UPDATES

രത്നക്കല്ല് തട്ടിപ്പ് കേസില്‍ കുടുങ്ങി ഒരു വൈദികന്‍; സിറോ മലബാര്‍ സഭ വീണ്ടും പ്രതിക്കൂട്ടില്‍

താമരശ്ശേരി രൂപതയ്ക്കു കീഴിലുള്ള കാറ്റുള്ളമല സെന്റ്. മേരീസ് പള്ളി വികാരിയായിരുന്ന ജോസഫ് പാംപ്ലാനിക്കെതിരെ രണ്ടു കേസുകള്‍; സംരക്ഷിക്കുന്നത് ബിഷപ്പ് റമീജ്യസ് പോള്‍ ഇഞ്ചനാനിഎന്നാരോപണം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സിറോ മലബാര്‍ സഭ മെത്രാന്മാരില്‍ നിന്നും സംരക്ഷണം കിട്ടുന്നുവെന്ന ആക്ഷേപം വിശ്വാസികള്‍ക്കിടയില്‍ നിന്നും ശക്തമായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭ നേതൃത്വത്തെ വീണ്ടും പ്രതികൂട്ടിലാക്കിയിരിക്കുകയാണ് ഫാ. ജോസഫ് പാംപ്ലാനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകള്‍. രണ്ട് കേസുകളാണ് താമരശ്ശേരി രൂപതയ്ക്കു കീഴിലുള്ള കാറ്റുള്ളമല സെന്റ്. മേരീസ് പള്ളി വികാരിയായിരുന്ന ജോസഫ് പാംപ്ലാനിക്കെതിരേയുള്ളത്. രത്‌നക്കല്ല് ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പുല്ലൂരാംപാറ സ്വദേശി എബ്രഹാം തോമസില്‍ നിന്നും 87.5 ലക്ഷം തട്ടിയെടുത്തു എന്നതും പീരുമേട്ടില്‍ ഭൂമി നല്‍കാമെന്ന് കരാര്‍ ചെയ്ത് കോടഞ്ചേരി സ്വദേശി മാളിയേക്കമണ്ണ് സ്‌കറിയയില്‍ നിന്നും 80 ലക്ഷം തട്ടിയെടുത്തതും. ഇതില്‍ ഭൂമി തട്ടിപ്പ് കേസില്‍ കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്. രത്‌നക്കല്ല് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വൈദികന്‍ കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വൈദികന്റെ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ വിശ്വാസികളില്‍ കടുത്ത പ്രതിഷേധം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി രൂപത ജോസഫ് പാംപ്ലാനിയെ വൈദിക ചുമതലകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പള്ളി വികാരിയുടെ ചുമതലകളില്‍ നിന്നും നീക്കുകയും ചെയ്തു. പാംപ്ലാനിക്കെതിരേ അന്വേഷണം നടക്കുന്നതിനാലാണ് അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ പറഞ്ഞിരിക്കുന്നതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്. അന്വേഷണം നേരിടാനും രൂപത പാംപ്ലാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദികനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഉചിതമായ നടപടികള്‍ രൂപത കൈക്കൊണ്ടെന്ന് അധികൃതര്‍ പറയുമ്പോള്‍, രൂപത ഫാ. ജോസഫ് പാംപ്ലാനിയെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന ആരോപണവുമായാണ് വിശ്വാസികള്‍ രംഗത്തു വന്നിരിക്കുന്നത്. ഫാ. ജോസഫ് പാംപ്ലാനി ഒളിവില്‍ പോയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പാംപ്ലാനിക്ക് രൂപത സംരക്ഷണം കൊടുത്തിരിക്കുകയാണെന്നതാണ് വാസ്തവം; കാത്തലിക് ലേമാന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം എല്‍ ജോര്‍ജ് മാളിയേക്കല്‍ ജോസഫ് പാംപ്ലാനിയുടെ തട്ടിപ്പുകള്‍ക്ക്  രൂപതയും മെത്രാനും പങ്കാളികളാണെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു പറയുന്നു.

ഭൂമി തട്ടിപ്പിലും രത്‌നക്കല്ല് തട്ടിപ്പിലുമാണ് രൂപത വൈദികനെതിരേ നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ ഈ രണ്ടു കേസുകള്‍ക്കും മുമ്പ് ജോസഫ് പാംപ്ലാനിക്കെതിരേ മറ്റൊരു കേസ് ഉണ്ട്. വിളക്കാംതോട് ഇടവകയുടെ കീഴിലുള്ള പുന്നയ്ക്കല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ തട്ടിയെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയിലുള്ളത്. കേസ് കൊടുത്തതാകട്ടെ ഇടവകാംഗങ്ങളും. വിളക്കാംതോട് ഇടവക വികാരിയായിരിക്കുന്ന സമയം സ്‌കൂള്‍ ബിഷപ്പിന്റെ കീഴിലാക്കുന്നതിനായി ഇടവകാംഗങ്ങളുടെ അനുമതി പത്രം, സ്‌കൂളും സ്ഥാപനവും ബിഷപ്പിന്റെ ഉടമസ്ഥതയിലാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് എന്നിവ ജോസഫ് പാംപ്ലാനി വ്യാജമായി ഉണ്ടാക്കിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ഇപ്പോഴുള്ള രണ്ട് കേസുകളെക്കുറിച്ചും രൂപതയും മെത്രാനും സംസാരിക്കുമ്പോള്‍ സ്‌കൂള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പാംപ്ലാനിക്കെതിരേ നിശബ്ദത പാലിക്കുന്നത് തങ്ങളും പ്രതികളായ കാര്യമായതുകൊണ്ടാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ തട്ടിയെടുക്കാന്‍ ഫാ. ജോസഫ് പാംപ്ലാനി തയ്യാറായത് താമരശ്ശേരി ബിഷപ്പ് റമീജ്യസ് പോള്‍ ഇഞ്ചനാനിയുടെ നിര്‍ദേശാനുസരണം ആയിരുന്നുവെന്നാണ് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നത്. ബിഷപ്പിന്റെ നിര്‍ദേശാനുസരണം പാംപ്ലാനിയും താമരശ്ശേരി രൂപത വിദ്യാഭ്യാസ കോര്‍പ്പറേറ്റ്‌
മാനേജര്‍ ഫാ. ജോസഫ് കളരിയ്ക്കലും ചേര്‍ന്നാണ് വിളക്കാംതോട് ഇടവകയുടെ ഉടമസ്ഥതയിലുള്ള പുന്നയ്ക്കല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ബിഷപ്പിന്റെ പേരില്‍ വ്യാജ ഉടമസ്ഥ രേഖകള്‍ ചമച്ച് ബിഷപ്പിന്റെ നിയന്ത്രണത്തിലുള്ള രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെതാക്കി മാറ്റാന്‍ പ്രവര്‍ത്തിച്ചത്
; കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ പറയുന്നു.

സ്‌കൂളുമായി ബന്ധപ്പെട്ട് ഇടവകാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റ് മാറ്റം കോടതി റദ്ദ് ചെയ്തിരുന്നു. വ്യാജരേഖകള്‍ ചമച്ച് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികള്‍ക്ക് നല്‍കി അവരെ സ്വാധീനിച്ച് ഇടവകയുടെ ഉടമസ്ഥതയിലാക്കുന്നതിന് നടത്തിയ കവര്‍ച്ചശ്രമത്തിനും ക്രമക്കേടുകള്‍ക്കും അഴിമതിക്കും സംഘം ചേര്‍ന്ന് നടത്തിയ കുറ്റകരമായ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദികളായ രൂപത ബിഷപ്പ് റമീജ്യസ് പോള്‍ ഇഞ്ചനാനി, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ജോസഫ് കളരിയ്ക്കല്‍, വിളക്കാംതോട് ഇടവക വികാരിയായിരുന്ന ജോസഫ് പാംപ്ലാനി, താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫിസര്‍ എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ കോടതി CMP No.465/2018 ആയി ഉത്തരവ് ഇട്ടിട്ടുള്ളതാണെന്ന് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ജോസഫ് പാംബ്ലാനി നടത്തിയ ആദ്യ തട്ടിപ്പില്‍ രൂപത മെത്രാനും മറ്റ് ഉന്നതരും പങ്കാളികളാണെന്നതിന്റെ തെളിവാണിതെന്നും അസോസിയേഷന്‍ സെക്രട്ടറി എംഎല്‍ ജോര്‍ജ് പറയുന്നു.

സ്‌കൂള്‍ തട്ടിയെടുക്കാന്‍ പാംപ്ലാനിയെ നിയോഗിച്ചത് മെത്രാന്‍ ആയതുകൊണ്ടാണ് വൈദികനെതിരേയുള്ള രത്നക്കല്ല് തട്ടിപ്പ്, ഭൂമി തട്ടിപ്പ് കേസുകള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമങ്ങള്‍ നടന്നതെന്നും കാത്തലിക് ലേമെന്‍സ് അസോസിയേന്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. രത്നക്കല്ല് തട്ടിപ്പും ഭൂമി കച്ചവട തട്ടിപ്പും വെളിച്ചത്താകാതെ ഒതുക്കി തീര്‍ക്കാന്‍ വേണ്ടി രൂപത ബിഷപ്പ് തന്റെ അരമനയില്‍ വച്ച് ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കി വഞ്ചനയും തട്ടിപ്പും മറച്ചുവയ്ക്കാന്‍ ശ്രമം നടത്തി’ എന്നാണ് ഇവര്‍ പറയുന്നത്.

ഫാ.ജോസഫ് പാംപ്ലാനിയുടെ കേസ് അടക്കം സഭയില്‍ നടക്കുന്ന കവര്‍ച്ചകള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും, അല്‍മായ ചൂഷണങ്ങള്‍ക്കും പ്രചോദനവും സംരക്ഷണവും നല്‍കുന്നത് സഭയിലെ മെത്രാന്മാരാണെന്നും കാനന്‍ നിയമം ഇതിനായി ഉപയോഗിക്കുകയാണെന്നും കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ പരാതി പറയുന്നു. മെത്രാനെയോ വൈദികനെയോ കോടതികളിലോ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ഡിപ്പാര്‍ട്ടമെന്റ് അധികാരികളുടെ പക്കലോ പ്രതികളോ സാക്ഷികളോ ആക്കാന്‍ പാടില്ലെന്ന് താരശ്ശേരി രൂപതയുടെ നിയമാവലിയില്‍( പേജ് 29, ക്രമനമ്പര്‍ 98) എഴുതി വച്ചിട്ടുണ്ടെന്നും ഇതുകാണിച്ച് രത്‌നക്കല്ല് തട്ടിപ്പ് കേസിലെ പരാതിക്കാരനെ രൂപത മെത്രാന്‍ വിലക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതേ കാനന്‍ നിയമം അനുസരിച്ച് തന്നെ വൈദികര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് മെത്രാന്മാരും ഉത്തരവാദികളാണെങ്കിലും അക്കാര്യം മറച്ചുവയ്ക്കുകയാണെന്നും ലേമെന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. കാനന്‍ നിയമപ്രകാരം വൈദികര്‍ മെത്രാന്റെ സഹകാരിയെന്ന നിലയിലും പ്രതിനിധിയെന്ന നിലയിലുമാണ് ഇടവക വികാരിമാരായി പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ വൈദികരുടെ ക്രമക്കേടുകള്‍ക്ക് രൂപത മെത്രാനും ഉത്തരവാദിയാണ്. എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്വം ഒരു പ്രസ്താവന നടത്തി മെത്രാനും രൂപത അധികാരികളും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നിന്നും കൈകഴുകി ഒഴിഞ്ഞുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ പറയുന്നത്.

ഫാ. ജോസഫ് പാംപ്ലാനിയുടെ പേരിലുള്ള തട്ടിപ്പ് കേസുകളില്‍ ബിഷപ്പും രൂപത അധികാരികളും കുറ്റവാളികളാണെന്നാണ് കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്‍ ആവര്‍ത്തിച്ച് പറയുന്നത്. ആയതിനാല്‍ മെത്രാന്‍ അടക്കമുള്ളവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നും കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

മദ്യ മുതലാളിയും കൊള്ളപ്പലിശ മുതലാളിയും പള്ളിക്കും പട്ടക്കാരനും പ്രിയങ്കരരാവുന്ന ഇക്കാലത്ത് തെമ്മാടിക്കുഴി തന്നെ വലിയൊരു ഔദാര്യമല്ലേ?

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

മെത്രാന്‍മാര്‍ കത്തോലിക്കര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും ഭീഷണി; തല്ലി തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് സഭയിലെ അംബാനിമാര്‍: പ്രൊഫ. ജോസഫ് വര്‍ഗീസ് സംസാരിക്കുന്നു

‘നിങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്’: ഫ്രാങ്കോ മുളക്കലിനെ അനുകൂലിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ സര്‍ക്കുലര്‍

പിതാവേ, മദ്യത്തില്‍ മാത്രമല്ല വേറെയും ചില ‘ഗുജറാത്ത് മോഡലു’കളുണ്ട്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍