UPDATES

ട്രെന്‍ഡിങ്ങ്

അഞ്ച് എ പ്ലസ് സീറ്റുകള്‍ക്കായുള്ള അടി തീരുന്നില്ല; ഇപ്പോഴിതാ വടക്കനും എത്തി; എന്നുവരും ബിജെപി പട്ടിക?

കഴിഞ്ഞ ദിവസം വരെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കന്റെ ആവശ്യം ബിജെപിക്ക് തള്ളിക്കളയാനാകില്ല

ഒരുമാസം മുമ്പ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ പല സീറ്റുകളിലും ഒന്നിലധികം പേര്‍ അവകാശവാദം ഉന്നയിച്ചതും തര്‍ക്കം നിലനില്‍ക്കുന്നതും കാരണം അന്തിമ പട്ടികയിറക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. യുഡിഎഫിനെയും എല്‍ഡിഎഫിനെയും മറികടന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നുവെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് കേരളത്തിലെ ഇരുപത് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫ് ആകട്ടെ മുസ്ലിംലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളെയും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഒരു സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ബിജെപിയുടെ പ്രഖ്യാപനവും നാളെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ക്കും മുന്നേ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ബിജെപിയ്ക്ക് ആകട്ടെ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ എന്ന് മാത്രമാണ് ഉറപ്പിക്കാന്‍ സാധിച്ചിട്ടുള്ളത്. അതും ആര്‍എസ്എസ് ഇടപെട്ടത് കാരണം മാത്രമാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഇത്രവേഗം പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ ജൈത്രയാത്ര തടയാനും സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് നേടിയെടുത്ത മേല്‍ക്കൈ മറികടക്കാനും കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ത്ഥിയെയാണ് അവര്‍ക്ക് വേണ്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം 2.48 ലക്ഷം വോട്ട് നേടിയിരുന്നു. സിപിഎമ്മിന്റെയും സിപിഐയിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയില്ലാതിരുന്നിട്ട് കൂടിയാണ് ഇതെന്ന് ഓര്‍ക്കണം. എന്നാല്‍ ദിവാകരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ സാഹചര്യം മറ്റൊന്നാണ്. അദ്ദേഹത്തിന് സിപിഎമ്മിന്റെ പിന്തുണയും സാധാരണക്കാരയ വോട്ടര്‍മാരുടെ പ്രീതിയുമുണ്ട്. അതിനാലാണ് തിരുവനന്തപുരത്ത് ഇത്തവണത്തെ മത്സരം കടുപ്പമേറിയതാകുന്നത്. ബിജെപിയാകട്ടെ കേരളത്തില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. അതിനാലാണ് അവര്‍ ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കുമ്മനത്തെ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നതും. വിജയപ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും കണ്ണുണ്ടായിരുന്നെങ്കിലും അത് നടക്കാതെ പോയതും ആര്‍എസ്എസിന്റെ ഇടപെടല്‍ മൂലമാണ്.

വിജയ പ്രതീക്ഷയുള്ള മറ്റ് മണ്ഡലങ്ങളായ പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ തര്‍ക്കം നില്‍ക്കുന്നത്. ജയിക്കുമെന്ന് ഉറപ്പുള്ള ഈ സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന് വാശിപിടിക്കുന്നത് ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും ശോഭാ സുരേന്ദ്രനും സി കൃഷ്ണകുമാറുമാണ്. ശ്രീധരന്‍ പിള്ളയ്ക്ക് പത്തനംതിട്ട വേണമെന്നാണ് ഇപ്പോള്‍ ആവശ്യം. ശബരിമല വിഷയം ഉന്നയിച്ച് ബിജെപി ഉഴുതിട്ടിരിക്കുന്ന മണ്ണാണ് പത്തനംതിട്ടയിലേത്. ഇനി തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് നൂറ് മേനി കൊയ്യാമെന്നാണ് പിള്ളയുടെ കണക്കു കൂട്ടല്‍. അതേസമയം ശബരിമല വിഷയത്തെ അവസാന നിമിഷം വരെ സജീവമാക്കി നിര്‍ത്തുകയും അതിന്റെ പേരില്‍ ഇപ്പോഴും കോടതികള്‍ കയറിയിറങ്ങുകയും ചെയ്യുന്ന സുരേന്ദ്രനും ഈ മണ്ഡലത്തിന് വേണ്ടി അവകാശമുന്നയിക്കുന്നതിനെ തെറ്റ് പറയാനാകില്ല. തന്റെ കഷ്ടപ്പാടുകളുടെ ഫലം തനിക്ക് തന്നെ അനുഭവിക്കണമെന്ന് ആഗ്രഹിക്കാത്ത ഏത് മനുഷ്യനാണുള്ളത്. അതിനാല്‍ തന്നെ പത്തനംതിട്ടയിലോ തൃശൂരിലോ മത്സരിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് സീറ്റ് വേണ്ടെന്നാണ് സുരേന്ദ്രന്റെ നിലപാട്.

ശോഭാ സുരേന്ദ്രനാകട്ടെ പാലക്കാട് മത്സരിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇവിടുത്തെ ജില്ലാ നേതൃത്വത്തിനാകട്ടെ താല്‍പര്യം സി കൃഷ്ണകുമാറിനോടും. കൃഷ്ണകുമാറിനെ വെട്ടി ശോഭ മത്സരരംഗത്തെത്തിയാല്‍ അതിനാല്‍ തന്നെ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുണ്ടാകില്ലെന്ന് മാത്രമല്ല, തോല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ശോഭയെ ഇവിടെ മത്സരിപ്പിക്കാതിരിക്കാനാകും നേതൃത്വത്തിന്റെ ശ്രമം. വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പ്രമുഖര്‍ തന്നെ അവകാശവാദം ഉന്നയിക്കുന്നതാണ് പാര്‍ട്ടിയുടെ ലിസ്റ്റ് വൈകാന്‍ കാരണം.

ഇതിനിടയിലാണ് ടോം വടക്കന്റെ വരവ്. പുല്‍വാമ ഭീകരാക്രമണത്തോടും അതിന് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തോടും കോണ്‍ഗ്രസ് പുലര്‍ത്തിയ സമീപനമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് വടക്കന്‍ പറയുന്നുണ്ടെങ്കിലും സീറ്റ് നിഷേധിക്കപ്പെട്ടതും പാര്‍ട്ടിയില്‍ അധികാരമില്ലാതെ വന്നതുമാണ് വടക്കന്റെ നീക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിലെ സോണിയ യുഗത്തില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന വടക്കന്‍ രാഹുല്‍ യുഗത്തില്‍ നേതൃത്വത്തിന്റെ കാര്യമായ പരിഗണനകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ടര്‍ എം ഉണ്ണികൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും വടക്കന്‍ ബിജെപിയിലെത്തിയത് സ്ഥാനമാനങ്ങളോ സീറ്റോ മോഹിച്ചാണെന്ന് ഉറപ്പ്. ബിജെപിയുടെ രാജ്യസഭാ എംപി രാകേഷ് സിന്‍ഹയാണ് വടക്കന്റെ ചുവടുമാറ്റത്തിന് മധ്യസ്ഥത വഹിച്ചതെന്നതിനാല്‍ തന്നെ വടക്കന്റെ മോഹം പാര്‍ട്ടി നേതൃത്വം നിറവേറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിന്‍ഹ ആര്‍എസ്എസ് സൈദ്ധാന്തികന്‍ കൂടിയാണെന്നതിനാല്‍ ആര്‍എസ്എസിനെ ഇതിനായി ഇടപെടുത്താന്‍ അദ്ദേഹത്തിന് സാധിക്കും.

വടക്കന്‍ സീറ്റിന് വേണ്ടിയുള്ള നീക്കം നടത്തുയാണെങ്കില്‍ തന്നെ അത് വിജയസാധ്യതയുണ്ടെന്ന് ബിജെപി കരുതുന്ന തൃശൂര് ലക്ഷ്യമാക്കിയായിരിക്കുമെന്നാണ് അറിയുന്നത്. വടക്കന്റെ മണ്ഡലവും തൃശൂര്‍ ആണ്. അങ്ങനെ വന്നാല്‍ സുരേന്ദ്രന് പത്തനംതിട്ട കൊടുക്കേണ്ടി വരും. അപ്പോള്‍ ശ്രീധരന്‍ പിള്ളയോ? പിള്ളയെ എന്ത് ചെയ്യുമെന്നതാണ് പിന്നെ ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വരെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കന്റെ ആവശ്യം ബിജെപിക്ക് തള്ളിക്കളയാനാകില്ല. അല്ലെങ്കില്‍ വന്നതുപോലെ തന്നെ തിരിച്ചു പോകാന്‍ സാധ്യതയുള്ളയാളാണ് അദ്ദേഹമെന്നത് അമിത് ഷായ്ക്കും മോദിക്കും നന്നായി അറിയാം. ആര്‍എസ്എസ് അതിന് അനുവദിക്കുകയുമില്ല. നാളെ അന്തിമ പട്ടിക പുറത്തിറക്കുമെന്ന് പറയുമ്പോഴും അവസാന നിമിഷമുണ്ടായ ഇത്തരം ചുവടുമാറ്റങ്ങള്‍ കൂടി കണ്ട് വേണം അത് പ്രഖ്യാപിക്കാന്‍. അതിനാല്‍ തന്നെ നാളെ പട്ടികയെന്നത് ബിജെപിയ്ക്ക് സാധ്യമാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍