UPDATES

ബിജെപിക്കാര്‍ ചാണകം തളിച്ചത് ദളിതനായ ഞാന്‍ വിമര്‍ശിച്ചതിനാല്‍; ബല്‍റാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലിലാക്കി: അഭിമുഖം/കൊടിക്കുന്നില്‍ സുരേഷ് എം.പി

പാവപ്പെട്ട ആദിവാസികളുടെ തലയെണ്ണി ആനുകൂല്യങ്ങള്‍ പറ്റാനും സ്വന്തം താത്പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി നടക്കുന്ന നേതാവാണ് സി.കെ.ജാനു.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് എം പി കൊടിക്കുന്നില്‍ സുരേഷ് പങ്കെടുത്ത ഉപവാസം സമാപിച്ചതിനു ശേഷം വേദി ചാണകം തളിച്ച് ‘ശുദ്ധ’മാക്കിയ ബിജെപി വനിത പ്രവര്‍ത്തകരുടെ നടപടി അദ്ദേഹത്തിന്റ മനസ് തകര്‍ത്തിരിക്കുകയാണ്. ഒരേ സമയം ദളിതരോടൊപ്പമെന്ന് പറയുകയും എന്നാല്‍ ദളിതനായ തന്റെ സാന്നിധ്യത്തെ അശുദ്ധമായി കാണുകയും ചെയ്യുന്ന ബിജെപി നിലപാടിന്റെ കാപട്യം അദ്ദേഹത്തെ ഞെട്ടിച്ചിരിക്കുന്നു. സവര്‍ണ്ണ താല്‍പര്യങ്ങള്‍ ഉളളില്‍ സൂക്ഷിക്കുന്ന ബിജെപി വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട് സംസ്ഥാനത്ത്  ശക്തി നേടാന്‍ ശ്രമിക്കുമ്പോള്‍ വി ടി ബല്‍റാമിനെപ്പോലുളള യുവ നേതാക്കള്‍ പാര്‍ട്ടിയ പ്രതിസന്ധിയിലാക്കുന്നതില്‍ വേദനയുളളതായും അദ്ദേഹം പറയുന്നു. കൊടിക്കുന്നില്‍ സുരേഷ്, അഴിമുഖം ചീഫ് ഓഫ് ബ്യുറോ കെ ആര്‍ ധന്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. 

ധന്യ: കൊട്ടാരക്കരയില്‍ റെയില്‍വേ അവഗണനയ്ക്കെതിരെ താങ്കള്‍ നടത്തിയ സമരവേദിയില്‍ ബിജെപി, വനിതാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചിരുന്നല്ലോ. എന്താണ് തോന്നുന്നത്?

കൊടിക്കുന്നില്‍: എന്തിനാണ് ചാണകവെള്ളം തളിക്കുന്നത്? ബിജെപിക്കെതിരായി, നരേന്ദ്ര മോദിക്കെതിരായി, കേന്ദ്രസര്‍ക്കാരിനെതിരായി എത്രയോ സമരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നു. ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ അത് നടക്കുന്നു. അവിടെയൊന്നും ബിജെപി പ്രവര്‍ത്തകരോ യുവമോര്‍ച്ചക്കാരോ പോയി ചാണകവെള്ളം തളിക്കുന്നില്ലല്ലോ? എന്തിനാണ് കൊട്ടാരക്കരയില്‍ ചാണകവെള്ളം തളിച്ചത്?

അവിടെ അവര്‍ ചാണകം തളിച്ചതിനു കാരണം, ഞാന്‍ ദളിത് വിഭാഗത്തില്‍ ജനിച്ച് വളര്‍ന്ന എംപിയെന്ന നിലയില്‍, സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍, ഞാന്‍ സമരം നടത്തിയത് ബിജെപിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചിരിക്കുകയാണ്. അതിനര്‍ത്ഥം ദളിത് വിഭാഗത്തില്‍ പെട്ട ഒരാളും അവര്‍ക്കെതിരെ സമരം ചെയ്യാന്‍ പാടില്ല എന്നാണ്. ഫാസിസ്റ്റ് മനോഭാവവും വര്‍ഗീയതയും ജാതീയതയുമാണ് അവര്‍ പ്രകടിപ്പിക്കുന്നത്.

കൊല്ലത്തുനിന്ന് ചെന്നൈയിലേക്കുള്ള മീറ്റര്‍ ഗേജ് ലൈനിന്റെ ബ്രോഡ് ഗേജ് പണികള്‍ ഭാഗികമായി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. അത് പൂര്‍ത്തിയാക്കുന്നതിന് റെയില്‍വെ പറഞ്ഞിരുന്ന സമയമെല്ലാം അവസാനിച്ചു. അനന്തമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച, നാട്ടുകാരുടേയും യാത്രക്കാരുടേയുമെല്ലാം വികാരം പ്രകടിപ്പിക്കാനാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തിയത്. ആ ഉപവാസ പന്തലിലാണ് ഉപവാസം പൂര്‍ത്തിയാക്കി ഞാന്‍ പിരിഞ്ഞ് പോയതിന് ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ചാണകവെള്ളം തളിച്ചത്.

അവര്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ അവിടെ വന്ന് മുദ്രാവാക്യം വിളിച്ച് മടങ്ങിപ്പോവാം. പക്ഷെ ചാണകവെള്ളം തളിക്കുക എന്ന് പ്രവൃത്തിയില്‍ വലിയ അര്‍ഥങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്തു എന്ന് പറഞ്ഞാല്‍ അതിന് വലിയ വ്യാഖ്യാനങ്ങളും അര്‍ത്ഥങ്ങളുമുണ്ട്. റെയില്‍വേ ബിജെപിയുടെ തറവാട്ടുസ്വത്തോ കുടുംബസ്വത്തോ അല്ല. ഇന്ത്യന്‍ റയില്‍വെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. അവര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനം ഫലപ്രദമായി ലഭിക്കുന്നില്ലെങ്കില്‍ അതില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും ജനങ്ങളുടെ വികാരമറിയിക്കാനുമുള്ള അവകാശം പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയില്‍ പാര്‍ലമെന്റ് അംഗത്തിനാണുള്ളത്. അത് ബിജെപിക്കാര്‍ക്കോ നരേന്ദ്ര മോദിക്കോ എതിരെ നടത്തിയ സമരമല്ല. മറിച്ച് 2005ല്‍ നിര്‍മ്മാണം ആരംഭിച്ചിട്ടും 2017 ആയിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത റെയില്‍വെ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയുള്ള സമരമായിരുന്നു.

ബിജെപി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് നമുക്ക് സമരം ചെയ്യാന്‍ പറ്റില്ല എന്ന് വാശി പിടിക്കുന്നത് ഫാസിസമാണ്. ആ ഫാസിസത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അവരെ ആരും എതിര്‍ക്കുവാനോ ചോദ്യം ചെയ്യാനോ പാടില്ല, അവരുടെ പ്രധാനമന്ത്രിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല, ഇതണല്ലോ അവരുടെ കാഴ്ചപ്പാട്. ആ ഫാസിസ്റ്റ് കാഴ്ചപ്പാട് ഇവിടെയും അവര്‍ പുലര്‍ത്തി. ഇപ്പോഴത്തെ അധികാരം എക്കാലത്തും ബിജെപിക്കോ മോദിക്കോ ഉള്ളതാണെന്ന ധാരണ ബിജെപിക്കാര്‍ വച്ചുപുലര്‍ത്തേണ്ട. ജനാധിപത്യത്തില്‍ അഞ്ച് കൊല്ലം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിധി ചിലപ്പോള്‍ അനുകൂലമായിരിക്കാം പ്രതികൂലമായിരിക്കാം. മോദി ആയുഷ്‌ക്കാലം പ്രധാനമന്ത്രിയാവും, ബിജെപി എക്കാലത്തും അധികാരത്തില്‍ തുടരും, അതിനാല്‍ സര്‍ക്കാരിനെതിരെയോ റെയില്‍വേക്കെതിരെയോ സമരം ചെയ്യാന്‍ പാടില്ല, ഇതെല്ലാം ഞങ്ങളുടെ സ്വത്തും അവകാശവുമാണ്, അവിടെ ആരും കയറി കൈകടത്തേണ്ട എന്നതാണ് അവരുടെ മനോഭാവം.

ബല്‍റാം പറഞ്ഞ കോണ്‍ഗ്രസ്സ് നേതാക്കളില്‍ താനില്ല; തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകാന്‍ തിരുവഞ്ചൂരിന്റെ വെല്ലുവിളി

ഒരുവശത്ത് ദളിതരെ കൂടെനിര്‍ത്തുമ്പോള്‍ മറുവശത്ത് ചാണകം തളിക്കല്‍

ബിജെപി സവര്‍ണ വര്‍ഗ താത്പര്യങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. ദളിതരോടും ആദിവാസികളോടും പിന്നോക്കക്കാരോടും സ്‌നേഹം കാണിക്കുന്നത് വോട്ടിന് വേണ്ടി മാത്രമാണ്. സമ്പന്നരുടേയോ സവര്‍ണരുടേയോ മാത്രം വോട്ട് കിട്ടിയാല്‍ ഇന്ത്യയില്‍ ബജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല. നാലു വര്‍ഷക്കാലത്തിനിടയില്‍ ദളിതര്‍ക്കും പിന്നോക്കകാര്‍ക്കുമായി എന്താണ് ബിജെപി ചെയ്തത്? രാംനാഥ് കോവിന്ദ് എന്ന ഒരു പട്ടികജാതിക്കാരനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കിയതാണ് ആകെ ചെയ്തത്. അത് രാം നാഥ് കോവിന്ദിനോടുള്ള സ്‌നേഹം കൊണ്ടല്ല. മറിച്ച് ലാല്‍ കൃഷ്ണ അദ്വാനിയെ ഒതുക്കാനായി ഒരു ദളിതനെ പ്രസിഡന്റ് ആക്കി എന്ന് വരുത്തിത്തീര്‍ക്കാനാണ്. ദളിതനെ പ്രസിഡന്റാക്കി എന്ന് പറഞ്ഞാല്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും എതിര്‍ക്കാനാവുമോ? അല്ലാതെ അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടോ ഇന്ത്യയിലെ പട്ടികജാതിക്കാരുടെ ഉയര്‍ച്ചയ്ക്കായിട്ടോ അല്ല. ദളിത്, പിന്നോക്കക്കാരുടെ വോട്ട് കിട്ടാനും കൂടി ചെയ്ത ചെപ്പടിവിദ്യയാണ് രാംനാഥിന്റെ രാഷ്ട്രപതി സ്ഥാനം.

ഇന്ത്യയിലൊട്ടാകെ പശുവിന്റെയും ബീഫിന്റെയും പേരില്‍ ദളിതര്‍ ആക്രമിക്കപ്പെടുന്നു. ഉന സംഭവം എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ മീശ വച്ചതിന് ദളിതനെ ആക്രമിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തം കാണാന്‍ ചെന്നതിന് ദളിത് യുവാവിനെ ആക്രമിച്ചു. ഇതെല്ലാം ബിജെപി ഭരിക്കുന്ന, നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്തില്‍ ആര്‍എസ്എസുകാരും സംഘപരിവാറും ക്രൂരമായ അതിക്രമങ്ങള്‍ ദളിതര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും ബിജെപി എന്ന പാര്‍ട്ടിയുടെ മനോഭാവമെന്താണ് എന്ന് ചാണകവെള്ളം തളിച്ചതിലൂടെ അവര്‍ പ്രകടമാക്കിക്കഴിഞ്ഞു. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ പാര്‍ട്ടിയായതിനാല്‍ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ സമരം ചെയ്യുന്നതിനോ നേതൃത്വം കൊടുക്കുന്നതിനോ ഒന്നും അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

സി.കെ ജാനുവിനെപ്പോലുള്ളയാളുകള്‍ അവസരവാദികളാണ്. പാവപ്പെട്ട ആദിവാസികളുടെ തലയെണ്ണി ആനുകൂല്യങ്ങള്‍ പറ്റാനും സ്വന്തം താത്പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി നടക്കുന്ന നേതാവാണ് സി.കെ ജാനു. അല്ലെങ്കില്‍ ആരെങ്കിലും, ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന, മനുസ്മൃതിയില്‍ വിശ്വസിക്കുന്ന, ചാതുര്‍വര്‍ണ്യം അടിച്ചേല്‍പ്പിക്കുന്ന, രാജ്യത്തെ സവര്‍ണ വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആര്‍എസ്എസിന്റെ കൂടാരത്തില്‍ ചെന്ന് ചേരുമോ? ജാനുവിന്റെ താല്‍പര്യം ആദിവാസികളുടെ ഉന്നമനമോ അവരുടെ ക്ഷേമമോ അല്ല. മറിച്ച് അവര്‍ക്ക് വ്യക്തിപരമായി നേട്ടമുണ്ടാക്കാനാണ് ബിജെപി കൂടാരത്തില്‍ എത്തിയിരിക്കുന്നത്. ജാനുവിനുള്ള ചെലവെല്ലാം ബിജെപി കൊടുത്തുരകൊണ്ടിരിക്കുകയാണ്.

ദളിതര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് കാണിക്കാന്‍ കെപിഎംഎസിന്റെ ഒരു വിഭാഗത്തെയും, ആദിവാസികള്‍ ഒപ്പമുണ്ടെന്ന് കാണിക്കാന്‍ സി.കെ ജാനുവിനേയും ബിജെപി കൂടെ നിര്‍ത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇവര്‍ക്കൊക്കെ എതിരെ സംരിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. ബി.ഡി.ജെ.എസിനെ കൂടെ നിര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് ഇന്നേവരെ കൊടുക്കാമെന്ന് പറഞ്ഞിരുന്ന എന്തെങ്കിലും കൊടുത്തോ? ഈ ജനവിഭാഗങ്ങളെയെല്ലാം ബിജെപി കഴുതകളായാണ് കാണുന്നത്. പഴത്തൊലി കാണിച്ച് കഴുതകളെക്കൊണ്ട് ഭാരം ചുമപ്പിക്കുന്ന കഥയറിയാമല്ലോ? പഴത്തൊലി ഇപ്പോള്‍ കിട്ടും എന്ന് കരുതി കഴുത മുന്നോട്ട് നടക്കും. പക്ഷെ പഴത്തൊലി ഒരിക്കലും കഴുതക്ക് കിട്ടില്ല. കഴുത അടുത്ത് വരുന്തോറും പഴത്തൊലി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും. ഇതാണ് ഇപ്പോള്‍ ബിജെപി ദളിത്, പിന്നോക്ക വിഭാഗങ്ങളോട് കാണിച്ചുകൊണ്ടിരിക്കുന്നത്.

വി.ടി.ബല്‍റാം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു

എല്ലാവരേയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന തരത്തില്‍, പാര്‍ട്ടി നേതാക്കന്‍മാരേയും അക്കാലഘട്ടത്തില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മന്ത്രിമാരെയുമൊക്കെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണ് വി.ടി ബല്‍റാം നടത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ബല്‍റാം അത് പറഞ്ഞതെന്ന് എനിക്കറിയില്ല. ബല്‍റാം അത് പറഞ്ഞുപോയതല്ലാതെ അതിന്റെ വിശദാംശങ്ങള്‍ ഇതേവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഏത് സാഹചര്യത്തിലാണ് അദ്ദേഹമത് പറയുന്നതെന്നോ, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ അദ്ദേഹത്തിനുണ്ടോ എന്നത് സംബന്ധിച്ചും അറിയില്ല. ഇതേവരെ പാര്‍ട്ടിവേദികളില്‍ ഒന്നും ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നുവെന്നത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞ കാര്യത്തില്‍ ഒരു വ്യക്തത വരുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം തെളിവ് സഹിതം ഇക്കാര്യം പറയേണ്ടതാണ്. ഒരു പ്രസ്താവനയിറക്കിക്കൊണ്ട് മാത്രം പാര്‍ട്ടിയെ പ്രതിക്കൂട്ടിലോ പ്രതിസന്ധിയിലോ ആക്കുന്നത് ശരിയല്ല. ഇതൊരു അപക്വമായ പ്രസ്താവനയാണെന്നാണ് പൊതുവെ ഞങ്ങളെല്ലാവരും വിലയിരുത്തുന്നത്. അദ്ദേഹത്തിനെതിരെ നടപടിയെടുത്തതു കൊണ്ട് ഒന്നിനും പരിഹാരമാകുന്നില്ല. അത്തരത്തിലെന്തെങ്കിലും സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെങ്കില്‍ അത് പാര്‍ട്ടി നേതൃത്വത്തിന് കൊടുക്കുകയാണ് വേണ്ടത്.

വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയും

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്, വെറും രാഷ്ട്രീയ ലാഭത്തിനായി എല്‍ഡിഎഫ് ഉപയോഗിച്ചിരിക്കുന്ന ആയുധമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് നേതാക്കളേയും തകര്‍ക്കാമെന്നാണ് സിപിഎം കരുതിയിരിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോവുന്നില്ല. എന്ത് വിലകൊടുത്തും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ നേരിടും. ഞങ്ങളുടെ നേതാക്കളെല്ലാം നിരപരാധികളാണെന്ന് തെളിയിക്കും. അല്ലെങ്കില്‍ സരിതയെപ്പോലെ സമൂഹത്തില്‍ വെറുക്കപ്പെടുന്ന ഒരു സ്ത്രീ പറയുന്നത് കേട്ടിട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെയോ, ജനങ്ങളുടെ പിന്തുണയും അംഗീകാരവും വാങ്ങി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന നേതാക്കള്‍ക്കെതിരെയോ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് തന്നെ ഇത് വലിയ തിരിച്ചടിയായി മാറും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരും. ഇത്തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത്കൊണ്ട് ഞങ്ങളുടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടക്കാനുമൊക്കെയുള്ള ഏത് നീക്കത്തേയും ജനങ്ങളെ നിരത്തി നേരിടും.

സരിത നായര്‍ ഇക്കാര്യങ്ങള്‍ പലവട്ടം പലതരത്തില്‍ മാറ്റിപ്പറഞ്ഞിട്ടുള്ളയാണ്. സിപിഎം സമ്മര്‍ദ്ദപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ സിപിഎമ്മില്‍ നിന്ന് കോടികള്‍ വാഗ്ദാനം ചെയ്തു എന്നീ കാര്യങ്ങള്‍ സരിത ഒരിക്കല്‍ പറഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ അവര് പറയുന്നതില്‍ ഒരു വിശ്വാസ്യതയുമില്ല. ഇതില്‍ വലിയ രാഷ്ട്രീയക്കളി നടക്കുന്നുണ്ട്. ബിജെപിയെ സഹായിക്കാന്‍ സിപിഎം ചെയ്യുന്ന ഒരു അടവാണ്. കോണ്‍ഗ്രസ് ഒരു പ്രതിപക്ഷമായി കേരളത്തിലുണ്ടാവരുതെന്നതാണ് അവരുടെ അജണ്ട. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കാതെ ഇത്ര ധൃതിപിടിച്ച് കേസെടുക്കാനുള്ള നടപടിപടികളുമായി മുന്നോട്ട് പോവുന്നതിന് പിന്നിലെല്ലാം ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.

ശക്തി ചോരില്ല, ഐയും എയും പ്രബലര്‍ തന്നെ

ഇത്തരം പ്രതിസന്ധികള്‍ ആദ്യമായിട്ടല്ല. പാമോലിന്‍ വിഷയം വന്നപ്പോള്‍ കെ. കരുണാകരന്‍ ഉള്‍പ്പെടെ പ്രതിയാവുന്ന സാഹചര്യമുണ്ടായിരുന്നു. അതിനെ ഞങ്ങള്‍ അതിജീവിച്ചു. പിന്നീട് ചാരക്കേസ് വന്നു. അതിനെയും അതിജീവിച്ചു. സോളാര്‍ വിഷയത്തെയും അതിജീവിച്ച് ജനങ്ങളുടെ പിന്തുണയോടെ ശക്തമായി മുന്നോട്ട് പോവും. കെ. കരുണാകരന്‍ പാമോലിന്‍ കേസിലും ചാരക്കേസിലും പെട്ടപ്പോള്‍ അന്ന് ഐ ഗ്രൂപ്പ് ആയിരുന്നു കേരളത്തിലെ പ്രബല വിഭാഗം. എന്നാല്‍ അവര്‍ക്ക് ഒരു ക്ഷീണവും സംഭവിച്ചില്ല. കേരളത്തില്‍ ഐ വിഭാഗവും എ വിഭാഗവും രണ്ട് പ്രബല ശക്തികള്‍ തന്നെയാണ്. ഇത്തരമൊരു സംഭവം കൊണ്ട് രണ്ട് വിഭാഗത്തിനും യാതൊരു തരത്തിലുള്ള കുറവോ ക്ഷയമോ ഉണ്ടാവുമെന്ന് കരുതുന്നില്ല.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക്…

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയു നാലു വര്‍ഷമുണ്ട്. ആ ഘട്ടം വരുമ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാമെന്ന് തോന്നുന്നു. എന്തായാലും എം.പി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പോവുന്നുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ വളരെ സജീവമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന പരിപാടികളിലെല്ലാം പങ്കെടുക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ലമെന്ററി അംഗമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലെ പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റികളില്‍ പോലും നിരന്തരം പങ്കെടുക്കുകയും പാര്‍ട്ടിപരിപാടികളില്‍ സജീവമായി നില്‍ക്കുകയും ചെയ്യുന്നു. കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ സത്യഗ്രഹം നടത്തിയതുള്‍പ്പെടെ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നിരന്തരം സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരുന്നു.

ഒരു ദളിത് കേരള മുഖ്യമന്ത്രിയാവുമോ?

കേരളം വളരെ ചെറിയ ഒരു സംസ്ഥാനമാണ്. ദളിത് വിഭാഗങ്ങള്‍ ഏതാണ്ട് 10-15ശതമാനം മാത്രമേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ ഇരുപത്തിയഞ്ചും മുപ്പതും മുപ്പത്തിരണ്ടും ശതമാനം ദളിത് വിഭാഗങ്ങളുള്ളപ്പോള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. എന്നാല്‍ ഓരോരോ പദവിയിലേക്ക് ഓരോരുത്തരെ തീരുമാനിക്കുന്നത് സാഹചര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമനുസരിച്ചാണ്. കേരളത്തില്‍ ഇതുവരെയും ഒരു ദളിതനെ മുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതായ സാഹചര്യം വന്നിട്ടില്ല. ആര് മുഖ്യമന്ത്രിയാവണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടതിന് ശേഷം കൂടുതല്‍ പേര്‍ പിന്തുണക്കുന്നവര്‍ മുഖ്യമന്ത്രിയാവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് ഉത്തരം പറയാനാവില്ല. അത് വരുന്ന സമയത്ത് തീര്‍ച്ചയായും പാര്‍ട്ടി അത് പരിശോധിക്കും എന്നാണ് എന്റെ വിശ്വാസം.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുന്നു

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെട്ട് വരികയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയെ തെരഞ്ഞെടുത്തതിന്റെ അനന്തരഫലം ഇപ്പോഴാണ് ജനങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നത്. കാര്‍ഷികമേഖലയില്‍, തൊഴില്‍ രംഗത്ത്, വ്യപാരമേഖലയില്‍ അങ്ങനെ എല്ലാ മേഖലയിലും നമ്മുടെ വളര്‍ച്ചാ നിരക്ക് താഴോട്ട് പോയിരിക്കുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നു. മോദിയുടെ പ്രഖ്യാപനങ്ങള്‍ വെറും പൊള്ളയാണെന്ന് ജനങ്ങള്‍ കുറേശെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് തലസ്ഥാനത്ത് മോദിക്കെതിരെ വലിയ തരംഗം വന്നുതുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലും ഹിമാചലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മോദിക്ക് വലിയ തിരിച്ചടികള്‍ ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷപദവിയിലേക്ക് വരുന്നതോടെ വലിയ മാറ്റങ്ങള്‍ ദേശീയതലത്തില്‍ ഉണ്ടാവും. കോണ്‍ഗ്രസ് വലിയൊരു മുന്നേറ്റത്തിലേക്ക് വരും.

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഇപ്പോള്‍ തന്നെ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് വലിയ ആഴം ഉണ്ട്. മോദിയേയും അമിത്ഷായേയും ബിജെപി ഭരണത്തേയും അദ്ദേഹം വളരെ രൂക്ഷമായി തന്നെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെര്‍ഫോമന്‍സ് അദ്ദേഹം ഇപ്പോള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ അദ്ദേഹം നടത്തിയ പ്രസംഗവും ഗുജറാത്തില്‍ നടന്ന സംവാദങ്ങളുമൊക്കെ രാഹുല്‍ ഗാന്ധിയെ വ്യത്യസ്തനാക്കുന്നു. മറുവശത്ത് അദ്ദേഹത്തെ വിമര്‍ശിക്കാനും തേജോവധം ചെയ്യാനും ബിജെപിയും മോദിയും ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതില്‍ കുറേയേറെ അവര്‍ വിജയിച്ചു. പക്ഷെ, അത് ഇനി നടക്കില്ല. രാഹുല്‍ ഗാന്ധിയെ മോശക്കാരനായി ചിത്രീകരിച്ച് ജനങ്ങളുടെ ഇടയില്‍ അദ്ദേഹത്തിന്റെ ഇമേജ് വഷളാക്കുക എന്നത് ബിജെപിയുടെ ഹിഡണ്‍ അജണ്ടയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. അതിനാല്‍ തന്നെ ഇത്തരം ദുഷ്പ്രചരണങ്ങള്‍ കൊണ്ട് ഇനി രാഹുല്‍ ഗാന്ധിയെ തളര്‍ത്താനാവില്ല. മോദിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് പറയാനുള്ളത്.

പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയായിരുന്നെങ്കില്‍

സംഭവിക്കാതിരുന്ന ഒരു കാര്യത്തെക്കുറിച്ച് നമുക്ക് കാര്യമായി പറയാന് കഴിയില്ല. പക്ഷെ മന്‍മോഹന്‍ സിങ്ങിനും പ്രണബ് കുമാര്‍ മുഖര്‍ജിക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്. മന്‍മോഹന്‍ സിങ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിദഗ്ദ്ധരായ സാമ്പത്തികവിദഗ്ദ്ധരില്‍ ഒരാളാണ്. അദ്ദേഹം ഇന്ത്യയുടെ ധനകാര്യ മന്ത്രിയായതോടു കൂടിയാണ് ഉദാരവല്‍ക്കരണം ഉള്‍പ്പെടെയുള്ള സാമ്പത്തികപരിഷ്‌കാരങ്ങളിലൂടെ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അമേരിക്കയുള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം വന്ന് ബാങ്കുകള്‍ പോലും അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ ഇന്ത്യയില്‍ ആ അവസ്ഥ വന്നില്ല. സാമ്പത്തികവിദഗ്ദ്ധനായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ രാജ്യത്തിന് ഗുണം ചെയ്തിട്ടുണ്ട് എന്നതില്‍ സംശയമില്ല.

പ്രണബ് മുഖര്‍ജിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ താഴെത്തട്ടില്‍ നിന്ന് വന്നയാളാണ്. പ്രവര്‍ത്തനപരിചയവും അനുഭവങ്ങളുമുള്ളയാളാണ്. ജനങ്ങളുമായി വലിയ ബന്ധമുള്ളയാളുമായിരുന്നു. ജനങ്ങളുമായി, പാര്‍ട്ടിപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പടിപടിയായി ഉയര്‍ന്ന് വന്നയാളാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വേറൊരു ഡയമെന്‍ഷനിലായിരിക്കാം കാര്യങ്ങള്‍. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ അത് വേറെ ഡയമെന്‍ഷനിലായിരുന്നു. രണ്ട് പേരും പാര്‍ട്ടിക്ക് അനിവാര്യരായിരുന്നു. പക്ഷെ രണ്ട് പേര്‍ക്കും പ്രധാനമന്ത്രിയാവാന്‍ കഴിയില്ലല്ലോ? പ്രധാനമന്ത്രിയായില്ലെങ്കിലും വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും ധനകാര്യമന്ത്രിയുമായി. പിന്നീട് അദ്ദേഹം രാഷ്ട്രപതിയുമായി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍