UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

‘അയാം പ്രൌഡ് ഓഫ് മൈ കോണ്‍ഗ്രസ് കള്‍ച്ചര്‍’ എന്നു പറഞ്ഞ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി; ആരാണ് ഡോ. കെ എസ് രാധാകൃഷ്ണന്‍?

ജീവിതത്തിന്റെ താഴെ തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക സംസ്‌കാരിക നിരീക്ഷകന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് അംഗം, സര്‍വകലശാല വൈസ് ചാന്‍സിലര്‍, പിഎസ്‌സി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്

2016 ല്‍ പി എസ് സി ചെയര്‍മാന്‍ പദവിയില്‍ നിന്നും വിരമിച്ചതിനു പിന്നാലെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. കെ എസ് രാധാകൃഷണന്‍ മുന്നില്‍ ഉയര്‍ന്ന ഒരു ചോദ്യം, രാഷ്ട്രീയപ്രവര്‍ത്തനം ആലോചനയിലുണ്ടോ? എന്നായിരുന്നു. അതിനുള്ള രാധാകൃഷ്ണന്റെ ഉത്തരം ഇങ്ങനെയായിരുന്നു; രാഷ്ട്രീയക്കാരോട് അതൃപ്തിയൊന്നുമുള്ളയാളല്ല ഞാന്‍. അവിടെയൊക്കെ ഒരുപാട് പേരുണ്ടല്ലോ. പക്ഷേ, എന്റെ സ്ഥാനത്ത് ഞാന്‍ മാത്രമല്ലേയുള്ളൂ. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധമുള്ളയാളാണ് എന്നത് ശരിയാണ്. I’m proud of my congress culture too. എന്തായാലും രാഷ്ട്രീയത്തിലേക്കില്ല.

2016 രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പറയുകയും അതേസമയം തന്റെ കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുകയും ചെയ്ത രാധാകൃഷ്ണനെ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം കാണാനാകുന്നത് ബിജെപിയുടെ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയായാണ്. കോണ്‍ഗ്രസ് സഹയാത്രികനെന്ന ഐഡന്റിറ്റി പതിറ്റാണ്ടുകളായി കൊണ്ടുനടന്ന രാധാകൃഷ്ണന്‍ കഴിഞ്ഞ ആഴ്ച്ചയാണ് ബിജെപി അംഗത്വം എടുത്തത്. ഒരിക്കല്‍, തന്റെ കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ അഭിമാനം കൊണ്ട രാധാകൃഷ്ണന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നു ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട്, അതേ കോണ്‍ഗ്രസിനെ കുടുംബാധിപത്യത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും പേരില്‍ കുറ്റപ്പെടുത്തുന്നു. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കാതിരുന്ന താന്‍ കക്ഷിരാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വപാടവും ആണെന്നാണ് കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായ കെ എസ് രാധാകൃഷ്ണന്‍ പറയുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം റീഡര്‍ ആയിരുന്ന ഡോ. രാധാകൃഷ്ണനെ കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്നും വിരമിച്ചശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പി എസ് സി ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചത്.

ജീവിതത്തിന്റെ താഴെ തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക സംസ്‌കാരിക നിരീക്ഷകന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് അംഗം, സര്‍വകലശാല വൈസ് ചാന്‍സിലര്‍, പിഎസ്‌സി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്. തന്റെ അറിവും നിരീക്ഷണവും വിശകലന ചാരുതയും മികച്ചൊരു വാഗ്മിയായി തീര്‍ത്ത രാധാകൃഷ്ണന്‍ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ തന്റെ ഇടപെടലുകള്‍ തുടര്‍ന്ന വ്യക്തിയാണ്. അധ്യാത്മിക കാര്യങ്ങളില്‍ വാചാലത കാണിച്ചിരുന്ന രാധാകൃഷ്ണന്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തോടെയാണ് തന്റെ രാഷ്ട്രീയ ചായ്‌വിന്റെ സൂചന കാണിച്ചു തുടങ്ങിയത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ശക്തമായി എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാധാകൃഷ്ണനെ കണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പക്ഷത്തു നിന്നുള്ള എതിര്‍പ്പായിരുന്നില്ല രാധാകൃഷ്ണന്‍ ഉയര്‍ത്തിയത്. സംഘപരിവാര്‍ വാദങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത രാധാകൃഷ്ണന്റെ, ശബരിമല വിനോദയാത്ര കേന്ദ്രമല്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഏറെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ എറണാകുളത്ത് അയ്യപ്പ സേവാസംഘം നടത്തിയ പരിപാടിയിലും കെ.എസ് രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ കെ എസ് രാധാകൃഷ്ണന്റെ രാഷ്ട്രീയം ചര്‍ച്ചയായിരുന്നു. ഇതോടൊപ്പം തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് രാധാകൃഷ്ണനും സൂചനകള്‍ നല്‍കിയിരുന്നു. വൈകാതെ തന്നെ രാധാകൃഷ്ണന്‍ ബിജെപിയില്‍ എത്തുകയും ചെയ്തു.

ബിജെപിയെ സംബന്ധിച്ച് അവര്‍ക്ക് അവതരിപ്പിക്കാന്‍ കിട്ടിയ ജനസ്വാധീനമുള്ള ഒരു ബൗദ്ധിക മുഖമാണ് ഡോ. രാധാകൃഷ്ണന്‍. തന്റെ പ്രസംഗ പാടവവും വിഷയങ്ങളിലുള്ള അറിവും ഡോ. രാധാകൃഷ്ണന് രാ്ഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. മതദര്‍ശനങ്ങളിലുള്ള രാധാകൃഷ്ണന്റെ പാണ്ഡിത്യം തങ്ങളുടെ വഴികളില്‍ അവസരങ്ങള്‍ ഉണ്ടാക്കി തരുമെന്നു ബിജെപിയും കരുതുന്നു. കോണ്‍ഗ്രസുമായുള്ള സഹവര്‍ത്തിത്വം ഉപേക്ഷിച്ചു പോരുമ്പോള്‍ ആ പാര്‍ട്ടിക്കെതിരേ ശക്തമായ ആക്ഷേപങ്ങളും രാധാകൃഷ്ണന്‍ ഉയര്‍ത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരാരോപരണം. സനാതന ഹിന്ദുവും ബ്രാഹ്മണനുമെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ ശബരിമല വിഷയത്തിലെ നിലപാടില്‍ വൈരുദ്ധ്യമുണ്ടെന്നും വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ രാഹുല്‍ സ്വീകരിച്ചതെന്നുമായിരുന്നു രാധാകൃഷ്ണന്റെ ആക്ഷേപം. കെ. സുധാകരനെപ്പോലെ കരുത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തിയാലും അത്ഭുതമില്ലെന്നു കൂടി രാധാകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 16 ശതമാനം മാത്രമെ വോട്ടുള്ളുവെങ്കിലും ബി.ജെ.പി സാമാന്യം ഭേദപ്പെട്ട പാര്‍ട്ടിയാണെന്നാണ് സമര്‍ത്ഥിക്കുന്ന രാധാകൃഷ്ണന്‍ പറഞ്ഞത്, കെ. സുധാകരനെപ്പോലെ കരുത്തുള്ള ഒരു നേതാവിനെ കിട്ടിയാല്‍ ബിജെപിക്ക് അതു കൂടുതല്‍ പ്രയോജനമുണ്ടാക്കുമെന്നാണ്. അങ്ങനെ അവര്‍ കരുതിയാല്‍ അതില്‍ തെറ്റില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന് വലിയ സ്ഥാനമൊന്നുമില്ല. ജനങ്ങള്‍ വികാരഭരിതരായി പ്രതികരിക്കുമ്പോള്‍ അത് വോട്ടിനെ ബാധിക്കും. അതിന്റെ നേട്ടം വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുക്കളില്‍ കുറേപ്പേര്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും അകന്നുപോകുമെന്ന അഭിപ്രായവും ഡോ. കെ എസ് രാധാകൃഷണന്റെതായിരുന്നു. ©

കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍