UPDATES

‘അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ’; കേരളവർമ്മ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച പോസ്റ്ററിനെതിരെ പരാതിയുമായി ബിജെപി

കേരള വര്‍മ്മ കോളേജിന് മുന്‍പില്‍ ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട പോസ്റ്ററിന്റെ പേരില്‍ പരാതിയുമായി ബിജെപി തൃശ്ശൂര്‍ ജില്ല സെക്രട്ടറി.

തൃശ്ശൂർ കേരളവര്‍മ്മ കോളേജിന് മുന്‍പില്‍ ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട പോസ്റ്ററിന്റെ പേരില്‍ പരാതിയുമായി ബിജെപി. രക്തം ഒലിച്ചിറങ്ങുന്ന കാലുകള്‍ക്കിടയില്‍ രക്തത്തില്‍ കുളിച്ച അയ്യപ്പന്റെ ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട ഈ പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ സ്ഥാപിക്കപ്പെട്ട പോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കന്‍ സ്ഥാപിക്കപ്പെട്ടതെന്നും ഉന്നയിച്ചുകൊണ്ടാണ് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ. അനീഷ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

‘പിറവി, അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ, എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിരോധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങള്‍ക്കുനേരെ മുഖം തിരിക്കാന്‍… ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്വദാര്‍ഢ്യം’ എന്നാണ് പോസ്റ്ററില്‍ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകരുടെ മൗനാനുവാദത്തോടെയാണ് ഈ പോസ്റ്റര്‍ സ്ഥാപിച്ചതെന്നാണ് ബിജെപി ജില്ല സെക്രട്ടറി പരാതിയില്‍ ആരോപിക്കുന്നത്.

സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ മക്കളെപ്പോലെത്തന്നെയാണ് അണികളുമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍