UPDATES

ബിജെപിയില്‍ കലഹം മൂര്‍ച്ഛിക്കുന്നു

അഴിമുഖം പ്രതിനിധി

ബിജെപി കേരള ഘടകത്തില്‍ ഗ്രൂപ്പ് കലഹം മൂര്‍ച്ഛിക്കുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന വിഭാഗീയതയില്‍ എസ്എന്‍ഡിപിയുമായുള്ള സഖ്യത്തിന്റെ പേരില്‍ പുതിയ പോര്‍മുഖം തുറന്നിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഈ നീക്കത്തിന് പിന്നാലെ മറ്റൊരു തീരുമാനം കൂടെ കേരള ഘടകത്തില്‍ വിഭാഗീയതയ്ക്ക് വളമാകുകയാണ്. ബിജെപിയുടെ മുന്‍ നേതാവ് പിപി മുകുന്ദനേയും രാമന്‍പിള്ളയേയും തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര നേതൃത്വം മുന്‍കൈ എടുത്ത് ശ്രമങ്ങള്‍ നടത്തി വരുന്നതിന് എതിരെയുള്ള അതൃപ്തി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. ഇതിന് എതിരെ ഇന്ന് കെ രാമന്‍പിള്ള തന്നെ നേരിട്ട് രംഗത്ത് ഇറങ്ങി. വി മുരളീധരന്‍ പ്രസിഡന്റായി ഇരിക്കുന്ന പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് കെ രാമന്‍ പിള്ള തുറന്നടിച്ചു. മുരളീധരന്റെ മിസ്ഡ് കോള്‍ പരാമര്‍ശം തീര്‍ത്തും പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

മിസ്ഡ് കോള്‍ അടിച്ചാല്‍ മുകുന്ദനും രാമന്‍പിള്ളയ്ക്കും ബിജെപി അംഗത്വം കിട്ടുമെന്ന് ഇന്നലെ മുരളീധരന്‍ പറഞ്ഞിരുന്നു. ബിജെപിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് അംഗത്വം ലഭിക്കുന്നതിന് ബിജെപി ദേശവ്യാപകമായി നടപ്പിലാക്കിയതായിരുന്ന മിസ്ഡ് കോള്‍ അടിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കുന്ന പരിപാടി. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത് അനുസരിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ പിപി മുകുന്ദനെ മിസ്ഡ് കോള്‍ വഴി അംഗമാക്കിയിരുന്നു. ഇതൊക്കെ മറച്ചു വച്ചാണ് ഇന്നലെ മിസ്ഡ് കോള്‍ പരാമര്‍ശം നടത്തിയത്.
താല്‍ക്കാലിക പ്രസിഡന്റായി എത്തിയ മുരളീധരന്‍ ആറുവര്‍ഷമായി ബിജെപിയുടെ പ്രസിഡന്റായി തുടരുന്നത് അത്ഭുമാണെന്ന് പറഞ്ഞ രാമന്‍പിള്ള മുരളീധരന്‍ പദവികള്‍ സ്വന്തമാക്കിയത് അവിഹിത മാര്‍ഗത്തിലൂടെയാണ് എന്നും ആരോപിച്ചു. മുരളീധരനെ വിമര്‍ശിച്ച് ശ്രീധരന്‍ പിള്ളയും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കാളെ പരിഗണിക്കണമെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള പിപി മുകുന്ദനെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബിജെപിയിലെ കൃഷ്ണദാസ് പക്ഷവും വി മുരളീധരന് എതിരെയാണ്. പിപി മുകുന്ദന് വേണ്ടി വാദിക്കുന്ന അവര്‍ മുരളീധരന് എതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കി കഴിഞ്ഞു. എസ്എന്‍ഡിപി വിഷയത്തില്‍ ശോഭാ സുരേന്ദ്രനും മുരളീധരന് എതിരെ രംഗത്ത് എത്തിയിരുന്നു. മുരളീധരന്‍ എസ്എന്‍ഡിപി സഖ്യത്തിന് എതിരാണ്. ശോഭാ സുരേന്ദ്രന്‍ അനുകൂലിക്കുന്നുമുണ്ട്. ഇതിന്റെ പേരില്‍ ഇവര്‍ പരസ്യമായ വാക്‌പോരും നടത്തിയിരുന്നു. മുരളീധരന്റെ സവര്‍ണ മനോഭാവമാണ് ഇതിന് പിന്നിലെന്ന് അവര്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് പിന്നാക്ക ജാതിക്കാര്‍ വരാത്തതിനെ എക്കാലവും ചോദ്യം ചെയ്യുന്ന നിലപാടാണ് ശോഭാ സുരേന്ദ്രന്‍ എടുക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ഔദ്യോഗിക പക്ഷ നേതൃത്വത്തിന് എതിരെ ശക്തമായി എതിര്‍പ്പാണ് നിലവിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍