UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി ജെ പിക്ക് കേരളമെന്നാല്‍ തിരുവനന്തപുരം; തലസ്ഥാനത്തേക്ക് കുടിയേറി നേതാക്കള്‍

Avatar

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുക വഴി ബിജെപി അവരുടെ മനസ് വ്യക്തമാക്കിയിരിക്കുന്നു. മേയ് 16-ന് നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി താമര വിരിയിക്കാന്‍ ആകുമെന്ന ശക്തമായ പ്രതീക്ഷ ബിജെപി വച്ചു പുലര്‍ത്തുന്നുണ്ട്. മഞ്ചേശ്വരത്തെക്കാള്‍ ഇത്തവണ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ ആണെന്നത് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തിറങ്ങിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന് വേരോട്ടമുള്ള ജില്ല എന്ന നിലയിലാണ് ബിജെപി ഇത്തവണ തിരുവനന്തപുരത്തു നിന്നു തന്നെ താമരയുടെ ഉദയം പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍, നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍, രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവരാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള പട്ടിക അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ഒ രാജഗോപാല്‍ നേമത്തു നിന്നും കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിക്കുമ്പോള്‍ കൃഷ്ണദാസും മുരളീധരനും യഥാക്രമം കാട്ടാക്കടയില്‍ നിന്നും കഴക്കൂട്ടത്തു നിന്നുമാണ് മത്സരിക്കുക.

തിരുവനന്തപുരം മണ്ഡലം തല്‍ക്കാലം ഒഴിച്ചിട്ടിരിക്കുകയാണ്. ഇവിടേക്ക് നേരത്തെ കെ സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും സുരേന്ദ്രന്‍ മഞ്ചേശ്വരത്തു നിന്നു തന്നെ മത്സരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വിമത സ്വരം ഉയര്‍ത്തിയ മുന്‍ ആര്‍ എസ് എസ് നേതാവ് കൂടിയായ പി പി മുകുന്ദനെ ഒരു പക്ഷേ തിരുനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി കൂടായ്കയില്ല. അതേസമയം പാര്‍ട്ടിക്കാരനല്ലാത്ത പൊതുജന സമ്മതിയുള്ള ഒരാളെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ഘടകം നല്‍കിയിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി അല്ലെങ്കില്‍ ഐ എസ് ആര്‍ ഒ മുന്‍ മേധാവി ജി മാധവന്‍ നായര്‍ എന്നിവരുടെ പേരും സജീവ പരിഗണനയിലുണ്ട്.

ബിജെപിയുടെ രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന സി കെ പത്മനാഭന്‍, കോഴിക്കോട് കുന്ദമംഗലത്തേക്കും പി എസ് ശ്രീധരന്‍പിള്ളയെ ചെങ്ങന്നൂരിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. ആറന്‍മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപി ജനകീയ സമരത്തിലൂടെ പിന്തുണയാര്‍ജ്ജിച്ച ആറന്‍മുളയില്‍ നിന്നാണ് എം ടി രമേശ് മത്സരിക്കുക. മറ്റു മുതിര്‍ന്ന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, കെ പി ശ്രീശന്‍, പി എം വേലായുധന്‍ എന്നിവര്‍ യഥാക്രമം മണലൂര്‍ കോഴിക്കോട് നോര്‍ത്ത്, മാവേലിക്കര എന്നീ മണ്ഡലങ്ങളിലില്‍ നിന്നാണ് ജനവിധി തേടുക. മണലൂരില്‍ മണ്ഡലം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പഴയ തട്ടകമാണ്. അവിടേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയും സ്വാഗതമരുളിക്കൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നുവെങ്കിലും സുധീരന്‍ ഇനിയും മനസ്സ് തുറന്നിട്ടില്ല.

ഈഴവ വോട്ടുകള്‍ നിര്‍ണായകമാകുന്ന ഒരു മണ്ഡലം എന്ന നിലയില്‍ കൂടിയാണ് എസ് എന്‍ ഡി പിയും എന്‍ എസ് എസുമായും ഒരു പോലെ ചങ്ങാത്തത്തില്‍ നീങ്ങുന്ന എ എന്‍ രാധാകൃഷ്ണനെ ബി ജെ പി മണലൂരിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. ന്യൂനപക്ഷ കമ്മീഷന്‍ അംഗം കൂടിയായ ജോര്‍ജ്ജ് കുര്യനെ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലേക്കാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.

പാര്‍ട്ടി മുസ്ലിം വിരുദ്ധരല്ലെന്ന് തെളിയിക്കാന്‍ ഒരു അറ്റകൈ പ്രയോഗവും ബിജെപി നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മലപ്പുറം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുക ബൗഷാദ് തങ്ങളാണ്. പാലക്കാട് ഏറെ തര്‍ക്കങ്ങള്‍ക്കുശേഷം തീപ്പൊരി ശോഭാ സുരേന്ദ്രനെ തന്നെ രംഗത്ത് ഇറക്കാന്‍ ബിജെപി ധാരണയായി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ശോഭ എത്തുന്നതിന് മുമ്പേ നിലവിളക്കു കൊളുത്തി ചടങ്ങിന്റേയും പാര്‍ട്ടിയുടേയും ശോഭ കെടുത്തിയവര്‍ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ ആദ്യ 22 പേരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലുണ്ടായത്. ശോഭയുടെ ഭര്‍ത്താവ് കെ കെ സുരേന്ദ്രനും കിട്ടിയിട്ടുണ്ട് ഒരു സീറ്റ്. അത് പാലക്കാടിനോട് ചേര്‍ന്ന് കിടക്കുന്ന പൊന്നാനിയില്‍ തന്നെയാകയാല്‍ ഇനിയങ്ങോട്ട് ദമ്പതികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൊടിപൊടിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍