UPDATES

വാര്‍ത്തകള്‍

‘മുസ്ലീമാണോ എന്നറിയാന്‍ തുണിയുരിഞ്ഞു നോക്കണം’; ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക്

യോഗിക്കും മായാവതിക്കും മനേകാ ഗാന്ധിക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവിലെ അതേ കാര്യങ്ങള്‍ പിളളയുടെ വിവാദ പരാമര്‍ശത്തിനും ബാധകം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാരായിരിക്കുകയാണെന്നും വിവിധ പാര്‍ട്ടി നേതാക്കള്‍ എല്ലാ വിധത്തിലുള്ള തെരഞ്ഞെടുപ്പ് ലംഘനങ്ങളും നടത്തി വോട്ടു തേടിയിട്ടും കമ്മീഷന്‍ ദുര്‍ബലരായി ഒന്നും ചെയ്യാതിരിക്കുകയാണെന്നും സുപ്രീം കോടതി വിമര്‍ശനം വന്നതിനു പിന്നാലെയാണ് നാലു നേതാക്കള്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ എന്നിവര്‍ക്ക് മൂന്നു ദിവസത്തെ പ്രചരണ വിലക്കും ബിഎസ്പി അധ്യക്ഷ മായാവതി, കേന്ദ്രമന്ത്രി മനേകാ ഗാന്ധി എന്നിവര്‍ക്ക് രണ്ടുദിവസത്തെ വിലക്കുമാണ് കമ്മീഷന്‍ ഇന്നലെ പ്രഖ്യാപിച്ചത്. ബിജെപിയുടെ കേരള അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കും ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ സത്പാല്‍ സിംഗ് സാട്ടി എന്നിവരും സമാനമായ നടപടി നേരിടാന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്ന പ്രചരണ പരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസ്താവന. ബലാകോട്ട് ഭീകര കേന്ദ്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. “ജീവിതം പണയം വച്ച് സൈന്യം അവിടെ പോയപ്പോള്‍ നമ്മുടെ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവര്‍ പറഞ്ഞത് അവര്‍ അവിടെ ഇറങ്ങി കൊല്ലപ്പെട്ടത് ആരാണെന്ന് പരിശോധിക്കണം എന്നാണ്. അവരുടെ രാജ്യം, അവരുടെ മതം, അവരുടെ ജാതി ഒക്കെ. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. അവരുടെ തുണി അഴിച്ചു നോക്കിയാല്‍ അവര്‍ മുസ്ലീങ്ങളാണോ എന്നു മനസിലാകുമല്ലോ” എന്നായിരുന്നു പിള്ളയുടെ പ്രസ്താവന.

പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തു വന്നിരുന്നു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ല എന്നാണ് പിള്ളയുടെ നിലപാട്. പിന്നെ എങ്ങനെയാണ് തിരിച്ചറിയല്‍ നടത്തുന്നത് എന്ന് പിള്ള ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ ചോദിച്ചത്. താന്‍ പറഞ്ഞത് പാക് ഭീകരവാദികളെ കുറിച്ചാണെന്നും അത് മുസ്ലീങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നും പിള്ള പറയുന്നു. അതിനെന്താണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇത്ര ദേഷ്യം പിടിക്കാന്‍ കാരണമെന്നു ചോദിച്ച പിള്ള, ഇക്കാര്യത്തില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.

ബിജെപിയുടെ ഹിമാചല്‍ അധ്യക്ഷനാകട്ടെ, രാഹുല്‍ ഗാന്ധിയെ കടുത്ത അസഭ്യമാണ് തന്റെ പ്രസംഗത്തില്‍ വിളിച്ചത്. നരേന്ദ്ര മോദിയെ കള്ളന്‍ എന്നു വിളിക്കുന്ന രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും അളിയന്‍ റോബര്‍ട്ട് വാധ്രയും ജാമ്യത്തിലാണ് എന്നും എന്നാല്‍ മോദിക്കെതിരെ ഒരു കേസുമില്ല, ആരും ശിക്ഷിച്ചിട്ടുമില്ല എന്നുമോര്‍ക്കണം എന്നു പറഞ്ഞശേഷം സാട്ടി ചെയ്തത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിക്കുകയാണ്. പാര്‍ട്ടി വക്താവ് രണ്‍ധീര്‍ ശര്‍മ തന്നെ ഒരു ഫേസ്ബുക് പോസ്റ്റ് കാണിച്ചെന്നും അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാള്‍ എഴുതിയിരിക്കുന്നത് ചൗക്കിദാര്‍ കള്ളനാണെങ്കില്‍ രാഹുല്‍ ഗാന്ധി *(*&((*^*&^ എന്നുമായിരുന്നു സാട്ടിയുടെ പ്രസംഗം.

മറ്റു നാലു പേര്‍ക്കുമെതിരെ ഇന്നലെ കമ്മീഷന്‍ നടപടി സ്വീകരിച്ച അതേ വകുപ്പുകള്‍ പിള്ളയുടേയും സാട്ടിയുടേയും കാര്യത്തിലും ബാധകമാകും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതെങ്കിലും മതത്തെയോ ജാതിയേയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും നിലവില്‍ തന്നെ വഷളായിരിക്കുന്ന സാമൂഹികാവസ്ഥ മോശമാക്കുന്ന വിധത്തില്‍ മറ്റൊരു മതത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വിലക്കുന്നുണ്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ഇക്കാര്യം യോഗിക്കും മായാവതിക്കും മനേകാ ഗാന്ധിക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. സമാനമായ വിധത്തിലാണ് പിളളയുടെ വിവാദ പരാമര്‍ശവും ഉള്‍പ്പെടുക. അതിനൊപ്പം, സൈന്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങള്‍ ഒരു വിധത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന കമ്മീഷന്റെ ഉത്തരവും പിള്ള ലംഘിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍