UPDATES

ട്രെന്‍ഡിങ്ങ്

മനിതി സംഘം തുണയായി; നനഞ്ഞ പടക്കമായ ശബരിമല സമരത്തെ ചൂടാക്കാനൊരുങ്ങി ബിജെപി

ജനുവരി 22ന് സുപ്രിംകോടതി ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ ഉപവാസ സമരം തുടരുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്

കൊട്ടിഘോഷിച്ച് ആരംഭിച്ച ശബരിമല സമരം നനഞ്ഞ പടക്കമാകുമോയെന്ന ആശങ്ക ബിജെപി ക്യാമ്പില്‍ തന്നെ ഉയര്‍ന്നിട്ട് കുറച്ചു ദിവസങ്ങളായിരുന്നു. ആദ്യം ശബരിമല യുവതീ പ്രവേശന വിധിയെ സ്വാഗതം ചെയ്‌തെങ്കിലും പ്രതിഷേധവുമായി ഇറങ്ങിയ എന്‍എസ്എസിന് പിന്നില്‍ അണിനിരന്ന ആയിരങ്ങളെ കണ്ടപ്പോഴാണ് ബിജെപി ഈ സമരത്തെ ഏറ്റെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്‌തെങ്കിലും കേരളത്തില്‍ വേരുപിടിക്കാന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് അവര്‍ക്ക് ശബരിമല യുവതീ പ്രവേശനം വീണുകിട്ടിയത്. ശബരിമലയെ കേരളത്തിലെ അയോധ്യയാക്കാമെന്നും അതുവഴി കേരളം പിടിക്കാമെന്നുമുള്ള കണക്കു കൂട്ടലുകള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. എന്‍എസ്എസ് തുടങ്ങി വച്ച നാമജപ ഘോഷയാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ബിജെപിയും ആര്‍എസ്എസും ഈ സമരത്തിലേക്ക് ചാടിയിറങ്ങിയതെങ്കിലും പിന്നീട് സമരത്തിന്റെ നേതൃത്വം അവര്‍ ഏറ്റെടുക്കുകയായിരുന്നു.

പന്തളത്തു നിന്നും ആരംഭിച്ച സെക്രട്ടേറിയറ്റ് ലോംഗ് മാര്‍ച്ചിലൂടെയായിരുന്നു ബിജെപി സമരത്തെ സ്വന്തമാക്കിയത്. ഇതിനിടെയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് തെറിവിളിച്ച സംഭവവും ഒരു ബിജെപി പ്രവര്‍ത്തകന്‍ നാമജപ ഘോഷയാത്രയ്ക്കിടയില്‍ മുണ്ട് പൊക്കി കാണിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സമരം വിമര്‍ശിക്കപ്പെടാന്‍ തുടങ്ങി. അതേസമയം സജീവ ബിജെപി പ്രവര്‍ത്തകനായ നടന്‍ കൊല്ലം തുളസിയുടെ പ്രസ്താവനയും സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ നിറം കെടുത്തി. ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം പിണറായി വിജയന്‍ ഇരിക്കുന്ന സെക്രട്ടറിയേറ്റിലേക്കും മറ്റൊരു ഭാഗം ഡല്‍ഹിയിലെ സുപ്രിംകോടതിയിലേക്കും എറിയണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.

നിലയ്ക്കലില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നടത്തിയ ധര്‍ണയായിരുന്നു അവരുടെ മറ്റൊരു സമരം. ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങള്‍ക്ക് മുമ്പിലും സമാനമായ ധര്‍ണകള്‍ നടത്തി. എന്നാല്‍ ഈ ധര്‍ണകള്‍ക്കിടയില്‍ നേതാക്കള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വീണ്ടും നാണക്കേടാകുകയും ചെയ്തു. മനോജ് എബ്രഹാം ക്രിസ്ത്യാനിയായത് കൊണ്ടാണ് ശബരിമലയിലെ അയ്യപ്പഭക്തന്മാരെ തല്ലിച്ചതച്ചതെന്ന് ശ്രീധരന്‍ പിള്ളയാണ് പറഞ്ഞത്. മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് വിശേഷിപ്പിക്കുകയാണ് ബി ഗോപാലകൃഷ്ണന്‍ ചെയ്തത്. ശ്രീധരന്‍ പിള്ളയുടെ സമരപ്പന്തലില്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലനെ കൊണ്ടുവന്നെങ്കിലും ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് അത് ചെയ്തത്. സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ചാണ് ബിജെപി സമരം മുമ്പോട്ട് കൊണ്ടുപോകുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

ശബരിമലയിലെത്തിയ പന്തളം സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ബിജെപിക്ക് പുതിയൊരു ആയുധം വീണുകിട്ടി. നാമജപ ഘോഷയാത്രക്കിടെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പോലീസ് മര്‍ദ്ദനമേറ്റാണ് ശിവദാസന്‍ എന്ന ഇയാള്‍ മരിച്ചതെന്ന് പറഞ്ഞു പരത്തിയ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ശിവദാസന്റെ മരണം അപകടമാണെന്നും ലാത്തിച്ചാര്‍ജ്ജ് നടന്നതിന് ശേഷമാണ് ഇയാള്‍ വീട്ടില്‍ നിന്നും ശബരിമലയിലേക്ക് തിരിച്ചതെന്നും തെളിഞ്ഞതോടെ ബിജെപിയുടെ ഹര്‍ത്താല്‍ വെറും പ്രഹസനമായി. അനാവശ്യ ഹര്‍ത്താലിനെതിരെ രൂക്ഷമായ വിമര്‍ശനവും ബിജെപിയും അവരുടെ സമരവും നേരിടേണ്ടി വന്നു. അതോടെ സമരത്തിന്റെ ജനപങ്കാളിത്തവും കുറഞ്ഞു.

കെ. അമ്മിണി, ഒരു ‘മനിതി’; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

മണ്ഡല കാലം ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി ശബരിമലയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ശക്തമായ സമര പരിപാടികളാണ് ആസൂത്രണം ചെയ്തത്. എന്നാല്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഈ നീക്കത്തിന് ആദ്യമേ തന്നെ തടയിട്ടു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ പലരും അറസ്റ്റിലാകുകയും നിരവധി പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. നിരോധനാജ്ഞ ലംഘിക്കാനെത്തിയ കെ സുരേന്ദ്രനാണ് പോലീസ് കേസുകളുടെ ദുരിതം ശരിക്കും അനുഭവിച്ചത്. ഒരു കേസില്‍ ജാമ്യമെടുക്കുമ്പോള്‍ അടുത്ത കേസ് പൊക്കിയെടുത്തായിരുന്നു പോലീസിന്റെ നീക്കം. അങ്ങനെയാണ് സുരേന്ദ്രനും മറ്റ് ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരായ കേസ് പിന്‍വലിക്കണമെന്നും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ മൂന്നിന് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണനായിരുന്നു നിരാഹാര സമരത്തിന്റെ നേതൃത്വം നല്‍കിയത്. ഡിസംബര്‍ ആറിന് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുകയും ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കം ചെയ്യുകയും ചെയ്‌തെങ്കിലും സമരം അവസാനിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. ശബരിമലയില്‍ തീര്‍ത്ഥാടനം ശാന്തമായി തുടരുന്നുവെന്ന് വന്നതോടെ ബിജെപി നേതൃത്വത്തിനിടയില്‍ പോലും സമരത്തെക്കുറിച്ച് അഭിപ്രായ ഭിന്നതകളുണ്ടായി. അതോടെ സമരപ്പന്തലിലെ തുടക്കത്തിലെ ആവേശവും ഇല്ലാതായി.

ദിനംപ്രതി ആയിരക്കണക്കിന് ആളുകളെ പങ്കെടുക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച സമരത്തില്‍ നൂറ് പേര്‍ പോലും പങ്കെടുത്തിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വെള്ളനാട് എസ് കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയത്. എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് ലഭിച്ച ജനപിന്തുണ പോലും തങ്ങളുടെ സമരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിനിടയില്‍ ഏഴ് ദിവസം നിരാഹാരം കിടന്ന രാധാകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമാകുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതോടെ സി കെ പത്മനാഭനായി സമരത്തിന്റെ നേതാവ്. സി കെ പത്മനാഭന്‍ നിരാഹാരം കിടക്കുമ്പോള്‍ സമരപ്പന്തലിന് മുന്നില്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിന് ശേഷം വേണുഗോപാലന്‍ നായര്‍ എന്ന വ്യക്തി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്തതാണ് ഈ സമരത്തിനിടെയുണ്ടായ ഏറ്റവും വലിയ സംഭവം.

വേണുഗോപാലന്‍ നായര്‍ ബിജെപി അനുഭാവിയാണെന്നും ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകളില്‍ വേദനിച്ചാണ് ആത്മഹത്യ ചെയ്തതെന്നും അവകാശപ്പെട്ട് ബിജെപി വീണ്ടും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ഈ ഹര്‍ത്താലിനെ പാടെ പരാജയപ്പെടുത്തുന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചത്. അതോടെ നേതൃത്വത്തിനിടയില്‍ വീണ്ടും ഭിന്നിപ്പുണ്ടായി. സി കെ പത്മനാഭന്റെ നിരാഹാരം ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യസ്ഥിതി മോശമാകുകയും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. അങ്ങനെ ഡിസംബര്‍ 19ന് ബിജെപിയുടെ ഉപവാസ സമരത്തിന്റെ പതിനാറാം ദിവസം ശോഭാ സുരേന്ദ്രന്‍ നിരാഹാരം ഏറ്റെടുത്തു. ഇന്ന് അവരുടെ നിരാഹാര സമരം ആറാം ദിവസത്തേക്ക് കടക്കുകയാണ്. ഇത്തരത്തില്‍ റിലേ നിരാഹാരമായി നീങ്ങുന്ന ബിജെപി സമരം ഗതിയറ്റ് പോകുന്നുവെന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചില ബിജെപി നേതാക്കള്‍ സമരപ്പന്തലില്‍ നിന്നിറങ്ങി സിപിഎമ്മില്‍ ചേര്‍ന്നതും അവര്‍ക്ക് തിരിച്ചടിയായി.

ഒടുവില്‍ മനിതി സംഘവും മടങ്ങി: പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാത്തിരുന്നത് ആറ് മണിക്കൂര്‍

ആവേശമെല്ലാം ചോര്‍ന്ന് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോഴാണ് ഇന്നലെ മനിതി സംഘത്തിലെ പതിനൊന്ന് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാനെത്തിയത്. പമ്പയിലും സന്നിധാനത്തും ഇവര്‍ക്കെതിരെ ഉയര്‍ന്ന വന്‍തോതിലുള്ള പ്രതിഷേധം മൂലം യുവതികള്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ ഇന്നുണ്ടായ പ്രതിഷേധം ബിജെപിയെ വീണ്ടും ആവേശത്തിലാക്കുകയാണ്. ശബരിമല സമരം അങ്ങനെ അവസാനിപ്പിക്കാനുള്ളതല്ലെന്ന പ്രതീതിയുണ്ടാക്കാന്‍ ഇന്നത്തെ സംഭവം ചൂണ്ടിക്കാട്ടി അണികളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. യുവതികള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് ഓടിയടുത്ത പ്രതിഷേധക്കാരിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം മനിതികളുടെ ശബരിമലയിലേക്കുള്ള വരവില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ പോലീസിന്റെ സഹായത്തോടെ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ആ പശ്ചാത്തലത്തിലാണ് ഇന്ന് അവര്‍ പ്രതിഷേധ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഒരിക്കല്‍ കൂടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ വീണ്ടും തങ്ങള്‍ക്കെതിരാകുമെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് ഹര്‍ത്താല്‍ ഒഴിവാക്കി പ്രതിഷേധ ദിനം ആചരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കാനാണ് നീക്കം.

ജനുവരി 22ന് സുപ്രിംകോടതി ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ ഉപവാസ സമരം തുടരുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ എങ്ങനെ ഈ സമരത്തെ കത്തിച്ച് നിര്‍ത്തുമെന്ന് ആലോചിച്ചിരുന്നവര്‍ക്കാണ് ഇപ്പോള്‍ മനിതികളുടെ രൂപത്തില്‍ പുതിയൊരു അവസരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ആ അവസരം ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ സമരം അവസാനിപ്പിച്ചാല്‍ യുവതികള്‍ ഇനിയും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വാസികളെയും അണികളെയും ബോധ്യപ്പെടുത്താന്‍ ബിജെപി നേതാക്കള്‍ക്ക് സാധിക്കണം. ഈ അവസരം എത്രമാത്രം ഉപയോഗിക്കാനാകുമെന്നതിനെ അനുസരിച്ചിരിക്കും ബിജെപിയുടെ ശബരിമല സമരത്തിന്റെ ഭാവിയും.

മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍