ക്കുമ്പോള്‍ കോടതിയില്‍ നിന്നും പല ചോദ്യങ്ങളും പൊലീസിന നേരെ ഉയരുമെന്നതില്‍ സംശയമില്ലെന്നും ആ ചോദ്യങ്ങള്‍ തന്നെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഫലമാണെന്ന അവകശവാദത്തെ പൊളിക്കുന്നതെന്നും റിട്ടയേര്‍ എസ് പി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍; ജാമ്യം നല്‍കിയാല്‍ കുറ്റാരോപിതന്‍ സാക്ഷികളെ സ്വാധീനിക്കും തെളിവുകള്‍ നശിപ്പിക്കും എന്നായിരിക്കുമല്ലോ അന്വേഷണ ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. അങ്ങനെയെങ്കില്‍ തിരിച്ചും ചില ചോദ്യങ്ങള്‍ ഉണ്ടാകും. അന്വേഷണം നടക്കുന്ന സമയത്ത് തന്നെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ തനിക്കെതിരേയുള്ള പരാതിയെ തള്ളിക്കളഞ്ഞുകൊണ്ട് ഇരയ്‌ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയത്. ഫോണ്‍ വിളിച്ചും ദൂതന്മാരെ അയച്ചും പരാതിക്കാരിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. സാക്ഷികളെയും ഇതുപോലെ തനിക്കനുകൂലമാക്കാന്‍ പല ശ്രമങ്ങളും നടത്തി. ഇതിനൊക്കെ പരാതിയും തെളിവുകളും ഉണ്ടായിട്ടും പൊലീസ് ഫ്രാങ്കോയ്‌ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. സിആര്‍പിസി 42 b(2) ല്‍ പറയുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ സാക്ഷികളെ സ്വാധീനിക്കുക, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുക, പരാതിക്കാരെ പ്രലോഭിപ്പിച്ച് പരാതിയില്‍ നിന്നും പിന്മാറ്റാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരാളുടെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഈ കാര്യങ്ങളൊക്കെ ഫ്രാങ്കോയില്‍ നിന്നും ഉണ്ടായിട്ടുള്ളതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. അത് കേസിന്റെ ആവശ്യത്തിനു വേണ്ടിയാകണമെന്നില്ല. സുഗമമായ അന്വേഷണം നടക്കാന്‍ വേണ്ടിയും അറസ്റ്റ് നടത്താം. കേസിന്റെ അന്വേഷണത്തില്‍ തടസ്സം സൃഷ്ടിക്കുന്നയാളെ അറസ്റ്റ് ചെയ്യാന്‍ അധികാരം ഉണ്ടെന്നിരിക്കെ അതിനു മുതിരാതെ ഇപ്പോള്‍ ചോദ്യം ചെയ്യലും തെളിവു ശേഖരിക്കലും എല്ലാം കഴിഞ്ഞിരിക്കുന്ന ഘട്ടത്തില്‍ ഇനി കുറ്റാരോപിതനെ ജാമ്യത്തില്‍ വിടരുത് അയാള്‍ തെളിവു നശിപ്പിക്കും സാക്ഷികളെ സ്വാധാനിക്കുമെന്നൊക്കെ പറഞ്ഞാല്‍ അന്നെന്തേ ഇതൊന്നും തോന്നാതിരുന്നതും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കാതിരുന്നതും ഇപ്പോള്‍ തെളിവു നശിപ്പിക്കുമെന്നു പറയുന്നതിലെ കാര്യമെന്താണെന്നും കോടതി ചോദിച്ചാല്‍ പൊലീസിന് ഉത്തരം മുട്ടും.

‘തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍’ ജയിക്കുമ്പോള്‍

 

സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക അന്വേഷണ സംഘത്തിന് ഉണ്ടെങ്കില്‍ അതില്‍ എത്രമാത്രം ആത്മാര്‍ത്ഥ ഉണ്ടെന്ന് സംശയമുണ്ടെന്നും അഴിമുഖത്തോട് പ്രതികരിച്ച് റിട്ടയേര്‍ എസ് പി തന്റെ നിലപാടായി പറയുന്നു. ഈ പരാതി ആര്‍ക്കെതിരെയാണ്? മതപരമായും സാമ്പത്തികപരമായും ആള്‍പരമായുമെല്ലാം ഒരുപാട് ശക്തനായ ഒരാള്‍ക്കെതിരേ. അരാണ് പരാതിക്കാരി? ഇതേ വ്യക്തിയുടേയും അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സഭയുടെയും അധികാരത്തിലും നിയന്ത്രണത്തിലും കീഴില്‍ നില്‍ക്കുന്നൊരാള്‍. പരാതിക്കാരി ഇതേ വ്യവസ്ഥിതിയുടെ സംരക്ഷണത്തിലാണ് ജീവിച്ചു പോരുന്നതും തുടര്‍ന്നു ജീവിക്കേണ്ടതും മരിക്കും വരെ ഉള്‍പ്പെട്ടു നില്‍ക്കേണ്ടതും. പരാതിക്കാരി മാത്രമല്ല, സാക്ഷികളും. ഈ സാഹചര്യം അന്വേഷണ സംഘത്തിന് അറിയാതെ പോകാന്‍ വഴിയില്ല. സാക്ഷികളുമേല്‍ എത്രശക്തമായ സമ്മര്‍ദ്ദങ്ങള്‍ വരുമെന്ന് സാമാന്യ ബുദ്ധിയില്‍ ചിന്തിക്കാവുന്നതാണ്. അത്തരമൊരു ചിന്ത ഉണ്ടായിരുന്നെങ്കില്‍ സാക്ഷികളുടെ മൊഴിയെടുത്ത് തെളിവുകള്‍ ശേഖരിച്ച ശേഷം ഈ സാക്ഷികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 164 രേഖപ്പെടുത്തേണ്ടിയിരുന്നു പൊലീസ്. അത് ഉണ്ടായിട്ടില്ല ഇതുവരെ. വിചാരണ സമയത്ത് സാക്ഷികള്‍ കൂറുമാറില്ലെന്ന് അന്വേഷണ സംഘത്തിന് എന്ത് ഉറപ്പ് പറയാന്‍ കഴിയും? ഫ്രാങ്കോ മുളയ്ക്കല്‍ പുറത്ത് ഇറങ്ങണമെന്നില്ല സാക്ഷികളെ പിന്തിരിപ്പിക്കാന്‍. കൊട്ടിയൂര്‍ പീഢനക്കേസിന്റെ അവസ്ഥ ആലോചിച്ചാല്‍ പിടികിട്ടും. കൊട്ടിയൂരിലെ പുരോഹിതനെക്കാള്‍ പതിന്മടങ്ങ് ശക്തനായ, ബിഷപ്പ് സ്ഥാനം വഹിച്ചിരുന്നൊരാള്‍ക്ക് വേണ്ടി എന്തൊക്കെ നീക്കങ്ങള്‍ നടക്കുമെന്ന് ആലോചിച്ചാല്‍ പോലും പിടികിട്ടില്ല. ഇതൊന്നും അന്വേഷണ സംഘത്തിന്റെ ബുദ്ധിയില്‍ തെളിഞ്ഞിരുന്നില്ലേ? കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് കാണുന്ന സാക്ഷികളെ തീര്‍ച്ചയായും 164 എടുക്കണം. ഈ കേസില്‍ സാക്ഷികളായവരാരും കൂറു മാറും എന്നു കരുതുന്നേയില്ല, ഒരംശം പോലും സംശയം അവരുടെ മേല്‍ ഇല്ലാതാനും, പക്ഷേ സഭയുടെ കളികള്‍ നമ്മുടെ കണക്കുകൂട്ടലിനും അപ്പുറമാകാം. സമരത്തില്‍ പിന്തുണയര്‍പ്പിച്ച് ഒരു ദിവസം വന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഒരു കന്യാസ്ത്രിയെ പുറത്താക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഭയപ്പെടുത്തലുകളും ഭീഷണികളും എന്തും ചെയ്യും. കടുത്ത സമ്മര്‍ദ്ദങ്ങളായിരിക്കും ഈ കേസില്‍ സാക്ഷികള്‍ അനുഭവിക്കാന്‍ പോകുന്നത്. അവിടെ ഒരു ചാന്‍സ് എടുക്കാന്‍ അന്വേഷണ സംഘം മുതിരരുതായിരുന്നു.

ഫ്രാങ്കോ കുറ്റസമ്മതം നടത്തിയെന്നതുകൊണ്ട് വിചാരണയില്‍ അത് പ്രോസിക്യൂഷന് യാതൊരു ആനുകൂല്യവും നല്‍കുന്നില്ലെന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അന്വേഷണഘട്ടത്തില്‍ പ്രതിയുടെ മൊഴിക്ക് യാതൊരു വിലയുമില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 27 എവിഡന്‍സ് ആക്ട് പ്രകാരം റിക്കവറിക്ക് മാത്രമാണ് പ്രാധാന്യം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും മുതലുകള്‍ കണ്ടെടുക്കുന്നുണ്ടെങ്കില്‍ അതിനാണ് വില. അല്ലാതെ പ്രതി എല്ലാം സമ്മതിച്ചു എന്നു പറയുന്നതിലും പൊലീസ് ഇപ്പോള്‍ എഴുതിക്കൂട്ടുന്നതിലും കാര്യമൊന്നുമില്ല. ഇതൊന്നും കോടതിയില്‍ കൊടുക്കാനും പറ്റില്ല, കോടതിയതൊന്നും വായിക്കാനും പാടില്ല. അതിനാല്‍ പൊലീസിന്റെ ഇപ്പോഴത്തെ അവകാശവാദങ്ങളൊന്നും കേട്ട് ഫ്രോങ്കോ ശിക്ഷിക്കപ്പെടുമെന്ന് കരുതേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്.

തന്റെ സമ്മതില്ലാതെ ബലപ്രയോഗത്തിലൂടെ ശുക്ലവും ഉമിനീരും പൊലീസ് ശേഖരിച്ചുവെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഫ്രാങ്കോ പറഞ്ഞതും നാളെ വിചാരണ സമയത്ത് പ്രതിഭാഗം വക്കീലിന് ഉപയോഗപ്പെടുത്താന്‍ വേണ്ടി തന്നെയാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതിക്കാരിയുടെ വസ്ത്രങ്ങളില്‍ ഫ്രാങ്കോയുടെ ശുക്ലമോ ഉമിനീരോ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഡിഎന്‍എ പരിശോധനയിലൂടെ അവ ഫ്രാങ്കോയുടെ തന്നെയെന്ന് തെളിയിച്ച് ശാസ്ത്രീയ തെളിവുകളായി(ഫോണ്‍ ടേപ്പുകള്‍ അടക്കം) വിചാരണ വേളയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരവും പ്രതി സമ്മതിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധപൂര്‍വവും ഉമനീരും ശുക്ലവും ശേഖരിക്കാവുന്നതാണെങ്കിലും വിചാരണ സമയത്ത് പൊലീസ് ബലപ്രയോഗത്തിലൂടെ അവ ശേഖരിച്ച് കള്ളത്തരം കാണിച്ചുവെന്ന തരത്തില്‍ വാദിക്കാന്‍ പ്രതിഭാഗം വക്കീലിന് സാഹചര്യമുണ്ട്. എല്ലാ പഴുതുകളും അടച്ചുകൊണ്ട് ഫ്രാങ്കോയെ പൂട്ടി എന്നൊക്കെ ഇപ്പോള്‍ ആര്‍ത്തു വിളിക്കുന്നതില്‍ കാര്യമില്ലെന്നും വിചാരണയും കഴിഞ്ഞ് കോടതിയുടെ വിധി പ്രഖ്യാപനവും വന്നു കഴിഞ്ഞ് മതി കന്യാസ്ത്രീകള്‍ നീതി നേടിയെന്നും പൊലീസും സര്‍ക്കാരും അവര്‍ക്ക് നീതി ഉറപ്പാക്കിയെന്നുമൊക്കെയുള്ള ആര്‍പ്പു വിളികള്‍ എന്നാണ് അഴിമുഖത്തോട് സംസാരിച്ച റിട്ടയേര്‍ഡ് എസ് പി തന്റെ അഭിപ്രായമായി പറയുന്നത്. ബലാത്സംഗ കേസില്‍ പീഡിപ്പിക്കപ്പെട്ട ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷിക്കാം. പരാതിക്കാരിയുടെ മൊഴി അത്ര വിശ്വസനീയമായിട്ട് കോടതിക്ക് തോന്നുകയും അതിന്റെ അടിസ്ഥാനത്തില്‍ ചെറിയ തെളിവുകളും ഉണ്ടെന്നു കണ്ടെത്തിയാല്‍ ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഫ്രോങ്കോ ശിക്ഷിക്കപ്പെടാന്‍ സാധ്യത വളരെയേറെയുണ്ട്. അത് പക്ഷേ കോടതിയെ ആശ്രയിച്ചിരിക്കും. അത് വരെ കാത്തിരിക്കണം. പൊലീസിന്റെ അന്വേഷണ മികവും ആ സമയത്ത് ചര്‍ച്ചയാക്കുന്നതായിരിക്കും ഉചിതം. അല്ലാതെ ഇപ്പോഴത്തെ അറസ്റ്റ് ആഘോഷിക്കേണ്ടതില്ല. പ്രതി സ്ഥാനത്ത് നില്‍ക്കുന്നയാള്‍ മതപരമായി എത്ര ശക്തനാണ്, രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങള്‍ എത്രത്തോളമുണ്ടെന്നൊക്കെ മനസിലാക്കിയും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലും സ്വാധീനത്തിലും പെട്ടുപോകുമെന്ന് തിരിച്ചറിഞ്ഞും, പരാതി രജിസ്റ്റര്‍ ചെയ്ത ഉടനെ പരാതിക്കാരിയുടെ മൊഴി എടുക്കുകയും അതിനുശേഷം സാക്ഷികളുടെ മൊഴികളെടുക്കുകയും അവരുടെ 164 സ്റ്റേറ്റുമെന്റുകള്‍ എടുത്ത്, മറ്റ് തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാമായിരുന്നു പൊലീസിനും അതിനു മുകളിലുള്ള സര്‍ക്കാരിനും. അതൊന്നും കൃത്യ സമയത്ത് ചെയ്താതെ, ഒരു നിര്‍ബന്ധിതഘട്ടത്തില്‍ അറസ്റ്റിന് തയ്യാറാകേണ്ടി വന്ന നമ്മുടെ നിയമപാലക സംവിധാനം അത്രകണ്ട് ആഘോഷങ്ങള്‍ക്ക് അര്‍ഹരല്ലെന്നാണ് അഴിമുഖത്തോട് പ്രതികരിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

‘സ്ഥലത്തെ പ്രധാന കോഴി’; ഡോ. ഫ്രാങ്കോ അറസ്റ്റില്‍; ട്രോളില്‍ നിലതെറ്റി ദീപിക

 

 

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍